International
ന്യൂഡൽഹി: ഇറാനെതിരേ ആമേരിക്കൻ ആക്രമണം ഏതു നിമിഷവും സംഭവിച്ചേക്കാമെന്ന് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതുവരെ അന്തിമ ഉത്തരവു നൽകിയിട്ടില്ലെങ്കിലും ഏതു നിമിഷവും ആക്രമണത്തിനു തയാറായിരിക്കാൻ വൈറ്റ് ഹൗസ് സൈന്യത്തിനു നിർദേശം നൽകിയതായി സിഎൻഎൻ, സിബിഎസ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായി പശ്ചിമേഷ്യയിൽ അമേരിക്ക വൻ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. നിലവിൽ പതിമൂന്നു യുദ്ധക്കപ്പലുകളാണ് മേഖലയിൽ സർവസജ്ജമായി നിലയുറപ്പിച്ചിട്ടുള്ളത്.
ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് അറ്റ്ലാന്റിക് സമുദ്രത്തിൽനിന്നു പശ്ചിമേഷ്യ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനു പുറമെ യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലും മേഖലയിലുണ്ട്. എഫ്-22 റാപ്റ്റർ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ, എഫ്-15, എഫ്-16 പോർവിമാനങ്ങൾ എന്നിവയുൾപ്പെടെയുള്ള വ്യോമസേനയും സുസജ്ജമായി മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്.
സൈന്യം സർവ സജ്ജമാണെങ്കിലും ആക്രമണത്തിന്റെ കാര്യത്തിൽ ട്രംപ് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് വിവരം. സൈനിക നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും തന്റെ ഉപദേശകരുമായി ട്രംപ് ചർച്ചകൾ നടത്തുന്നുണ്ട്.
ആണവ കരാറുമായി ബന്ധപ്പെട്ട് ട്രംപ്, ഇറാനു മേൽ കടുത്ത സമ്മർദ്ദം ചെലുത്താനാണ് ലക്ഷ്യമിടുന്നത്. എന്നാൽ നയതന്ത്ര ചർച്ചകളിലൂടെ പുതിയൊരു കരാർ ഉണ്ടാക്കാൻ സാധിക്കുമോ എന്നാണ് ട്രംപ് ഇപ്പോൾ ആലോചിക്കുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആണവ തർക്കം ഉൾപ്പെടെ ആറോളം പ്രധാന കാരണങ്ങളാണ് ഇറാനെതിരേ ആക്രമണത്തിന് ട്രംപിനെ പ്രേരിപ്പിക്കുന്നത്. ഇറാനുമായുള്ള ആണവ ചർച്ചകൾ ജനീവയിൽ പുരോഗമിക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ലാത്തത് അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇറാൻ ഉടമ്പടിക്കു തയാറാകുന്നതാണ് ഉചിതമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കിയിരുന്നു.
ഇറാനിലെ ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട നിലപാടിനെ ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. പ്രതിഷേധക്കാരെ സഹായിക്കാൻ അമേരിക്കൻ സൈന്യം രംഗത്തിറങ്ങുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനെതിരെയുള്ള സൈനിക നീക്കത്തിന് ഇസ്രയേൽ പൂർണ പിന്തുണയും നൽകുന്നുണ്ട്.
ഇറാന്റെ ഭാഗത്തുനിന്നു തിരിച്ചടിയുണ്ടാകാൻ സാധ്യതയുണ്ടെങ്കിലും, ആഭ്യന്തര പ്രതിഷേധങ്ങൾ കാരണം ഭരണകൂടം ദുർബലമാണെന്നും അതിനാൽ പ്രതിരോധം പരിമിതമായിരിക്കുമെന്നും യുഎസ് സൈനിക വൃത്തങ്ങൾ വിശ്വസിക്കുന്നു.
International
ടെഹ്റാൻ: സമുദ്രാതിർത്തിയിൽവച്ച് ഇന്ത്യ പിടിച്ചെടുത്ത മൂന്ന് കപ്പലുകൾക്ക് തങ്ങളുമായി ബന്ധമില്ലെന്ന് ഇറാൻ. യുഎസ് ഉപരോധം ഏർപ്പെടുത്തിയ ഈ കപ്പലുകൾ ഈ മാസം ആദ്യമാണ് മുംബൈ തീരത്ത് വച്ച് ഇന്ത്യൻ അധികൃതർ കസ്റ്റഡിയിലെടുത്തത്.
റഷ്യൻ എണ്ണ ഇറക്കുമതി നിർത്തണമെന്ന യുഎസിന്റെ ആവശ്യം ഇന്ത്യ അംഗീകരിച്ചതിന് പിന്നാലെയാണ് സമുദ്രാതിർത്തിയിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയത്.
സ്റ്റെല്ലാർ റൂബി, അസ്ഫാൽറ്റ് സ്റ്റാർ, അൽ ജാഫ്സിയ എന്നീ കപ്പലുകളെയാണ് മുംബൈയിൽ നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ വച്ച് ഇന്ത്യൻ അധികൃതർ തടഞ്ഞത്. ഇവ ഇപ്പോൾ കൂടുതൽ അന്വേഷണത്തിനായി മുംബൈ തുറമുഖത്ത് എത്തിച്ചിരിക്കുകയാണ്.
International
ജനീവ: അമേരിക്കയുമായുള്ള രണ്ടാം ഘട്ട ആണവചർച്ചകൾക്കു മുന്നോടിയായി അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി കൂടിക്കാഴ്ച നടത്തി ഇറാൻ. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അന്താരാഷ്ട്ര ആണവോർജ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായാണ് കൂടിക്കാഴ്ച നടത്തിയത്.
ജനീവയിൽ ഇറാൻ-അമേരിക്ക ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്ന ഒമാൻ വിദേശകാര്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തുമെന്നും അരാഗ്ചി പറഞ്ഞു. ഇതിനിടെ, അമേരിക്ക ഉപരോധം പിൻവലിച്ചാൽ ആണവ വിഷയത്തിൽ വിട്ടുവീഴ്ചയ്ക്കു തയാറാണെന്ന് ഇറേനിയൻ വിദേശകാര്യ സഹമന്ത്രി മജിദ് തഖ്ത് റവാഞ്ചി പറഞ്ഞു. പന്ത് അമേരിക്കയുടെ കോർട്ടിലാണ്.
കരാറിലെത്താൻ താത്പര്യമുണ്ടെന്ന് അമേരിക്ക തെളിയിക്കണം. അവരുടെ ഭാഗത്ത് ആത്മാർഥതയുണ്ടായാൽ കരാറിലെത്തുമെന്ന് ഉറപ്പുണ്ട്. ഉപരോധങ്ങളെക്കുറിച്ച് സംസാരിക്കാൻ അവർ തയാറാണെങ്കിൽ, മറ്റു വിഷയങ്ങളും ചർച്ച ചെയ്യാൻ തയാറാണ്-മജിദ് തഖ്ത് റവാഞ്ചി കൂട്ടിച്ചേർത്തു.
ഈ മാസം ആറിന് ഒമാനിലാണ് അമേരിക്കയും ഇറാനും തമ്മിലുള്ള ആദ്യവട്ട ചർച്ച നടന്നത്. ഇന്നും നാളെയും ജനീവയിൽ റഷ്യയുടെയും യുക്രെയ്ന്റെയും പ്രതിനിധികളുമായും അമേരിക്ക ചർച്ച നടത്തുന്നുണ്ട്. ജൂണിൽ ഇസ്രയേലുമായുള്ള യുദ്ധത്തെത്തുടർന്ന് ആണവ ഏജൻസിയുമായുള്ള (ഐഎഇഎ) എല്ലാ സഹകരണവും ഇറാൻ നിർത്തിവച്ചിരുന്നു. ഇതിനു ശേഷമുള്ള സുപ്രധാന കൂടിക്കാഴ്ചയാണ് ഗ്രോസിയുമായി നടന്നത്. യുദ്ധത്തിനുശേഷം ഇറാന്റെ യുറേനിയം ശേഖരത്തിന്റെ സ്ഥിതി പരിശോധിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഐഎഇഎ അറിയിച്ചിരുന്നു.
യുദ്ധത്തിൽ കേടുപാടുകൾ സംഭവിക്കാത്ത സ്ഥലങ്ങളിലേക്ക് ഇറാൻ ഐഎഇഎയ്ക്കു പ്രവേശനം അനുവദിച്ചിട്ടുണ്ട്, എന്നാൽ, മറ്റ് സ്ഥലങ്ങൾ സന്ദർശിക്കാൻ ഇൻസ്പെക്ടർമാരെ അനുവദിച്ചിട്ടില്ല. ഈ സ്ഥലങ്ങൾ ഇപ്പോൾ സുരക്ഷിതമല്ലെന്നാണ് ഇറാന്റെ മറുപടി.
അതേസമയം, ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയുടെ വൻ സൈനിക സന്നാഹമൊരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിനെ അമേരിക്ക പ്രദേശത്ത് വിന്യസിച്ചിരുന്നു.
യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പൽ അറേബ്യൻ കടലിൽ ഒമാൻ തീരത്തുള്ളതായി ബിബിസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം അമേരിക്ക ഇറേനിയൻ ആണവകേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്കുശേഷം പരസ്പരം വെടിനിർത്തൽ കരാർ നിലവിലുണ്ടെങ്കിലും അതു ഫലത്തിൽ ദുർബലമാണ്.
മേഖലയിലേക്ക് അമേരിക്ക രണ്ടാമത്തെ വിമാനവാഹിനിക്കപ്പൽകൂടി അയച്ചതോടെ ഇറാൻ തിങ്കളാഴ്ച നാവികാഭ്യാസം ആരംഭിച്ചു. തിങ്കളാഴ്ച പുലർച്ചെ ഇറേനിയൻ വിപ്ലവഗാർഡ് അഭ്യാസം ആരംഭിച്ചതായി സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. ലോകത്തിലെ എണ്ണയുടെ 20 ശതമാനം കടന്നുപോകുന്ന നിർണായക അന്താരാഷ്ട്ര വ്യാപാര ജലപാതയിലാണ് ഇറാൻ നാവികാഭ്യാസം നടത്തുന്നത്.
International
മ്യൂണിക്ക്: ഇറാനുമായുള്ള ഏതൊരു നയതന്ത്ര കരാറിലും യുറേനിയം സമ്പുഷ്ടീകരണം തടയുന്നതിലുപരി അവരുടെ ആണവ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും പൊളിച്ചുനീക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കൻ ജൂത സംഘടനകളുടെ വാർഷിക സമ്മേളനത്തിൽ സംസാരിക്കവെയാണ് കഴിഞ്ഞയാഴ്ച താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറിയിച്ച നിലപാടുകൾ നെതന്യാഹു വെളിപ്പെടുത്തിയത്.
അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാംവട്ട ചർച്ചകൾ ഈ ആഴ്ച നടക്കാനിരിക്കെയാണ് നെതന്യാഹുവിന്റെ ഈ നീക്കം. ചർച്ചകൾ പരാജയപ്പെട്ടാൽ ഒരു സൈനിക നീക്കത്തിനുള്ള സാധ്യത മുന്നിൽക്കണ്ട് മേഖലയിലേക്ക് രണ്ടാമത്തെ വിമാനവാഹിനി കപ്പലിനെ കൂടി അമേരിക്ക നിയോഗിച്ചിട്ടുണ്ട്. അതേസമയം, ചർച്ചകളിൽ വിട്ടുവീഴ്ചയ്ക്ക് തയാറാണെന്ന സൂചന നൽകി ഇറാൻ നയതന്ത്ര പ്രതിനിധികൾ രംഗത്തെത്തി.
സാമ്പത്തിക നേട്ടങ്ങൾ ലക്ഷ്യമിട്ട് എണ്ണ, വാതക മേഖലകളിലും ഖനനത്തിലും സംയുക്ത നിക്ഷേപങ്ങൾക്ക് തയാറാണെന്നും വിമാനങ്ങൾ വാങ്ങുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചയിലുണ്ടെന്നും ഇറാന്റെ സാമ്പത്തിക നയതന്ത്ര വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഹമീദ് ഖൻബാരി വ്യക്തമാക്കി.
International
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ ട്രംപ് ഉത്തരവിടുന്നപക്ഷം ഇറാനിൽ ആഴ്ചകൾ നീളുന്ന സൈനിക നടപടികൾക്ക് അമേരിക്ക തയാറെടുക്കുന്നതായി റിപ്പോർട്ട്. ഇറാന്റെ തിരിച്ചടികൂടി മുന്നിൽ കണ്ടുള്ള സമഗ്ര ആസൂത്രണമാണ് അമേരിക്കൻ സേന നടത്തുന്നതെന്നു വിഷയവുമായി ബന്ധമുള്ള വൃത്തങ്ങൾ വെളിപ്പെടുത്തി.
കഴിഞ്ഞ വർഷം ജൂണിൽ ഇസ്രയേലിനൊപ്പം ചേർന്ന് ഇറാനിൽ ബോംബിട്ടതു പോലുള്ള ആക്രമണമായിരിക്കില്ല ഇത്. ഇറാന്റെ ആണവകേന്ദ്രങ്ങളിൽ മാത്രമാണ് അമേരിക്ക അന്നു ബോംബിട്ടത്. ഇക്കുറി ഇറേനിയൻ ഭരണകൂടത്തെയും സുരക്ഷാ സംവിധാനങ്ങളെയും ലക്ഷ്യമിടുന്ന പദ്ധതിയാണു പരിഗണിക്കുന്നത്.
വലിയ മിസൈൽ ശേഖരമുള്ള ഇറാനെതിരേയുള്ള നീക്കങ്ങൾ കനത്ത പ്രത്യാഘാതത്തിന് ഇടയാക്കുമെന്നും കണക്കുകൂട്ടുന്നു. അടിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുള്ളതാണ്. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളെയായിരിക്കും ലക്ഷ്യമിടുകയെന്നും അവർ പറഞ്ഞിട്ടുണ്ട്.
ജോർദാൻ, കുവൈത്ത്, സൗദി, ഖത്തർ, ബഹ്റിൻ, യുഎഇ, തുർക്കി എന്നീ രാജ്യങ്ങളിലെല്ലാം അമേരിക്കയ്ക്കു സൈനിക താവളങ്ങളുണ്ട്. കഴിഞ്ഞ വർഷം ജൂണിലെ ബോംബിംഗിനു മറുപടിയായി ഖത്തറിലെ യുഎസ് താവളത്തിനു നേർക്ക് ഇറാൻ മിസൈലുകൾ തൊടുത്തതാണ്. ഇറാന്റെ തിരിച്ചടി പശ്ചിമേഷ്യ മുഴുവൻ ഉൾപ്പെടുന്ന വൻ യുദ്ധമായി മാറാനും സാധ്യതയുണ്ട്.
ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അമേരിക്ക ഇറാനെ ആക്രമിക്കാൻ പദ്ധതി തയാറാക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.
നേരത്തേ രണ്ടാമതൊരു വിമാനവാഹിനി കപ്പൽകൂടി പശ്ചിമേഷ്യയിലേക്ക് അയയ്ക്കാൻ അമേരിക്ക തീരുമാനിച്ചുവെന്ന റിപ്പോർട്ട് പുറത്തുവന്നതും നെതന്യാഹു അമേരിക്കയിലെത്തിയശേഷമാണ്. ആണവചർച്ചയിൽ ഇറാനുമേൽ സമ്മർദം വർധിപ്പിക്കാൻ ഉദ്ദേശിച്ചുകൂടിയാണ് ട്രംപിന്റെ നീക്കങ്ങൾ.
International
പാരീസ്: ജയിലിൽ അടയ്ക്കപ്പെട്ട ഇറേനിയൻ വനിതാ നേതാവ് നർഗീസ് മുഹമ്മദിയുടെ ആരോഗ്യനില വഷളായതായി അവരുടെ ഭർത്താവ് താഗി റഹ്മാനി.
സമാധാന നൊബേൽ ജേതാവായ നർഗീസിനെ ഡിസംബറിൽ ഇറേനിയൻ ഭരണകൂടം അറസ്റ്റ് ചെയ്തശേഷം ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും പാരീസിൽ പ്രവാസജീവിതം നയിക്കുന്ന റഹ്മാനി പറഞ്ഞു.
വിദേശശക്തികളുമായി കൂട്ടുചേർന്നു എന്നതടക്കമുള്ള കുറ്റങ്ങൾക്ക് ഇറേനിയൻ കോടതി കുറച്ചു ദിവസങ്ങൾക്കു മുന്‍പ് നർഗീസിന് ഏഴര വർഷത്തെ തടവുശിക്ഷ വിധിച്ചതായി അവരുടെ അഭിഭാഷകൻ അറിയിച്ചിരുന്നു.
53 വയസുള്ള നർഗീസ് ഫെബ്രുവരി രണ്ടിനു ജയിലിൽ നിരാഹാര സമരം ആരംഭിച്ചിരുന്നു. ഇതിപ്പോഴും തുടരുന്നുണ്ടോ എന്നതിൽ വ്യക്തതയില്ലെന്ന് ഭർത്താവ് പറഞ്ഞു. അറസ്റ്റിലായ സമയത്ത് ഏറ്റ മർദനങ്ങളാണ് ആരോഗ്യനില വഷളാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: ഇറാൻ വിഷയത്തിൽ ചർച്ചയും ഭീഷണിയുമെന്ന ഇരട്ട നില തുടർന്ന് അമേരിക്ക.
ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ പശ്ചിമേഷ്യൻ കടലിലേക്കയച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് എന്ന കൂറ്റൻ വിമാനവാഹിനിക്കപ്പലാണ് കരീബിയൻ കടലിൽനിന്നു പശ്ചിമേഷ്യയിലേക്കു നീങ്ങിത്തുടങ്ങിയത്.
ഇറാനെതിരേ സൈനിക നടപടി ട്രംപ് പരിഗണിക്കുന്നതായ വാർത്തകൾക്കിടെയാണു പുതിയ നീക്കം. യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലും മൂന്ന് ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറുകളും രണ്ടാഴ്ച മുമ്പ് പശ്ചിമേഷ്യൻ കടലിൽ നങ്കൂരമിട്ടിട്ടുണ്ട്. ഇവയ്ക്കൊപ്പമാണ് ജെറാൾഡ് ആർ. ഫോർഡ്കൂടി ചേരുക. ഇക്കാര്യം വാഷിംഗ്ടൺ സ്ഥിരീകരിച്ചിട്ടുണ്ട്.
