Kerala
കോഴിക്കോട്: കോഴിക്കോട് കാക്കൂറിൽ പ്ലസ് ടു വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. പാവണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി അഭിജിത്ത് ആണ് മരിച്ചത്. പ്രഷര്‍ വാഷറിൽ നിന്ന് ഷോക്കേറ്റാണ് അപകടം.
പ്രഷര്‍ വാഷര്‍ ഉപയോഗിച്ച് വീടിന് പുറത്തുള്ള തറ കഴുകി വൃത്തിയാക്കുന്നതിനിടെയാണ് അഭിജിത്തിന് ഷോക്കേറ്റത്. അയൽവാസിയാണ് ബോധരഹിതനായി വീണ് കിടക്കുന്ന അഭിജിത്തിനെ ആദ്യം കണ്ടത്.
ഇതേ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം അഭിജിത്തിനെ ഉടൻ തന്നെ ബാലുശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Kerala
കോഴിക്കോട്: മാവൂർ കൂളിമാടിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കൂളിമാട് മുന്നൂര് സ്വദേശി ഇര്ഫാൻ ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
കൂളിമാട് സ്വദേശികളായ തസ്നീം, സഹോദരൻ തൻസീൽ എന്നിവരെയാണ് ഇർഫാൻ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കേസിലെ പ്രതിയും പരിക്കേറ്റ സഹോദരങ്ങളും അയൽക്കാരാണ്. സംഭവ ദിവസം രാവിലെ തസ്നീമിന്റെയും തൻസീലിന്റെയും സഹോദരൻ തൻസിഫിനെ ഇർഫാൻ ആക്രമിച്ചിരുന്നു.
ഇരുവരും തമ്മിലുള്ള പണമിടപാടിനെ തുടർന്നാണ് ഇർഫാൻ തൻസിഫിനെ വീടുകയറി ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ തൻസിഫിനെ തുടർന്ന് ഇർഫാൻ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. ഇതേ തുടർന്ന് ഇർഫാനെ തേടി ബൈക്കിൽ കറങ്ങുകയായിരുന്നു ഇരു സഹോദരങ്ങളും.
ആയുധങ്ങളുമായി ഇർഫാന്റെ വാഹനം തടയാൻ ശ്രമിക്കുമ്പോഴായിരുന്നു സഹോദരങ്ങളെ ഇടിച്ചുവീഴ്ത്തി പ്രതി കടന്നുകളഞ്ഞത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ഇർഫാൻ ഒളിവിൽ പോയിരുന്നു.
ഇതേ തുടർന്ന് പോലീസ് പ്രതിക്ക് വേണ്ടി ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഒളിവിലായിരുന്നു പ്രതി ഇന്ന് മാവൂര്‍ ഭാഗത്ത് എത്തിയപ്പോഴാണ് പിടിയിലായത്. ഇർഫാനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
Kerala
കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ റിമാൻഡിൽ തുടരുന്ന ഷിംജിത മുസ്തഫയുടെ കസ്റ്റഡി അപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുക.
കേസിൽ ഷിംജിതയെ വിശദമായി ചോദ്യം ചെയ്യണം, തെളിവെടുപ്പ് നടത്തണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പോലീസ് കസ്റ്റഡി അപേക്ഷ നൽകിയിരിക്കുന്നത്. ഷിംജിതയുടെ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചാൽ ദൃശ്യങ്ങള്‍ ചിത്രീകരിച്ച സ്വകാര്യ ബസിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
പ്രതി സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവർക്ക് ഇതിനായി മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം ഷിംജിതയുടെ ജാമ്യാപേക്ഷ ബുധനാഴ്ചയാണ് ജില്ലാ കോടതി പരിഗണിക്കുക. നേരത്തെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഷിംജിത ജില്ലാ കോടതിയെ സമീപിച്ചത്.
Kerala
കോഴിക്കോട്: വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനെതിരെ നിലപാട് കടുപ്പിച്ച് എൻസിപിയിൽ ഒരു വിഭാഗം. നിയമസഭാ തെരഞ്ഞെടുപ്പിൽ എ.കെ. ശശീന്ദ്രൻ മത്സരിക്കരുതെന്നാണ് പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ ആവശ്യം.
എലത്തൂരിൽ എ.കെ. ശശീന്ദ്രൻ മാറി പുതിയ ആളുകള്‍ക്ക് അവസരം നൽകണമെന്ന് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ശശീന്ദ്രനെതിരെ ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികള്‍ പ്രമേയം പാസാക്കിയിരുന്നു.
അതേസമയം എതിർ സ്വരങ്ങൾ സ്വാഭാവികമാണെന്ന നിലപാടിലാണ് മന്ത്രി എ.കെ. ശശീന്ദ്രൻ. അഭിപ്രായങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണെന്നും ആര് മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു.
Kerala
കോഴിക്കോട്: മാളിക്കടവ് കൊലപാതകത്തിൽ നിർണായക ദൃശ്യങ്ങൾ പുറത്ത്. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം പ്രതി വൈശാഖനും ഭാര്യയും ചേർന്ന് കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഒന്നിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തി പ്രതി വൈശാഖൻ കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. ഇതിനുശേഷം യുവതി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വൈശാഖൻ പറഞ്ഞിരുന്നത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൃത്യത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. ഒന്നിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞാണ് യുവതിയെ വൈശാഖൻ സ്വന്തം സ്ഥാപനത്തിൽ വിളിച്ചുവരുത്തിയത്.
ഇതിനായി രണ്ട് കുരുക്കുകൾ തയാറാക്കിയ വൈശാഖൻ യുവതിയുടെ കഴുത്തിൽ കുരുക്ക് മുറുക്കിയ ശേഷം സ്റ്റൂൾ തട്ടിമാറ്റുകയായിരുന്നു. 16 വയസുമുതൽ പ്രതി യുവതിയെ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന ഡയറി കുറിപ്പുകളും പോലീസിന് ലഭിച്ചിരുന്നു.
ഇതേ തുടർന്ന് വൈശാഖനെതിരെ പോക്സോ വകുപ്പ് ചുമത്തി മറ്റൊരു എഫ്ഐആറും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, സംഭവത്തിൽ പ്രതിയുമായി ഇന്ന് പോലീസ് തെളിവെടുപ്പ് നടത്തും. കൊല നടത്തിയ സ്ഥാപനത്തിലും ഉറക്കഗുളികയും ജ്യൂസും വാങ്ങിയ സ്ഥലത്തും പ്രതിയെ എത്തിക്കും.
Kerala
കോഴിക്കോട്: മാളിക്കടവില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി വൈശാഖന്റെ കസ്റ്റഡി ആവശ്യപ്പെടാൻ അന്വേഷണ സംഘം. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം അപേക്ഷ നൽകുക.
കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകുക. പ്രതി യുവതിയെ 16 വയസുമുതൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
വൈശാഖനെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്. വിവാഹം ചെയ്തില്ലെങ്കിൽ ഇരുവരും തമ്മിലുള്ള ബന്ധം വൈശാഖന്റെ ഭാര്യയെ അറിയിക്കുമെന്ന് യുവതി പ്രതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രതി 26കാരിയെ സ്വന്തം സ്ഥാപനത്തിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്.
