Kerala
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായുള്ള എന്യുമറേഷൻ ഫോമുകൾ പൂരിപ്പിച്ചു നൽകേണ്ട അവസാന ദിവസം ഇന്ന്. വിതരണം ചെയ്ത ഫോമുകളിൽ 99.9 ശതമാനത്തോളവും തിരികെയെത്തിയെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ കണക്കുകൾ.
എല്ലാ തിരുത്തലുകളും ഇന്നു പൂർത്തിയാക്കും. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഇടപെടലിനെ ത്തുടർന്ന് എസ്ഐആർ നടപടികൾ കേരളത്തിൽ രണ്ടാഴ്ച നീട്ടിയിരുന്നു. സമയപരിധി നീട്ടണമെന്ന കേരളത്തിന്റെ ഹർജി സുപ്രീംകോടതി ഇന്നു വീണ്ടും പരിഗണിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പു കമ്മീഷന്റെ ഷെഡ്യൂൾ അനുസരിച്ച് ഈ മാസം 23നു കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. എന്യുമറേഷൻ ഫോം പൂരിപ്പിച്ചു നൽകിയവരെല്ലാം കരട് വോട്ടർ പട്ടികയിൽ ഉണ്ടാകുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ പറയുന്നത്. നിലവിലുള്ള വോട്ടർ പട്ടികയിലുള്ള ഏതാണ്ട് 25 ലക്ഷത്തിലേറെ പേരെ കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്താൻ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ ബിഎൽഎമാരുടെ സാന്നിധ്യത്തിൽ സജീവമായി ശ്രമിച്ചുവരികയാണ്.
ഇതിന്റെ ഭാഗമായി അവസാന ദിവസമായ ഇന്ന് അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാർക്ക് (ബിഎൽഎ) അപേക്ഷകൾ ഒരുമിച്ചു സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകി. എന്നാൽ, കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് ബിഎൽഎ ഒരു ദിവസം 50ൽ കൂടുതൽ അപേക്ഷ ബൂത്ത് ലെവൽ ഓഫീസർക്ക് (ബിഎൽഒ) സമർപ്പിക്കാൻ പാടില്ല. കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഇതു പ്രതിദിനം 10 അപേക്ഷ മാത്രമാക്കി ചുരുക്കും.
കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം, അതിൽ ഉൾപ്പെടാത്തവരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക ഇലക്ടറൽ ഓഫീസർമാരുടെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും പട്ടിക ലഭ്യമാക്കും.
തിരുവനന്തപുരം: തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിക്കുറിച്ചുള്ള പരാതികളും ആക്ഷേപങ്ങളും 23 മുതൽ ജനുവരി 22 വരെ സമർപ്പിക്കാം. ആവശ്യമായ വിവരങ്ങൾ സമർപ്പിച്ചിട്ടില്ലാത്തവരെ ഇആർഒമാർ ഹിയറിംഗിന് വിളിക്കും.
നിശ്ചിത സമയത്തിനുള്ളിൽ ഫോം സമർപ്പിക്കാൻ കഴിയാത്തവർക്ക്, ഫോം 6 ന് ഒപ്പം സത്യവാങ്മൂലം സമർപ്പിച്ചു പേരു ചേർക്കാം. ഫോം 6: പേര് പുതുതായി ചേർക്കാൻ, ഫോം 6എ: പ്രവാസി വോട്ടർമാരുടെ പേര് ചേർക്കാൻ.
ഫോം 7: മരണം, താമസം മാറൽ, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാൽ പേര് ഒഴിവാക്കാൻ.
ഫോം 8: വിലാസം മാറുന്നതിനും മറ്റ് തിരുത്തലുകൾക്കും. ഈ ഫോമുകൾ https: //voters.eci.gov.in എന്ന ലിങ്കിൽ ലഭ്യമാണ്.
National
ലക്നോ: ഉത്തർപ്രദേശിൽ എസ്ഐആർ ജോലിക്കായി ബിഎൽഒ ആയി നിയോഗിക്കപ്പെട്ട അധ്യാപകൻ തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് മരിച്ചു.
മോദി സയൻസ് ആൻഡ് കൊമേഴ്സ് ഇന്റർ കോളജിലെ ബയോളജി അധ്യാപകൻ ലാൽ മോഹൻ സിംഗ്(58) ആണ് മരിച്ചത്. മോഡിനഗറിലെ നെഹ്റു നഗറിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. സാഹിബാബാദ് നിയമസഭാ മണ്ഡലത്തിലെ എസ്ഐആർ ജോലിക്കാണ് അദ്ദേഹത്തെ നിയോഗിച്ചത്.
ലാൽ മോഹന്‍ അസുഖമുണ്ടായിരുന്നുവെന്നും വീടുകൾ തോറും കയറിയിറങ്ങിയുള്ള ജോലിയെ തുടർന്ന് അദ്ദേഹം കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്നും കോളജ് പ്രിൻസിപ്പൽ സതീഷ് ചന്ദ് അഗർവാൾ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
എസ്ഐആർ ജോലികൾ എങ്ങനെയും പൂർത്തിയാക്കണമെന്ന് മേലധികാരികൾ അദ്ദേഹത്തിന് കർശന നിർദേശം നൽകിയിരുന്നുവെന്നും സതീഷ് ചന്ദ് വ്യക്തമാക്കി.
National
റായ്പുർ: ചത്തീസ്ഗഡിൽ വനിതാ ബിഎൽഒയ്ക്ക് നേരെ മർദനം. റായ്പൂരിലെ കാളി മാതാ വാർഡിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ, ഒരു സ്ത്രീ ബിഎൽഒയെ അസഭ്യം പറയുന്നതും, മോശം ഭാഷയിൽ സംസാരിക്കുന്നതും, തുടർന്ന് അവരെ ശാരീരികമായി ആക്രമിക്കുന്നതും കാണാം.
എസ്ഐആർ ഫോം തന്റെ വീട്ടിൽ എത്തിക്കണമെന്ന് ഒരു സ്ത്രീ ബിഎൽഒയോട് ആവശ്യപ്പെട്ടു. എന്നാൽ ഫോം കൃത്യസമയത്ത് ലഭിക്കാതെ വന്നപ്പോൾ, അവർ ഉദ്യോഗസ്ഥയെ അധിക്ഷേപിക്കുകയും മർദിക്കുകയുമായിരുന്നു.
പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചയാളെയും യുവതി മർദിച്ചു. സംഭവത്തിൽ ആരും ഇതുവരെയും പരാതി നൽകിയിട്ടില്ല.
Kerala
ലക്നോ: ഉത്തർപ്രദേശിൽ വീണ്ടും ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കി. സർവേഷ് സിംഗ് (46) ആണ് വീട്ടിൽ ജീവനൊടുക്കിയത്.
ജോലി സമ്മർദം താങ്ങാനാകുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പ്. മൊറാദാബാദിലാണ് സംഭവം. സ്കൂൾ അധ്യാപകനാണ് സർവേഷ് .
കഴിഞ്ഞ ദിവസങ്ങളിലും ജോലി സമ്മർദം താങ്ങാനാകാതെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ബിഎൽഒമാർ ജീവനൊടുക്കിയിരുന്നു.
Leader Page
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടന്നുവരുന്ന വോട്ടർപട്ടികയുടെ സമഗ്രപരിഷ്കരണം (എസ്ഐആർ) തുടക്കം മുതൽ വിവാദത്തിലായിരുന്നു. കേരളത്തിൽ ഒരു ബിഎൽഒ ജോലിസമ്മർദം താങ്ങാനാകാതെ ആത്മഹത്യ ചെയ്തു. മറ്റ് ചില ബിഎൽഒമാർ ആത്മഹത്യാ ഭീഷണി മുഴക്കി.