ജെറാൾഡ് ആർ ഫോർഡിൽനിന്നുള്ള യുദ്ധവിമാനങ്ങളാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മാഡുറോയെ തട്ടിക്കൊണ്ടുപോകാനുള്ള ദൗത്യത്തിൽ പങ്കെടുത്തത്.
അമേരിക്കയുടെ കിഴക്കൻ തീരത്തുനിന്നോ ഫാർ ഈസ്റ്റിൽനിന്നോ ഒരു വിമാനവാഹിനിക്കപ്പലിന് ഇസ്രയേൽ തീരത്തോ അറബിക്കടലിലോ എത്താൻ 12 മുതൽ 15 ദിവസം വരെ സമയം എടുക്കും.
International
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ വൈറ്റ് ഹൗസിൽ നടത്തിയ കൂടികാഴ്ച സമാപിച്ചു. ഏകദേശം മൂന്ന് മണിക്കൂർ ചർച്ച നീണ്ടുനിന്നു.
ഇറാനുമായുള്ള ആണവ ചർച്ചകളും പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളുമാണ് ചർച്ചയിൽ പ്രധാന വിഷയമായത്. ഇറാനുമായി ഒരു നയതന്ത്ര കരാറിലെത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് നെതന്യാഹുവിനെ അറിയിച്ചിട്ടുണ്ട്.
ഇറാനുമായി നിലവിൽ നടക്കുന്ന നയതന്ത്ര ചർച്ചകൾ തുടരണമെന്ന നിലപാടിലാണ് അമേരിക്കൻ പ്രസിഡന്റ്. ഒരു കരാറിലെത്താൻ സാധിക്കുമോയെന്ന് പരിശോധിക്കാൻ ചർച്ചകൾ തുടരണമെന്ന് നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി ട്രംപ് വ്യക്തമാക്കി.
എന്നാൽ ചർച്ചയിൽ നിർണായക തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. ഇറാനുമായുള്ള ചർച്ചകളിൽ ഇസ്രായേലിന്റെ സുരക്ഷാ താത്പര്യങ്ങൾക്ക് മുൻഗണന നൽകണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികളും മേഖലയിലെ തീവ്രവാദ ഗ്രൂപ്പുകൾക്കുള്ള പിന്തുണയും അവസാനിപ്പിക്കണമെന്ന നിലപാടിൽ നെതന്യാഹു ഉറച്ചുനിന്നു.
ഗാസയിൽ പുനർനിർമാണം ആരംഭിക്കുന്നതിന് മുൻപായി ഹമാസ് ആയുധം താഴെവയ്ക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം നെതന്യാഹുവിന്റെ ആറാമത്തെ യുഎസ് സന്ദർശനമാണിത്.
National
ന്യൂഡൽഹി: ഇറാനിൽനിന്ന് പെട്രോളിയം ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്തെന്ന ആരോപണത്തിൽ യുഎസ് ഏജൻസി വിവരങ്ങൾ തേടിയതായി അദാനി എന്റർപ്രൈസസ് അറിയിച്ചു. കഴിഞ്ഞവർഷം ജൂണിൽ യുഎസ് മാധ്യമം പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ ഉപരോധം മറികടക്കാനായി പ്രത്യേക കപ്പൽ പാതകളിലൂടെ അദാനിയുമായി ബന്ധമുള്ള കമ്പനികൾ ഇറാനിൽനിന്ന് എൽപിജി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തെന്ന് പരാമർശിച്ചിരുന്നു.
ആരോപണം അദാനി ഗ്രൂപ്പ് അന്നേ തള്ളി. യുഎസിന്റെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ (ഒഎഫ്എസി) ആണ് ഇപ്പോൾ ഇതുസംബന്ധിച്ച് വിവരം തേടിയത്. ആവശ്യമുള്ള വിവരങ്ങൾ നൽകുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.
International
ടെഹ്റാൻ: ഭരണകൂട ഭീകരതയ്ക്കെതിരേ അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഇറേനിയൻ യുവാവ് ജീവനൊടുക്കി. തെക്കൻ തുറമുഖ നഗരമായ ബുഷെഹ്റിൽ നിന്നുള്ള പുരിയ ഹമീദി എന്ന യുവാവാണ് ഇറാനുമായി യാതൊരുവിധ നയതന്ത്ര ചർച്ചകളും നടത്തരുതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് അഭ്യർഥിക്കുന്ന വീഡിയോ പുറത്തുവിട്ട ശേഷം ജീവനൊടുക്കിയത്.
പത്തു മിനിറ്റ് 44 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ തന്റെ യൂട്യൂബ് ചാനലിലാണ് ഹമീദി പങ്കുവച്ചത്. ഇറാന്റെ മോചനത്തിനായി വിദേശ ഇടപെടൽ അനിവാര്യമാണെന്നാണ് ഹമീദിയുടെ വാദം.
അയത്തൊള്ള അലി ഖമനയ്യുടെ നേതൃത്വത്തിലുള്ള ഭരണകൂടവുമായി ചർച്ച നടത്തുന്നത് പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് ആളുകളെ ചതിക്കുന്നതിനു തുല്യമാണെന്നു ഹമീദി പറഞ്ഞു. ഖമനെയുടെ സൈന്യത്തെ നേരിടാൻ സാധാരണക്കാരായ ഇറാൻ പൗരന്മാർക്കു കഴിയില്ലെന്നും അമേരിക്ക ഇറാനെ ആക്രമിക്കുക എന്നതാണ് തങ്ങളുടെ അവസാന പ്രതീക്ഷയെന്നും യുവാവ് വീഡിയോയിൽ പറയുന്നു.
കൂട്ടക്കൊല
റഷ്യ-യുക്രെയ്ൻ യുദ്ധത്തിലും ഇസ്രയേൽ- പലസ്തീൻ സംഘർഷത്തിലും മരിച്ചവരേക്കാൾ കൂടുതൽ ആളുകൾ ഇറാനിലെ പ്രതിഷേധങ്ങൾക്കിടെ കൊല്ലപ്പെട്ടുവെന്ന് ഹമീദി വെളിപ്പെടുത്തുന്നു. 40,000ലേറെ ആളുകൾ കൊല്ലപ്പെട്ടതായാണ് ഹമീദി അവകാശപ്പെടുന്നത്. "ഇവിടെ ജനിച്ചതിൽ എനിക്കു ചിരി വരുന്നു, ഭാവിയില്ലാത്ത ഒരിടം. എനിക്ക് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിയുന്നില്ല...' എന്നിങ്ങനെ തന്റെ നിരാശയും ഹമീദി ലോകത്തോടു പങ്കുവയ്ക്കുന്നു. പൂർണമായും ഒറ്റപ്പെട്ടുപോയ ഒരവസ്ഥയിലാണ് ഇറാനിലെ ജനങ്ങളെന്നും അവർ പിന്തുണയ്ക്കണമെന്നും അഭ്യർഥിച്ചുകൊണ്ടാണ് ഹമീദി വീഡിയോ അവസാനിപ്പിക്കുന്നത്.
ഇറാനിൽ അറസ്റ്റ് തുടരുന്നു
ഇറാൻ ഭരണകൂടം രാജ്യത്ത് അടിച്ചമർത്തലുകൾ ശക്തമാക്കുന്നതിനിടയിലാണ് ഹമീദിയുടെ ആത്മഹത്യ. വീഡിയോ ലോകനേതാക്കൾക്കിടയിലും മനുഷ്യാവകാശ സംഘടനകൾക്കിടയിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദി ഉൾപ്പെടെയുള്ള പ്രമുഖർക്കു കൂടുതൽ ജയിൽ ശിക്ഷ നൽകുകയും പ്രതിപക്ഷ നേതാക്കളുടെ തുറുങ്കിലടയ്ക്കുന്നതു തുടരുകയുമാണ്. അതേസമയം, മറുവശത്ത് ഒമാൻ വഴി അമേരിക്കയുമായി ആണവ ചർച്ചകൾ തുടരാനും ഇറാൻ ശ്രമിക്കുന്നുണ്ട്.
International
ടെഹ്റാൻ: അമേരിക്ക തങ്ങൾക്കെതിരെ പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധം നീക്കിയാൽ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ അളവ് കുറയ്ക്കാമെന്ന് ഇറാൻ. യുഎസ്-ഇറാൻ ചർച്ചകൾക്ക് പിന്നാലെയാണ് സുപ്രധാന തീരുമാനം.
ഇറാന്റെ ആണവ മേധാവി മുഹമ്മദ് ഇസ്ലാമിയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. യുഎന്‍ ആണവ ഏജന്‍സി 2025 മെയ് മാസത്തില്‍ ഇറാന്റെ പക്കല്‍ 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ശേഖരം 440 കിലോഗ്രാമില്‍ കൂടുതലുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ അളവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് രംഗത്തെത്തിയിരുന്നു. ഇത്രയധികം യുറേനിയം ശേഖരം അനുവദിക്കാനാവില്ലെന്ന നിലപാടിലായിരുന്നു അമേരിക്ക.
ഇറാന്റെ പക്കലുള്ള യുറേനിയം ശേഖരം ഉപയോഗിച്ച് ഉടനടി 90 ശതമാനത്തിലേറെ സമ്പുഷ്ടീകരിക്കാനാകുമെന്നും എളുപ്പത്തില്‍ ബോംബ് നിര്‍മാണം സാധിക്കുമെന്നായിരുന്നു യുഎസിന്റെ വിശദീകരണം.
സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന് പുറത്തേക്ക് മാറ്റണമെന്നും ബാലിസ്റ്റിക് മിസൈല്‍ പദ്ധതി പരിമിതപ്പെടുത്തണമെന്നും യുഎസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുറേനിയം സമ്പുഷ്ടീകരണം ആര്‍ക്കും അടിയറവ് വയ്ക്കില്ലെന്ന് ഇറാന് നിലപാടെടുത്തിരുന്നു.
International
ടെഹ്റാൻ: അമേരിക്കയുമായുള്ള ആണവചർച്ച നല്ല തുടക്കമായിരുന്നുവെന്നും ഇനിയും തുടരുമെന്നും ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഒമാന്റെ മധ്യസ്ഥതയിൽ അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി പരോക്ഷചർച്ച പൂർത്തിയാക്കിയതിനു പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അതേസമയം, ചർച്ച തുടരാൻ അമേരിക്ക ഭീഷണിയും സമ്മർദവും അവസാനിപ്പിക്കണമെന്നും അരാഗ്ചി വ്യക്തമാക്കി. ആണവപദ്ധതികൾ ഒഴികെയുള്ള വിഷയങ്ങളിൽ ചർച്ചയില്ലെന്നും കൂട്ടിച്ചേർത്തു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി അടക്കമുള്ള വിഷയങ്ങളിലും ചർച്ച വേണമെന്ന് അമേരിക്ക നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഒമാനിൽ വിഷയം ചർച്ചയായില്ലെന്നാണ് സൂചന.
ഇറേനിയൻ മണ്ണിൽ യുറേനിയം സന്പുഷ്ടീകരണം പാടില്ലെന്ന് അമേരിക്ക ചർച്ചയിൽ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ, സമാധാന ആവശ്യങ്ങൾക്കായി യുറേനിയം സന്പുഷ്ടീകരണത്തിനുള്ള അവകാശം ഉപേക്ഷിക്കില്ലെന്ന നിലപാട് ഇറാൻ ആവർത്തിച്ചു. സന്പുഷ്ടീകരണത്തിന്റെ തോത് സംബന്ധിച്ച് ചർച്ചയാകാം. ഇതിനു പകരമായി ഇറാനെതിരായ ഉപരോധങ്ങൾ അമേരിക്ക ഉടൻ പിൻവലിക്കുകയും പശ്ചിമേഷ്യയിലെ യുദ്ധസന്നാഹം അവസാനിപ്പിക്കുകയും വേണമെന്നാവശ്യപ്പെട്ടു.
ഇറാനുമായുള്ള അടുത്ത ചർച്ച അടുത്തയാഴ്ച ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഏതുവിധവും അമരിക്കയുമായി ധാരണയുണ്ടാക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ: ഇറാന്റെ എണ്ണ അനധികൃതമായി കടത്തുന്നതിനായി ഉപയോഗിക്കുന്ന 'ഷാഡോ ഫ്ലീറ്റിലെ' കപ്പലുകൾക്കും അവയുമായി ബന്ധപ്പെട്ട കമ്പനികൾക്കും മേൽ അമേരിക്കൻ ഭരണകൂടം കർശനമായ ഉപരോധം ഏർപ്പെടുത്തി. ഇറാന്റെ വരുമാന സ്രോതസ്സുകൾ തടയുന്നതിന്റെ ഭാഗമായാണ് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റിന്റെ ഈ നടപടി.
രാജ്യാന്തര ഉപരോധങ്ങൾ മറികടന്ന് ഇറാന്റെ പെട്രോളിയം ഉത്പന്നങ്ങൾ വിദേശ വിപണികളിൽ എത്തിക്കാൻ സഹായിക്കുന്ന ഡസൻ കണക്കിന് കപ്പലുകളെയും അവയുടെ ഉടമസ്ഥരെയും ലക്ഷ്യമിട്ടാണ് പുതിയ നടപടി. ഈ കപ്പലുകൾ പലപ്പോഴും പഴയതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണെന്ന് യുഎസ് ആരോപിക്കുന്നു.
മധ്യപൂർവേഷ്യയിലെ സായുധ ഗ്രൂപ്പുകൾക്ക് ധനസഹായം നൽകുന്നതിനായി ഇറാൻ ഈ എണ്ണക്കടത്തിൽ നിന്നുള്ള വരുമാനം ഉപയോഗിക്കുന്നുവെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഭീകരപ്രവർത്തനങ്ങൾക്കും പ്രാദേശിക അസ്ഥിരതയ്ക്കും എതിരെ നിലപാട് ശക്തമാക്കുന്നതിന്റെ ഭാഗമാണിതെന്ന് യുഎസ് വ്യക്തമാക്കി.
ഉപരോധം ഏർപ്പെടുത്തിയതോടെ ഈ കമ്പനികൾക്കും കപ്പലുകൾക്കും അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും. ഇവരുടെ അമേരിക്കയിലുള്ള ആസ്തികൾ കണ്ടുകെട്ടുകയും അമേരിക്കക്കാരുമായോ അമേരിക്കൻ ബാങ്കുകളുമായോ ഇടപാട് നടത്തുന്നതിൽ നിന്ന് ഇവരെ വിലക്കുകയും ചെയ്യും.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇറാന്റെ എണ്ണ കയറ്റുമതിയിൽ പ്രധാന പങ്കുവഹിക്കുന്ന ചൈന അടക്കമുള്ള രാജ്യങ്ങളിലെ കമ്പനികളും ഈ ഉപരോധത്തിന്റെ പരിധിയിൽ വരുന്നുണ്ട്.
ഇറാന്റെ സാമ്പത്തിക അടിത്തറയെ തകർക്കാനും അവരുടെ സൈനിക പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിംഗ് തടയാനുമുള്ള അമേരിക്കയുടെ സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമായാണ് ഈ ഉപരോധത്തെ അന്താരാഷ്ട്ര നിരീക്ഷകർ കാണുന്നത്.
International
മസ്കറ്റ്: യുദ്ധാശങ്കകൾക്കിടെ ഇറാൻ-അമേരിക്ക ചർച്ച ഒമാനിൽ പുനരാരംഭിച്ചു. ഇറേനിൽനിന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും അമേരിക്കയിൽനിന്ന് പ്രസിഡന്റ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ എന്നിവരുമാണ് പങ്കെടുത്തത്. പരോക്ഷ ചർച്ചയിൽ ഒമാനി അധികൃതർ ഇരുവിഭാഗത്തിനും സന്ദേശങ്ങൾ കൈമാറുകയായിരുന്നു.
നയതന്ത്രത്തിനു സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും ഇരുവർക്കുമിടയിൽ പല കാര്യങ്ങളിലും തർക്കം തുടരുന്നതായാണു റിപ്പോർട്ട്. ചർച്ചയുടെ അജൻഡ വികസിപ്പിക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇറാൻ അംഗീകരിക്കാത്തത് ഇതിലൊന്നാണ്.
ആണവപദ്ധതികൾ സംബന്ധിച്ച ചർച്ച മാത്രം മതിയെന്നാണ് ഇറാൻ പറയുന്നത്. എന്നാൽ, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ, പശ്ചിമേഷ്യയിൽ വിവിധ സായുധ ഗ്രൂപ്പുകളെ തീറ്റിപ്പോറ്റൽ, സ്വന്തം ജനതയോടുള്ള സമീപനം എന്നീ കാര്യങ്ങളിലും ചർച്ച വേണമെന്നാണു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ബുധനാഴ്ച പറഞ്ഞത്.
യുഎസ് സൈനിക പ്രതിനിധികൾ പങ്കെടുത്താൽ ചർച്ച അവതാളത്തിലാകുമെന്നും ഇറാൻ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
പശ്ചിമേഷ്യയിൽ യുദ്ധസജ്ജരായി നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കൻ സേന ആക്രമണത്തിനു മുതിർന്നേക്കുമെന്ന ആശങ്കയിലാണ് ഇറേനിയൻ നേതൃത്വം ചർച്ചയ്ക്കു വഴങ്ങിയതെന്നു സൂചനയുണ്ട്. കഴിഞ്ഞ വർഷം ജൂണിലെ 12 ദിന യുദ്ധത്തിന്റെ അവസാന ദിവസം ഇസ്രയേലിനൊപ്പം ചേർന്ന് അമേരിക്ക ഇറാനിൽ ബോംബിട്ടിരുന്നു. ഇതുപോലൊരാക്രമണത്തിന് അമേരിക്ക വീണ്ടും മുതിരുന്നത് പശ്ചിമേഷ്യയെ മുഴുവൻ ഗ്രസിക്കുന്ന യുദ്ധമായി മാറുമെന്ന ആശങ്കയും ശക്തമാണ്.
നയതന്ത്രത്തിനു പുറമേ മറ്റു പല മാർഗങ്ങളും പ്രസിഡന്റ് ട്രംപിനു മുന്നിലുണ്ടെന്നാണ് വൈറ്റ്ഹൗസ് പ്രസ്് സെക്രട്ടറി കരോളിൻ ലെവിറ്റ് വ്യാഴാഴ്ച അറിയിച്ചത്.