ഒരുമിച്ച് ജീവിക്കാൻ തങ്ങളെ അനുവദിക്കില്ലെന്നും അതിനാൽ ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ വൈശാഖൻ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്. തുടർന്ന് രണ്ട് കുരുക്കുകളുണ്ടാക്കിയ ശേഷം പ്രതി യുവതിയുടെ കഴുത്തിൽ കയറിട്ട് കൊലപ്പെടുത്തുകയായിരുന്നു.
Kerala
കോഴിക്കോട്: വടകര സ്വദേശിക്ക് ഒമാനിലെ ഫുജൈറയില്‍ ദാരുണാന്ത്യം. വടകര വള്ളിക്കാട്ട് സ്വദേശി അന്‍സാര്‍(28) ആണ് ഫുജൈറയില്‍ ശ്വാസംമുട്ടി മരിച്ചത്. ഹെവി ട്രക്കിനകത്ത് തണുപ്പകറ്റാന്‍ ഹീറ്ററിട്ട് കിടന്നുറങ്ങിയതാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് അൻസാറിന്റെ മൃതദേഹം ജോലി ചെയ്യുന്ന ട്രെക്കിനകത്ത് കണ്ടെത്തിയത്. ഫുജൈറയിലെ മസാഫിയിലാണ് സംഭവം. ട്രക്കിനുള്ളിൽ കിടന്നുറങ്ങിയ അൻസാർ തണുപ്പകറ്റാന്‍ പ്രവര്‍ത്തിപ്പിച്ച ഹീറ്ററിന്റെ പുക ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ ഫുജൈറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്‍സാറിന്റെ മൃതദേഹം മസാഫി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കും.
Kerala
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. കുറ്റ്യാടി സ്വദേശി മൂസ ആണ് പിടിയിലായത്. കോപ്പർ ഭാഗങ്ങളാണ് പ്രതി ലാബിൽ നിന്ന് മോഷ്ടിച്ചത്. ക്യാമ്പസിലെ ബിഎസ്എൽ ത്രീ ടിബി ലാബിലാണ് മോഷണം നടന്നത്.
ലാബിലെ എയർ ഹാൻഡ്ലിംഗ് യൂണിറ്റിലെ കോപ്പർ ഭാഗങ്ങളാണ് മൂസ കവർച്ച നടത്തിയത്. സുപ്രധാനമായ കോപ്പർ ഭാഗങ്ങൾ ഇളക്കി മാറ്റിയതിനെ തുടർന്ന് ലാബിന്റെ പ്രവർത്തനം താത്കാലികമായി തടസപ്പെട്ടു.
മോഷണത്തിന് പിന്നാലെ ക്യാമ്പസിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രതിയെ മെഡിക്കൽ കോളജ് സുരക്ഷാ ജീവനക്കാർ തടഞ്ഞുവച്ച് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Kerala
കോഴിക്കോട്: ശബരിമലയിലെ സ്വര്‍ണപ്പാളികൾ മോഷ്ടിക്കപ്പെട്ടെന്ന ആരോപണത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് യുവമോര്‍ച്ച. കോഴിക്കോട് കളക്ടറേറ്റിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. സ്വര്‍ണ്ണക്കൊള്ളയില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ദേവസ്വം മന്ത്രി വി.എന്‍. വാസവന് രാജിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കളക്ടറേറ്റിന് മുന്നില്‍ പോലീസ് തീര്‍ത്ത ബാരിക്കേഡുകള്‍ മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് പലതവണ ജ ല പീരങ്കി ഉപയോഗിച്ചു.ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക വിഗ്രഹങ്ങളിലെയും ശ്രീകോവില്‍ വാതിലിലെയും സ്വര്‍ണപ്പാളികളിൽ വലിയ തോതിലുള്ള കുറവുണ്ടായെന്ന ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം.
ഭക്തരുടെ പണം കൊള്ളയടിക്കുന്ന സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്ന് യുവമോര്‍ച്ച നേതാക്കള്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെയും യുവമോര്‍ച്ചയുടെയും തീരുമാനം.
Kerala
കോഴിക്കോട്: ബാലുശേരിയിൽ പഞ്ചായത്തംഗത്തിനും സുഹൃത്തിനും നേരെ ഗുണ്ടാ ആക്രമണമെന്ന് പരാതി. നാട്ടിലുണ്ടായ അടിപിടി സംബന്ധിച്ച് പോലീസില്‍ മൊഴി നല്കി മടങ്ങുമ്പോഴായിരുന്നു ഇരുവർക്കും നേരെ ആക്രമണമുണ്ടായത്.
ബാലുശേരി കോട്ടൂര്‍ പഞ്ചായത്തിലെ 12ാം വാർഡ് മെമ്പർ കെ.കെ. റനീഷ്(34), സുഹൃത്ത് സുവിന് ചെറിയമഠത്തില്‍(29) എന്നിവർക്ക് നേരെയാണ് ആക്രമണം. പരിക്കേറ്റ ഇരുവരെയും ബാലുശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വാകയാട് അങ്ങാടിയിൽ സംഘർഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൊഴി നല്കി തിരികെ വരുമ്പോള്‍ വൈകീട്ട് കാട്ടാമ്പള്ളി റോഡില്‍വച്ച് ആയിരുന്നു ആക്രമണം.
രണ്ട് ബൈക്കുകളിലായാണ് റനീഷും സുവിനും സഞ്ചരിച്ചിരുന്നത്. ബൈക്കില്‍ എത്തിയ ഒരു സംഘം മുന്നില്‍ സഞ്ചരിച്ചിരുന്ന റനീഷിനെ തടഞ്ഞു. പിന്നാലെ കാറിലെത്തിയ സംഘം തങ്ങളെ ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസിന് നല്കിയ പരാതിയിലുള്ളത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: വടകരയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച് പണം കവർന്നു. കൊയിലോത്ത് താഴക്കുനി വീട്ടില്‍ ഇബ്രാഹിം (58) ആണ് ആക്രമണത്തിനിരയായത്. വടകര എടച്ചേരിയിലാണ് സംഭവം. കാറിലെത്തിയ മുഖം മൂടി സംഘം ആക്രമിച്ച് പണം തട്ടിയെടുത്തതായാണ് പരാതി.
ഒൻപത് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. വില്യാപള്ളി-തലശേരി സംസ്ഥാന പാതയില്‍ എടച്ചേരി ഇരിങ്ങണ്ണൂരില്‍ വച്ചായിരുന്നു ആക്രമണവും പിന്നാലെ കവർച്ചയും നടന്നതായി പരാതിയുള്ളത്. എടച്ചേരിയില്‍ നിന്നും ഇരിങ്ങണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു ഇബ്രാഹിം.
പിന്നാലെയെത്തിയ നീല നിറത്തിലുള്ള കാർ ആദ്യം ഇബ്രാഹിമിന്റെ വാഹനത്തെ മറികടന്ന് തടസമുണ്ടാക്കി. തുടർന്ന് കാറിലുണ്ടായിരുന്ന നാല് പേര് വാഹനത്തിൽ നിന്ന് ഇറങ്ങി ഇബ്രാഹിമിനെ ആക്രമിച്ച് പണം കവരുകയായിരുന്നെന്നാണ് പരാതി.
സംഭവത്തില്‍ എടച്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ഉള്‍പ്പടെ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
Kerala
കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സാമൂഹ്യമാധ്യമത്തിൽ വീഡിയോ പങ്കുവച്ചതിന് പിന്നാലെ ഗോവിന്ദപുരം സ്വദേശി ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ദീപക്. ബസിനുള്ളിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചായിരുന്നു പെൺകുട്ടി വീഡിയോ പങ്കുവച്ചത്.
വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതിയുടേതെന്നും ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം യുവതിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ ഡിജിപിക്ക് പരാതി നൽകി. എന്നാൽ ദീപക് ജീവനൊടുക്കിയതിന് പിന്നാലെ നിലപാട് ആവർത്തിച്ച് പെൺകുട്ടി രംഗത്തെത്തിയിട്ടുണ്ട്.
പയ്യന്നൂരിലെ ബസ് യാത്രയ്ക്കിടെ തനിക്കും മറ്റൊരു പെൺകുട്ടിക്കും ഉണ്ടായ ദുരനുഭവങ്ങൾ വ്യക്തമാക്കിയാണ് യുവതി ഇപ്പോൾ വിശദീകരണം നൽകിയിരിക്കുന്നത്. യുവാവ് മരിച്ച വാർത്ത സങ്കടകരമാണെന്നും യുവതി കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: പാർട്ടി നേതൃത്വത്തിനെതിരെ വിമർശനവുമായി കോഴിക്കോട് കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ കെ.സി. ശോഭിത. പാറോപ്പടി ഡിവിഷനിലെ തോൽവി അന്വേഷിക്കുന്നതിന്റെ പേരിൽ തന്നെയും കുടുംബത്തെയും വേട്ടയാടുന്നുവെന്നാണ് ആരോപണം.
പി.എം. നിയാസിന്റെ തോൽവിക്ക് തന്റെ ഭർത്താവിനെ പഴിചാരാനാണ് ശ്രമമെന്നും കെ.സി. ശോഭിത പറഞ്ഞു. വനിത എന്ന നിലയിൽ തനിക്ക് ലഭിക്കേണ്ട പരിഗണനയോ അംഗീകാരമോ ചില നേതാക്കൾ നൽകുന്നില്ലെന്നും അവർ ആരോപിച്ചു.
പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താനും ശ്രമം നടക്കുന്നതായി കെ.സി. ശോഭിത കൂട്ടിച്ചേർത്തു. മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. അബുവിന്റെ മകളും കഴിഞ്ഞ കൗൺസിലിലെ യുഡിഎഫ് കക്ഷി നേതാവുമാണ് ശോഭിത.
Kerala
കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറിൽ കത്രിക കുടുങ്ങിയ ഹർഷിന ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുൻപിൽ സത്യാഗ്രഹമിരിക്കും. ഈ മാസം 28ന് ആണ് ഹർഷിന വീണജോർജിന്റെ വസതിക്ക് മുൻപിൽ ഏകദിന സത്യാഗ്രഹമിരിക്കുക.
നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെയാണ് സമരമെന്ന് ഹർഷിന അറിയിച്ചു. 2017ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറിൽ കത്രിക കുടുങ്ങുന്നത്.
തുടർന്ന് 2022ൽ ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഹർഷിന പറയുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച വ്യക്തമായിട്ടും സർക്കാർ നീതി പുലർത്തിയില്ലെന്ന് ഹർഷിന ആരോപിക്കുന്നു.
ഇതിൽ പ്രതിഷേധിച്ചാണ് ആരോഗ്യമന്ത്രിയുടെ വീട്ടുപടിക്കൽ സത്യാഗ്രഹമിരിക്കാൻ ഹർഷിന തീരുമാനിച്ചത്. ഹർഷിന നൽകിയ പരാതിയിൽ മെഡിക്കൽ കോളജ് പോലീസ് ഡോക്ടർമാരെയും നഴ്സുമാരെയും പ്രതി ചേർത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Kerala
കോഴിക്കോട്: ബിവറേജസ് ഔട്ട്ലെറ്റില് നിന്ന് മദ്യം മോഷ്ടിച്ച യുവാവ് പിടിയിൽ. കോഴിക്കോട് ചേളന്നൂര്‍ സ്വദേശി തേനാടത്ത് പറമ്പില്‍ വിജീഷ് (38) ആണ് പിടിയിലായത്. കക്കോടിയിലെ ബിവറേജസ് കോർപറേഷന്റെ ഔട്ട്ലെറ്റിലാണ് സംഭവം.
വിജീഷ് മദ്യം മോഷ്ടിക്കുന്നത് ശ്രദ്ധയിൽപെട്ട സ്ഥാപനത്തിലെ ജീവനക്കാരാണ് ഇയാളെ പിടികൂടിയത്. തുടർന്ന് ഇയാളെ സ്ഥാപനത്തില്‍ തടഞ്ഞുവച്ച ശേഷം ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ ചേവായൂര്‍ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് വിജീഷ് കുറ്റം ചെയ്തതായി സ്ഥിരീകരിച്ചു. ഇയാൾ നേരത്തെയും മദ്യം മോഷ്ടിച്ചതായി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
Kerala
കോഴിക്കോട്: കോഴിക്കോട് രണ്ടിടങ്ങളിലായി നാല് പേർ എംഡിഎംഎയുമായി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി. നഗരത്തിൽ നിന്ന് 709 ഗ്രാം എംഡിഎംഎയുമായി വാണിമേൽ സ്വദേശി ഷംസീർ ആണ് പിടിയിലായത്.
ബംഗളൂരുവിൽ നിന്നും എംഡിഎംഎ എത്തിച്ച് കോഴിക്കോട് നഗരത്തിൽ വിൽപന നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് പോലീസ് അറിയിച്ചു. ഗോവിന്ദപുരത്തെ ലോഡ്ജിൽ നിന്നാണ് 709 ഗ്രാം എംഡിഎംഎയുമായി ഷംസീറിനെ പിടികൂടിയത്.
ഷംസീറിനൊപ്പം ലഹരി വിൽപനയിൽ പങ്കാളിയായ മറ്റൊരാളെ കൂടി ഉടൻ പിടികൂടുമെന്ന് ഡാൻസാഫ് അറിയിച്ചു. കോഴിക്കോട് പാലാഴിയിൽ ഡാൻസാഫും പന്തീരങ്കാവ് പോലീസും നടത്തിയ മറ്റൊരു പരിശോധനയിൽ 8 ഗ്രാം എംഡിഎംഎയുമായി വിമുക്തഭടനും പെണ്‍സുഹൃത്തുമടക്കം മൂന്ന് പേർ പിടിയിലായി.
വിമുക്തഭടനായ കുറ്റ്യാടി സ്വദേശി സിഗിൻ ചന്ദ്രൻ, പെണ്‍സുഹൃത്ത് ദിവ്യ, നല്ലളം സ്വദേശി മുഹമ്മദ് ഷാഫി എന്നിവരാണ് പിടിയിലായത്. പാലാഴിയിൽ സിഗിൻ താമസിക്കുന്ന വാടക വീട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
Kerala
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വയോധികൻ മരിച്ചു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് മരിച്ചത്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുള്ള മരണം സ്ഥിരീകരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി സച്ചിദാനന്ദൻ ചികിത്സയിലായിരുന്നു. രോഗലക്ഷണങ്ങളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രോഗം മൂർച്ഛിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.
അതേസമയം രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല. സച്ചിദാനന്ദന്റെ വീട്ടിലെ കിണർ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം പുറത്തുവന്നാൽ മാത്രമേ ഉറവിടം കണ്ടെത്താനാകൂ.
Kerala
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിനോട് മുന്നോടിയായി ഇന്ന് മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗം ചേരും. സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംസ്ഥാന നേതൃയോഗത്തിൽ ചർച്ചയാകുമെന്നാണ് പുറത്തുവരുന്ന വിവരം.