കോൽക്കത്തയിൽ ബിഎൽഒമാരുടെ സംഘടനയായ ബിഎൽഒ റൈറ്റ്സ് പ്രൊട്ടക്ഷൻ കമ്മിറ്റിയുടെ പേരിൽ വലിയ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. കേരളത്തിൽ ഒരിടത്ത് എന്യുമറേഷൻ ഫോം പൂരിപ്പിക്കുന്നതിന് സംഘടിപ്പിച്ച ക്യാമ്പിൽ, ബിഎൽഒയെ മനഃപൂർവം പ്രകോപിപ്പിക്കാൻ വീഡിയോ എടുത്തതിൽ പ്രകോപിതനായി നഗ്നതാപ്രദർശനം നടത്തിയ ബിഎൽഒ സസ്പെൻഷനും നിയമനടപടിക്കും വിധേയനാകുകയും ചെയ്തു. ബിഎൽഒ ജോലിയുടെ സമ്മർദം സഹിക്കാനാവാതെ പ്രൈമറി സ്കൂൾ അധ്യാപിക ജോലി രാജിവച്ചു. ഇത്തരം നിരവധി വാർത്തകളാണ് എസ്ഐആറിനോടനുമ്പന്ധിച്ച് അനുദിനം പുറത്തുവരുന്നത്.
അസുഖകരമായ പല വാർത്തകൾ പ്രചരിക്കുമ്പോഴും തിരുവല്ലയിൽ നിന്നുള്ളത് സുഖകരമായ ഒരു വാർത്തയാണ്. തിരുവല്ല താലൂക്ക് പരിധിയിലെ നിരണത്തെ ബിനു എന്ന ബിഎൽഒ ഒരു മാസം കൊണ്ട് പൂർത്തീകരിക്കേണ്ട ജോലി വെറും 19 ദിവസംകൊണ്ട് പൂർത്തിയാക്കി ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും അഭിനന്ദനം ഏറ്റുവാങ്ങി. അതായത്, എസ്ഐആർ പ്രവർത്തനങ്ങൾ വേണ്ട ശ്രദ്ധയോടെ ചെയ്താൽ സമയപരിധിക്കു മുമ്പുതന്നെ തീർപ്പാക്കാമെന്ന് ബിഎൽഒതന്നെ തെളിയിക്കുന്നു.
എസ്ഐആറിന്റെ തുടക്കം മുതൽ കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളും അന്ധമായി എതിർക്കുകയായിരുന്നു. എസ്ഐആർ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഈ മുറുമുറുപ്പിൽ എന്യുമറേഷൻ ഫോം വിതരണവും വിവരശേഖരണവും സമാധാനപരമായി നടത്താനാകാതെ പോയി എന്നതാണ് സത്യം.
പാളിച്ചകൾ
‘ആശാരിയുടെ കുറ്റവുമുണ്ട്, തടിയുടെ വളവുമുണ്ട്’ എന്ന പഴഞ്ചൊല്ലുപോലെയാണ് എസ്ഐആറിന്റെ കാര്യം. സമഗ്ര വോട്ടർപട്ടിക ശുദ്ധീകരണത്തിനായി തെരഞ്ഞെടുത്ത സമയം തീർത്തും അനുയോജ്യമായില്ല എന്നതാണ് കേരളത്തിലടക്കം ഇത്രയും എതിർപ്പിന് കാരണമായത്.
എന്യുമറേഷൻഫോം വിതരണത്തിനും സ്വീകരണത്തിനും ബിഎൽഒമാർക്ക് അനുവദിച്ച സമയം പല സ്ഥലത്തെയും സാഹചര്യങ്ങളനുസരിച്ച് അപര്യാപ്തമായിരുന്നു. അത് കൂടാതെ ഡിജിറ്റൈസേഷൻ പ്രക്രിയയ്ക്ക് വേണ്ടിവരുന്ന സമയം കണക്കാക്കാതെ ബിഎൽഒമാർക്ക് സമയം കുറച്ച് അമിത ജോലിഭാരം ഏല്പിച്ചുകൊടുത്തു.
കേരളത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു നടക്കുന്ന സമയത്തുതന്നെ വിവരശേഖരണം നടത്തുന്നത് ഒരു വലിയ വിഭാഗത്തിന്റെ നിസഹകരണത്തിന് കാരണമായിട്ടുണ്ട്. ബിഎൽഒമാർക്ക് എസ്ഐആർ സംബന്ധിച്ച് വിശദമായ പരിശീലനം നല്‍കിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറ്റ് പ്രവർത്തനങ്ങളെപ്പറ്റി നല്ല അറിവും ബോധ്യവുമുള്ള ബിഎൽഒമാരിൽ മിക്കവരും എസ്ഐആറിന്റെ കാര്യത്തിൽ വേണ്ടത്ര അറിവും പരിചയവും ഇല്ലാത്തവരാണ്. ഭൂരിപക്ഷം ബിഎൽഒമാരും താത്പര്യത്തോടെ ചെയ്യുന്ന ജോലിയല്ല ഇത്.
കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങൾ ആദ്യം മുതൽക്കേ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തെ എതിർക്കുകയായിരുന്നു. എസ്ഐആർ കേരളത്തിൽ നടപ്പാകില്ല എന്ന ബോധപൂർവമായ തെറ്റായ പ്രചാരണം കേരളത്തിലുണ്ടായി. എസ്ഐആറിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ വക്രീകരിച്ച് പൊതുസമൂഹത്തിൽ അവതരിപ്പിക്കാൻ ശ്രമമുണ്ടായി.
എസ്ഐആർ ലക്ഷ്യംവയ്ക്കുന്നത് എന്ത് എന്ന് ആദ്യമേതന്നെ ജനങ്ങളെ ബോധ്യപ്പെടുത്തിയിരുന്നെങ്കിൽ കേരളത്തിലെ പൊതുസമൂഹം രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണങ്ങളെ തള്ളിക്കളയുമായിരുന്നു. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അമിത തിരക്കും വെപ്രാളവും ശരിയായ മുന്നൊരുക്കത്തിന്റെ കുറവും എസ്ഐആർ എന്തോ വലിയ പ്രശ്നമാണ് എന്ന പ്രതീതിയാണ് കേരളത്തിൽ സൃഷ്ടിച്ചത്.
ബിഹാറിൽ ആദ്യഘട്ടത്തിൽ നടപ്പിലാക്കിയ എസ്ഐആർ ലക്ഷക്കണക്കിന് വോട്ടർമാരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കി എന്നു വിപുലമായി പ്രചരിപ്പിക്കപ്പെട്ടു. അനർഹരെയാണ് ഒഴിവാക്കിയതെന്ന് വേണ്ടവിധം അറിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സാധിച്ചില്ല. ഇത് പൊതുസമൂഹത്തിൽ ഭയമുണ്ടാക്കി. ചില വിഭാഗങ്ങളെ മനഃപൂർവം ഒഴിവാക്കുന്നതിനാണ് എസ്ഐആർ എന്ന കുപ്രചാരണത്തിന് കേരളത്തിൽ നല്ല ഇടം ലഭിക്കുകയും ചെയ്തു.
അനുയോജ്യമായ സമയം
എസ്ഐആർ കുറ്റമറ്റ രീതിയിൽ നടപ്പാക്കണം എന്നുതന്നെയാണ് ഭൂരിപക്ഷത്തിന്റെയും താത്പര്യം. കേരളത്തിൽ എസ്ഐആർ ഇപ്പോൾ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഇടയിൽ നടത്തുന്നതിനോട് കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുന്ന കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ പോലും യോജിക്കുന്നില്ല.