International
മസ്കറ്റ് : പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിയിരിക്കുന്ന അമേരിക്ക-ഇറാൻ സംഘർഷത്തിന് പരിഹാരം കാണാൻ ലക്ഷ്യമിട്ടുള്ള ഉന്നതതല ചർച്ചകൾ ഇന്ന് ഒമാനിൽ ആരംഭിക്കും. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാന് നേരെ അതിശക്തമായ സൈനിക നടപടിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നേരത്തെ ഇസ്താംബൂളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ചർച്ചകൾ ഇറാന്റെ അഭ്യർത്ഥന പ്രകാരമാണ് ഒമാൻ തലസ്ഥാനമായ മസ്കറ്റിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ പത്ത് മണിയോടെ ആരംഭിക്കുന്ന ചർച്ചകളിൽ അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുക്കും. ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നറും ചർച്ചയുടെ ഭാഗമായേക്കുമെന്ന് സൂചനയുണ്ട്.
ഇറാന്റെ ആണവ സമ്പുഷ്ടീകരണം പൂർണ്ണമായും അവസാനിപ്പിക്കുക, ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾക്കും നിർമാണത്തിനും നിയന്ത്രണം, മേഖലയിലെ സായുധ ഗ്രൂപ്പുകൾക്കുള്ള പിന്തുണ നിർത്തലാക്കുക, സ്വന്തം ജനതയോടുള്ള സമീപനത്തിൽ മാറ്റം വരുത്തുക ഇതെല്ലാമാണ് അമേരിക്ക ഇറാന് മുന്നിൽ വെയ്ക്കുന്ന ആവശ്യങ്ങൾ.
ചർച്ചകൾ നടക്കുമ്പോൾത്തന്നെ യുദ്ധക്കപ്പൽ എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള വൻ സൈനിക വ്യൂഹത്തെ അമേരിക്ക ഗൾഫ് മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
International
ടെഹ്റാൻ: ഇറാനുമായി ഏതു സമയത്തും യുദ്ധത്തിന് സജ്ജമാണെന്ന മുന്നറിയിപ്പുമായി അമേരിക്ക. യുഎസ് പടക്കപ്പൽ ഏബ്രഹാം ലിങ്കന്റെ ദൃശ്യങ്ങൾ പുറത്തു വിട്ടാണ് യുഎസ് സെൻട്രൽ കമാൻഡ് നിലപാട് വ്യക്തമാക്കിയത്.
കൃത്യസമയത്ത് ആക്രമണം നടത്താനും തിരിച്ചെത്താനും സജ്ജമെന്നാണ് സെൻട്രൽ കമാൻഡ് ഇറക്കിയ കുറിപ്പിൽ പറയുന്നു. ഇതിന് ശേഷിയുള്ളവരാണ് കപ്പലിലുള്ളവരെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ആണവ പദ്ധതികൾ നിയന്ത്രിക്കുന്നതിനുള്ള പുതിയ കരാറിന് ഇറാൻ തയാറാകുന്നില്ലെങ്കിൽ സൈനിക ശക്തി ഉപയോഗിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതേസമയം ചർച്ചകൾക്കായി അമേരിക്കൻ സംഘം ദോഹയിലെത്തി.
വെള്ളിയാഴ്ച നടക്കുന്ന ചർച്ചകൾക്ക് മുന്നോടിയായി യുഎസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജെറദ് കുഷ്നർ എന്നിവരടങ്ങുന്ന സംഘമാണ് ദോഹയിലെത്തിയത്.
International
ഇസ്ലാമാബാദ്: ഇറാൻ-യുഎസ് ചർച്ചയിൽ പങ്കെടുക്കാൻ പാക്കിസ്ഥാനും ക്ഷണം ലഭിച്ചതായി റിപ്പോർട്ടുകൾ. ഫെബ്രുവരി ആറിന് തുർക്കിയിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാനാണ് ക്ഷണം. പാക്കിസ്ഥാനെ കൂടാതെ ഒമാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളും ചർച്ചയിൽ പങ്കെടുക്കും.
പാക്കിസ്ഥാന് ക്ഷണം ലഭിച്ചതായി പാക് വിദേശകാര്യ മന്ത്രാലയ വക്താവ് താഹിർ അന്ദ്രാബി ഇതോടകം അറിയിച്ചിട്ടുണ്ട്. പാക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദർ ചർച്ചയിൽ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ആണവ നിരായുധീകരണത്തിൽ തങ്ങൾ പൂർണമായി യോജിക്കുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി അറിയിച്ചു. എന്നാൽ പകരമായി ഇറാനെതിരെ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ യുഎസ് നീക്കണമെന്നാണ് ആവശ്യം.
അതേസമയം സമ്പുഷ്ടീകരിച്ച യുറേനിയം മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റേണ്ട ആവശ്യമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇറാനിലെ 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച 400 കിലോ യുറേനിയം മാറ്റണമെന്നാണ് അമേരിക്കയുടെ ആവശ്യം.
International
ടെഹ്റാൻ: സംഘർഷഭീതി നിലനിൽക്കേ അമേരിക്കയുമായി ചർച്ചയ്ക്കു തയാറാണെന്ന് സൂചന നൽകി ഇറാൻ. അമേരിക്കയുമായി ന്യായവും നീതിയുക്തവുമായ ചർച്ചകൾ നടത്താൻ വിദേശകാര്യമന്ത്രിക്കു നിർദേശം നൽകിയതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അറിയിച്ചു.
മേഖലയിലെ സൗഹൃദരാജ്യങ്ങളുടെ അഭ്യർഥനകളെത്തുടർന്നാണ് തീരുമാനമെന്ന് പെസെഷ്കിയാൻ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റിന്റെ ചർച്ചകൾക്കുള്ള നിർദേശത്തോടു പ്രതികരിക്കാൻ സൗഹൃദരാജ്യങ്ങളുടെ അഭ്യർഥനകളെ മാനിച്ചാണു തീരുമാനം. ഭീഷണിയില്ലാത്ത അന്തരീക്ഷമുണ്ടാകുകയാണെങ്കിൽ മാന്യത, വിവേകം, കാര്യക്ഷമത എന്നിവ മുൻനിർത്തിയുള്ള നീതിയും ന്യായയുക്തവുമായ ചർച്ചകൾക്കു വിദേശകാര്യ മന്ത്രിയോട് നിർദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
എന്നാൽ, ചർച്ച സംബന്ധിച്ച് അമേരിക്കയുടെ ഭാഗത്തുനിന്നു പ്രതികരണമുണ്ടായിട്ടില്ല. നേരത്തേ അമേരിക്കയുമായുള്ള ചർച്ച തള്ളിക്കളഞ്ഞ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്ചർച്ചയ്ക്ക് അനുമതി നൽകിയതിന്റെ സൂചനകൂടിയായി പ്രസിഡന്റിന്റെ പ്രസ്താവന. ഇരു രാജ്യങ്ങളെയും ചർച്ചയുടെ മേശയിലേക്ക് എത്തിക്കുന്നതിന്റെ പിന്നിൽ പ്രവർത്തിച്ചത് തുർക്കിയാണെന്നാണ് അറിയുന്നത്. എന്നാൽ, ഇരു രാജ്യങ്ങളും കരാറിലെത്തുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്. ജൂണിൽ ഇറാനെതിരേ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങളിൽ ബോംബിംഗ് നടത്താൻ ട്രംപ് ഉത്തരവിട്ടിരുന്നു.
പരോക്ഷ ചർച്ചകളായിരിക്കും ആദ്യം നടക്കുകയെന്നും പിന്നീട് കരാർ സാധ്യമാകുമെന്നു തോന്നിയാൽ നേരിട്ടുള്ള ചർച്ചകളിലേക്കു നീങ്ങുമെന്ന് ഖമനയ്യുടെ സുരക്ഷാ ഉപദേഷ്ടാവ് അലി ഷംഖാനി പറഞ്ഞു. ആണവ വിഷയങ്ങളിൽ മാത്രമായിരിക്കും ചർച്ച കേന്ദ്രീകരിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായി ചർച്ചകൾ നടത്തുന്നതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് തിങ്കളാഴ്ച ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അറിയിച്ചു.
ഇറാനുമായി ചർച്ച നടത്തുന്നുണ്ട്. എങ്ങനെ വരുമെന്ന് നമുക്കു കാണാം -ട്രംപ് പറഞ്ഞു. സൈനിക നടപടി സംബന്ധിച്ച ചോദ്യത്തിന് ചർച്ച നടക്കുന്നതു കാണാനാണ് ആഗ്രഹിക്കുന്നത്. ചർച്ചയിലൂടെ പരിഹരിക്കാൻ കഴിഞ്ഞാൽ നല്ലത്. ഇല്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്നും ട്രംപ് പറഞ്ഞു.
International
ദുബായ്: റവല്യൂഷണറി ഗാര്‍ഡിനെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെ യൂറോപ്യൻ യൂണിയൻ അംബാസഡർമാരെ തിരിച്ചുവിളിച്ച് ഇറാൻ.
അമേരിക്കൻ ആക്രമണ ഭീഷണി നേരിടുന്നതിനിടെയാണ് ഇറാന്റെ പുതിയ നീക്കം. നേരത്തേ ഇറാന്റ അര്‍ധസൈനിക വിഭാഗമായ റെവലൂഷണറി ഗാർഡിനെ യൂറോപ്യന്‍ യൂണിയൻ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പ്രക്ഷോഭകരെ റെവലൂഷണറി ഗാര്‍ഡിനെ ഉപയോഗിച്ച് ഇറാൻ അടിച്ചമര്ത്തുവെന്നാരോപിച്ചായിരുന്നു നടപടി. വിമാനവാഹിനിക്കപ്പലായ ഏബ്രഹാം ലിങ്കണും മിസൈൽ പ്രതിരോധ സംവിധാനങ്ങളും അമേരിക്ക പശ്ചിമേഷ്യയിലേക്ക് മാറ്റിയിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയുമായി ഇറാൻ ചർച്ച നടത്തുന്നതായി പ്രസിഡന്റ് ട്രംപ് അറിയിച്ചു. എന്തെങ്കിലും ചെയ്യാൻ പറ്റുമോയെന്നു നോക്കും.
അമേരിക്കയുടെ വൻ കപ്പൽപ്പട പശ്ചിമേഷ്യയിലുണ്ട്. ഇറാനെതിരായ ആക്രമണ പദ്ധതികളെക്കുറിച്ച് പശ്ചിമേഷ്യയിലേ അമേരിക്കൻ സഖ്യകക്ഷികളെ അറിയിച്ചിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി.
International
വാഷിംഗ്ടൺ ഡിസി: അമേരിക്ക ഇറാനെ ഏതു നിമിഷവും ആക്രമിച്ചേക്കാം എന്ന സാഹചര്യം നിലനിൽക്കെ നിർണായക നീക്കങ്ങളുമായി ലോകശക്തികൾ. സൈനിക നടപടി നേരിടുന്നതിനേക്കാൾ ഇറാൻ ഒരു ചർച്ചയ്ക്കു തയാറാകാനാണ് സാധ്യതയെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ആണവപദ്ധതികൾ ഇറാൻ അവസാനിപ്പിക്കണമെന്നതാണ് അമേരിക്ക ചർച്ചയ്ക്കായി മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യം. അതേസമയം, പ്രതിരോധ-മിസൈൽ ശേഷികൾ ഒരിക്കലും ചർച്ചാവിഷയമാക്കില്ലെന്ന് ഇറാനും തങ്ങളുടെ നിലപാട് കർക്കശമാക്കിയിട്ടുണ്ട്.
വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കവേയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാനു ചർച്ചകൾക്കായി സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും എന്നാൽ, അത് എപ്പോഴാണെന്നു വെളിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
"യുദ്ധക്കപ്പലുകളുടെ വ്യൂഹം ഇപ്പോൾ ഇറാനു നേരെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇറാൻ ഒരു കരാറിനു തയാറാകുമെന്നു ഞാൻ കരുതുന്നു. കരാർ നടന്നാൽ നല്ലത്, നടന്നില്ലെങ്കിൽ എന്തു സംഭവിക്കുമെന്നു ലോകം കാണും...' ട്രംപ് മുന്നറിയിപ്പ് നൽകി.
ഇതിനകംതന്നെ യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ മിഡിൽ ഈസ്റ്റിൽ എത്തിയതായാണ് റിപ്പോർട്ടുകൾ.
അമേരിക്കയുമായുള്ള സംഘർഷം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറി അലി ലാരിജാനി മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചതായാണ് സൂചന. തുർക്കിയും സമാനമായ മധ്യസ്ഥനീക്കങ്ങൾ നടത്തുന്നുണ്ട്.
ഇറാൻ മന്ത്രിക്ക് ഉപരോധം
ഇറാനിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ നേതൃത്വം നൽകുന്നു എന്നാരോപിച്ച് ഇറാന്റെ ആഭ്യന്തരമന്ത്രി ഇസ്കന്ദർ മൊമേനിക്കെതിരേ ട്രംപ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തി. ആയിരക്കണക്കിനു സമാധാനകാംക്ഷികളായ പ്രക്ഷോഭകരുടെ കൊലപാതകത്തിന് ഉത്തരവാദി മൊമേനി നയിക്കുന്ന സേനയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി.
ഇറാനിലെ നിലവിലെ ഭരണകൂടത്തിനെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളും അതിനുനേരെയുണ്ടായ അടിച്ചമർത്തലുകളുമാണ് പുതിയ സംഘർഷങ്ങൾക്കു തുടക്കമിട്ടത്.
പഴയ ആണവ കരാറിൽനിന്നു പിന്മാറിയ ട്രംപ്, ഇറാന്റെ മിസൈൽ പദ്ധതികളും ആണവ മോഹങ്ങളും പൂർണമായും തടയുന്ന പുതിയൊരു കരാർ ഒപ്പിടാൻ ഇറാനെ നിർബന്ധിക്കുകയാണ്. കഴിഞ്ഞ വർഷം ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ "ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ' പോലെയുള്ള സൈനിക നടപടികൾ ഇനിയും ഉണ്ടായേക്കാമെന്ന ഭീതി നിലനിൽക്കുന്നു.
International
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യയിൽ സൈനിക വിന്യാസം വർധിപ്പിക്കുന്നതിനിടെ, ഇറാനുമായി ചർച്ചയ്ക്കു പദ്ധതിയിടുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ചർച്ചയ്ക്കുള്ള സമയമോ സന്ദർഭമോ അദ്ദേഹം വ്യക്തമാക്കിയില്ല.
ഇറാനുമായി ചർച്ച സാധ്യമാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “എനിക്ക് അങ്ങനയൊരു ആലോചനയുണ്ട്’’ എന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്കയുടെ വന്പൻ കപ്പൽപ്പട ഇറാനെ ലക്ഷ്യമിട്ടു നീങ്ങുകയാണ്. ആക്രമണം ഒഴിവാക്കാൻ കഴിഞ്ഞാൽ നല്ലതാണ്.
സൈനിക നടപടി ഒഴിവാക്കാൻ രണ്ടു കാര്യങ്ങൾ ചെയ്യണമെന്ന് ഇറാനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു. ആണവപദ്ധതികൾ ഉപേക്ഷിക്കണം എന്നതാണ് ഒന്നാമത്തേത്. പ്രതിഷേധക്കാരെ കൊല്ലുന്നതു നിർത്തണം എന്നതാണ് രണ്ടാമത്തേത്. ആയിരക്കണക്കിനു പേരെയാണ് ഇറാൻ കൊല്ലുന്നത്. ആണവ വിഷയത്തിൽ ഇറാൻ ഉടൻ ചർച്ചാമേശയിലെത്തുമെന്നു ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനെ ആക്രമിക്കാനുള്ള പദ്ധതികൾ ട്രംപ് പരിശോധിച്ചുവരികയാണെങ്കിലും ആക്രമണം നടത്താനുള്ള തീരുമാനം അദ്ദേഹം എടുത്തിട്ടില്ലെന്ന് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
അമേരിക്ക ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നു പറയുന്നതിനിടെയും ഏറ്റുമുട്ടൽ ഒഴിവാക്കാനുള്ള നീക്കങ്ങൾ ഇറാൻ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തുർക്കിയിലെത്തി. ഇതിനു പിന്നാലെ തുർക്കി പ്രസിഡന്റ് എർദോഗൻ ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാനുമായി ഫോണിൽ സംസാരിച്ചു. ഇറാൻ-അമേരിക്ക സംഘർഷം ലഘൂകരിക്കുന്നതിനുള്ള ഇടപെടലിനു തുർക്കി തയാറാണെന്ന് എർദോഗൻ അറിയിച്ചു.
യുഎസ് യുദ്ധക്കപ്പൽ ഇസ്രയേലിൽ
ടെൽ അവീവ്: അമേരിക്കയുടെ ഒരു യുദ്ധക്കപ്പൽ ഇസ്രയേലിലെ ഐലാത്ത് തുറമുഖത്ത് നങ്കൂരമിട്ടതായി റിപ്പോർട്ട്. ഡിസ്ട്രോയർ ക്ലാസിൽപ്പെട്ട ഈ കപ്പലിനെക്കുറിച്ചുള്ള വിവരങ്ങൾ നല്കാൻ ഇസ്രയേലോ യുഎസോ തയാറായില്ല. ഇസ്രയേൽ-യുഎസ് സൈനിക സഹകരണത്തിന്റെ ഭാഗമായി നേരത്തേ എടുത്ത തീരുമാനപ്രകാരമാണു കപ്പൽ എത്തിയതെന്നു പറയുന്നു.
ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയുടെ വിമാനവാഹിനി അടക്കമുള്ള വൻ യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലെത്തിയിട്ടുണ്ട്. ഇതിനിടെ, ഇറാൻ വിഷയത്തിൽ പ്രസിഡന്റ് ട്രംപിന്റെ തീരുമാനം നടപ്പാക്കാൻ തയാറാണെന്ന് പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.
International
ബ്രസല്‍സ്: ഇറാന്റെ അർധസൈനിക വിഭാഗമായ റവല്യൂഷനറി ഗാർഡിനെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി യൂറോപ്യൻ യൂണിയൻ (ഇയു). ഇറാനിൽ അടുത്തിടെ നടന്ന രാജ്യവ്യാപക പ്രതിഷേധങ്ങളെ റവല്യൂഷനറി ഗാർഡിനെ ഉപയോഗിച്ച് ഇറാനിയൻ സർക്കാർ നടത്തിയ അടിച്ചമർത്തലിനു പിന്നാലെയാണ് നടപടി. അൽ ഖ്വയിദ, ഐഎസ്, ഹമാസ് തുടങ്ങിയ ഭീകരസംഘടനകളുടെ പട്ടികയിലാണ് റവല്യൂഷനറി ഗാർഡിനെയും ഉൾപ്പെടുത്തിയത്.