കോഴിക്കോട് ലീഗ് ഹൗസിലാണ് യോഗം ചേരുക. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ രാവിലെ 11ന് ആരംഭിക്കുന്ന യോഗം ശ്രദ്ധേയമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനം കൂടി കണക്കിലെടുത്ത് ഇത്തവണ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടണമെന്ന കാഴ്ചപ്പാട് നേതൃത്വത്തിനുണ്ട്.
കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മുന്നണിയെ സമ്മർദത്തിലാക്കാൻ മുസ്ലിം ലീഗ് തയാറാകില്ല.
അതേസമയം സീറ്റുകൾവച്ചുമാറുമ്പോൾ മധ്യ-തെക്കൻ കേരളത്തിലെ വിജയസാധ്യതയുള്ള സീറ്റുകളിൽ മത്സരിക്കാനും ലീഗിന് താത്പര്യമുണ്ട്. വനിത-യുവ പ്രാതിനിധ്യവും യോഗത്തിൽ ചർച്ചയാകും.
Kerala
കോഴിക്കോട്: വടകരയിൽ പ്രൈവറ്റ് ബസ് കണ്ടക്ടർക്ക് മർദനമേറ്റതായി പരാതി. വട്ടോളി മാവുള്ള പറമ്പത്ത് സ്വദേശി ദിവാകരന് ആണ് മര്‍ദനമേറ്റത്. ബസ് പിന്നിലേക്കെടുക്കുമ്പോൾ മാറാൻ പറഞ്ഞതിനാണ് ദിവാകരന് നേരെ ആക്രമണമുണ്ടായത്.
വടകര പുതിയ ബസ് സ്റ്റാൻഡിൽ രാവിലെയോടെയാണ് സംഭവം നടന്നത്. വടകര-തൊട്ടില്‍പാലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹരിശ്രീ ബസിലെ കണ്ടക്ടറാണ് ദിവാകരൻ. ബസ് പിന്നിലോട്ടെടുക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന ആളോട് ദിവാകരന് മാറാന്‍ പറഞ്ഞിരുന്നു.
ഇതില്‍ ക്ഷുഭിതനായ ഇയാള്‍ ദിവാകരനെ മർദിക്കുകയായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പരിക്കേറ്റ ദിവാകരനെ വടകര സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Kerala
കോഴിക്കോട്: ഫറോക്കിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഫറോക്ക് സ്വദേശിനി മുനീറ ആണ് മരിച്ചത്. മയക്കുമരുന്ന് വാങ്ങാൻ പണം നൽകാത്തതിനെ തുടർന്നായിരുന്നു മുനീറയ്ക്ക് നേരെ ആക്രമണമുണ്ടായത്.
സംഭവത്തിന് പിന്നാലെ ഭർത്താവ് ജബ്ബാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുനീറ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം.
Kerala
കോഴിക്കോട്: മൊബൈല്‍ ഫോണിന്റെ തിരിച്ചടവ് മുടങ്ങിയതിന് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ. താമരശേരി അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്മാന് ആണ് കുത്തേറ്റത്. കഴിഞ്ഞ ദിവസമായിരുന്നു അബ്ദുറഹ്മാന് നേരെ ആക്രമണമുണ്ടായത്.
സംഭവത്തിൽ ടിവിഎസ് ഫിനാന്‍സ് ജീവനക്കാരനായ നരിക്കുനി പാറന്നൂര്‍ പാവട്ടിക്കാവ് മീത്തല്‍ നിതിന്‍(28), കോഴിക്കോട് എരഞ്ഞിക്കല്‍ മൊകവൂര്‍ സ്വദേശി കൊയപ്പുറത്ത് അഭിനന്ദ്(28), എരഞ്ഞിക്കല്‍ കണ്ടത്തില്‍ അഖില്‍ (27) എന്നിവരാണ് പിടിയിലായത്.
കൊടുവള്ളിയിലെ മൊബൈല്‍ ഷോപ്പില്‍ നിന്നും ടിവിഎസ് ഫിനാന്‍സ് വഴി 36,000 രൂപ വിലയുള്ള ഫോൺ അബ്ദുറഹ്മാൻ വാങ്ങിയിരുന്നു. മൂന്നാമത്തെ അടവ് മുടങ്ങിയിരുന്നു. ഇതേ തുടർന്ന് ചുങ്കം ജംഗ്ഷനില്‍ ആളൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചുവരുത്തി പ്രതികൾ ആക്രമിക്കുകയായിരുന്നു.
നാട്ടുകാര്‍ ഇടപെട്ടാണ് അബ്ദുറഹ്മാനെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ അബ്ദുറഹ്മാനെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Kerala
കോഴിക്കോട്: താമരശേരിയിൽ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് യുവാവിന് ഫിനാൻസ് ജീവനക്കാരുടെ മർദനം. താമരശേരി സ്വദേശി അബ്ദു റഹ്മാൻ ആണ് മർദനമേറ്റത്. മൊബൈൽ ഫോണിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് മർദനം.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം. സംഭവത്തിൽ മൂന്ന് പേരെ താമരശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ടിവിഎസ് ഫിനാൻസിന്റെ ജീവനക്കാരാണ് കസ്റ്റഡിയിലുള്ളതെന്നാണ് പുറത്തുവരുന്ന വിവരം.
ഇവർ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം തടയുന്നതിനിടയിൽ അബ്ദു റഹ്മാന്റെ കൈയിൽ കത്തി കൊണ്ട് ആഴത്തിൽ മുറിവേറ്റു. താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ അബ്ദു റഹ്മാനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റി.
Kerala
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ തഞ്ചാവൂര്‍ സ്വദേശി പിടിയിൽ. തഞ്ചാവൂര്‍ പട്ടിത്തോപ്പ് സ്വദേശി ബാലാജി ആണ് പിടിയിലായത്. രണ്ട് മാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കൊയിലാണ്ടിയില്‍ ബന്ധുവീട്ടില്‍ താമസിക്കുന്നതിനിടയിൽ പ്രതി പതിമൂന്നുകാരിയെ പീഡിപ്പിച്ച ശേഷം തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞു. രണ്ട് മാസത്തോളമായി ഇയാള്‍ തിരുട്ട് ഗ്രാമത്തിന് സമീപം ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.
കുറുവാ മോഷണ സംഘങ്ങള്‍ താമസിക്കുന്ന തഞ്ചാവൂര്‍ അയ്യാപേട്ട ലിംഗകടിമേട് കോളനിക്കടുത്തുള്ള തിരുട്ട്ഗ്രാമത്തില്‍ നിന്നാണ് കൊയിലാണ്ടി പോലീസ് പ്രതിയെ സാഹസികമായി പിടികൂടിയത്. തമിഴ്നാട്ടിൽ പ്രതിക്കെതിരെ നിരവധി കേസുകളുണ്ട്.
Kerala
കോഴിക്കോട്: തിക്കോടിയില്‍ റെയില്‍വേ ഗേറ്റ് കീപ്പറെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. തിക്കോടി സ്വദേശി രജീഷ് ആണ് പയ്യോളി പോലീസിന്റെ പിടിയിലായത്. അയനിക്കാട് സ്വദേശി ധനീഷിന് നേരെയാണ് ആക്രമണമുണ്ടായത്.
