തിരുവനന്തപുരം: കണ്ണൂരിലെ ബിഎൽഒ അനീഷ് ജോർജിന്റ ആത്മഹത്യയിൽ ശക്തമായ പ്രതിഷേധത്തിന് ബിഎൽഒമാർ. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബിഎൽഒമാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കും.
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് തിങ്കളാഴ്ച ബിഎൽഓമാർ ജോലിയിൽ നിന്ന് വിട്ടു നിന്ന് പ്രതിഷേധിക്കുന്നത്. കൂടാതെ, ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ വരണാധികാരികളുടെയും ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ച് നടത്തുമെന്നും സംയുക്ത സമരസമിതി അറിയിച്ചു.
എസ്ഐആറിന്റെ പേരിൽ ഉദ്യോഗസ്ഥർക്ക് വലിയ സമ്മർദമാണുള്ളതെന്ന് ജീവനക്കാർ പറയുന്നു. 35,000 ബിഎൽഓമാരെയാണ് എസ്ഐആർ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. കൂടുതൽ ടാർഗറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപ്പിക്കുകയാണെന്നും ബിഎൽഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും ജീവനക്കാർ പറയുന്നു.
Tags : blo protest statewide monday aneesh george suicide sir