യൂറോപ്യൻ യൂണിയനിലെ വിദേശകാര്യ മന്ത്രിമാർ ഐകകണ്ഠ്യേന ഈ തീരുമാനത്തിന് അംഗീകാരം നൽകിയെന്ന് യൂറോപ്യൻ കമ്മിഷൻ വൈസ് പ്രസിഡന്റും ഇയു വിദേശനയ വിഭാഗം അധ്യക്ഷയുമായ കായ കാലസ് അറിയിച്ചു.
International
ദുബായ്: അമേരിക്കയുടെ ആക്രമണം നേരിടാൻ ഇറാൻ തയാറാണെന്ന് വിപ്ലവഗാർഡ് കമാൻഡർ ജനറൽ മുഹമ്മദ് പാക്പൗർ. അമേരിക്കയും ഇസ്രയേലും അബദ്ധത്തിനു മുതിരരുതെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി ഇറാനും ഇറേനിയൻ സേനയും എന്നത്തേക്കാളും സജ്ജമാണ്. സൈന്യാധിപന്റെ ഉത്തരവ് കാത്ത് വിരൽ കാഞ്ചിയിലുണ്ട്- അദ്ദേഹം പറഞ്ഞു.
ഇറാനിലെ ജനകീയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയുമായി സംഘർഷസാധ്യത വർധിച്ചിരിക്കുന്നതിനിടെയാണ് വിപ്ലവഗാർഡ് കമാൻഡറിന്റെ പ്രസ്താവന.
ഇറാനെ ലക്ഷ്യമിട്ട് വൻ കപ്പൽപ്പടയെ അയച്ചതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് വ്യാഴാഴ്ച അറിയിച്ചിരുന്നു. യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്ന വിമാനനവാഹിനി അടക്കമുള്ള കപ്പലുകളാണ് പശ്ചിമേഷ്യയിലേക്കു നീങ്ങുന്നതെന്നു സൈനികവൃത്തങ്ങൾ പിന്നീട് വ്യക്തമാക്കി.
ഇതിനിടെ പാശ്ചാത്യ ഏയർലൈൻസുകൾ പശ്ചിമേഷ്യയിലേക്കുള്ള സർവീസുകൾ പരിമിതപ്പെടുത്താൻ തുടങ്ങി. എയർഫ്രാൻസ്, ലുഫ്താൻസ, ബ്രിട്ടീഷ് എയർവേസ്, എയർ കാനഡ മുതലായ എയർലൈൻസുകൾ ചില സർവീസുകൾ റദ്ദാക്കി.
ഡിസംബർ അവസാനം ഇറാനിലുടനീളം പടർന്ന ജനകീയ പ്രക്ഷോഭത്തെ വിപ്ലവഗാർഡുകൾ അടിച്ചമർത്തിയെന്നാണു റിപ്പോർട്ട്. ദിവസങ്ങളായി രാജ്യത്ത് പ്രകടനങ്ങൾ നടക്കുന്നില്ല. പക്ഷേ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ദിനം പ്രതി വർധിക്കുന്നുണ്ട്.
പല കേസുകളിലും സ്ഥിരീകരിക്കാൻ സമയമെടുക്കുന്നതുകൊണ്ടാണിത്. ഇറാനിലെ മനുഷ്യാവകാശ കാര്യങ്ങൾ നിരീക്ഷിക്കുന്ന പാശ്ചാത്യ സംഘടനകൾ ഏറ്റവും ഒടുവിൽ പുറത്തുവിട്ട കണക്കു പ്രകാരം മരണസംഖ്യ 5,137 ആയി. 27,700 പർ അറസ്റ്റിലായി.
International
ടെഹ്റാൻ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായി ബന്ധമുള്ള രണ്ടു പേരെ വധശിക്ഷയ്ക്കു വിധേയമാക്കിയതായി ഇറാന് അറിയിച്ചു.
2023ൽ തീർഥാടകരുടെ ബസിൽ ബോംബ് സ്ഫോടനം നടത്തിയ കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയവർക്കാണു ശിക്ഷ.
സ്ഫോടനത്തിൽ ഒരു കുഞ്ഞ് കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
International
ന്യൂഡൽഹി/ടെഹ്റാൻ : ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി സുരക്ഷിതനാണെന്ന് മുംബെയിലെ ഇറാനിയൻ കോൺസുൽ ജനറൽ സയീദ് റെസ മൊസായബ് മൊത്ലഗ്.അദ്ദേഹം ബങ്കറിൽ ഒളിച്ചിരിക്കുകയല്ലെന്നും രാജ്യത്തെ പ്രതിഷേധങ്ങൾക്ക് പിന്നിൽ വിദേശ രഹസ്യാന്വേഷണ ഏജൻസികളാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ ആഭ്യന്തരപ്രതിസന്ധി നേരിടുന്നുവെന്ന് ചിത്രീകരിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. ഒരു പരിധിവരെ സുരക്ഷാ സേന പ്രതിഷേധക്കാരോട് സംയമനം പാലിച്ചു. എന്നാൽ ഇറാനു പുറത്തുള്ള നേതാക്കളിൽ നിന്ന് നിർദേശം ലഭിച്ചതോടെ ഭീകരവാദ ഘടകങ്ങൾ അട്ടിമറിപ്രവർത്തനങ്ങൾ ആരംഭിച്ചു.
പൊതുമുതലിനും പൗരന്മാരുടെ സ്വത്തുക്കൾക്കും നാശമുണ്ടാക്കി. ചെറുതും വലുതുമായ നഗരങ്ങളിൽ സംഘർഷമുണ്ടാക്കി. ഈ സംഘർഷം 3117 പേർ കൊല്ലപ്പെട്ടു. ഇതിൽ 2427 പേർ സാധാരണക്കാരും സുരക്ഷാസേനാംഗങ്ങളുമാണ്. 690 ഭീകരവാദികളും കൊല്ലപ്പെട്ടുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം ഇറാനെ ലക്ഷ്യം വെച്ച് യുഎസ് സൈന്യം നീങ്ങുന്നതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏത് വിധേനയുള്ള ആക്രമണവും പൂർണയുദ്ധമായി കണക്കാക്കുമെന്നും എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് ശക്തമായി തിരിച്ചടിക്കുമെന്നും അമേരിക്കയ്ക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
രാജ്യത്തെ പ്രതിഷേധങ്ങൾക്ക് പിന്നിൽ വിദേശ രഹസ്യാന്വേഷണ ഏജൻസികളാണെന്ന് അദ്ദേഹം ആരോപിച്ചു. ഖമേനി ബങ്കറിൽ ഒളിച്ചിരിക്കുകയല്ല. ഉപരോധഭീഷണി ഉണ്ടായിരുന്നിട്ടും ഇന്ത്യയുമായി ഇറാൻ സഹകരണം തുടരാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
International
ടെഹ്റാൻ: ജനകീയ പ്രക്ഷോഭത്തിൽ ആയിരങ്ങൾ കൊല്ലപ്പെട്ടുവെന്നും അമേരിക്കയാണ് ഇതിനുത്തരവാദിയെന്നും ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്. പ്രക്ഷോഭത്തിൽ ആയിരങ്ങൾ മരിച്ചുവെന്ന് ഖമനയ് പരസ്യമായി അംഗീകരിക്കുന്നത് ഇതാദ്യമാണ്.
അമേരിക്കയുമായും ഇസ്രയേലുമായും ബന്ധമുള്ളവരാണ് അനേകായിരങ്ങളെ കൊന്നൊടുക്കിയതെന്ന് ശനിയാഴ്ച ഖമനയ് പറഞ്ഞതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മനുഷ്യത്വമില്ലാതെ, കാടൻ രീതിയിലാണു ചിലരെ കൊന്നത്. അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ ക്രിമിനൽ കുറ്റവാളിയായിട്ടാണ് ഇറാൻ പരിഗണിക്കുന്നതെന്നും ഖമനയ് കൂട്ടിച്ചേർത്തു.
ഇറാനിൽ സാന്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ ഡിസംബർ അവസാനം ടെഹ്റാനിലെ വ്യാപാരികൾ ആരംഭിച്ച പ്രകടനം രാജ്യമൊട്ടാകെ ഭരണകൂടവിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. ഇറേനിയൻ ജനത പ്രക്ഷോഭം തുടരണമെന്ന് ട്രംപ് ഇതിനിടെ പറയുകയുണ്ടായി.
5,000 പേരെങ്കിലും മരിച്ചു
ടെഹ്റാൻ: ജനകീയ പ്രക്ഷോഭത്തിൽ കുറഞ്ഞത് 5,000 പേർ മരിച്ചതായി ഇറേനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞുവെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിൽ 500 പേർ ഇറേനിയൻ സുരക്ഷാ ഭടന്മാരാണ്.
കുർദ് വിമതർക്കു സ്വാധീനമുള്ള വടക്കുപടിഞ്ഞാറൻ ഇറാനിലാണു സംഘർഷങ്ങളും മരണസംഖ്യയും കൂടുതലുണ്ടായത്. പ്രക്ഷോഭത്തിനിടെ ആയുധം ധരിച്ച കലാപകാരികൾ നിരപരാധികളെ കൊന്നൊടുക്കുകയായിരുന്നു. കലാപകാരികൾക്ക് ആയുധം നല്‍കിയത് ഇസ്രയേലാണ്. മരണസംഖ്യ ഇനിയും ഉയരും- പേര് വെളിപ്പെടുത്താത്ത ഇറേനിയൻ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
പ്രക്ഷോഭത്തിൽ 3,308 പേർ മരിച്ചതായി സ്ഥിരീകരിച്ചുവെന്നാണ് ഇറാനിലെ മനുഷ്യാവകാശ കാര്യങ്ങൾ നിരീക്ഷിക്കുന്ന അമേരിക്കൻ സംഘടന കഴിഞ്ഞ ദിവസം അറിയിച്ചത്. മരണവുമായി ബന്ധപ്പെട്ട് മറ്റൊരു 4,382 കേസുകൾ പരിശോധിച്ചുവരികയാണ്.ഇറേനിയൻ സർക്കാർ 24,000 പേരെ അറസ്റ്റ് ചെയ്തതായും സ്ഥിരീകരിച്ചിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ 37 വർഷം നീണ്ട ഭരണം അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിൽ പുതിയൊരു നേതൃത്വത്തം വരേണ്ട സമയമായിരിക്കുന്നുവെന്നും അധികാരം നിലനിർത്താൻ ആയിരക്കണക്കിന് ആളുകളെ കൊല്ലുകയല്ല വേണ്ടതെന്നും ട്രംപ് പറഞ്ഞു.
രാജ്യത്തെ ഒരു യുദ്ധത്തിലേക്ക് നയിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ ആഭ്യന്തര കുറ്റവാളികളെ വെറുതെ വിടില്ലെന്നും ഖമനയി പറഞ്ഞു. ഇറാനുമേൽ സൈനികമായും രാഷ്ട്രീയമായും സാമ്പത്തികമായും ആധിപത്യം സ്ഥാപിക്കാനുള്ള യുഎസ് ഗൂഢാലോചനയാണിതെന്നാണ് ഇറാനിയൻ അധികൃതർ അവകാശപ്പെടുന്നത്.
National
ന്യൂഡൽഹി: ""ടെഹ്റാനിലെ തെരുവുകളിൽ പലയിടത്തും തീ ആളിക്കത്തി. രാത്രിയിലും പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. മൊബൈൽ ഫോണുകളും ഇടയ്ക്കു തടസപ്പെട്ടു. അപകടകരവും ഭീതിജനകവുമായ അന്തരീക്ഷത്തിൽനിന്നാണു രക്ഷപ്പെട്ടത്’’ -സംഘർ ഭരിതമായ ഇറാനിൽനിന്നു ഡൽഹിയിൽ മടങ്ങിയെത്തിയ ആദ്യസംഘത്തിലെ മെഡിക്കൽ വിദ്യാർഥിനി പറഞ്ഞു.
പ്രതിഷേധവും സംഘർഷവും രൂക്ഷമായ ഇറാനിൽനിന്ന് 13 ഇന്ത്യക്കാർ ഇന്നലെ പുലർച്ചെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തി. സ്വന്തം ചെലവിൽ വാണിജ്യ വിമാനത്തിലാണ് മടങ്ങിയെത്തിയതെന്നും കേന്ദ്രസർക്കാരിന്റെ ക്രമീകരണപ്രകാരമല്ലെന്നും വിദ്യാർഥിനികൾ പറഞ്ഞു.
രണ്ടു സ്വകാര്യ വാണിജ്യ വിമാനങ്ങളാണ് ഇന്നലെ പുലർച്ചെ ഇറാനിൽനിന്നു ഡൽഹിയിലെത്തിയത്. മഹാൻ എയർ വിമാനമാണ് ആദ്യമെത്തിയത്. ഇന്ത്യൻ എംബസിയിൽനിന്ന് ആവശ്യമായ മാർഗനിർദേശങ്ങളും പിന്തുണയും ലഭിച്ചെന്ന് മറ്റൊരു യാത്രക്കാരൻ വിശദീകരിച്ചു.
ഇറാനിലെ സാഹചര്യങ്ങൾ ഇപ്പോഴും മോശമാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ അടച്ച ഇറാന്റെ വ്യോമാതിർത്തി വീണ്ടും തുറന്നതിനെത്തുടർന്നാണു വാണിജ്യ വിമാനങ്ങൾ സർവീസ് പുനരാരംഭിച്ചത്.
രണ്ടാഴ്ചയായി പ്രതിഷേധം തുടരുന്ന ഇറാനിൽനിന്നു രക്ഷപ്പെടാനായതിൽ ആശ്വാസമുണ്ടെന്ന് തിരിച്ചെത്തിയ വിദ്യാർഥികളും പ്രഫഷണലുകളും പത്രലേഖകരോട് പറഞ്ഞു. മാരക പ്രതിഷേധങ്ങളും സർക്കാരിന്റെ കടുത്ത നടപടികളും കാരണം ഇറാനിൽ ഇപ്പോഴും സംഘർഷം രൂക്ഷമാണ്. തന്റെ നഗരത്തിൽ സ്ഥിതി താരതമ്യേന ശാന്തമായിരുന്നുവെന്ന് ഷിറാസിലെ മെഡിക്കൽ കോളജിൽ പഠിക്കുന്ന യുവതി പറഞ്ഞു. ഭാഗികമായെങ്കിലും ഇന്റർനെറ്റ് സേവനങ്ങൾ ഇറാനിൽ പല നഗരങ്ങളിലും പുനരാരംഭിച്ചിട്ടുണ്ടെന്ന് ചിലർ വ്യക്തമാക്കി.
ഇറാനിലെ സ്ഥിതി ആശങ്കാജനകവും അപകടകരവുമാണെങ്കിലും പ്രശ്നങ്ങളൊന്നും തങ്ങൾ നേരിട്ടില്ലെന്ന് തിരിച്ചെത്തിയ അലി നഖി എന്നയാൾ പറഞ്ഞു. ഇന്റർനെറ്റ് പ്രവർത്തിക്കാത്തതിനാൽ ഇറാന്റെ മറ്റു ഭാഗങ്ങളിൽ എന്താണു സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്ന് വീട്ടമ്മയായ അബ്ബാസ് ഖാസ്മി വ്യക്തമാക്കി. തീർച്ചയായും ഉത്കണ്ഠയുണ്ടായിരുന്നു. ഇന്റർനെറ്റ് അടച്ചുപൂട്ടിയപ്പോൾ വളരെ ആശങ്കാകുലരായിരുന്നു- ഖാസ്മി കൂട്ടിച്ചേർത്തു.
ഇറാനിൽ 9,000 ഇന്ത്യക്കാർ
ഇറാനിൽ നിലവിൽ ഏകദേശം 9,000 ഇന്ത്യൻ പൗരന്മാരുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീർ ജയ്സ്വാൾ പറഞ്ഞു. ഇന്ത്യക്കാരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. നാവികർ, തീർഥാടകർ, ബിസിനസിനായി ഇറാനിൽ താമസിക്കുന്നവർ തുടങ്ങിയവരും ഇന്ത്യക്കാരിലുണ്ട്. വാണിജ്യവിമാനങ്ങൾ ഇപ്പോഴും സർവീസ് നടത്തുന്നുണ്ട്.
ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും ഇറാനിലുള്ള ഇന്ത്യക്കാരോടു നാട്ടിലേക്കു സുരക്ഷിതരായി മടങ്ങാൻ ഉപദേശിച്ചിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു.രൂക്ഷമായ വിലക്കയറ്റം അടക്കമുള്ള പ്രശ്നങ്ങൾ ഉയർത്തി ഡിസംബർ 28 മുതൽ ഇറാനിൽ ജനങ്ങൾ സർക്കാരിനെതിരേ തെരുവിലിറങ്ങിയിരിക്കുകയാണ്. പ്രതിഷേധക്കാരെ പോലീസും സൈന്യവും അടിച്ചമർത്തുകയും കൊല്ലുകയും ചെയ്തിട്ടും ആയിരങ്ങൾ പ്രതിഷേധസമരങ്ങളിൽ ഇപ്പോഴും സജീവമാണ്.
International
ദുബായ്: ഇറാനിലെ ജനകീയ പ്രക്ഷോഭത്തിൽ മരിച്ചത് 3090 പേരാണെന്ന് ഇറാനിലെ മനുഷ്യാവകാശ കാര്യങ്ങൾ നിരീക്ഷിക്കുന്ന അമേരിക്കൻ സംഘടന ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ഇൻ ഇറാൻ അറിയിച്ചു. ഇതിൽ 2885 പേർ പ്രതിഷേധക്കാരാണ്.
ഇറേനിയൻ ഭരണകൂടം ഉരുക്കുമുഷ്ടി ഉപയോഗിച്ച് പ്രക്ഷോഭത്തെ അടിച്ചമർത്തിയെന്നും സംഘടന ചൂണ്ടിക്കാട്ടി. കുറച്ചു ദിവസങ്ങളായി രാജ്യത്ത് പ്രകടനങ്ങൾ ഇല്ല. തലസ്ഥാനമായ ടെഹ്റാൻ നാലു ദിവസമായി ശാന്തമാണെന്ന് ഇന്നലെ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, പ്രതിഷേധത്തിൽ നുഴഞ്ഞുകയറിയ സായുധ കലാപകാരികളാണ് അക്രമം അഴിച്ചുവിട്ടതെന്ന് ഇറേനിയൻ ഭരണകൂടം അവകാശപ്പെട്ടു. അമേരിക്കയും ഇസ്രയേലുമാണ് ഈ തീവ്രവാദികൾക്കു പിന്തുണ നല്‍കിയതെന്നും കൂട്ടിച്ചേർത്തു.