റെയില്‍വേ ഗേറ്റിന് മുന്നില്‍ ഗതാഗതം തടസപ്പെടുത്തി നിര്‍ത്തിയ സ്കൂട്ടര്‍ മാറ്റാന്‍ ആവശ്യപ്പെട്ടതോടെയാണ് ധനീഷിന് നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ ധനീഷിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് കടന്നു പോയതിനു പിന്നാലെ ഗേറ്റ് തുറന്നപ്പോഴായിരുന്നു സംഭവം. സ്കൂട്ടറിലുണ്ടായിരുന്ന രജീഷും മറ്റൊരാളും ചേർന്നാണ് ധനീഷിനെ ആക്രമിച്ചത്.
Kerala
കോഴിക്കോട്: ഗര്‍ഭിണിയായ ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു. കോഴിക്കോട് കോടഞ്ചേരി പെരുവില്ലി സ്വദേശി ഷാഹിദ് റഹ്മാനെയാണ് താമരശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി വേനപ്പാറയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഗർഭിണിയായ യുവതിയെ പ്രതി അതിക്രൂര പീഡനത്തിന് ഇരയാക്കിയിരുന്നു.
പരാതിക്കാരിയെ ഇസ്തിരിപെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളല്‍ ഏൽപിക്കുകയും വായില്‍ തുണി തിരുകി മുറിയില്‍ അടയ്ക്കുകയും ചെയ്തു. ശരീരമാസകലം മർദിച്ച പാടുകളുമുണ്ടായിരുന്നു.
Kerala
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് നശിച്ചു. കോഴിക്കോട് തൊണ്ടയാട് ബൈപാസ് റോഡിന് സമീപത്താണ് അപകടം സംഭവിച്ചത്. റെയിഞ്ച് റോവർ കാർ ആണ് തീപിടിച്ച് നശിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
പുക ഉയരുന്നത് കണ്ട് കാറിനുള്ളിൽ ഉണ്ടായിരുന്നവർ ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് വെള്ളിമാടുകുന്ന് അഗ്നിശമന സേന യൂണിറ്റ് സ്ഥലത്തെത്തി തീകെടുത്തി.
Kerala
കൊയിലാണ്ടി: വെങ്ങളത്ത് സ്വകാര്യ തമ്മിലിടിച്ച് അപകടം. ദേശീയപാതയിൽ വെങ്ങളം പാലത്തിന് സമീപത്തായി ഇന്ന് വൈകുന്നേരമായിരുന്നു അപകടം നടന്നത്. സ്വകാര്യ ബസുകൾ മത്സരയോട്ടത്തിലായിരുന്നെന്ന് യാത്രക്കാർ ആരോപിച്ചു.
കോഴിക്കോട് നിന്നും ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ഫാത്തിമാസ് ബസും ഇതേ റൂട്ടിൽ പോകുകയായിരുന്ന കൃതിക ബസുമാണ് ഇടിച്ചത്. കൃതിക ബസിന് പിന്നിൽ ഫാത്തിമാസ് ബസ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഫാത്തിമാസ് ബസിന്റെ മുൻഭാഗത്തെ ഗ്ലാസ് പൂർണമായും തകർന്നു. കുട്ടികളടക്കം നിരവധി യാത്രക്കാർക്ക് പരിക്കുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല പരിക്കേറ്റവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
Kerala
കോഴിക്കോട്: തൊട്ടിൽപാലത്ത് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂതംപാറ സ്വദേശി വിജോ (36)ആണ് മരിച്ചത്. ഇന്ന് രാത്രിയോടെയാണ് സംഭവം. വൈകുന്നേരം നാല് മണി മുതൽ കാർ പ്രദേശത്ത് നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു.
കാറിനുള്ളിൽ നിന്നും ആരും ഇറങ്ങാത്തത് ശ്രദ്ധയിൽപെട്ട നാട്ടുകാർ കാറിനുള്ളിൽ നോക്കുന്പോഴാണ് യുവാവിനെ കണ്ടത്. തുടർന്ന് കാറിന്റെ പിൻസീറ്റിലെ ഗ്ലാസ് തകര്‍ത്താണ് ഡോര്‍ തുറന്ന് യുവാവിനെ പുറത്തെടുത്തത്.
ബംഗളൂരുവിൽ ഷെഫ് ആയി ജോലി ചെയ്യുന്ന വിജോ ക്രിസ്മസ് അവധിക്ക് നാട്ടിലേക്ക് എത്തിയതാണെന്നാണ് വിവരം. ഇയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വഭാവിക മരണത്തിന് കേസെടുത്ത് തൊട്ടിൽപാലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. കാര്‍ പൊലീസ് വിശദമായി പരിശോധിക്കും.
Kerala
കോഴിക്കോട്: താമരശേരിയിൽ നിന്ന് എട്ടാം ക്ലാസ് വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. താമരശേരി കട്ടിപ്പാറ ചമല്‍ കേളാംകുന്ന് താമസിക്കുന്ന കണ്ണന്‍കുന്ന് സെലീനയുടെ മകന് മുഹമ്മദ് സെഫാനെയാണ് കാണാതായത്.
കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിലെ എട്ടാംതരം വിദ്യാര്‍ത്ഥിയാണ് സെഫാന്. രാവിലെ പരീക്ഷയ്ക്കായി സ്കൂൾ യൂണിഫോമിൽ പോയ സെഫാൻ ക്ലാസില്‍ എത്തിയിരുന്നില്ല. തുടര്‍ന്നാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.
മുഹമ്മദ് സെഫാനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന മൊബൈല്‍ നമ്പറിലോ പോലീസിലോ വിവരം അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 9526613414, 9746728390.
Kerala
വടകര: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വമ്പൻ വിജയത്തിൽ പ്രതികരിച്ച് കെ.കെ.രമ എംഎൽഎ. കേരളത്തിലാകെ ആഞ്ഞടിച്ച ഈ ജനവിധിയുടെ തരംഗത്തിന് നേതൃത്വം നൽകിയ യുഡിഎഫ് നേതൃത്വം ആത്മാർഥമായ അഭിനന്ദനം അർഹിക്കുന്നുവെന്ന് കെ.കെ. രമ പറഞ്ഞു.
ടി.പിയുടെ നേതൃത്വത്തിൽ ഉയർത്തിയ നേരിന്റെ ചെമ്പതാകകൾ കൂടുതൽ ഉയരത്തിൽ കൂടുതൽ തെളിമയോടെ പാറിക്കളിക്കുന്ന ചരിത്രപരമായ ഈ ജനവിധി നൽകിയ ജനതയ്ക്ക് ഹൃദയാഭിവാദ്യങ്ങളെന്നും എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
2008 ൽ സഖാവ് മണ്ടോടിക്കണ്ണന്റെ മണ്ണിൽ സ.ടി.പിയുടെ നേതൃത്വത്തിൽ ഉയർത്തിയ നേരിന്റെ ചെമ്പതാകകൾ കൂടുതൽ ഉയരത്തിൽ കൂടുതൽ തെളിമയോടെ പാറിക്കളിക്കുന്ന ചരിത്രപരമായ ഈ ജനവിധി നൽകിയ ജനതയ്ക്ക് ഹൃദയാഭിവാദ്യങ്ങൾ.
പിറവി കൊണ്ട് ആറുമാസത്തെ ആയുസ്സ് കുലപ്രഭുക്കന്മാർ വിധിച്ച പ്രസ്ഥാനം അതിന്റെ അമരക്കാരനായ ടി.പിയുടെ രക്തസാക്ഷി സ്വപ്നങ്ങൾ നെഞ്ചേറ്റുവാങ്ങി പടർന്നു വളരുന്ന കാഴ്ചയാണ് എമ്പാടും.