നിലവിൽ ഒരു ബിഎൽഒ ആയിരത്തിനു മുകളിൽ വോട്ടർമാരുടെ വിവരങ്ങളാണ് ശേഖരിക്കേണ്ടത്. അതും മൂന്നും നാലും പ്രാവശ്യം ഓരോ വീട്ടിലും കയറിയിറങ്ങി വേണം പൂർത്തിയാക്കാൻ. ആരെങ്കിലുമൊക്കെ വോട്ടർപട്ടികയിൽനിന്ന് വിട്ടുപോയാൽ അതിന്റെ പരാതിയും തുടർന്നുണ്ടാകാവുന്ന ഭീഷണികളും മറ്റുമാകാം സ്വയംജീവനൊടുക്കാൻ ബിഎൽഒമാരെ പ്രേരിപ്പിക്കുന്നത്.
ഒരു ബിഎൽഒയ്ക്ക് 500-600 വോട്ടർമാരുടെ വിവരശേഖരണം എന്ന തരത്തിൽ ക്രമപ്പെടുത്തി ബാക്കിയുള്ളതിന് കൂടുതൽ ആളുകളെ നിയോഗിച്ച് ആവശ്യമായ സമയം കൂടി നല്കിയാൽ വളരെ സുഗമമായി നടത്താവുന്ന ഒന്നായിരുന്നു എസ്ഐആർ. ബിഎൽഒമാർക്ക് ശരിയായ പരിശീലനം നല്‍കിയില്ല എന്നത് വളരെ ഗൗരവപൂർവം കാണേണ്ട ഒന്നാണ്. ഇക്കാര്യത്തിൽ ആരുടെയെങ്കിലും മനഃപൂർവമായ ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്നുപോലും അന്വേഷിച്ച് കണ്ടെത്തണം.
Kerala
മലപ്പുറം: തിരൂർ തൃപ്രങ്ങോട്ട് എസ്ഐആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ അശ്ലീല പ്രദർശനം നടത്തി ബിഎൽഒ.
തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പർ ബൂത്തിലെ ബിഎൽഒ വാസുദേവനാണ് എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ നാട്ടുകാർക്ക് നേരെ പ്രകോപിതനായി അശ്ലീല പ്രദർശനം നടത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.
സ്തീകള്‍ അടക്കമുള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു ബിഎൽഒ വാസുദേവന്റെ അശ്ലീല പ്രദര്‍ശനം. പ്രായമുള്ളവരെയടക്കം വെയിലത്ത് വരിയിൽ നിർത്തുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്തതാണ് പ്രകോപനമായത്. വീട്ടില്‍ കൊണ്ടുവന്നു ചെയ്തുകൂടെ എന്ന് നാട്ടുകാര്‍ ചെയ്തപ്പോള്‍ വില്ലേജ് ഓഫീസറോട് പറയാനായിരുന്നു ബിഎല്‍ഒയുടെ മറുപടി.
തുടർന്നാണ് ഇയാൾ അശ്ലീല പ്രദർശനം നടത്തിയത്. സംഭവത്തിൽ വാസുദേവനെ ചുമതലയിൽ നിന്ന് മാറ്റി. ജില്ലാ കളക്ടറുടേതാണ് നടപടി. വാസുദേവനോട് വിശദീകരണം തേടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Kerala
കോട്ടയം: പൂഞ്ഞാറിൽ എസ്ഐആർ ജോലി ഭാരത്തെ തുടർന്ന് ബിഎൽഒയുടെ ആത്മഹത്യഭീഷണി. വാട്സ് ആപ് ഗ്രൂപ്പിലൂടെയാണ് ബിഎൽഒയുടെ ആത്മഹത്യഭീഷണി പുറത്തുവന്നത്. പൂഞ്ഞാർ മണ്ഡത്തിലെ 110 ആം ബൂത്തിലെ ബിഎൽഒ ആന്റണിയുടേതാണ് സന്ദേശം.
ഓഡിയോ സന്ദേശമായാണ് ആന്റണി ഉദ്യോഗസ്ഥരുടെ വാട്സ് ആപ് ഗ്രൂപ്പിലൂടെ ദയനീയാവസ്ഥ വിവരിച്ചത്. എസ്ഐആർ ജോലി ഭാരത്തെ തുടർന്നുള്ള സമ്മർദം തനിക്ക് താങ്ങാനാകുന്നില്ലെന്നും സന്ദേശത്തിൽ പറയുന്നു.
മാനസികനില തകർന്നെന്നും ആത്മഹത്യ ചെയ്യാനുള്ള തോന്നലാണെന്നും ആന്റണിയുടെ ശബ്ദ സന്ദേശത്തിലുണ്ട്. ഇടുക്കിയിൽ പോളിടെക്നിക്ക് ജീവനക്കാരനാണ് ആന്റണി.
Kerala
കണ്ണൂർ: എസ്ഐആർ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ ബിഎൽഒ കുഴഞ്ഞുവീണു. അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശി വലിയവീട്ടിൽ രാമചന്ദ്രൻ (53) ആണ് കുഴഞ്ഞു വീണത്. എസ്ഐആർ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങി പോകുന്നതിനിടെയാണ് കുഴഞ്ഞു വീണത്.
ജോലിസമ്മർദമാണ് കുഴഞ്ഞ് വീണതിന് കാരണമെന്ന് കുടുംബം ആരോപിച്ചു. രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ ഡിഡിഇ ഓഫീസിലെ ക്ലർക്കാണ് രാമചന്ദ്രൻ.
ബൂത്ത് ലെവൽ ഓഫീസർമാർ കഠിനമായ ജോലി സമ്മർദ്ദമാണ് അനുഭവിക്കുന്നതെന്ന ആരോപണങ്ങളാണ് ഉയരുന്നത്. എന്നാൽ എസ്ഐആര്‍ സമയക്രമം മാറ്റില്ലെന്നും ഡിസംബര്‍ ഒന്‍പതിന് തന്നെ കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Kerala
കൊച്ചി: സംസ്ഥാനത്തെ ഹൈസ്ക്കൂള് , ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബി.എല്‍ ഒമാരായി നിയമിച്ചതോടെ പൊതു പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ഥികള്‍ ആശങ്കയില്‍. പൊതുവിദ്യാലയങ്ങളിലെ പ്ലസ് ടു , പത്താം ക്ലാസ് പരീക്ഷകള്‍ എഴുതേണ്ട വിദ്യാര്‍ഥികളാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ ഈ നടപടിയില്‍പ്പെട്ട് ധര്മസങ്കടത്തിലായിരിക്കുന്നത്.
പൊതു പരീക്ഷയ്ക്ക് തയാറാകാനും അധ്യായങ്ങള്‍ തീര്‍ക്കുന്നതിനുമായി ഏതാനും ദിവസങ്ങള്‍ മാത്രമേ അധ്യായന ദിനങ്ങളായി ഇനി മുന്നിലുള്ളു. അധ്യാപകര്‍ നവംബര്‍ മുതല്‍ ജനുവരി വരെ വരെ പ്രത്യേക ക്ലാസുകളും മറ്റും എടുത്താണ് ലാബും പാഠഭാഗങ്ങളും തീര്‍ക്കുന്നത്. പല സ്കൂളിലും അധ്യാപകര്‍ ബിഎല്‍ഒ മാരായി പോയതോടെ വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലായി.