എട്ടു ദിവസത്തിനുശേഷം ഇറാന്റെ പല ഭാഗങ്ങളിലും ഇന്റർനെറ്റ് ലഭ്യമായിത്തുടങ്ങി. പ്രക്ഷോഭത്തെ നേരിടാനായി ഭരണകൂടം ഇന്റർനെറ്റ് നിരോധിച്ചിരിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ ടെഹ്റാനിലടക്കം പരിമിതമായ തോതിൽ ഇന്റർനെറ്റ് ലഭ്യമായി. വിദേശത്തുള്ള ഇറേനിയൻ വംശജർക്ക് സോഷ്യൽ മീഡിയയിലൂടെ നാട്ടിലുള്ളവരെ ബന്ധപ്പെടാൻ കഴിഞ്ഞു.
സാന്പത്തിക തകർച്ചയ്ക്കെതിരേ ഡിസംബർ 28ന് ടെഹ്റാനിൽ ആരംഭിച്ച പ്രകടനം രാജ്യമൊട്ടാകെ ഭരണകൂടവിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു.
International
ടെഹ്റാൻ: പ്രക്ഷോഭകരെ തൂക്കിലേറ്റിയാൽ കൈയുംകെട്ടി നോക്കിയിരിക്കില്ലെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിൽ വിരണ്ട് ഇറാൻ ഭരണകൂടം. ഇതോടെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കു വധശിക്ഷ നൽകാനുള്ള നീക്കത്തിൽനിന്നു ഇറാൻ ഭരണകൂടം പിന്നോട്ടുപോയതായി റിപ്പോർട്ട്. പ്രക്ഷോഭത്തിനു നേതൃത്വം നല്കിയ ഇർഫാൻ സുൽത്താനി(26)യെ വധശിക്ഷയ്ക്കു വിധേയനാക്കുമെന്ന് നേരത്തെ ഇറാൻ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, വിചാരണകൂടാതെയും നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് ഇർഫാനെ വധശിക്ഷയ്ക്കു വിധിച്ചതെന്നായിരുന്നു പ്രതിപക്ഷ സംഘടനകളുടെ ആരോപണം. സാധാരണ ഇത്തരം കുറ്റങ്ങൾക്കു വെടിവച്ചു വധശിക്ഷ നടപ്പാക്കുന്നതാണ് ഇറാനിലെ രീതിയെങ്കിലും പ്രക്ഷോഭകരെ ഭീതിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തൂക്കിലേറ്റാൻ അധികൃതർ തീരുമാനിച്ചതെന്നും റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ, യുഎസിന്റെ കടുത്ത മുന്നറിയിപ്പ് വന്നതോടെ വധശിക്ഷാ നീക്കത്തിൽനിന്നു സർക്കാർ പിന്തിരിയുകയായിരുന്നെന്നു പറയുന്നു.
18,000 പേർ അറസ്റ്റിൽ
അറസ്റ്റിലായ പ്രക്ഷോഭകരെ വധശിക്ഷയ്ക്കു വിധേയരാക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. 18,000 പേരാണ് ഏതാനും ദിവസത്തിനിടെ അറസ്റ്റിലായത്.
ബുധനാഴ്ച സുൽത്താനിയെ തൂക്കിലേറ്റുമെന്നായിരുന്നു റിപ്പോർട്ട്. ലോകത്തു ചൈന കഴിഞ്ഞാൽ ഏറ്റവും അധികം വധശിക്ഷ നടക്കുന്ന രാജ്യമാണ് ഇറാൻ. പ്രക്ഷോഭകരെ കൊലപ്പെടുത്തുന്നത് ഇറാൻ അവസാനിപ്പിച്ചെന്ന് ഇന്നലെ ട്രംപ് പറഞ്ഞു. ഇറാനിൽ ഇതുവരെ 2,615 പേർ കൊല്ലപ്പെട്ടുവെന്നു ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി അറിയിച്ചു.
ഇന്നലെ പുലർച്ചെ നാലു മണിക്കൂർ ഇറാൻ വ്യോമപാത അടച്ചെങ്കിലും പിന്നീടു തുറന്നു. വ്യോമപാത അടച്ചതോടെ അമേരിക്കയിലെ ന്യൂയോർക്കിലേക്കുള്ള മൂന്നു വിമാനസർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. യൂറോപ്പിലേക്കുള്ള സർവീസുകൾ വൈകി. വ്യോമപാത അടച്ചതു ചില സർവീസുകളെ ബാധിച്ചതായി സ് പൈസ് ജെറ്റ് അറിയിച്ചു. ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി ഇന്നലെ ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി സംസാരിച്ചു.
ഒഴിപ്പിക്കൽ തുടരുന്നു
ഇതിനിടെ, പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കം ദ്രുതഗതിയിലാക്കി കേന്ദ്രസർക്കാർ. ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് ഇറാൻ വിടണമെന്നും ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും കേന്ദ്രസർക്കാർ നിർദേശം നല്കി.
ഇറാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയം ഒരുക്കം തുടങ്ങിയിട്ടുണ്ട്.
യാത്രാവിമാനമോ സൈനിക വിമാനമോ ഉപയോഗിച്ചാകും ഒഴിപ്പിക്കാൽ. വിദ്യാർഥികളടക്കം 10,000 ഇന്ത്യക്കാർ ഇറാനിലുണ്ടെന്നാണു കണക്കാക്കുന്നത്. വിദ്യാർഥികൾ, തീർഥാടകർ, ബിസിനസുകാർ, വിനോദസഞ്ചാരികൾ എന്നിവരടക്കമുള്ള ഇന്ത്യക്കാർ ഏതു വിധേനയും ഇറാൻ വിട്ടുപോകാൻ ടെഹ്റാനിലെ ഇന്ത്യൻ എംബസി ബുധനാഴ്ച നിർദേശം നല്‍കിയിരുന്നു. മറ്റു രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ഇറാനിൽനിന്ന് ഒഴിപ്പിച്ചുതുടങ്ങിയിട്ടുണ്ട്.
National
ന്യൂഡൽഹി: ഇറാനിലെ സംഘർഷം മൂലം അവിടെയുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടി തുടങ്ങിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആദ്യവിമാനം ഇന്നു പുറപ്പെട്ടേക്കും.
വിദ്യാർഥികൾ ഉൾപ്പെടെ 20,000 ഇന്ത്യക്കാർ ഇറാനിലുണ്ടെന്നാണു കണക്കാക്കുന്നത്. ആദ്യഘട്ടത്തിൽ വിദ്യാർഥികളെ നാട്ടിലെത്തിക്കാനാണു ശ്രമം. മടങ്ങാൻ താൽപര്യമുള്ളവരെ കണ്ടെത്താൻ ഇന്ത്യൻ എംബസി ശ്രമം തുടങ്ങി.
എന്നാൽ ഇന്റർനെറ്റ് നിയന്ത്രണമുള്ളതിനാൽ പലരെയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കഴിഞ്ഞദിവസം ഫോണിൽ സംസാരിച്ചിരുന്നു.
ഇന്നലെ പുലർച്ചെ ഇറാൻ താൽക്കാലികമായ വ്യോമപാത അടച്ചതിനെത്തുടർന്ന് ഇന്ത്യയിൽനിന്നുള്ള രാജ്യാന്തര വിമാന സർവീസുകൾ മുടങ്ങിയിരുന്നു.
International
വാഷിംഗ്ടൺ ഡിസി: ഇറാനിലെ അവസാന ഷായുടെ മകനായ റേസാ പഹ്ലവിയുടെ ജനപിന്തുണയിൽ സംശയം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ ജനകീയ പ്രക്ഷോഭത്തിൽ റേസാ പഹ്ലവിയുടെ പേര് ഉയർന്നുകേൾക്കുന്നതിനിടെയാണ് റോയിട്ടേഴ്സ് വാർത്താ ഏജൻസിക്കു നല്കിയ അഭിമുഖത്തിൽ ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
റേസാ പഹ്ലവി നല്ല മനുഷ്യനാണെന്നാണു തോന്നുന്നതെന്നു ട്രംപ് പറഞ്ഞു. പക്ഷേ, പ്രവാസത്തിൽ കഴിയുന്ന റേസായുടെ നേതൃത്വം ഇറേനിയൻ ജനത അംഗീകരിക്കുമോ എന്നതിൽ സംശയമുണ്ട്. ഇറേനിയൻ ജനത അദ്ദേഹത്തെ അംഗീകരിക്കുന്നതിൽ എനിക്കു പ്രശ്നമില്ല.
ജനകീയ പ്രക്ഷോഭത്തിൽ ഇറേനിയൻ ഭരണകൂടം വീഴാനുള്ള സാധ്യതയുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു. വീണാലും ഇല്ലെങ്കിലും ഇത് രസകരമായ സമയം ആയിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
1979ലെ ഇസ്ലാമിക വിപ്ലവത്തിൽ അധികാരം നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടിവന്ന മുഹമ്മദ് റേസാ പഹ്ലവിയുടെ മകനാണ് റേസാ. പിതാവിനു മുന്‍പേ ഇറാൻ വിട്ട അദ്ദേഹം ഇപ്പോൾ അമേരിക്കയിലാണു താമസം. ഇപ്പോൾ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിൽ ഇറാനിലെ പുരോഹിത ഭരണകൂടത്തെ പുറത്താക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
“യുക്രെയ്നിൽ സമാധാനത്തിനു തടസം സെലൻസ്കി”
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നതിനു തടസം യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ആണെന്ന് ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. റഷ്യൻ പ്രസിഡന്റ് പുടിൻ സമാധാന ധാരണയ്ക്കു തയാറാണെന്ന് പുടിൻ കൂട്ടിച്ചേർത്തു.
International
ദുബായ്: അമേരിക്ക ഇറാനെ ആക്രമിച്ചാൽ പശ്ചിമേഷ്യയിലെ അമേരിക്കൻ ആസ്ഥാനങ്ങളിൽ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ. പശ്ചിമേഷ്യയിലെ അമേരിക്കൻ സഖ്യകക്ഷികളെ ഇറാൻ ഇക്കാര്യം അറിയിച്ചു. ഇറാനിലെ പ്രക്ഷോഭകരെ സഹായിക്കാൻ അമേരിക്ക ഇടപെടുമെന്ന് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് ഇറാന്റെ മുന്നറിയിപ്പ്.
അതേസമയം, ഭരണകൂടത്തിന്റെ കൂട്ടക്കൊലയ്ക്കിടയിലും പ്രക്ഷോഭം തുടരുകയാണ്. തലസ്ഥാനമായ ടെഹ്റാനിലുൾപ്പെടെ വിവിധ ആശുപത്രികളിലെ മോർച്ചറികളിൽ മൃതദേഹങ്ങൾ കൂട്ടമായി കിടത്തിയിരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇതിനിടെ, അറസ്റ്റിലായ പ്രക്ഷോഭകാരികളെ വിചാരണ നടത്തി വധശിക്ഷയ്ക്കു വിധേയമാക്കാൻ ഇറാൻ നടപടി ആരംഭിച്ചു. പ്രക്ഷോഭകർക്കു വധശിക്ഷ നൽകിയാൽ കടുത്ത നടപടിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി.
ഇറാനിൽ ഇടപെടാൻ ട്രംപ് തീരുമാനിച്ചുവെന്നാണ് ഇസ്രേലി വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, അമേരിക്കൻ ഇടപെടലിന്റെ രീതിയും വ്യാപ്തിയും വ്യക്തമല്ല.
ഇറാനിൽ അമേരിക്കൻ ഇടപെടലിനും ഭരണകൂട അട്ടിമറിക്കുമുള്ള സാധ്യതകൾ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച രാത്രി ചേർന്ന മന്ത്രിസഭായോഗം വിലയിരുത്തുകയുണ്ടായി.
അമേരിക്കൻ ആക്രമണം തടയാനുള്ള നീക്കം ഇറാനും സജീവമാക്കി. അമേരിക്കൻ ആക്രമണം തടയാൻ ഇടപെടണമെന്നു പശ്ചിമേഷ്യയിലെ അമേരിക്കൻ സഖ്യകക്ഷികളോട് ഇറാൻ ആവശ്യപ്പെട്ടു. സൗദി അറേബ്യ, യുഎഇ, തുർക്കി തുടങ്ങിയ രാജ്യങ്ങളെയാണ് ഇറാൻ ബന്ധപ്പെട്ടത്.
അമേരിക്ക ആക്രമിച്ചാൽ ഈ രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങളിൽ തിരിച്ചടി നൽകുമെന്നും ഇറാൻ വ്യക്തമാക്കി. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി, ദേശീയ സുരക്ഷാസമിതി സെക്രട്ടറി അലി ലാറിജ്ജാനി എന്നിവരാണു പശ്ചിമേഷ്യയിലെ അമേരിക്കൻ സഖ്യകക്ഷികളെ ബന്ധപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഘർഷസാധ്യത വർധിച്ച പശ്ചാത്തലത്തിൽ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും തമ്മിൽ നേരിട്ടുള്ള ആശയവിനിമയം നിലച്ചതായാണു സൂചന.
National
ന്യൂഡൽഹി: ഇറാനിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം തുടരുകയും അമേരിക്ക ആക്രമണം നടത്താൻ സാധ്യത വർധിക്കുകയും ചെയ്തതോടെ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ ഫോണിൽ വിളിച്ചു ഇറേനിയൻ വിദേശകാര്യമന്ത്രി സെയ്ദ് അബ്ബാസ് അരാഗാചി പിന്തുണ തേടി.
ഇറേനിയൻ വിദേശകാര്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചെന്നും നിലവിലെ സ്ഥിതിഗതികൾ അദ്ദേഹം ധരിപ്പിച്ചെന്നും എസ്. ജയശങ്കർ എക്സിലൂടെ അറിയിച്ചു.
ഇറാനിലുള്ള എല്ലാ ഇന്ത്യക്കാരും അടിയന്തരമായി രാജ്യം വിടണമെന്ന് നേരത്തേ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
International
പാരീസ്: ജനകീയ പ്രക്ഷോഭത്തിനെതിരായ ഇറേനിയൻ ഭരണകൂടത്തിന്റെ നടപടികളിൽ 15,000 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നു റിപ്പോർട്ട്. ഇറേനിയൻ ആക്ടിവിസ്റ്റായ ഇല്യ ഹാഷേമിയാണ് ഇക്കാര്യം ഒരു പാശ്ചാത്യമാധ്യമത്തെ അറിയിച്ചത്.
ഇറാനിൽ ദിവസങ്ങളായി ഇന്റർനെറ്റ് ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റുകൾ മുഖേന പരിമിതമായി ഇന്റർനെറ്റ് ലഭിക്കുന്നുണ്ട്. ഇറാനകത്തേക്കും പുറത്തേക്കും വിവരങ്ങൾ കൈമാറാനുള്ള ഏക മാർഗമാണിത്. ഭരണകൂടം വ്യാപകമായി പ്രതിഷേധക്കാരെ കൊന്നൊടുക്കുകയാണ്.
ടെഹ്റാൻ, ഷിറാസ്, റഷ്ത്, സരി, കെർമാൻ നഗരങ്ങളിലെ ആശുപത്രിവൃത്തങ്ങളുമായി ബന്ധപ്പെട്ടതായി ഹാഷേമി പറഞ്ഞു. ഇവർ നൽകിയ വിവരങ്ങൾ പ്രകാരം കുഞ്ഞത് 15,000 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണവും വളരെ വലുതാണ്.
പലർക്കും കാഴ്ചശക്തി നഷ്ടമായി. ഒരാശുപത്രിയിൽ മാത്രം കാഴ്ചശക്തി പോയ 300 പേർ ചികിത്സ തേടിയിട്ടുണ്ട്. സ്റ്റാർലിങ്ക് ഉപകരണങ്ങൾ കണ്ടെത്താനായി റേഡിയോ ഫ്രീക്വൻസി ഡിറ്റക്ടറുകൾ ഇറേനിയൻ ഭരണകൂടം ഉപയോഗിക്കുന്നുണ്ട്.
ഇന്റർനെറ്റ് ഉപയോഗം കണ്ടെത്തുന്ന സ്ഥലങ്ങളിൽ ഉപകരണങ്ങൾ സ്തംഭിപ്പിക്കാൻ ശ്രമിക്കുന്നതായും ഷാഹേമി കൂട്ടിച്ചേർത്തു. ഇറാനിൽ 2,571 പേർ മരിച്ചുവെന്നാണ് പാശ്ചാത്യമാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 2,424 പേർ പ്രതിഷേധക്കാരും 147 പേർ സുരക്ഷാഭടന്മാരുമാണ്. 18,137 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
International
ദോഹ: ഖത്തറിലെ അൽ ഉദെയ്ദ് വ്യോമതാവളത്തിലെ ചില ഉദ്യോഗസ്ഥരോട് സ്ഥലം മാറാൻ അമേരിക്ക നിർദേശിച്ചതായി റിപ്പോർട്ട്.
ഇറാനിൽ അമേരിക്കൻ സൈനിക നടപടി ഉണ്ടായേക്കുമെന്ന സൂചനകൾക്കിടെയാണിത്. അമേരിക്ക ആക്രമിച്ചാൽ പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനികതാവളത്തിൽ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളമാണ് അൽ ഉദെയ്ദ്. പതിനായിരം യുഎസ് സൈനികർ ഇവിടെയുണ്ട്.
അൽ ഉദെയ്ദിലെ ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചുമാറ്റുകയല്ലെന്നും ചിലരെ പുനർവിന്യസിക്കുകയാണ് ചെയ്തതെന്നും നയതന്ത്രവൃത്തങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞവർഷം ജൂണിലെ അമേരിക്കൻ ആക്രമണത്തിനു മറുപടിയായി അൽ ഉദെയ്ദിനു നേർക്ക് ഇറാൻ മിസൈലുകൾ തൊടുത്തിരുന്നു.
Editorial
സ്വാതന്ത്ര്യത്തിനുമേൽ ഇസ്ലാമികഭരണകൂടം ചാർത്തിയിരിക്കുന്ന ഹിജാബ് നീക്കാൻ ഇറാനിലെ മനുഷ്യർ ഏറെനാളായി പോരാട്ടത്തിലാണ്. പല തവണ അടിച്ചമർത്തപ്പെട്ടെങ്കിലും വീണ്ടും ജനം തെരുവിലിറങ്ങിയിരിക്കുന്നു.