പതിറ്റാണ്ടുകളുടെ വികസനമുരടിപ്പിൽ നിന്നും ഏറാമലയെ ഏറെ മാറ്റിയ ഭരണസമിതിയെ നട്ടാൽ കുരുക്കാത്ത നുണകളുടെ മഴയിൽ കുളിപ്പിക്കാൻ ശ്രമിച്ച സിപിഎം റീലുകൾ സത്യത്തിൽ ജനകീയ മുന്നണിയുടെ വികസന പദ്ധതികളുടെ പ്രചരണമായി മാറുകയായിരുന്നു.
ഒഞ്ചിയത്തും ജനപക്ഷ വികസനത്തിനും നേരിന്റെ രാഷ്ട്രീയത്തിന് വലിയ അംഗീകാരമാണ് ജനം നൽകിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത്/ ബ്ലോക്ക് പഞ്ചായത്ത് അടക്കമുള്ള സീറ്റുകളിൽ മത്സരിച്ച ജനകീയ മുന്നണി സ്ഥാനാർഥികളെ പൂർണ്ണമായും ഒഞ്ചിയത്തെ ജനത നെഞ്ചേറ്റുകയായിരുന്നു.
ഒഞ്ചിയം/ഏറാമല/ ചോറോട്/അഴിയൂർ പഞ്ചായത്തുകളിലെ ജനകീയ മുന്നണിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുഴുവൻ UDF-RMPI പ്രവർത്തകരേയും നേതാക്കളെയും ഹൃദയത്തിൻ്റെ ഭാഷയിൽ അഭിവാദ്യം ചെയ്യുന്നു.
ഒഞ്ചിയം മേഖലയ്ക്ക് പുറത്തും തിളക്കമാർന്ന വിജയങ്ങൾ നേടാൻ ആർ.എം.പി.ഐക്ക് സാധ്യമായി.വടകര നഗരസഭയിലും, മണിയൂർ പഞ്ചായത്തിലും ആദ്യമായി ആർ.എം.പി.ഐ സ്ഥാനാർഥികൾ വിജയക്കൊടി പാറിച്ചു.
മാവൂർ,തളിക്കുളം പഞ്ചായത്ത്/ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ, കുന്നംകുളം നഗരസഭയിൽ ഉൾപ്പെടെ ആർ.എം.പി.ഐ വിജയിച്ചു. ആർ.എം.പി.ഐയുടെ ചെമ്പതാകയേന്തി ജനവിധി തേടിയ മുഴുവൻ സഖാക്കൾക്കും ഹൃദയാഭിവാദ്യങ്ങൾ.
ജനജീവിതം നാൾക്കുനാൾ ദുഃസ്സഹമാക്കുകയും കോടിക്കണക്കിനു രൂപയുടെ പി.ആർ മാമാങ്കങ്ങളുടെ ഭാരം കൂടി അവർക്കു മേൽ കെട്ടിവെയ്ക്കുകയും ചെയ്ത സി.പി.എമ്മിന്റെ ദുർഭരണത്തിനെതിരായ ജനവികാരത്തിൻ്റെ കൊടുങ്കാറ്റ് തങ്ങൾക്കനുകുലമായ വികാരമാക്കി മാറ്റാൻ ആസൂത്രിതമായ സംഘടനാ പ്രവർത്തനങ്ങളിലൂടെ യു.ഡി.എഫ് നേതൃത്വത്തിന് സാധിച്ചു.
കേരളത്തിലാകെ ആഞ്ഞടിച്ച ഈ ജനവിധിയുടെ തരംഗത്തിന് നേതൃത്വം നൽകിയ യു.ഡി. എഫ് നേതൃത്വം ആത്മാർഥമായ അഭിനന്ദനം അർഹിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടാനിരിക്കുന്ന ആവേശകരമായ വിജയത്തിൻ്റെ അർത്ഥപൂർണ്ണമായ കാഹളമാണ് ഈ മുന്നേറ്റം.
എത്ര വലിയ ഭീഷണികളും ഗുണ്ടാമർദ്ദനവും ഏറ്റുവാങ്ങിയിട്ടാണ് പല സ്ഥലങ്ങളിലും യു.ഡി.എഫ് പ്രവർത്തകർ ഈ പോരാട്ടം നടത്തിയത് എന്നത് ഓർക്കേണ്ടതാണ്.
ഒരു പാർലമെന്റ് അംഗത്തിനെ പോലും കടന്നാക്രമിക്കാൻ മടിയില്ലാതിരുന്ന ഇവർ കഴിഞ്ഞദിവസം കണ്ണൂരിലെ വേങ്ങാട് പഞ്ചായത്തിൽ ഒരു വനിതാ സ്ഥാനാർത്ഥിയേയും വയോധികനായ ഒരു പൊതു പ്രവർത്തകനെയും അതിക്രൂരമായി കടന്നാക്രമിച്ച, മനസ്സു മരവിപ്പിക്കുന്ന കാഴ്ചയ്ക്കും കേരളം സാക്ഷ്യം വഹിച്ചു.
അവിടെ നിന്നുയർന്ന നിലവിളികൾക്ക്, അവരേറ്റു വാങ്ങിയ അപമാനത്തിന് കേരളം നൽകിയ, ഒരു തുള്ളി ചോര പൊടിയാത്ത പ്രതികാര മധുരമാണ് ഈ ജനവിധി.
നന്ദി,
കേരളമേ..
കെ.കെ രമ
Kerala
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ തട്ടിപ്പ്. ബാലുശേരിയിൽ വിരമിച്ച കോടതി ജീവനക്കാരനിൽ നിന്നാണ് ഡിജിറ്റൽ അറസ്റ്റിലൂടെ 20000 രൂപ തട്ടിയെടുത്തത്. മുംബൈ പോലീസ് ആണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
വിദേശ രാജ്യങ്ങളിൽ നിന്നും വയോധികന്റെ മൊബൈൽ നമ്പറിലേക്ക് അശ്ലീല സന്ദേശങ്ങൾ എത്തിയത് കണ്ടെത്തിയെന്ന് ആരോപിച്ചാണ് തട്ടിപ്പ് സംഘം മുംബൈ പോലീസിന്റെ പേരിൽ ഡിജിറ്റൽ അറസ്റ്റ് ചെയ്തത്.
തുടർന്ന് അക്കൗണ്ടിലുള്ള മുഴുവൻ തുകയും വെരിഫൈ ചെയ്യണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടു. ആര്‍ബിഐയുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യണമെന്നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ നിർദേശം. പിന്നാലെ വയോധികൻ 20,000 രൂപ തട്ടിപ്പുകാർക്ക് അയച്ചുനൽകി.
ബുധനാഴ്ച വീണ്ടും തട്ടിപ്പുകാർ ബന്ധപ്പെട്ടതോടെ വയോധികൻ സൈബർ പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ കോഴിക്കോട് റൂറൽ ജില്ലാ സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: പേരാമ്പ്രയിൽ എക്സൈസ് പരിശോധനയിൽ കുഴിച്ചിട്ട നിലയിൽ അഞ്ച് ബാരൽ വാഷ് കണ്ടെത്തി. പെരുവണ്ണാമൂഴി ഡാമിന് സമീപത്താണ് ചാരായ നിര്‍മാണത്തിനായുള്ള വാഷ് കണ്ടെത്തിയത്.