പല സ്കൂളുകളിലും ഓരോ വിഷയത്തിലും ഇനിയും പാഠ്യഭാഗങ്ങളും ലാബുകളും തീരാനുണ്ട്. ആരോടാണ് പരാതി പറയേണ്ടതെന്ന വിഷമത്തിലാണ് ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും. പാഠ്യഭാഗങ്ങള്‍ തീര്‍ക്കാനായി ഗസ്റ്റ് നിയമനം നടത്താന്‍ ഇലക്ഷന് കമ്മീഷന് പയുന്നുണ്ട്. പക്ഷേ അവധി മൂന്നു മാസം കാലാവധിയില്‍ ഉണ്ടെങ്കില്‍ മാത്രമെ ഗസ്റ്റ് നിയമനം പാടുള്ളൂവെന്നാണ് നിയമം .
ഇത് പിന്നീട് ഓഡിറ്റ് ഒബ്ജക്ഷന് ആകാം എന്നത് പ്രഥമ അധ്യാപകരെ വലയ്ക്കുന്നു. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമെന്ന് പറഞ്ഞ് ഓഡിറ്റ് പ്രശ്നങ്ങളില്‍ നിന്ന് തലയൂരാമെങ്കിലും , അധ്യായന വര്‍ഷത്തിന്റെ അവസാന സമയത്ത് മിക്ക വിഷയങ്ങളിലും ഗസ്റ്റിനെ കിട്ടാന്‍ ബുദ്ധിമുട്ടാണ്.
മിക്കവരും സ്കൂളുകളില്‍ അധ്യായന വര്‍ഷാരംഭത്തില്‍ തന്നെ നിയമനം നേടിയിരിക്കും. എറണാകുളം ജില്ലയിലെ ഒരു സ്ക്കൂളില്‍ ശ്വാസം മുട്ടല്‍ കാരണം ചികിത്സയിലായിരുന്ന ടീച്ചര്‍ ലാബ് തീര്‍ക്കാനുള്ള വെപ്രാളത്തില്‍ രോഗം മാറുന്നതിന് മുമ്പ് സ്കൂളില്‍ വന്നു. ലാബില്‍ ക്ലാസ് എടുത്തു കൊണ്ടിരുന്ന ടീച്ചറിനോട് ബി.എല്‍ ഒ ഡ്യൂട്ടി വന്നത് വിളിച്ചറിയിച്ചതോടെ ടെന്ഷനാകുകയും ശ്വാസം മുട്ടല്‍ കൂടി അവര്‍ കുഴഞ്ഞു വീഴുകയായിരുന്നു.
സ്കൂളില്‍ നിന്ന് ഉടനടി ആശുപത്രിയില്‍ എത്തിക്കേണ്ടി വന്നു . ബിഎല്‍ഒ ഡ്യൂട്ടിക്കായി കൂടുതല്‍ അധ്യാപകരും സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നാണ് എത്തിയിരിക്കുന്നത്. പൊതു പരീക്ഷയ്ക്കിരിക്കുന്ന വിദ്യാര്‍ഥികളുടെ ഭാവിയെക്കരുതി , അവരുടെ മാര്‍ക്കിനെ ബാധിക്കുമെന്നതിനാല്‍ ഹൈസ്ക്കൂള് , ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ ബി.എല്‍ ഒ നിയമനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു
Out of Range
നേരം പുലർന്നുവരുന്നതേയുള്ളൂ, മൊബൈൽ ഫോണ്‍ റിംഗ് ടോണ്‍... കഴിഞ്ഞ ആഴ്ചവരെ ഇതു കേൾക്കുന്പോൾ മനസിനൊരു സന്തോഷമായിരുന്നു. ഇതിപ്പോൾ ഓരിയിടൽ പോലെയാണ് തോന്നുന്നത്.
ഇന്നലെ രാത്രി ഫോണ്‍ ചെവിയിൽനിന്നു താഴെ വച്ചപ്പോൾ രാത്രി പന്ത്രണ്ട്. ഇപ്പോൾ നാട്ടിലെ ഏറ്റവും ജനപ്രിയതാരമായ ബിഎൽഒ മാഡം പതുക്കെ എഴുന്നേറ്റു. മൊബൈൽ അപ്പോഴും നിലവിളി നിർത്തിയിട്ടില്ല. നാട്ടുകാർ മുഴുവൻ സംശയരോഗികളായി മാറിയോയെന്തോ? പരിചയമില്ലാത്ത നന്പർ... പതുക്കെ ചെവിയോടു ചേർത്തു. ഇന്നലത്തെ തീവ്രപീഡനം ഇന്നുമുണ്ടോയെന്ന മട്ടിൽ ശബരിമലയിലെ ഭക്തനെപ്പോലെ ചെവി ഫോണിനടിയിൽ ഞെരിഞ്ഞമർന്നു.
“ഹലോ ബിഎൽഒ അല്ലേ?”
“അതെ. ആരാണ്? എന്തിനാണ് വിളിച്ചത്?”
“ഞാൻ ഗോമതിവളവിലെ ഒരു വോട്ടറാണ്. വീട്ടിൽ തന്നിരുന്ന ഫോമിന്റെ മുകളിൽ ബിഎൽഒയുടെ നന്പർ കണ്ടു. വേറെയൊന്നുമില്ല; വിളിച്ചാൽ കിട്ടുന്ന നന്പറാണോയെന്നറിയാൻ ചുമ്മാ വിളിച്ചുനോക്കിയതാ. അപ്പോ ശരി”- ഇതും പറഞ്ഞു തീവ്രവോട്ടർ ഫോണ്‍ കട്ട് ചെയ്തു.
മുന്നിലെങ്ങാനും കിട്ടിയാൽ അവന്റെ സ്വർണപ്പാളി അടിച്ചുപൊട്ടിക്കാനുള്ള ദേഷ്യം വന്നെങ്കിലും ബിഎൽഒയുടെ ചെന്പ് തെളിഞ്ഞെന്നു നാട്ടുകാർ ബഹളംകൂട്ടാൻ സാധ്യതയുള്ളതുകൊണ്ട് ഇരച്ചുവന്ന കലിപ്പ് തീർത്തത് കൈയിൽ കഥ പറഞ്ഞിരുന്ന മൊബൈൽ ഫോണിനോടാണ്. എടുത്തൊരേറ്. ആരെന്തു ചീത്ത വിളിച്ചാലും കേൾക്കാൻ വിധിക്കപ്പെട്ട ഫോണ്‍ ചെന്നു വീണത് ബിഹാറിലെ വോട്ടർപട്ടികപോലെ ചുരുണ്ടുകൂടിക്കിടന്ന കെട്ടിയോന്റെ മുതുകത്ത്. പിന്നിൽനിന്ന് കുത്തു കിട്ടിയ സ്ഥാനാർഥിയെപ്പോലെ കെട്ടിയോൻ ചാടിയെണീറ്റു. മോട്ടിവേഷണൽ ഇൻഫ്ളുവൻസറെപ്പോലെയുള്ള ഭാര്യയുടെ നിൽപ്പു കണ്ടപ്പോൾത്തന്നെ കാര്യം പന്തിയല്ലെന്നു പുള്ളിക്കാരനു മനസിലായി. ഏതു പ്രശ്നത്തെയും ഒരു ബിഎൽഒ സംയമനത്തോടെ നേരിടണമെന്ന് ഉപദേശിക്കണമെന്ന് പുള്ളിക്കാരനു തോന്നിയെങ്കിലും ഇൻഫ്ളുവൻസറുടെ അരികിൽ ടിവിയുടെ സെറ്റ് ടോപ്പ് ബോക്സ് ഇരിക്കുന്നതു കണ്ടതിനാൽ വോട്ടർ പട്ടികയിൽ പേരില്ലാത്ത സെലിബ്രിറ്റിയെപ്പോലെ അദ്ദേഹം രംഗം വിട്ടു.