നിരവധി സ്ത്രീ-പുരുഷന്മാരുടെ കഴുത്തു ഞെരിച്ച തൂക്കുമരങ്ങൾ ടെഹ്റാനിൽ വീണ്ടുമുയരുന്പോൾ, മുസ്ലിം വനിതകൾ ഹിജാബുകൾ കൂട്ടിയിട്ടു കത്തിക്കുന്പോൾ, ഖമനയ്യുടെ ഫോട്ടോയുണ്ടോ ഒരു സിഗരറ്റ് കത്തിക്കാൻ എന്നു പെൺകുട്ടികൾ ചോദിക്കുന്പോൾ... സമാന്തരമായി, അധിനിവേശമെന്ന ചീത്തപ്പേരു മറച്ചുവച്ച് ട്രംപ് ലക്ഷ്യത്തോടടുക്കുന്നു.
ഇസ്ലാമിക തീവ്രവാദം വിരിക്കുന്ന ചുവപ്പു പരവതാനിയിലൂടെ പുതിയൊരു ലോകക്രമം കടന്നുകയറുന്നു. സമാധാനം നഷ്ടമാകുന്നു. 98 ശതമാനവും മുസ്ലിംകൾ ഉള്ള രാജ്യമാണ് 1935 വരെ പേർഷ്യ എന്നറിയപ്പെട്ടിരുന്ന ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ.
ഒരിക്കൽ റഷ്യയുടെയും ബ്രിട്ടന്റെയും നിയന്ത്രണത്തിലായിരുന്ന ഇറാനിൽ പിന്നീട് ഷാ ഭരണമായിരുന്നു. 1941ൽ മുഹമ്മദ് റേസ പഹ്ലവി അധികാരമേറ്റു. ഒരു പരിധിവരെ സ്വേഛാധിപത്യമനോഭാവമുണ്ടായിരുന്നെങ്കിലും പർദ നിരോധിക്കുകയും മതേതരവിദ്യാഭ്യാസം നടപ്പാക്കുകയും ചെയ്ത അദ്ദേഹത്തിന്റെ കാലത്ത് രാജ്യം സ്വാതന്ത്ര്യം അനുഭവിച്ചു.
പക്ഷേ, 1979ലെ ഇസ്ലാമിക വിപ്ലവത്തോടെ മതമൗലികവാദിയായ ആയത്തുള്ള ഖൊമേനി അധികാരത്തിലെത്തുകയും ഇസ്ലാമിക രാജ്യമായി ഇറാനെ പ്രഖ്യാപിക്കുകയും ചെയ്തു. സ്വാഭാവികമായും സ്ത്രീകളുടേത് ഉൾപ്പെടെയുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു.
89ൽ ഖൊമേനി അന്തരിച്ചതോടെയാണ് ആയത്തുള്ളഅലി ഖമനയ് നിലവിലെ പരമോന്നത നേതാവായത്. ഇറാൻ ഷിയ രാജ്യമാണെങ്കിലും സുന്നികളുടേത് ഉൾപ്പെടെയുള്ള തീവ്രവാദ പ്രസ്ഥാനങ്ങൾക്കു പിന്തുണ നൽകി.
തുടർന്നുണ്ടായ അന്താരാഷ്ട്ര ഉപരോധവും കയറ്റുമതി നിയന്ത്രണവും ചൈനയുടെയും റഷ്യയുടെയും പിന്തുണ ഉണ്ടായിട്ടും ഇറാനെ സാന്പത്തികമായി തകർത്തു. ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളെല്ലാം അടിച്ചമർത്തി.
ഇസ്ലാമിക മാനദണ്ഡമനുസരിച്ചു ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് 2022 സെപ്റ്റംബറിൽ അറസ്റ്റിലായ മഹ്സ അമിനി തടവിൽ മരിച്ചതിനെത്തുടർന്നുണ്ടായ പ്രക്ഷോഭത്തിൽ പങ്കെടുത്ത നൂറുകണക്കിനാളുകളെ വെടിവച്ചും തൂക്കിലേറ്റിയും കൊന്നു.
ഇപ്പോഴത്തെ പ്രക്ഷോഭം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരേയാണ് തുടങ്ങിയതെങ്കിലും സ്ത്രീവിമോചനവും ഘടകമായി. ചരിത്രം വർത്തമാനത്തിലേക്കു കടക്കുന്പോൾ, ഇറാനിലെ തെരുവുകളിൽ മുന്പെങ്ങുമില്ലാത്തവിധം പ്രക്ഷോഭകാരികൾ നിറയുകയാണ്.
സാന്പത്തിക സമരം സ്വാതന്ത്ര്യസമരമായി മാറി. ഹിജാബുകൾ കൂട്ടിയിട്ടു കത്തിച്ചു. ഇതിനിടെ മറക്കാനാകാത്ത പേരാണ് മോർട്ടീഷ്യ ആഡംസ്. അവരാണ് പരമോന്നത നേതാവ് ആയത്തുള്ള ഖമനയ്യുടെ ഫോട്ടോ കത്തിച്ച് സിഗരറ്റിനു തീ കൊളുത്തിയത്.
രണ്ടും നിരോധിക്കപ്പെട്ട കാര്യങ്ങളാണ്. എന്തുകൊണ്ട് അവൾ തൂക്കിലേറ്റപ്പെട്ടില്ലെന്ന് ലോകം ചോദിക്കുന്നതിനിടെയാണ് മോർട്ടീഷ്യ ഇറാൻ യുവതിയാണെങ്കിലും കാനഡയിൽനിന്നാണ് ചിത്രം പോസ്റ്റ് ചെയ്തതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.
പക്ഷേ, ഇപ്പോഴത്തെ പ്രക്ഷോഭത്തിന്റെ മുഖചിത്രമായി അതു മാറി. ഹിജാബും പർദയും ഉൾപ്പെടെ മൗലികവാദം കെട്ടിയേൽപ്പിച്ച സ്ത്രീവിരുദ്ധ മതപ്രതീകങ്ങളെ സ്വത്വവും സ്വാതന്ത്ര്യവുമായി ഏറ്റെടുത്ത വിധേയർക്കുമുന്നിൽ മോർട്ടീഷ്യ കത്തിപ്പടർന്നു.
25കാരിയായ യുവതി 2019ലെ പ്രക്ഷോഭത്തിൽ ഇറാനിൽ അറസ്റ്റിലായതാണ്. താനിപ്പോൾ അവിടെയില്ലാത്തതിനു പ്രക്ഷോഭകാരികളോടു മാപ്പു ചോദിക്കുന്നുവെന്നാണ് മോർട്ടീഷ്യ സമൂഹമാധ്യമത്തിൽ കുറിച്ചത്. ഒരു പേരുകൂടി പറയാതെ വയ്യ. ഇർഫാൻ സോൾട്ടാനി.
പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായ ഇർഫാനെ തൂക്കിലേറ്റുമെന്ന് ഇറാനും അതു സംഭവിച്ചാൽ ഫലം അനുഭവിക്കുമെന്ന് അമേരിക്കയും പറഞ്ഞു. ഏതായാലും ഇർഫാനുമായുള്ള കുടുംബാംഗങ്ങളുടെ ഒടുവിലത്തെ 10 മിനിറ്റ് കൂടിക്കാഴ്ചയും പൂർത്തിയായി.
മതരാഷ്ട്രമായതുകൊണ്ട് ഇർഫാന് വിചാരണയോ നീതിയോ ലഭിക്കില്ല. ഇന്റർനെറ്റ് നിരോധിച്ചിരിക്കുന്നതിനാൽ കൃത്യമായ വിവരങ്ങൾ ഇറാനിൽനിന്നു പുറത്തുവരുന്നില്ല. അമേരിക്ക ആസ്ഥാനമായുള്ള മനുഷ്യാവകാശ പ്രവർത്തക വാർത്താ ഏജൻസിയുടെ കണക്കനുസരിച്ച് ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,571 ആയി.
യഥാർഥ കണക്കുകൾ മറ്റൊന്നായിരിക്കാം. 79ലെ ഇസ്ലാമിക വിപ്ലവത്തിൽ പുറത്താക്കപ്പെട്ട ഷാ, മുഹമ്മദ് റെസ പഹ്ലവിയുടെ മൂത്ത പുത്രൻ റെസ പഹ്ലവി അഞ്ചു പതിറ്റാണ്ട് വിവിധ രാജ്യങ്ങളിലായി നടത്തിയ പ്രവാസജീവിതം അവസാനിപ്പിച്ച് അമേരിക്കയിൽനിന്ന് ഇറാനിലെത്തുമെന്നാണ് പ്രക്ഷോഭകാരികൾ പ്രതീക്ഷിക്കുന്നത്.
ട്രംപിന്റെ ഇടപെടലുണ്ടായാൽ വിനാശകരമായ തിരിച്ചടിയുണ്ടാകുമെന്നാണ് ഇറാൻ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അമേരിക്ക കണ്ട ഏറ്റവും അപക്വമതിയും അതേസമയം തീവ്രവാദ വിരുദ്ധനുമായ പ്രസിഡന്റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ട്രംപ്, ഇറാനെ ആക്രമിക്കുമെന്നാണ് ലോകം നിരീക്ഷിക്കുന്നത്.
അമേരിക്കയുടെ അധിനിവേശത്തെ എതിർക്കുന്നവരുടെ തൊണ്ടയിൽ കുടുങ്ങിയ മുള്ളാണ് ഇറാൻ. ട്രംപിനെ എതിർക്കാനോ ഖമനയ്യെ അനുകൂലിക്കാനോ ആവാത്ത അവസ്ഥ. അമേരിക്കയുടെ പിന്തുണ ഇറാനിലെ സ്വാതന്ത്ര്യവാദികളെ പ്രചോദിപ്പിച്ചിട്ടുണ്ടാകം.
പക്ഷേ, നിരവധി പേർ തൂക്കിലേറ്റപ്പെട്ടിട്ടും പുതിയ യുവാക്കൾ മരണഭീതി മറന്ന് തെരുവിലിറങ്ങുന്നത് നിസാരമല്ല. ഈ യുവതീയുവാക്കളുടെ മാതാപിതാക്കളാണ് ഖൊമേനിക്കുവേണ്ടി ഇസ്ലാമിക വിപ്ലവ കാലത്ത് മുദ്രവാക്യം വിളിച്ചത്. മതരാഷ്ട്രം ചോദിച്ചുവാങ്ങുന്നവർക്ക് വധശിക്ഷാവിധി സൗജന്യമായി ലഭിക്കുന്നുണ്ട്. ഇറാനിലും പലരുമതു വായിച്ചിരുന്നില്ല.
National
ന്യൂഡൽഹി: സാന്പത്തിക പ്രതിസന്ധിയ്ക്ക് പിന്നാലെയുണ്ടായ ആഭ്യന്തര പ്രക്ഷോഭം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യക്കാർ ഉടൻ രാജ്യം വിടണമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി. പ്രതിഷേധങ്ങൾ നടക്കുന്നയിടങ്ങളിൽ നിന്ന് അകന്നുനിൽക്കാനും നിർദേശമുണ്ട്.
ലഭ്യമായ യാത്ര സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി രാജ്യം വിടാൻ തയാറാകണമെന്നാണ് എംബസിയുടെ നിർദേശം. എംബസിയുമായി നിരന്തരം ബന്ധപ്പെടാനും അറിയിച്ചിട്ടുണ്ട്. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കൈവശമുണ്ടെന്ന് ഉറപ്പാക്കാനും നിർദേശമുണ്ട്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. ഇറാനിലെ ഇന്ത്യക്കാർക്ക് വേണ്ടി ഹെൽപ് ലൈൻ നമ്പറും പുറത്തിറക്കിയിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പറുകൾ; 989128109115, 989128109109, 989128109102, 989932179359.
ഇറാനിലെ പ്രക്ഷോഭകാരികള്‍ക്കുള്ള സഹായം പുറപ്പെട്ടു കഴിഞ്ഞുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചതിന് പിന്നാലെ യുഎസ് ഇറാനെ ആക്രമിച്ചേക്കുമെന്ന പ്രചരണങ്ങളും ശക്തമാകുന്നുണ്ട്.
International
ടെഹ്റാൻ: ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരെ തൂക്കിലേറ്റാനുള്ള നീക്കത്തിനെതിരേ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രതിഷേധക്കാരെ വധശിക്ഷയ്ക്കു വിധേയമാക്കിയാൽ ഇറാനെതിരേ അതിശക്തമായ നടപടിയുണ്ടാകുമെന്നു ട്രംപ് വ്യക്തമാക്കി. "സഹായം ഉടൻ എത്തും' എന്നു പ്രക്ഷോഭകാരികൾക്ക് ഉറപ്പുനൽകിയ അദ്ദേഹം, ഇറാനുമായുള്ള എല്ലാ ചർച്ചകളും റദ്ദാക്കിയതായും പ്രഖ്യാപിച്ചു. ഇറാനെതിരേ ഏതു നിമിഷവും അമേരിക്കയുടെ ആക്രമണമുണ്ടായേക്കാമെന്നാണ് റിപ്പോർട്ട്.
ഇന്ന് ആദ്യ വധശിക്ഷ?
പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇർഫാൻ സുൽത്താനി (26) എന്ന യുവാവിനെ ഇന്നു തൂക്കിലേറ്റിയേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിചാരണ പോലുമില്ലാതെയാണ് ഇർഫാനെ വധശിക്ഷയ്ക്കു വിധിച്ചതെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. "ദൈവത്തിനെതിരേ യുദ്ധം ചെയ്തു' എന്ന കുറ്റം ചുമത്തിയാണു പ്രക്ഷോഭകാരികൾക്കെതിരേ ഇറാൻ വധശിക്ഷ വിധിക്കുന്നത്.
രക്തരൂഷിതമായ അടിച്ചമർത്തൽ
കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഇറാനിലുടനീളം നടക്കുന്ന പ്രതിഷേധങ്ങളിൽ ഇതുവരെ 2,500ലേറെ പേർ കൊല്ലപ്പെട്ടതായാണ് യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ മോർച്ചറികളിൽ നിരത്തിയിട്ടിരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ജനങ്ങളുടെ മരണത്തിനു പിന്നിൽ ഭീകരവാദികൾ ആണെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്.
അതേസമയം, ഇറാനിലെ ഇന്റർനെറ്റ് വിച്ഛേദനത്തെ മറികടക്കാൻ ഇലോൺ മസ്കിന്റെ സ്പേസ് എക്സ് സൗജന്യമായി സ്റ്റാർലിങ്ക് സേവനം വാഗ്ദാനം ചെയ്തു. പ്രക്ഷോഭം ശക്തമാകുന്നതിനിടെ, ഇറാന്റെ മുൻ കിരീടാവകാശി റെസ പഹ്ലവിയുമായി വൈറ്റ് ഹൗസ് പ്രതിനിധി രഹസ്യ കൂടിക്കാഴ്ച നടത്തി. ഇറാന്റേത് അവസാന നാളുകളാണെന്നു ജർമൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് അഭിപ്രായപ്പെട്ടു.
കലാപം ദൈവത്തിനെതിരേയെന്ന് ഖമനയ്
ആളുകൾ ദൈവത്തിനെതിരേയാണ് കലാപം നടത്തുന്നതെന്നും പ്രക്ഷോഭങ്ങൾ വിദേശ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ് ആരോപിച്ചു. ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമാണ് ഇറാൻ ജനതയുടെ യഥാർഥ കൊലയാളികളെന്ന് സുരക്ഷാ കൗൺസിൽ തലവൻ ലാരിജാനി കുറ്റപ്പെടുത്തി. അതേസമയം, സുരക്ഷാ സേനാംഗങ്ങളുടെ മരണത്തിൽ ആദരവ് പ്രകടിപ്പിച്ച് ഇറാൻ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
1979ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി പ്രക്ഷോഭം മാറിയിരിക്കുകയാണ്.
Business
ന്യൂഡൽഹി: ഇറാനിലെ സർക്കാർ വിരുദ്ധ ജനകീയ പ്രക്ഷോഭം ഇന്ത്യയിൽനിന്നുള്ള ബസുമതി അരി കയറ്റുമതിയെ ബാധിച്ചു തുടങ്ങിയതായി വ്യവസായ സംഘടന.
ഇതേത്തുടർന്ന് ഇന്ത്യയിൽ അരി വില കുത്തനെ ഇടിയാൻ കാരണമായതായും വ്യവസായ സംഘടന ഇന്നലെ അറിയിച്ചു. പ്രക്ഷോഭത്തെത്തുടർന്നു പണം ലഭിക്കാനുള്ള കാലതാമസവും വർധിച്ചുവരുന്ന അനിശ്ചിതത്വവും കയറ്റുമതിക്കാരെ പ്രതിസന്ധിയിലാക്കുകയാണെന്ന് സംഘടന വ്യക്തമാക്കി.
ഇറാനുമായുള്ള വ്യാപാരക്കരാറുകളിലെ അപകടസാധ്യതകൾ പുനഃപരിശോധിക്കണമെന്നും സുരക്ഷിതമായ പണമിടപാട് രീതി സ്വീകരിക്കണമെന്നും ഇന്ത്യൻ റൈസ് എക്സ്പോർട്ടേഴ്സ് ഫെഡറേഷൻ (ഐആർഇഎഫ്) കയറ്റുമതിക്കാർക്ക് നിർദേശം നല്കി. ഇറാൻ വിപണി ലക്ഷ്യമിട്ട് അമിതമായി അരി ശേഖരിച്ചുവയ്ക്കുന്നതിനെതിരേ സംഘടന മുന്നറിയിപ്പ് നൽകി.
2025-26 സാന്പത്തിക വർഷം ഏപ്രിൽ മുതൽ നവംബർ വരെ ഇന്ത്യയിൽനിന്ന് ഇറാനിലേക്ക് 468.10 മില്യണ്‍ ഡോളർ മൂല്യമുള്ള 5.99 ലക്ഷം ടണ്‍ ബസുമതി അരി കയറ്റിയയച്ചു. ഇന്ത്യയുടെ ഏറ്റവും വലിയ ബസുമതി അരി വിപണിയാണ് ഇറാൻ. എന്നാൽ, നടപ്പു സാന്പത്തികവർഷം ഇറാനിലെ സാന്പത്തിക, രാഷ്ട്രീയ അസ്ഥിരതകാരണം ഓർഡറുകൾ ലഭിക്കുന്നതിനും പണമിടപാടുകളിലും കപ്പൽ ഗതാഗതത്തിലും വലിയ തോതിൽ തടസങ്ങളുണ്ടായി.