ഡാം റിസര്‍വോയറിന് സമീപം ഉടമസ്ഥനില്ലാതെ കിടന്നിരുന്ന അഞ്ച് ബാരലുകളിലായിരുന്നു വാഷ്. തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ സ്പെഷ്യല്‍ ഡ്രൈവിലാണ് പേരാമ്പ്ര എക്സൈസ് സര്‍ക്കിളിലെ ഉദ്യോഗസ്ഥര്‍ ഇവ കണ്ടെത്തിയത്.
Kerala
കോഴിക്കോട്: അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. അത്തോളി കുനിയില്‍ കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വൈകിട്ട് അഞ്ചു മണിക്കാണ് ഖബറടക്കം.
നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ സിപിഎം നേതാക്കള്‍ ഏറ്റുവാങ്ങും. തുടർന്ന് രാവിലെ എട്ട് മുതല്‍ പത്ത് വരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം നടക്കും.
ഇതിനുശേഷം കൊയിലാണ്ടി ടൗണ്‍ ഹാളിലും തലക്കുളത്തൂരിലെ കണ്വെന്ഷന് സെന്ററിലും ചോയിക്കുളത്തെ വീട്ടിലും പൊതുദര്‍ശനമുണ്ട്. ആദര സൂചകമായി കൊയിലാണ്ടി ടൗണില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് അഞ്ച് വരെ ഹര്‍ത്താല്‍ ആചരിക്കും.
Kerala
തിരുവനന്തപുരം: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ. കാനത്തിൽ ജമീലയുടെ വേർപാടിലൂടെ കേരളത്തിന് നഷ്ടമായത് ഒരു മികച്ച പൊതുപ്രവർത്തകയെയാണെന്ന് സ്പീക്കർ കുറിച്ചു.
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലായിരുന്നു എ.എൻ. ഷംസീറിന്റെ കുറിപ്പ്. സാമൂഹ്യരംഗത്തും ഭരണരംഗത്തും ലാളിത്യവും കാര്യക്ഷമതയും കൊണ്ട് പ്രിയങ്കരിയായിരുന്ന കാനത്തിൽ ജമീല നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്നും അദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം രാത്രി 8.40ഓടെയാണ് അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന കാനത്തിൽ ജമീല മരിച്ചത്. 59 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
കുറിപ്പിന്റെ പൂർണരൂപം;
കേരള നിയമസഭാംഗവും സി.പി.ഐ (എം) കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും പൊതുപ്രവർത്തന രംഗത്തെ അതുല്യ വ്യക്തിത്വവുമായ കാനത്തിൽ ജമീലയുടെ അകാല വിയോഗത്തിൽ അതിയായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
കൊയിലാണ്ടി മണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനഞ്ചാം കേരള നിയമസഭയിലെത്തിയ അവർ, ജനസേവനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഈ വേർപാട് സംസ്ഥാനത്തിന്, വിശേഷിച്ച് കോഴിക്കോട് ജില്ലയ്ക്ക്, നികത്താനാവാത്ത നഷ്ടമാണ്.
മണ്ഡലത്തിലെ വിഷയങ്ങൾ സഭയിൽ ശക്തമായി ഉന്നയിക്കുകയും, സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ചർച്ചയിൽ സജീവമായി ഇടപെട്ട് സംസാരിക്കുകയും ചെയ്തിരുന്ന ജമീല, ഇടതുപക്ഷത്തിന്റെ ശക്തരായ പ്രതിനിധികളിൽ ഒരാളായിരുന്നു.
1995-ൽ പൊതുപ്രവർത്തന രംഗത്ത് സജീവമായ അവർ, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലാണ് തൻ്റെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും (2010-2015, 2019-2021) ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ദീർഘകാലത്തെ അനുഭവസമ്പത്ത് അവർക്കുണ്ടായിരുന്നു.
സാമൂഹ്യരംഗത്തും ഭരണരംഗത്തും ലാളിത്യവും കാര്യക്ഷമതയും കൊണ്ട് പ്രിയങ്കരിയായിരുന്ന ഈ ശക്തയായ പൊതുപ്രവർത്തക നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും.
കാനത്തിൽ ജമീലയുടെ വേർപാടിലൂടെ കേരളത്തിന് നഷ്ടമായത് ഒരു മികച്ച പൊതുപ്രവർത്തകയെയാണ്. അവരുടെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു.
ആദരാഞ്ജലികൾ.
Kerala
കോഴിക്കോട്: ബംഗളൂരുവിൽ നിന്ന് ലഹരി മരുന്നുകളുമായെത്തിയ രണ്ട് യുവാക്കൾ ഡാൻസാഫ് സംഘത്തിന്റെ പിടിയിൽ. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി മുഹമ്മദ് സഹദ്, തിരുവണ്ണൂര്‍ സ്വദേശി ഇര്ഫാന് എന്നിവരാണ് പിടിയിലായത്.
പ്രതികളിൽ നിന്ന് വാട്ടർ ഹീറ്ററിൽ ഒളിപ്പിച്ച നിലയിൽ 250 ഗ്രാം എംഡിഎംഎ, 99 എല്‍എസ്ഡി സ്റ്റാമ്പ്, 44ഗ്രാം എക്സ്റ്റസി ടാബ്ലറ്റ് എന്നിവ പിടിച്ചെടുത്തു. ബംഗളൂരു-കോഴിക്കോട് സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസിലാണ് പ്രതികൾ ലഹരി വസ്തുക്കളുമായെത്തിയത്.
ഹീറ്ററിന്റെ സ്റ്റീല്‍ ടാങ്കിനുള്ളില്‍ ഇന്സുലേഷന് ടേപ്പ് ചുറ്റി ഒളിപ്പിച്ച നിലയില്‍ ലഹരി മരുന്ന്. ബംഗളൂരുവില്‍ നിന്നും വലിയ തോതില്‍ ലഹരി മരുന്നെത്തിച്ച് വിതരണം ചെയ്യുന്നതാണ് പ്രതികളുടെ രീതി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Kerala
കോഴിക്കോട്: സിപിഎമ്മും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് വി.എം. വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടാതെ പോയതെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍.
കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടില്ലെന്നും പ്രവീൺ കുമാർ പറഞ്ഞു. വി.എം. വിനുവിന് മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്ലാൻ ബി സജ്ജമാണെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.
മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിലും കോര്‍പ്പറേഷനിലെ പ്രചാരണം ഇനി നടക്കുക വിനുവിന്റെ നേതൃത്വത്തിലായിരിക്കുമെന്നും പ്രവീൺ കുമാർ അറിയിച്ചു. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വിനു കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
Kerala
കോഴിക്കോട്: യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പെയ്ഡ് ഗ്രൂപ്പുകളില്‍ വിൽപന നടത്തിയ സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ. കൂടരഞ്ഞി സ്വദേശി ക്ലമന്റ് ആണ് സൈബര്‍ ക്രൈം പോലീസിന്റെ പിടിയിലായത്.
പരാതിക്കാരിയായ യുവതിയുമായി ക്ലമന്റ് സൗഹൃദം സ്ഥാപിച്ചിരുന്നു. പിന്നീട് പ്രണയം നടിച്ച് വീഡിയോ കോളിംഗ് നടത്തുന്നത് പതിവാക്കി. ഇയാൾ വീഡിയോ കോളിംഗിനിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സ്ക്രീന്‍ റെക്കോര്‍ഡ് ചെയ്തിരുന്നു.