രാവിലെ വെയിലിനു നല്ല ചൂട്. ഇനിയും കൊടുത്തുതീർക്കാൻ പറ്റാത്ത ഫോമുകളുടെ ഒരു കെട്ട് കൈയിൽ. വോട്ടുപിടിക്കാൻ നടക്കുന്ന സ്ഥാനാർഥിയെപ്പോലെ ബിഎൽഒ മാഡം ആഞ്ഞുനടന്നു. ചില വീടുകളിൽ മൂന്നും നാലും തവണ ചെന്നിട്ടും ആരെയും കണ്ടുകിട്ടിയിട്ടില്ല. രാവിലെ എഴുന്നേറ്റതിനു ശേഷം സംശയങ്ങളുമായി പത്തു പേരുടെ വിളിയെത്തിക്കഴിഞ്ഞു. ഇന്നലെ രാത്രി അരമണിക്കൂർ സംസാരിച്ച് മുഴുവൻ സംശയവും തീർത്തവൻ രാവിലെ വീണ്ടും വിളിച്ചിരിക്കുന്നു, അതേ സംശയവുമായി. വേറൊരുത്തന് ഉത്തരം വാട്ട്സ്ആപ്പിൽ വോയ്സ് ആയി ഇട്ടു കൊടുക്കണമത്രേ. വിയർത്തുകുളിച്ചുള്ള നടപ്പിനിടയിൽ വഴിയേ പോകുന്ന ചിലർ സഹതാപത്തോടെ നോക്കുന്നതു കണ്ടു. അതിനിടയിൽ ഒരു വിളി. സമീപത്തെ വീട്ടിലെ ചേച്ചിയാണ്. “ഫോം പൂരിപ്പിച്ചു തിരികെ തന്നതാണല്ലോ... ഇനിയെന്താണ് പ്രശ്നം... ?”
ചേച്ചി പൂരിപ്പിച്ചു തന്നതിൽ എന്തെങ്കിലും തെറ്റുണ്ടോയെന്നു ഭർത്താവിനൊരു സംശയം... അതുകൊണ്ടു പൂരിപ്പിച്ച ഫോം ബിഎൽഒ തിരികെ കൊണ്ടുവന്ന് ഒന്നുകൂടി കാണിക്കണം പോലും!
ആഗോള യുദ്ധം തീർക്കാൻ ഇടപെടുന്ന ട്രംപിനെപ്പോലെ ചേട്ടനെയും ചേച്ചിയെയും പറഞ്ഞു സമാധാനിപ്പിച്ചിട്ട് ആളെ കണ്ടുകിട്ടാത്ത ഒരു വീടിന്റെ മുറ്റത്തേക്ക് ഫോമുമായി ബിഎൽഒ ഓടിക്കയറി. ഇതിനിടയിൽ വീണ്ടും ഫോണ്‍, നന്പർ കണ്ടപ്പോഴേ ടെൻഷൻ. കളക്ടറേറ്റിലെ സാറാണ്. ഫോണിൽ ശ്രദ്ധിച്ച് മുറ്റത്തേക്കു കാലെടുത്തുവച്ചതും പതുങ്ങിക്കിടന്നിരുന്ന, ഒരു പട്ടികയിലും പേരില്ലാത്ത ഒരു നാടൻ പട്ടി കുരച്ചുകൊണ്ട് ഒരു ചാട്ടം. ഫയലും ഫോണുമെല്ലാം വാരിപ്പിടിച്ച് ഒറ്റപ്പാച്ചിലായിരുന്നു. എവിടെയൊക്കെയോ തട്ടിയും മറിഞ്ഞും ഒരുവിധം റോഡിലെത്തി. കട്ടാകാത്ത ഫോണ്‍ വീണ്ടും ചെവിയിലേക്കു വച്ചപ്പോൾ അതിനേക്കാൾ വലിയ കുര... “നിങ്ങളൊക്കെ എന്തു ചെയ്യുവാ അവിടെ? ഇതുവരെ ഫോം കൊടുത്തുതീർന്നില്ലേ... ബിഎൽഒ ആണെന്നു പറഞ്ഞു നടന്നാൽ പോരാ, പണിയെടുക്കണം... ഇന്നെനിക്കു റിസൾട്ട് കിട്ടിയേപറ്റൂ!” അന്ത്യശാസനം കേട്ട ബിഎൽഒ മാഡം സ്വന്തം ബിപി ലെവലിൽ ഒാഫീസറായി വീണ്ടും ആഞ്ഞു നടന്നു.
മിസ്ഡ് കോൾ
ഇലക്ഷൻ വിവരങ്ങൾ വളരെ നേരത്തേ വന്നിരുന്നല്ലോ, സെലിബ്രിറ്റി പത്രം
വായിക്കാറില്ലേയെന്നു സംവിധായകൻ വിനുവിനോടു ഹൈക്കോടതി.
- വാർത്ത.
സോറി, ഞാൻ ഇന്നത്തെ പത്രം വായിച്ചില്ല!
Kerala
ആലപ്പുഴ: ആലപ്പുഴയില്‍ ബിഎല്‍ഒമാരെ നേരിട്ടും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും ശാസിച്ച് ജില്ലാ കളക്ടര്‍. ബിഎല്‍ഒമാര്‍ ചടങ്ങിനുവേണ്ടി ജോലിയെടുക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് കളക്ടര്‍ അലക്സ് വര്‍ഗീസ് ഉദ്യോഗസ്ഥരെ പരസ്യമായി ശാസിക്കുന്ന ഓഡിയോ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ഗൗരവത്തോടെ പണിയെടുത്തില്ലെങ്കില്‍ ഫീല്‍ഡില്‍ നേരിട്ടിറങ്ങി നടപടിയെടുക്കുമെന്നാണ് കളക്ടറുടെ ഭീഷണി.
30 വീടുകള്‍ നിര്‍ബന്ധമായി സന്ദര്ശിച്ചിരിക്കണമെന്നാണ് കളക്ടര്‍ ബിഎല്‍ഒമാര്‍ക്ക് നല്കുന്ന കര്‍ശന നിര്‍ദേശം. അതില്‍ ഒരു ദാക്ഷിണ്യവും കാണില്ലെന്നും സന്ദേശത്തിലുണ്ട്. എസ്ഐആറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ ആരും ഗൗരവമായി എടുക്കുന്നില്ലെന്നും ആര്‍ക്കോവേണ്ടി ചടങ്ങിനായി പ്രവര്‍ത്തിക്കാന്‍ പറ്റില്ലെന്നും കളക്ടര്‍ ഉദ്യോഗസ്ഥരോട് പറയുന്നു.
പയ്യന്നൂരിൽ ബിഎല്‍ഒയുടെ ആത്മഹത്യക്ക് കാരണം ജോലിസമ്മര്ദമാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും ആത്മഹത്യയെ പൂര്‍ണമായി നിസാരവത്കരിക്കുന്ന സമീപനവും ചില ഉദ്യോഗസ്ഥരില്‍നിന്ന് ഉണ്ടാകുന്നതായി ഉദ്യോഗസ്ഥരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലെ മറ്റൊരു സന്ദേശം തെളിയിക്കുന്നുണ്ട്. ബഹുരാഷ്ട്ര കമ്പനികളിലും ജോലിസമ്മര്‍ദം മൂലം ആത്മഹത്യകള്‍ നടക്കുന്നില്ലേ എന്നാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ സജീവ് ഗ്രൂപ്പില്‍ ചോദിക്കുന്നത്.