2024-25ൽ ഇന്ത്യ 8897 കോടി രൂപ മൂല്യത്തിലുള്ള കാർഷിക ഉത്പന്നങ്ങളാണ് ഇറാനിലേക്ക് കയറ്റിയയച്ചത്. ബസുമതി അരിയിൽ നിന്ന് മാത്രം 6374 കോടി രൂപ ലഭിച്ചു. കഴിഞ്ഞ സാന്പത്തികവർഷം ഇന്ത്യയുടെ മൊത്തം ബസുമതി അരി കയറ്റുമതിയിൽ ഇറാന്റെ പങ്ക് 12.7 ശതമാനമാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു. ഇത് വീണ്ടും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറാൻ നാണയം റിയാലിന്റെ മൂല്യം ഡോളറിനെതിരേ റിക്കാർഡ് താഴ്ചയിലായതിനാൽ പണമിടപാട് പ്രതിസന്ധിയിലാണ്. 2000 കോടി രൂപവരെയുള്ള ബസുമതി അരി ചരക്കുകൾ ഗുജറാത്തിലെ കണ്ട്ല, മുന്ദ്ര തുറമുഖങ്ങളിൽ കെട്ടിക്കിടക്കുകയാണ്.
ഇറാനിലേക്കുള്ള കയറ്റുമതി പ്രതിസന്ധിയിലായതിന്റെ ആഘാതം ഇന്ത്യൻ വിപണി നേരിടുകയാണ്. രാജ്യത്ത് പ്രധാന ബസുമതി അരി ഇനങ്ങളുടെ വില കുത്തനെ ഇടിഞ്ഞു. അരി വാങ്ങാൻ വ്യാപാരികൾ കാണിക്കുന്ന വിമുഖതയും കരാറുകൾ വൈകുന്നതും കയറ്റുമതിക്കാർക്കിടയിൽ വർധിച്ചുവരുന്ന ആശങ്കകളുമാണ് വിലയിടിവിനു കാരണമായിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പ്രധാന അരിയിനങ്ങളുടെ വില കിലോയ്ക്ക് അഞ്ചു മുതൽ പത്തു രൂപ വരെ കുറഞ്ഞു. ബസുമതി അരിയിനം 1121ന്റെ വില കഴിഞ്ഞയാഴ്ച കിലോയ്ക്ക് 85 രൂപയിൽനിന്ന് 80ലെത്തി. 1509ന്റെയും 1718ന്റെ വില 70 രൂപയിൽനിന്ന് 65ലെത്തി.
ചരിത്രപരമായി ഇന്ത്യൻ ബസുമതി അരിയുടെ പ്രധാന വിപണിയാണ് ഇറാൻ. എന്നാൽ, നിലവിലെ ആഭ്യന്തര പ്രക്ഷോഭം വ്യാപാരവഴികളെ തടസപ്പെടുത്തുകയും പണമിടപാടുകൾ മന്ദഗതിയിലാക്കുകയും വാങ്ങുന്നവരുടെ ആത്മവിശ്വാസം കെടുത്തുകയും ചെയ്തിരിക്കുകയാണെന്ന് ഐആർഇഎഫ് ദേശീയ പ്രസിഡന്റ് പ്രേം ഗാർഗ് പറഞ്ഞു. കടം നല്കുന്ന കാര്യത്തിലും ചരക്ക് അയയ്ക്കുന്ന കാര്യത്തിലും കയറ്റുമതിക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളുടെ നിലവിലുള്ള കരാറുകൾ പാലിക്കാനോ ഇന്ത്യയിലേക്ക് പണമയയ്ക്കാനോ സാധിക്കില്ലെന്ന് ഇറാനിലെ ഇറക്കുമതിക്കാർ അറിയിച്ചിട്ടുണ്ടെന്ന് ഫെഡറേഷൻ വ്യക്തമാക്കി. ഇത് കയറ്റുമതിക്കാർക്കിടയിൽ അനിശ്ചിതത്വമുണ്ടാക്കിയിരിക്കുകയാണ്.
ഇറാനിലേക്കുള്ള കയറ്റുമതി ദീർഘകാലത്തേക്ക് മന്ദഗതിയിലായാൽ പകരം വിപണി പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങൾ, ആഫ്രിക്ക, യൂറോപ്പ് എന്നിവടങ്ങളിൽ കണ്ടെത്താൻ ഐആർഇഎഫ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
യുഎസിന്റെ തീരുവ ആശങ്കകൾ
ഇറാനുമായി വ്യാപാര ബന്ധം തുടരുന്ന രാജ്യങ്ങൾക്കുമേൽ 25 ശതമാനം തീരുവ ചുമത്തിയേക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്തകാലത്ത് നടത്തിയ പ്രസ്താവന ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
യുഎസിലേക്കുള്ള ഇന്ത്യൻ അരി കയറ്റുമതിക്ക് നിലവിൽ 50 തീരുവ നല്‍കേണ്ടിവരുന്നു. മുന്‍പ് പത്ത് ശതമാനമായിരുന്നു. തീരുവ കുത്തനെ ഉയർന്നിട്ടും കയറ്റുമതിയിൽ ഇടിവുണ്ടായിട്ടില്ല. 2024-25 സാന്പത്തികവർഷം ഒന്നടങ്കം 2,35,554 ടണ്ണിന്റെ കയറ്റുമതിയുടെ സ്ഥാനത്ത് 2025-26 സാന്പത്തികവർഷത്തിലെ ആദ്യഎട്ടു മാസം (ഏപ്രിൽ-നവംബർ) ഇന്ത്യയുടെ യുഎസിലേക്കുള്ള ബസുമതി, ബസുമതി ഇതര അരിയുടെ കയറ്റുമതി 2,40,518 ടണ്ണായി ഉയർന്നു.
ആഗോളതലത്തിൽ ഇന്ത്യ അരിയുടെ പത്താമത്തെ വലിയ വിപണിയും ബസുമതി അരിയുടെ നാലാമത്തെ വലിയ വിപണിയുമാണ് യുഎസ്എ.
മറ്റ് കയറ്റുമതികളും ഭീഷണിയിൽ
ബസുമതി അരിയുടെ കാര്യത്തിൽ മാത്രമല്ല ഇന്ത്യൻ കയറ്റുമതിക്കാർ പ്രതിസന്ധി നേരിടുന്നത്. ഇന്ത്യൻ തേയിലയുടെ പ്രധാന വാങ്ങലുകാരാണ് ഇറാൻ. 2024-25ൽ 11,000 ടണ്‍ തേയിലാണ് ഇറക്കുമതി ചെയ്തത്. കാപ്പി, പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പാലുത്പന്നങ്ങൾ, പയറുവർഗങ്ങൾ, പഞ്ചസാര തുടങ്ങിയവയുടെ കയറ്റുമതി വഴിമുട്ടിയിരിക്കുകയാണ്.
International
ടെഹ്റാൻ: മൂന്നാം വാരത്തിലേക്കു കടന്ന ഇറാനിലെ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1850 ആയതായി റിപ്പോർട്ട്. മരണം 12,000 വരെയാകാമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ഭരണകൂടം നടത്തുന്ന കൂട്ടക്കൊലകൾക്കിടയിലും രാജ്യമെങ്ങും പ്രക്ഷോഭം തുടരുകയാണ്. ഇന്റർനെറ്റ് നിരോധനം നിലനിൽക്കെ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ലിങ്കിന്റെ സേവനം തടയാൻ ചൈനയുടെയും റഷ്യയുടെയും സഹായത്തോടെ സർക്കാർ നടപടികൾ സ്വീകരിച്ചുവരുന്നതായും റിപ്പോർട്ടുണ്ട്.
അതിനിടെ, ഇറേനിയൻ ഉദ്യോഗസ്ഥരുമായി നടത്താനിരുന്ന കൂടിക്കാഴ്ചകൾ ഉപേക്ഷിച്ചെന്നും പ്രതിഷേധക്കാർക്കുള്ള സഹായം പിന്നാലെ വരുന്നുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
ഇറാനിലെ സൈനികകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന സൂചനയാണ് ട്രംപിന്റെ വാക്കുകൾ സൂചിപ്പിക്കുന്നതെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
International
ടെഹ്റാൻ: ഇറാനിലെ പ്രക്ഷോഭത്തെ തുടർന്ന് 12,000 പേർ കൊല്ലപ്പെട്ടെന്ന ആരോപണവുമായി ഇറാൻ ഇന്റർനാഷണൽ എന്ന വെബ്സൈറ്റ്. സുരക്ഷാ സേനയുടെ ആക്രമണത്തിലാണ് ഇത്രയധികം ആളുകൾ കൊല്ലപ്പെട്ടതെന്ന വാദമാണ് ഇറാൻ ഇന്റർനാഷണൽ ഉയർത്തിയിരിക്കുന്നത്.
ആധുനിക ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊലപാതകമെന്നാണ് സംഭവത്തെ കുറിച്ച് വെബ്സൈറ്റിന്റെ ആരോപണം. വിവിധ മനുഷ്യാവകാശ സംഘടനകൾ പുറത്തുവിട്ട കണക്ക് പ്രകാരം ഇറാനിൽ 600ഓളം പേരാണ് കൊല്ലപ്പെട്ടത്.
ജനുവരി എട്ട്, ഒൻപത് തീയതികളിലായാണ് മിക്ക കൊലപാതകങ്ങളും സംഭവിച്ചതെന്ന് ഇറാൻ ഇന്റർനാഷണൽ വ്യക്തമാക്കുന്നത്. ആസൂത്രിത അക്രമമാണ് നടന്നതെന്ന് പറയുന്ന റിപ്പോർട്ടിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും 30 വയസിന് താഴെയുള്ളവരാണെന്നും ആരോപിക്കുന്നു.
ഇറാന്റെ ദേശീയ സെക്യൂരിറ്റി കൗൺസിൽ, ഇറാൻ പ്രസിഡന്റിന്റെ ഓഫീസ്, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് അംഗങ്ങൾ, മെഡിക്കൽ ഉദ്യോഗസ്ഥർ, ദൃക്സാക്ഷികൾ എന്നിവരിൽ നിന്നായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടാണെന്ന് വെബ്സൈറ്റ് അവകാശപ്പെടുന്നു.
ആയത്തുള്ള അലി ഖമേനിയുടെ ഉത്തരവ് പ്രകാരം പ്രവർത്തിക്കുന്ന റെവല്യൂഷണറി ഗാർഡുകളും ബാസിജ് സേനകളുമാണ് കൂട്ടകൊലപാതകങ്ങൾ നടത്തിയതെന്നാണ് ഇറാൻ ഇന്റർനാഷണലിന്റെ ആരോപണം. അതേസമയം ഇറാനിലെ അധികൃതർ ഈ റിപ്പോർട്ടിനോട് പ്രതികരിച്ചിട്ടില്ല.
International
ടെഹ്റാന്: ഇറാനില്‍ പരമോന്നത നേതാവ് അയാത്തുള്ള ഖമനയ്ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് ഇര്ഫാന് സുല്‍ത്താനി എന്ന 26കാരനെ തൂക്കിലേറ്റാന്‍ ഉത്തരവിട്ട് ഇറാന് ഭരണകൂടം. ജനുവരി 14 ബുധനാഴ്ച ശിക്ഷ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജനുവരി ആദ്യവാരം മുതല്‍ ഇറാനിലുടനീളം വ്യാപിച്ച ഖമനയ് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനാണ് ഇര്‍ഫാനെ അറസ്റ്റ് ചെയ്തത്.
'ദൈവത്തിനെതിരെ യുദ്ധം ചെയ്തു' എന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇര്ഫാന് അഭിഭാഷകനെ നിയമിക്കാനോ കോടതിയില്‍ സ്വന്തം ഭാഗം വാദിക്കാനോ അവസരം നല്‍കിയില്ലെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു. ശിക്ഷാവിധിക്ക് ശേഷം കുടുംബത്തിന് വെറും പത്ത് മിനിറ്റ് മാത്രമാണ് ഇര്‍ഫാനെ കാണാന്‍ അനുവാദം നല്‍കിയത്.
നിലവിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ തൂക്കിലേറ്റല്‍ ശിക്ഷയാണിത്. നേരത്തെ വെടിവെച്ചായിരുന്നു ഇത്തരം ശിക്ഷകള്‍ നടപ്പാക്കിയിരുന്നത്. പ്രതിഷേധക്കാരെ ഭയപ്പെടുത്താനാണ് ഭരണകൂടം ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
പ്രക്ഷോഭങ്ങളില്‍ ഇതുവരെ 648-ഓളം പേര് കൊല്ലപ്പെട്ടതായും ആയിരക്കണക്കിന് ആളുകള്‍ ജയിലിലായതായും റിപ്പോര്‍ട്ടുകളുണ്ട്. ഇര്‍ഫാന്റെ വധശിക്ഷ തടയാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. ഇറാനിലെ നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് അമേരിക്കന്‍ എംബസി തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
International
ടെഹ്റാന്: ഇറാനില്‍ ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അമേരിക്കന്‍ പൗരന്മാര് എത്രയും വേഗം രാജ്യം വിടണമെന്ന മുന്നറിയിപ്പുമായി യുഎസ് എംബസി.
പ്രതിഷേധക്കാര്‍ക്കെതിരെ ഇറാന് ഭരണകൂടം അക്രമം അഴിച്ചുവിടുന്ന സാഹചര്യത്തില്‍ സാഹര്യങ്ങള്‍ കൂടുതല്‍ അക്രമാസക്തവും സങ്കീര്‍ണവുമാകാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് യുഎസ്. എംബസിയുടെ മുന്നറിയിപ്പ്. പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ റോഡുകള്‍ അടച്ചിടൽ, പൊതുഗതാഗത തടസ്സം, മൊബൈൽ, ലാൻഡ് ലൈന്‍, ഇന്റര്‍നെറ്റ് ബ്ലോക്കേജ് തുടങ്ങിയ നടപടികളാണ് ഇറാന് ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്.
ഈ സാഹചര്യത്തില്‍ അമേരിക്കന്‍ പൗരന്മാര് യുഎസ് സര്‍ക്കാരിന്റെ സഹായത്തിന് കാത്തുനില്‍ക്കാതെ ഇറാന് പുറത്തുകടക്കാനാണ് യുഎസ് എംബസി ആവശ്യപ്പെട്ടിട്ടുള്ളത്.
സുരക്ഷിതമെങ്കില്‍ കര മാര്‍ഗം അര്‍മേനിയ അല്ലെങ്കില്‍ തുര്‍ക്കിയിലേക്ക് പോകാന്‍ ശ്രമിക്കുകയെന്നാണ് എംബസിയുടെ നിര്‍ദേശം. പുറത്തുകടക്കാന്‍ കഴിയാത്തവര്‍ സുരക്ഷിത സ്ഥലത്ത് തങ്ങണമെന്നും ഭക്ഷണം, വെള്ളം, മരുന്നുകള്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ ശേഖരിക്കണമെന്നും എംബസി ആവശ്യപ്പെട്ടു.
യുഎസ്-ഇറാന് ഇരട്ട പൗരത്വം ഉള്ളവര്‍ ഇറാന് പാസ്പോര്‍ട്ട് മാത്രം ഉപയോഗിച്ചു പുറത്തുകടക്കണമെന്നാണ് നിര്‍ദേശം.
അമേരിക്കന്‍ പൗരന്മാര്ക്ക് ഇറാനില്‍ ചോദ്യം ചെയ്യൽ, അറസ്റ്റ്, തടങ്കലില്‍ വയ്ക്കല്‍ എന്നീ പ്രതികാര നടപടികള്‍ നേരിടേണ്ടി വന്നേക്കാമെന്നും യുഎസ് പാസ്പോര്‍ട്ട് കാണിക്കുന്നതു പോലും തടങ്കലിനു കാരണമാകുമെന്നും എംബസി മുന്നറിയിപ്പ് നല്കി.
ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ മരണസംഖ്യ 648 കടന്നതായാണ് റിപ്പോര്‍ട്ടുകൾ. പണപ്പെരുപ്പം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ഭരണത്തോടുള്ള പൊതുജനരോഷം എന്നിവയാണ് ഇറാനിലെ ഖമനയ് ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് കാരണം.
International
ടെഹ്റാന്: ഇറാനിലെ വന്‍തോതിലുള്ള ഖമനയ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടെ നിര്‍ണായക വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അയത്തൊള്ള അലി ഖമനയിയുടെ ഭരണത്തിനെതിരെ ഇറാനില്‍ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെ ഇറാൻ നേതൃത്വം തന്നെ ഫോണിൽ വിളിച്ച് ചർച്ചയ്ക്കു തയാറാണെന്ന് അറിയിച്ചതായി ട്രംപ് വ്യക്തമാക്കി.
എന്നാല്‍, പ്രതിഷേധക്കാര്‍ക്കെതിരായ ക്രൂരമായ അടിച്ചമര്‍ത്തല്‍ തുടര്‍ന്നാല്‍ ചര്‍ച്ച നടക്കുന്നതിനു മുന്‍പ് തന്നെ അമേരിക്ക ശക്തമായ നടപടി സ്വീകരിച്ചേക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഇറാനിലെ സ്ഥിതിഗതികള്‍ യുഎസ് സൈന്യം ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവും കാരണം ഇറാനില്‍ ആരംഭിച്ച പ്രതിഷേധങ്ങള്‍ ഇപ്പോള്‍ ഖമനയ് ഭരണത്തിനെതിരായ പൂര്‍ണ വിപ്ലവാഹ്വാനമായി മാറിയിരിക്കുകയാണ്. മൂന്നാം ആഴ്ചയിലേക്കു കടന്ന പ്രക്ഷോഭത്തില്‍ നൂറുകണക്കിനു മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍, വ്യാപകമായ അറസ്റ്റുകൾ, വധശിക്ഷ ഭീഷണി എന്നിവയിലൂടെയാണ് ഇറാന് ഭരണകൂടം പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നത്. പ്രതിഷേധക്കാര്‍ക്കെതിരെ വെടിവയ്പ്പ് തുടര്‍ന്നാല്‍ ഇതുവരെ കാണാത്ത രീതിയില്‍ അമേരിക്ക പ്രതികരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇറാക്കിൽ ഇതിന് മുന്‍പ് അമേരിക്ക നടത്തിയ ശക്തമായ സൈനിക നടപടികള്‍ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ വാക്കുകള്‍.
International
ടെഹ്റാൻ: ഇറാനിലെ സർക്കാരിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ ഇതുവരെ 538 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസിയാണ് കണക്കുകൾ പുറത്തുവിട്ടത്. രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തിൽ പതിനായിരത്തിലധികം പേരെ ഭരണകൂടം തടവിലാക്കിയതായും മനുഷ്യാവകാശ പ്രവർത്തകർ അവകാശപ്പെടുന്നു.