തുടർന്ന് സമൂഹ്യമാധ്യമങ്ങളിലെ പെയ്ഡ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച് പണം കൈപ്പറ്റുകയായിരുന്നു. ഇത്തരത്തില്‍ പെണ്‍കുട്ടികളെ ചതിച്ച് പണം സമ്പാദിക്കുന്ന സംഘങ്ങളിലെ പ്രധാനിയാണ് പിടിയിലായ ക്ലെമന്റെന്ന് പോലീസ് അറിയിച്ചു.
University News
കാലിക്കട്ട് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിന് 25.08.2025 തീയതിയിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരില്‍ യോഗ്യരായി കണ്ടെത്തിയവര്‍ക്ക് 13.10.2025-ന് നടത്താനിരുന്ന അഭിമുഖം നവംബര്‍ 24-ന് നടത്തും. കേന്ദ്രം: സര്‍വകലാശാലാ ഭരണകാര്യാലയം.
ഗണിതശാസ്ത്ര പഠനവകുപ്പില്‍ പിഎച്ച്ഡി പ്രവേശനം
കാലിക്കട്ട് സര്‍വകലാശാലാ ഗണിതശാസ്ത്ര പഠനവകുപ്പില്‍ എനി ടൈം രജിസ്ട്രേഷന് പിഎച്ച്ഡി പ്രവേശനത്തിന് (2025) അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. റിസര്‍ച്ച് ഗൈഡ്, വിഷയം, ഒഴിവ് എന്നിവ ക്രമത്തില്‍ : 1. ഡോ. പ്രീതി കുറ്റിപ്പുലാക്കല്‍ (9562475245, [email protected]), ഗ്രാഫ് തിയറി, രണ്ടൊഴിവ്. 2. ഡോ. പി. സിനി (9744717571, [email protected]), ടോപ്പോളജി, ഫസി മാത്തമാറ്റിക്സ്, ഒരൊഴിവ്. 3. ഡോ. ടി. പ്രസാദ് (9447742183, [email protected]), ഓപ്പറേറ്റര്‍ തിയറി, ഒരൊഴിവ്. 4. ഡോ. ടി. മുബീന (8281740665, [email protected]), ജിയോമെട്രിക് ഗ്രൂപ്പ് തിയറി, ഒരൊഴിവ്. യോഗ്യരായവര്‍ മതിയായ രേഖകള്‍ സഹിതം 24നുള്ളില്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം.
പ്രാക്ടിക്കല്‍ പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ ബിഎ മള്‍ട്ടിമീഡിയ ഏപ്രില്‍ 2025 പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ 11-ന് തുടങ്ങും. വിശദമായ ഷെഡ്യൂള്‍ വെബ്സൈറ്റില്‍.
പരീക്ഷ
കാലിക്കട്ട് സര്‍വകലാശാലാ ഇഎംഎംആര്സിയിലെ പ്രോജക്ട് മോഡ് - ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ ( 2024 പ്രവേശനം ) വിദ്യാര്‍ഥികള്‍ക്കുള്ള ജൂലൈ 2025 പരീക്ഷ 17ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
Kerala
കോഴിക്കോട്: പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ കണ്ട് മെത്താഫെറ്റമിൻ വിഴുങ്ങി യുവാവ്. തലയാട് കലാട് വാളക്കണ്ടിയിൽ റഫ്സിൻ (26) ആണ് പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ കണ്ട് മെത്താഫെറ്റമിൻ വിഴുങ്ങിയത്.
ഇതേ തുടർന്ന് യുവാവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 0.20 മെത്ത ഫെറ്റമിൻ ഇയാൾ വിഴുങ്ങിയതായാണ് പ്രാഥമിക നിഗമനം.
ഇതുകൂടാതെ ഇയാളിൽ നിന്ന് 0.544 ഗ്രാം മെത്താഫ്റ്റമിൻ എക്സൈസ് സംഘം കണ്ടെടുത്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവാവ് ചികിത്സയിൽ തുടരുകയാണ്.
Kerala
കോഴിക്കോട്: വേഞ്ചേരിയിൽ നിയമ വിദ്യാര്‍ത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൈതപ്പൊയിൽ മർക്കസ് ലോ കോളേജിലെ മൂന്നാം വർഷ എൽഎൽബി വിദ്യാർഥി വി. അബൂബക്കർ(28) ആണ് മരിച്ചത്.
അബൂബക്കർ താമസിച്ചിരുന്ന വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അരീക്കോട് കാരിപ്പറമ്പ് സ്വദേശിയാണ് ഇയാൾ. അബൂബക്കർ സിപിഎം സൈബർ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല വിസിനിയമന നടപടികളിലേക്ക് രാജ്ഭവൻ കടന്നതോടെ പ്രതികരണവുമായി മന്ത്രി ആര്. ബിന്ദു. രാജ്ഭവൻ വിജ്ഞാപനം ഇറക്കിയത് തെറ്റാണെന്നും സര്‍ക്കാരിന്റെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനെതിരെ സർക്കാർ നിയമ നടപടി സ്വീകരിക്കും. സർക്കാർ ഇറക്കേണ്ട വിജ്ഞാപനം രാജ്ഭവൻ ഇറക്കിയത് ഫെഡറിലസത്തെ തകർക്കലാണെന്നും മന്ത്രി വിമർശിച്ചു. സെര്‍ച്ച് കമ്മിറ്റിയിൽ നിന്ന് കാലിക്കറ്റ് സര്‍വകലാശാല പ്രതിനിധിക്ക് പിന്മാറാനാകില്ലെന്നാണ് രാജ്ഭവന്റെ നിലപാട്.
തന്നെ ഒഴിവാക്കണമെന്ന ഡോ. എ.സാബുവിന്റെ ആവശ്യം തള്ളുകയും ചെയ്തു. സര്‍വകലാശാല സെനറ്റാണ് പട്ടിക നൽകിയതെന്നും ഒഴിവാക്കണമെങ്കിൽ സെനറ്റ് തീരുമാനിക്കണമെന്നുമാണ് രാജ്ഭവന്റെ മറുപടി. കഴിഞ്ഞ ദിവസമാണ് രാജ്ഭവൻ സ്വന്തം നിലയിൽ വിസി നിയമന അപേക്ഷ ക്ഷണിച്ചത്.
Kerala
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറെ കണ്ടെത്തുന്നതിനുള്ള സേർച്ച് കമ്മിറ്റിക്ക് ചാൻസലർകൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകാരം നൽകി.
മൂന്നംഗ കമ്മിറ്റിയിൽ ചാൻസലറുടെ നോമിനിയായി നാഷണൽ സയൻസ് ചെയർ പ്രെഫസർ ഡോ.എലുവത്തിങ്കൽ ഡി.ജെമ്മിസും യുജിസി പ്രതിനിധിയായി മുംബൈ സർവകലാശാല വൈസ് ചാൻസലർ പ്രഫ. രവീന്ദ്ര ഡി. കുൽക്കർണിയേയും നാമനിർദേശം ചെയ്തു.
സിൻഡിക്കേറ്റ് പ്രതിനിധിയായി കേരള സ്റ്റേറ്റ് കൗണ്‍സിൽ ഫോർ സയൻസടെക്നോളജി ആൻഡ് എൻവയോണ്‍മെന്റ് മെമ്പർ സെക്രട്ടറിയായ പ്രഫ എ.സാബുവാണ് സേർച്ച് കമ്മിറ്റിയംഗം.