ആലപ്പുഴ: പ്രചരിക്കുന്ന ഓഡിയോ എസ്ഐആര്‍ നടപടിക്രമങ്ങളുടെ തുടക്കസമയത്ത് നല്‍കിയതാണെന്നാണ് കളക്ടറുടെ വിശദീകരണം. നവംബര്‍ പത്തിനാണ് ഈ സന്ദേശം നല്‍കിയത്. അപ്പോള്‍ പുതിയ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ചാര്‍ജെടുക്കുന്ന സമയമായിരുന്നു. എന്യൂമറേഷന് ഫോം വിതരണം മന്ദഗതിയിലായിരുന്നു അന്ന്.
കൂടാതെ, പുതുതായി ചാര്‍ജെടുത്തവര്‍ക്ക് ധാരണക്കുറവുമുണ്ടായിരുന്നു. അന്ന് 220ഓളം ബിഎല്‍ഒമാരെ മാറ്റേണ്ടിയും വന്നു. ഈ പശ്ചാത്തലത്തില്‍ അന്ന് ഉദ്യോഗസ്ഥര്‍ക്ക് നല്കിയ സന്ദേശമാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ആലപ്പുഴയിലെ ബിഎല്‍ഓമാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
ബിഎല്‍ഓമാരുടെ ജോലി ഭാരം കുറയ്ക്കുന്നതിന് ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും കളക്ഷന്‍ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
National
ജയ്പുർ: രാജസ്ഥാനിൽ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) ജോലികൾ ചെയ്തുവന്ന ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ഹൃദയാഘാതം മൂലം മരിച്ചു.
രാജസ്ഥാനിലെ സേവ്തി ഖുർദ് ഗവൺമെന്റ് സ്കൂളിൽ അധ്യാപകനായ ഹരിറാം എന്ന ഹരിഓം ബൈർവ (34) ആണ് മരിച്ചത്. ഇദ്ദേഹമായിരുന്നു പ്രദേശത്തെ ബിഎൽഒ.
തഹസീൽദാറുമായി ഫോണിൽ സംസാരിച്ച് മിനിട്ടുകൾക്കുള്ളിൽ ഹരിറാം കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു.
എസ്ഐആർ ജോലികളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ഹരിറാമിന് മേൽ അമിത സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും ഇതേതുടർന്ന് കഴിഞ്ഞ ആറ് ദിവസമായി അദ്ദേഹം കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. തുടർച്ചയായ ജോലിഭാരം കാരണം ഹരിറാം വീട്ടിൽ സംസാരിക്കുന്നത് നിർത്തിയെന്നും കുടുംബം വ്യക്തമാക്കി.
അതേസമയം, അമിത ജോലിഭാരത്തെ തുടർന്ന് ബിൽഒമാർ ജീവനൊടുക്കുന്ന സംഭവം രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Kerala
പയ്യന്നൂര്‍: ചീമേനി ഏറ്റുകുടുക്കയിലെ ബൂത്ത് ലെവല്‍ ഓഫീസര്‍ തറയില്‍ അനീഷ് ജോര്‍ജിന്റെ (45)ആത്മഹത്യയുമായി ബന്ധപ്പെട്ട് അനീഷിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം.
ഭീഷണികളെ തുടര്‍ന്നാണ് അനീഷ് ആത്മഹത്യ ചെയ്തതെന്നആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതെന്ന് പയ്യന്നൂര്‍ ഡിവൈഎസ്പി കെ. വിനോദ് കുമാര്‍ പറഞ്ഞു.
സിപിഎമ്മിന്റെ ഭീഷണിയാണ് അനീഷിന്റെ ആത്മഹത്യയ്ക്കു കാരണമെന്നും അനീഷിന്റെ ഫോണ്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്നും ബിജെപി ജില്ലാ ഘടകം ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അനീഷിന് ഭീഷണിയുണ്ടായിരുന്നതായി വോയ്സ് ക്ലിപ്പുകളെ ഉദ്ധരിച്ച് ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജും വാര്‍ത്താ സമ്മേളനത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.
സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിലുള്ള ചിലരാണ് ഭീഷണിപ്പെടുത്തിയതെന്ന് മാര്ട്ടിന് ജോര്‍ജ് ആരോപിച്ചിരുന്നു. അനീഷിന് ഭീഷണിയുള്ളതായി ഏറ്റുകുടുക്ക പ്രദേശത്തുനിന്നും ചര്‍ച്ചകളുയര്‍ന്നിരുന്നു. ഇത്തരം ആരോപണങ്ങളുടെ നിജസ്ഥിതി അറിയുന്നതിനായാണ് പോലീസ് അനീഷിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തത്.
ആരൊക്കെയാണു ഭീഷണിപ്പെടുത്തിയതെന്ന വിവരങ്ങള്‍ പരിശോധനയില്‍ കണ്ടെത്തുന്നത് അന്വേഷണത്തില്‍ നിര്‍ണായകമാവും. അതോടൊപ്പം ബിഎല്‍ഒയുടെ ചുമതലയും ജോലിഭാരവും കനത്ത മാനസിക സംഘര്ഷമുണ്ടാക്കിയതായുള്ള ആരോപണങ്ങളും ശക്തമായിരുന്നു. ഇക്കാര്യം നിഷേധിച്ചുകൊണ്ട് ജില്ലാ വരണാധികാരിയുടെ പ്രസ്താവനയുമുണ്ടായിരുന്നു.
Kerala
കണ്ണൂര്‍: ജീവനൊടുക്കിയ ബിഎല്‍ഒ അനീഷ് ജോര്‍ജിനെ സിപിഎം ഭീഷണിപ്പെടുത്തിയെന്നു സൂചിപ്പിക്കുന്ന ഓഡിയോ സന്ദേശം പുറത്തുവിട്ട് കോണ്‍ഗ്രസ്.
യുഡിഎഫ് പ്രതിനിധിയെ എസ്ഐആര്‍ ഫോം വിതരണത്തില്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം അനീഷിനെ ഭീഷണിപ്പെടുത്തിയതായി അനീഷ്തന്നെ വെളിപ്പെടുത്തുന്ന ശബ്ദരേഖയാണു ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് പുറത്തുവിട്ടത്.
സിപിഎം നിയമിച്ച ബിഎല്‍എ റഫീഖിനു പകരം മുന്‍ ബ്രാഞ്ച് സെക്രട്ടറി ചന്ദ്രനാണ് അനീഷിനൊപ്പം വീടുകളിലേക്കു ഫോം നല്കാന് പോയതെന്ന് മാര്ട്ടിന് ജോര്‍ജ് ആരോപിച്ചു. മറ്റൊരു ദിവസം ഡിവൈഎഫ്ഐ നേതാവ് പ്രമോദാണ് അനീഷിനോടൊപ്പം പോയതെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഎല്‍എമാരെ കൂട്ടിക്കൊണ്ടുപോകണമെന്ന് എസ്ഐആര്‍ ചട്ടങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്നും അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗീകരിച്ച ബിഎല്എമാര്ക്കാണു വോട്ടര്‍പട്ടിക സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ ധാര്‍മിക അവകാശമുള്ളതെന്നും മാര്ട്ടിന് ജോര്‍ജ് വ്യക്തമാക്കി. വീട്ടുകാരുടെ സംശയങ്ങള്‍ തീര്‍ക്കുന്നതിനും നടപടികള്‍ വേഗത്തിലാക്കുന്നതിനും പ്രദേശവുമായി പരിചയമുള്ള ബിഎല്‍എമാര്‍ ഉപകരിക്കും.
