കോഴിക്കോട്: വാട്ടർ ടാങ്ക് വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ വയോധികൻ ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി കുന്നത്ത്മോട്ട ഏളേടത്ത് അബൂബക്കര്‍ (71) ആണ് മരിച്ചത്. അബൂബക്കറിനെ രക്ഷിക്കാനെത്തിയ അയല്‍വാസിക്കും ഷോക്കേറ്റിട്ടുണ്ട്.
ടെറസിന് മുകളിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കാനായി കയറിയ അബൂബക്കറിന് ടാങ്കിന് സമീപത്ത് കൂടി കടന്നുപോകുന്ന ഇലക്ട്രിക് വയറിൽ തട്ടിയാണ് ഷോക്കേറ്റത്. വയോധികൻ ഷോക്കേറ്റ് ദൂരത്തേക്ക് തെറിച്ചുവീണിരുന്നു.
ശബ്ദം കേട്ട് അബൂബക്കറിനെ രക്ഷിക്കാനെത്തിയ അയല്‍വാസി മാടാനയില്‍ ആഷിറിനും ഷോക്കേറ്റു. ഇരുവരെയും ഉടൻ തന്നെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അബൂബക്കറിന്റെ ജീവൻ രക്ഷിക്കാനായില്ല.
ആഷിർ പരിക്കുകളോടെ ചികിത്സയില്‍ തുടരുകയാണ്. അബൂബക്കറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകി.
Tags : calicut death electric shock farook