യുഡിഎഫ് ബിഎല്‍എ വൈശാഖിനോട് തന്നോടൊപ്പം ഫോം വിതരണത്തിനു വരരുതെന്ന് അനീഷ് ഫോണില്‍ പറഞ്ഞതിന്റെ തെളിവും ഡിസിസി പ്രസിഡന്റ് പുറത്തുവിട്ടു.
വൈശാഖ് വരുന്നതില്‍ എതിര്‍പ്പുണ്ടെന്നും കാര്യമെന്താണെന്നു പിന്നെ പറയാമെന്നും അനീഷ് പറയുന്നത് ഓഡിയോയില്‍ വ്യക്തമാണ്. താന്‍ ബിഎല്‍എ അല്ലേ, പിന്നെ എന്തുകൊണ്ട് എതിര്‍പ്പെന്ന് വൈശാഖ് തിരിച്ചുചോദിക്കുന്നതും ശബ്ദരേഖയില്‍ കേള്‍ക്കാം.
കോണ്‍ഗ്രസിന്റെ ബൂത്ത് ലെവല്‍ ഏജന്റായ വൈശാഖ് എന്യൂമറേഷന് ഫോം വിതരണത്തിന് അനീഷിനൊപ്പം പോയിരുന്നുവെങ്കിലും സിപിഎം ഭീഷണിസ്വരത്തില്‍ തന്നെ ഒഴിവാക്കണമെന്ന് അനീഷിനോട് ആവശ്യപ്പെട്ടതായി വൈശാഖ് മാധ്യമങ്ങളോടു പറഞ്ഞു.
Kerala
കൊന്നക്കാട്: സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി ഫോം വിതരണം ചെയ്യുന്നതിനായി വീടുകൾ കയറിയിറങ്ങുകയായിരുന്ന വനിത ബിഎൽഒ ദേഹാസ്വാസ്ഥ്യത്തെത്തുടർന്നു കുഴഞ്ഞുവീണു.
ബളാൽ പഞ്ചായത്തിലെ മൈക്കയം അങ്കണവാടി അധ്യാപിക എൻ. ശ്രീജ (45) ആണ് ഇന്നലെ രാവിലെ കുഴഞ്ഞുവീണത്.
ഉടൻ കൊന്നക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ തേടി. വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി. മുരളി, വില്ലേജ് ഓഫീസർ എന്നിവർ ശ്രീജയെ സന്ദർശിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോ. പി. വിലാസിനി അറിയിച്ചു. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ 124-ാം ബൂത്ത് ലെവൽ ഓഫീസർ ആണ് ശ്രീജ.
Kerala
കണ്ണൂർ: ബിഎൽഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും. രാവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്കും ജില്ലാ വരണാധികാരികളുടെ ഓഫീസിലേക്കും പ്രതിഷേധ മാർച്ചും നടത്തും.
അനീഷ് ജോർജിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സംയുക്ത സമരസമിതി നേതാക്കൾ വ്യക്തമാക്കി. സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ആക്ഷൻ കൗണസിലും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ആണ് പ്രതിഷേധം.
അനീഷിന്റെ ആത്മഹത്യ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട തൊഴിൽ സമ്മർദം കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ എസ്ഐആർ ജോലികളും മരണവും തമ്മിൽ ബന്ധം സ്ഥാപിക്കപ്പെട്ടിട്ടില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. അതേസമയം അനീഷിന്റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് മൂന്നിന് ഏറ്റുകുടുക്ക ലൂർദ് മാതാ കത്തോലിക്കാ പള്ളിയിലാണ് ചടങ്ങുകൾ.
Kerala
കണ്ണൂർ: ബിഎൽഓ അനീഷ് ജോർജിന്റെ ആത്മഹത്യയിൽ വിശദീകരണവുമായി കണ്ണൂർ ജില്ലാ കളക്ടർ. അനീഷ് ജോർജിന് തൊഴിൽ സമ്മർദം ഇല്ലായിരുന്നെന്നും ആകെ വിതരണം ചെയ്യാൻ ബാക്കി ഉണ്ടായിരുന്നത് 50 ഫോമുകൾ മാത്രമായിരുന്നെന്നും കളക്ടർ അറിയിച്ചു.
അനീഷ് ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റി വരുന്ന ആളാണ്. സഹായം വേണ്ടതുണ്ടോ എന്നറിയാൻ ഉദ്യോഗസ്ഥർ വിളിച്ചപ്പോഴും ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും കളക്ടർ വാർത്തക്കുറിപ്പിൽ പറഞ്ഞു. പോലീസിന്റെയും വകുപ്പ് തല അന്വേഷണത്തിലും ആത്മഹത്യയിൽ തൊഴിൽ സമ്മർദം ഇല്ലെന്നാണ് കണ്ടെത്തൽ.
പോലീസിലൂടെയും ഭരണപരമായ അന്വേഷണങ്ങളിലൂടെയും നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എസ്ഐആറുമായി ബന്ധപ്പെട്ട ജോലികളും ബിഎൽഒയുടെ മരണവും തമ്മിൽ വ്യക്തമായ ബന്ധം സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും വാർത്തക്കുറിപ്പിൽ പറയുന്നു.
Kerala
കൊല്ലം: ധൃതി പിടിച്ചുള്ള എസ്ഐആർ നടപ്പാക്കലിന്റെ ഇരയാണ് മരിച്ച ബൂത്ത് ലെവൽ ഓഫീസർ അനീഷ് എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കാരണമുണ്ടായ രക്തസാക്ഷിയാണ് അനീഷ്, സംഭവത്തിന്റെ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
എസ്ഐആർ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കലാണ്. അതാണ് ബിഹാറിൽ നടന്നത്. ഇത് തന്നെയാണ് കേരളത്തിലും നടക്കുന്നത്. ഞങ്ങൾ നിയമപരമായി നേരിടും. സുപ്രീം കോടതിയെ സമീപിക്കും എന്നും കെസി വേണുഗോപാൽ പറഞ്ഞു.
ഇന്ന് രാവിലെ 11 ഓടെയാണ് അനീഷിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കുന്നരു എയുപി സ്കൂളിലെ പ്യൂൺ ആണ് അനീഷ്. വീട്ടിലെ കിടപ്പുമുറിയിൽ അനീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. വ്യക്തിപരമായ മറ്റു കാരണങ്ങളൊന്നുമില്ലെന്നും കഴിഞ്ഞ ദിവസവും വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നുവെന്നും കുടുംബം പറയുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ സമ്മർദ്ദമാണോ അനീഷിന്റെ മരണത്തിന് കാരണമെന്നും അന്വേഷിച്ചുവരികയാണ്.
Kerala
തിരുവനന്തപുരം: കണ്ണൂരിലെ ബിഎൽഒ അനീഷ് ജോർജിന്റ ആത്മഹത്യയിൽ ശക്തമായ പ്രതിഷേധത്തിന് ബിഎൽഒമാർ. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബിഎൽഒമാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കും.
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് തിങ്കളാഴ്ച ബിഎൽഓമാർ ജോലിയിൽ നിന്ന് വിട്ടു നിന്ന് പ്രതിഷേധിക്കുന്നത്. കൂടാതെ, ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ വരണാധികാരികളുടെയും ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ച് നടത്തുമെന്നും സംയുക്ത സമരസമിതി അറിയിച്ചു.
എസ്ഐആറിന്റെ പേരിൽ ഉദ്യോഗസ്ഥർക്ക് വലിയ സമ്മർദമാണുള്ളതെന്ന് ജീവനക്കാർ പറയുന്നു. 35,000 ബിഎൽഓമാരെയാണ് എസ്ഐആർ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. കൂടുതൽ ടാർഗറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപ്പിക്കുകയാണെന്നും ബിഎൽഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും ജീവനക്കാർ പറയുന്നു.
Kerala
കണ്ണൂര്‍: പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ജോലിയിലെ മാനസിക സമ്മര്‍ദ്ദത്തിലാണ് മരണമെന്ന് സംശയിക്കുന്നതായി എഫ്ഐആര്‍ ചുമത്തി.
എസ്ഐആറുമായി ബന്ധപ്പെട്ട ജോലികളില്‍ സമ്മര്‍ദമുണ്ടായിരുന്നതായി അനീഷ് വീട്ടുകാരോട് പറഞ്ഞുവെന്ന് പെരിങ്ങോം പഞ്ചായത്ത് പ്രസിഡന്റ് സുനില്‍കുമാര്‍ പറഞ്ഞു.അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് അനീഷിന്റെ കുടുംബം.
എന്യൂമറേഷന് ഫോറം 15നകം വോട്ടര്‍മാര്‍ക്ക് നല്‍കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ 200ലധികം ഫോറം അനീഷിന് എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് വേണ്ടി അനീഷ് ഒരാഴ്ചയായി രാത്രി വൈകിയും ജോലി ചെയ്തു. വോട്ടര്‍മാരെ തിരിച്ചറിയാന്‍ കഴിയാത്തതും അനീഷിന് വെല്ലുവിളിയായി. അനീഷ് ഈ വര്‍ഷമാണ് പുതുതായി ബിഎല്‍ഒ ആയി ചുമതലയേറ്റത്.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പു കമ്മീഷന്റെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം അതിവേഗം പൂർത്തിയാക്കാനായി ബിഎൽഒമാർക്കു മേൽ സമ്മർദം ചെലുത്തുന്ന നടപടികളിൽ നിന്ന് കളക്ടറേറ്റുകളിലെ ഉദ്യോഗസ്ഥരെ തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. കേൽക്കറിന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പരാതി നൽകി.
തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദ്ദേശ പ്രകാരം ബിഎൽഒമാർക്ക് എന്യൂമറേഷൻ ഫോറം വോട്ടർമാരിൽ എത്തിക്കാൻ ഒരു മാസത്തെ കാല പരിധി അനുവദിച്ചു. ഇതിനു വിരുദ്ധമായി രണ്ടു ദിവസത്തിനകം എല്ലാവർക്കും ഫോറം നൽകി വിശദാംശം അപ്ലോഡ് ചെയ്യണമെന്ന് ഉദ്യോഗസ്ഥർ അന്ത്യശാസനം നൽകി.കളക്ടറേറ്റുകളിലെ നിർദേശമനുസരിച്ച് വില്ലേജ് ഓഫിസർമാരാണ് ബിഎൽഒമാരോട് ആവശ്യം ഉന്നയിച്ചത്.
ബൂത്തുകളിൽ 1500 വോട്ടർമാരെങ്കിലുമുണ്ടാകും. ഒരു വീട്ടിൽ സംശയനിവാരണം നടത്തി ഫോറം പൂരിപ്പിക്കാൻ അരമണിക്കൂർ എടുക്കും. ദിവസം പരമാവധി 20 വീടുകൾ മാത്രമേ കവർ ചെയ്യാനാകൂ.അധിക സമ്മർദം വന്നതോടെ ബിഎൽഒമാർക്ക് ശരിയായി കൃത്യ നിർവഹണത്തിൽ ഏർപ്പെടാൻ കഴിയാത്ത സാഹചര്യമാണെന്നും സെക്രട്ടേറിയേറ്റ് അസോസിയേഷൻ വ്യക്തമാക്കി . ഇതിനൊപ്പം മൊബൈൽ ആപ്പിൽ വിവരങ്ങൾ അപ് ലോഡ് ചെയ്യുന്നതിന് സമയമെടുക്കും.
750ലധികം വോട്ടർമാരുള്ള ബൂത്തുകളിൽ അധികമായി ബിഎൽഒയെ നിയമിക്കാൻ നടപടി ഉണ്ടാകണം. എന്യൂമറേഷൻ ജോലികൾക്കുള്ള കാലപരിധി നീട്ടാനും ബിഎൽഒമാർക്കു മേൽ സമ്മർദമുണ്ടാകുന്ന നടപടി ഒഴിവാക്കാനും നടപടി സ്വീകരിക്കണമെന്നും സെക്രട്ടേറിയറ്റ് അസോസിയേഷൻ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പു ജോലികൾക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ തീവ്ര വോട്ടർപട്ടികാ പരിഷ്കരണത്തിൽനിന്ന് ഒഴിവാക്കാൻ ജില്ലാ കളക്ടർമാർക്കു നിർദേശം.
റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ എന്നിവർക്കാവശ്യമായ സഹായം നൽകുന്ന ജീവനക്കാർ, തെരഞ്ഞെടുപ്പുജോലിയുള്ള ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) തുടങ്ങിയ ഉദ്യോഗസ്ഥരെയാണ് തീവ്ര വോട്ടർ പട്ടികാ പരിഷ്കരണത്തിൽനിന്ന് ഒഴിവാക്കാൻ നിർദേശിച്ചത്. പകരം ക്രമീകരണം ഏർപ്പെടുത്താനും നിർദേശിച്ചു.
ബിഎൽഒമാരായി സർക്കാർ ഉദ്യോഗസ്ഥരെ ലഭിച്ചില്ലെങ്കിൽ അങ്കണവാടി വർക്കർമാരെ നിയോഗിക്കാം. ജീവനക്കാരെ ലഭിക്കാനില്ലെന്ന സത്യവാങ്മൂലം എഴുതി വാങ്ങിയ ശേഷമാകണം നിയോഗിക്കേണ്ടത്. നേരത്തേ അങ്കണവാടി വർക്കർമാരെ ബിഎൽഒമാരായി നിയോഗിച്ചെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ എ. ഷാജഹാൻ വിളിച്ച ജില്ലാ കളക്ടർമാരുടെ ഓണ്‍ലൈൻ യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കറും പങ്കെടുത്തു.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് യാതൊരു തടസവും ഉണ്ടാകാത്ത രീതിയിൽ വേണം തീവ്ര വോട്ടർപട്ടികാ പരിഷ്കരണ പ്രവർത്തനങ്ങൾ നടത്താനെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ജില്ലാ കളക്ടർമാരോടു നിർദേശിച്ചു.
സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ ആവശ്യപ്പെട്ട വിഭാഗം ജീവനക്കാരെ ഒഴിവാക്കി, മറ്റു ജീവനക്കാരെ കളക്ടർമാർക്ക് ബിഎൽഒമാരായി നിയമിക്കുന്നതിന് തടസമൊന്നുമില്ലെന്ന് സിഇഒ യോഗത്തിൽ പറഞ്ഞു.
രണ്ട് ഭരണഘടന സ്ഥാപനങ്ങളുടെയും ഭരണഘടനാപരമായ ബാധ്യതയാണ് വോട്ടർപട്ടിക തയാറാക്കലും തെരഞ്ഞെടുപ്പു നടത്തിപ്പും. ഇവ രണ്ടും തടസമില്ലാതെ സുഗമമായി നടത്തേണ്ടതാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിർദേശിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പും തീവ്ര വോട്ടർപട്ടികാ പരിശോധനയും തടസം കൂടാതെ നടത്താൻ ആവശ്യമായ ക്രമീകരണം ജില്ലാതലത്തിൽ സ്വീകരിക്കുമെന്ന് കളക്ടർമാർ അറിയിച്ചു. യോഗത്തിൽ 14 ജില്ലകളിലെയും കളക്ടർമാർ പങ്കെടുത്തു.