കൊല്ലപ്പെട്ടവരിൽ 490 പേർ പ്രക്ഷോഭകാരികളും 48 പേർ ഇറാൻ സുരക്ഷാ സേനാംഗങ്ങളുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇറാനിലുടനീളം ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ വിവരങ്ങൾ പുറംലോകമറിയാൻ വൈകുകയാണ്. ഭരണകൂടം ഔദ്യോഗികമായി മരണസംഖ്യ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സുരക്ഷാ സേന വെടിയുണ്ടകളും ടിയർ ഗ്യാസും ഉപയോഗിക്കുന്നതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു.
ഇറാനിലെ സ്ഥിതിഗതികൾ വഷളാകുന്ന സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ടുള്ള സൈനിക നടപടി ആലോചിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രക്ഷോഭകർക്കെതിരെ ബലപ്രയോഗം തുടർന്നാൽ അമേരിക്ക ഇടപെടുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. "ഇറാൻ സ്വാതന്ത്ര്യത്തിലേക്ക് നോക്കുകയാണ്, യുഎസ് സഹായിക്കാൻ തയാറാണ്" എന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കുകയും ചെയ്തു.
International
വാഷിംഗ്ടൺ ഡിസി: ഇറാനു താക്കീതുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിങ്ങൾ സമരക്കാരെ വെടിവച്ചാൽ, ഞങ്ങളും വെടിപൊട്ടിക്കും എന്നാണു ട്രംപിന്റെ ഭീഷണി. ഇറാനിലെ സർക്കാർവിരുദ്ധ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ട്രംപിന്റെ ഭീഷണി.
പ്രക്ഷോഭകർക്കുവേണ്ടി ഇടപെടാൻ മടിക്കില്ലെന്നു കഴിഞ്ഞയാഴ്ച ട്രംപ് പറഞ്ഞിരുന്നു. വിലക്കയറ്റത്തിനെതിരായ ജനരോക്ഷം രണ്ടാഴ്ച പിന്നിടവേ, പൊതുമുതൽ നശിപ്പിക്കുന്നതു തുടർന്നാൽ സൈന്യമിറങ്ങുമെന്ന് ഇറാൻ മുന്നറിയിപ്പു നൽകി. ടെഹ്റാനു സമീപം ബഹാറിസ്ഥാൻ പട്ടണത്തിൽ സായുധരായ നൂറോളം കലാപകാരികളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
വിവിധയിടങ്ങളിൽ 22 കെട്ടിടങ്ങൾക്കു പ്രക്ഷോഭകാരികൾ തീയിട്ടു. ഇന്റർനെറ്റ് നിരോധനത്തിനു പുറമേ രാജ്യാന്തര മാധ്യമങ്ങൾക്കും വിലക്കുള്ളതിനാൽ പ്രക്ഷോഭത്തിന്റെ യഥാർഥസ്ഥിതി വ്യക്തമല്ല.
International
ജൊഹാനസ്ബർഗ്: ചൈന, റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളുമായി ചേർന്ന് ദക്ഷിണാഫ്രിക്ക നാവികാഭ്യാസം ആരംഭിച്ചു. ‘വിൽ ഫോർ പീസ് 2026’ എന്നാണു പേര്. ബ്രിക്സ് പ്ലസ് സൈനികാഭ്യാസം ആണിതെന്ന് ദക്ഷിണാഫ്രിക്ക അറിയിച്ചു.
ബ്രസീൽ, ഈജിപ്ത്, എത്യോപ്യ എന്നീ രാജ്യങ്ങൾ നിരീക്ഷകരായി പ്രവർത്തിക്കും. റഷ്യ, ചൈന രാജ്യങ്ങളുമായി ചേർന്ന് ദക്ഷിണാഫ്രിക്ക സൈനികാഭ്യാസം നടത്താറുള്ളതാണ്.
എന്നാൽ, ബ്രിക്സ് രാജ്യങ്ങൾക്കെതിരേ അമേരിക്കൻ പ്രസിഡന്റ് ട്രംപ് കണ്ണുരുട്ടുന്ന പശ്ചാത്തലത്തിൽ ഈ വർഷത്തെ അഭ്യാസം പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു.
International
ടെഹ്റാന്: ഇറാനിലെ സ്ത്രീകള്‍ അയത്തോള അലി ഖമനിയുടെ ഫോട്ടോ കത്തിച്ച് സിഗരറ്റ് വലിക്കുന്ന വീഡിയോകളും ചിത്രങ്ങളും ഇപ്പോള്‍ ലോകമെമ്പാടും വൈറലാകുകയാണ്! വൈറല്‍ വീഡിയോകളില്‍ ഇറാനിലെ യുവതികള്‍ ഖമനിയിയുടെ ചിത്രങ്ങള്‍ തീയിട്ട് അതേ തീ ഉപയോഗിച്ച് സിഗരറ്റ് കത്തിക്കുന്നത് കാണാം. ഇത് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ആയിരക്കണക്കിന് തവണ ഷെയര്‍ ചെയ്യപ്പെട്ട് കഴിഞ്ഞു. ഇറാനിലെ രാഷ്ട്രീയ-മത അധികാരത്തിനെതിരെയുള്ള തുറന്ന വെല്ലുവിളിയെന്ന നിലയിലാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഇറാനിലെ നിയമപ്രകാരം സുപ്രീംലീഡര്‍ അഥവാ പരമാധികാരിയുടെ ചിത്രം കത്തിക്കുന്നത് ഗുരുതര കുറ്റമാണ്. സ്ത്രീകള്‍ പൊതുസ്ഥലത്ത് സിഗരറ്റ് വലിക്കുന്നതും ഇറാനില്‍ നിരോധിച്ചിരിക്കുന്നു. ഈ രണ്ട് 'നിരോധിത' പ്രവര്‍ത്തനങ്ങളും ഒരുമിച്ച് ചെയ്യുന്നത് രാഷ്ട്രീയ അധികാരത്തിനെയും സാമൂഹിക നിയന്ത്രണങ്ങളെയും ഒരുമിച്ച് നിരാകരിക്കുന്ന ശക്തമായ പ്രതീകമെന്ന വിധത്തിലാണ് സാമൂഹിക മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെടുന്നത്.
ഹിജാബ് നിര്‍ബന്ധമാക്കല്‍ പോലുള്ള സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കര്‍ശന നിയന്ത്രണങ്ങളും ഇതോടൊപ്പം വെല്ലുവിളിക്കപ്പെടുന്നു. അധികൃതര്‍ ഇന്റര്‍നെറ്റ് ഷട്ട് ഡൗണ്‍ ചെയ്തിട്ടും ഈ വീഡിയോകള്‍ ലോകമെമ്പാടും പ്രചരിക്കുകയാണ്. ഇറാനിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ഇപ്പോഴും ശക്തമാണെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുന്നതാണ് ചിത്രങ്ങൾ.
International
ടെഹ്റാന്: ആഭ്യന്തര പ്രക്ഷോഭത്തില്‍ വിറങ്ങലിച്ചു നില്ക്കുന്ന ഇറാനില്‍ പ്രതിഷേധക്കാര്‍ക്കും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുമെതിരെ ആഞ്ഞടിച്ച് പരമോന്നത നേതാവ് അയത്തുള്ള അലി ഖമനി. ഇറാനിലെ തെരുവുകള്‍ നശിപ്പിക്കുന്നത് മറ്റൊരു രാജ്യത്തെ പ്രസിഡന്റിനെ (ട്രംപ്) സന്തോഷിപ്പിക്കാനാണെന്ന് ഖമനി കുറ്റപ്പെടുത്തി. ചരിത്രത്തിലെ എല്ലാ സ്വേച്ഛാധിപതികളെയും പോലെ ട്രംപും തകര്‍ന്നടിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഫറവോയെയും നിമ്രോദിനെയും പോലെ അഹങ്കാരത്തിന്റെ അത്യുന്നതിയില്‍ നില്ക്കുന്ന എല്ലാ ഭരണാധികാരികളും തകര്‍ന്നിട്ടുണ്ട്. ട്രംപിനും ഇതേ വിധി തന്നെയായിരിക്കും ഉണ്ടാവുകയെന്ന് ഖമനി പറഞ്ഞു. കഴിഞ്ഞ ജൂണില്‍ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ആയിരത്തിലധികം ഇറാനികള്‍ കൊല്ലപ്പെട്ടതിനെ പരാമര്‍ശിച്ച ഖമനി, ട്രംപിന്റെ കൈകളില്‍ ഇറാനികളുടെ രക്തം പുരണ്ടിരിക്കുകയാണെന്ന് ആരോപിച്ചു.
ഇറാനിലെ കാര്യങ്ങളില്‍ ഇടപെടുന്നതിന് പകരം സ്വന്തം രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ട്രംപ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. വിദേശ ശക്തികളുടെ ഏജന്റുമാരായാണ് പ്രതിഷേധക്കാര്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ പൊതുമുതല്‍ നശിപ്പിക്കുന്നവരോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനിലെ സാമ്പത്തിക തകര്‍ച്ചയ്ക്കും വിലക്കയറ്റത്തിനുമെതിരെ തുടങ്ങിയ പ്രതിഷേധം ഇപ്പോള്‍ ഭരണകൂടത്തെ തന്നെ താഴെയിറക്കാനുള്ള പ്രക്ഷോഭമായി ശക്തിപ്രാപിച്ചിരിക്കുകയാണ്. രാജ്യം മുഴുവന്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചും കടുത്ത അടിച്ചമര്‍ത്തലുകള്‍ നടത്തിയുമാണ് ഇറാന് ഭരണകൂടം പ്രതിഷേധത്തെ നേരിടുന്നത്. പ്രതിഷേധങ്ങളില്‍ ഇതിനോടകം നിരവധി പേര് കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ തടവിലാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി ട്രംപ് രംഗത്തെത്തിയതും, പ്രതിഷേധക്കാരെ കൊന്നൊടുക്കിയാല്‍ അമേരിക്ക ഇടപെടുമെന്ന ട്രംപിന്റെ മുന്നറിയിപ്പുമാണ് ഖമനിയെ പ്രകോപിപ്പിച്ചത്. ഇറാനിലെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ ലോകം അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.
International
ടെഹ്റാൻ: രാജ്യത്തെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്കെതിരായ പ്രക്ഷോഭം ഇറാനിൽ കൂടുതൽ ശക്തമാകുന്നു. രാജ്യത്തെ അതിരൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധിയിലും വലയുന്ന ജനങ്ങളാണ് തെരുവിലിറങ്ങിയത്.
പ്രക്ഷോഭത്തെ ശക്തമായി അടിച്ചമർത്താനുള്ള ഭരണകൂടത്തിന്റെ നീക്കത്തിൽ ഇതുവരെ 45 പേർ കൊല്ലപ്പെട്ടു. പ്രക്ഷോഭം വ്യാപിച്ചതോടെ ഇറാനിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിക്കൊണ്ട് പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഉത്തരവിട്ടു.
പ്രക്ഷോഭത്തെ ശക്തമായി നേരിടുമെന്നാണ് രാജ്യത്തെ നീതിപീഠങ്ങളും പോലീസടക്കമുള്ള സംവിധാനങ്ങളും വ്യക്തമാക്കിയിരിക്കുന്നത്. 1979 ലെ ഇസ്ലാമിക് റവല്യൂഷനെ തുടർന്ന് രാജ്യത്ത് നിന്ന് പലായനം ചെയ്ത മുൻ രാജാവിന്റെ മകൻ പ്രിൻസ് റേസാ പഹ്ലവിയുടെ അനുയായികളും സമര രംഗത്തുണ്ട്.
International
ടെഹ്റാന്: ഇറാനില്‍ സാമ്പത്തിക പ്രതിസന്ധി മൂലമുണ്ടായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു. മൂന്നു വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ പ്രതിഷേധ തരംഗമാണ് ഇറാനില്‍ അരങ്ങേറുന്നത്. രാജ്യത്തിന്റെ 31 പ്രവിശ്യകളിലും നൂറുകണക്കിനു നഗരങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചു. ഡിസംബര്‍ അവസാനം ടെഹ്റാനിലെ ഗ്രാന്‍ഡ് ബസാറില്‍ തുടങ്ങിയ പ്രതിഷേധം ഇപ്പോള്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്ക്കെതിരെയുള്ള മുദ്രാവാക്യങ്ങളായി പരിമണിച്ചു. ഏകാധിപതിക്ക് മരണം!', 'ഇസ്ലാമിക് റിപ്പബ്ലിക്കിന് മരണം! തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നത്.
1979-ലെ ഇസ്ലാമിക വിപ്ലവത്തില്‍ നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്ലവിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. ജനുവരി എട്ട്, ഒന്‍പത് തീയതികളില്‍ രാത്രി എട്ടിന് ഒരുമിച്ച് തെരുവിലിറങ്ങി പ്രതിഷേധം നയിക്കാനാണ് റെസ പഹ്ലവി ജനങ്ങളോട് ആഹ്വാനം ചെയ്തത്. പ്രക്ഷോഭം തടയാന്‍ രാജ്യവ്യാപകമായി ഇന്റര്‍നെറ്റും ഫോണ്‍ സേവനങ്ങളും വിച്ഛേദിച്ച സാഹചര്യത്തില്‍ ഇറാനിലെ ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ സഹായിക്കണമെന്നും റെസ പഹ്ലവി അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ചു.
പ്രതിഷേധക്കാര്‍ക്കു നേരെ സുരക്ഷാ സേനകള്‍ തികച്ചും ക്രൂരമായാണ് ഇടപെടുന്നത്. മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ട് പ്രകാരം എട്ട് കുട്ടികള്‍ ഉള്‍പ്പെടെ 36 മുതല്‍ 45 വരെ പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു. റിയാലിന്റെ മൂല്യം റിക്കാർഡ് താഴ്ചയിലെത്തിയതും, ജീവിതച്ചെലവ് വര്‍ധനയുമാണ് ഇറാനിലെ പ്രക്ഷോഭങ്ങളുടെ മൂലകാരണങ്ങൾ.
അതേസമയം, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതിഷേധക്കാരെ പിന്തുണച്ച് 'ധീരരായ ജനങ്ങൾ' എന്നു വിശേഷിപ്പിച്ചു. പ്രതിഷേധക്കാരെ ഉപദ്രവിക്കരുതെന്നും മുന്നറിയിപ്പ് നല്കി. ഇറാനില്‍ സ്ഥിതി ഇപ്പോഴും അസ്ഥിരമാണ്. പ്രക്ഷോഭം കൂടുതല്‍ വ്യാപിക്കാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
National
ന്യൂഡൽഹി: അടിയന്തര സാഹചര്യങ്ങളിലൊഴികെ ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു കേന്ദ്രസർക്കാർ.
പണപ്പെരുപ്പത്തിനും കറൻസിയുടെ മൂല്യത്തകർച്ചയ്ക്കുമെതിരേ ഇറാനിൽ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിലാണിത്.
സംഘർഷം രൂക്ഷമായ മേഖലയിലേക്കുള്ള യാത്രയിൽ ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും അതീവജാഗ്രത പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
International
ടെഹ്റാൻ: സാമ്പത്തിക പ്രതിസന്ധിക്കെതിരേ ഇറാനിൽ പടരുന്ന പ്രക്ഷോഭത്തിൽ 10 പേർ കൊല്ലപ്പെട്ടു. വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിച്ച പ്രക്ഷോഭത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇതിനിടെ പ്രക്ഷോഭം അടിച്ചമർത്താൻ ആഹ്വാനം ചെയ്ത് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ് രംഗത്തെത്തി.
ഇതോടെ പ്രക്ഷോഭം അടിച്ചമർത്താൻ സർക്കാർ സൈന്യത്തിനു നിർദേശം നൽകാൻ സാധ്യതയുണ്ട്. കലാപകാരികളെ അടിച്ചമർത്തണമെന്നാണ് ഖമനയ് ആഹ്വാനം ചെയ്തത്.
ടെഹ്റാനിൽ നടന്ന പൊതുപരിപാടിയിലായിരുന്നു ഖമനയ്യുടെ പ്രതികരണം. ഉദ്യോഗസ്ഥർ പ്രതിഷേധക്കാരുമായി സംസാരിക്കണം. എന്നാൽ, കലാപകാരികളുമായി സംസാരിക്കുന്നതുകൊണ്ട് പ്രയോജനമൊന്നുമില്ല. കലാപകാരികളെ നിലയ്ക്കു നിർത്താൻ കഴിയണം. ഇസ്രയേലും അമേരിക്കയും പോലുള്ള വിദേശ ശക്തികളാണു പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകുന്നത്.
രാജ്യത്തിന്റെ ശത്രുക്കളുടെ പ്രേരണയിൽ ഒരു കൂട്ടമാളുകൾ വ്യാപാരികളുടെയും കടയുടമകളുടെയും പിന്നിൽനിന്ന് ഇസ്ലാമിനും ഇറാനുമെതിരായി മുദ്രാവാക്യം വിളിക്കുകയാണെന്ന് ഖമനെയ് കുറ്റപ്പെടുത്തി. പ്രക്ഷോഭകരെ കൊലപ്പെടുത്തിയാൽ അമേരിക്ക ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിനോട് ഇറാൻ രൂക്ഷഭാഷയിലാണ് പ്രതികരിച്ചത്.
മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനികർക്കു നേരേ ആക്രമണം നടത്തുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തി. ടെഹ്റാന്റെ ദീർഘകാല സുഹൃത്തായ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക കസ്റ്റഡിയിലെടുത്തതും നിലവിലെ സാഹചര്യത്തെ കൂടുതൽ പിരിമുറുക്കത്തിലേക്ക് എത്തിച്ചിട്ടുണ്ട്.
ഇന്നലെ രണ്ട് പേർകൂടി കൊല്ലപ്പെട്ടതോടെ പ്രക്ഷോഭം ശക്തമായി. ഖ്വോമിലും ഹർസനിലുമാണ് സംഘർഷമുണ്ടായത്. ഇറാനിലെ 31 പ്രവിശ്യകളിൽ 22 എണ്ണത്തിലും പ്രതിഷേധങ്ങൾ അരങ്ങേറി.
പ്രസിഡന്റ് മസൂദ് പെസഷ്കിയോൺന്റെ കീഴിലുള്ള ഇറാൻ സർക്കാർ പ്രതിഷേധക്കാരുമായി ചർച്ച നടത്താൻ ആലോചിച്ചുവരികയാണ്.
International
വാഷിംഗ്ടൺ ഡിസി: വിലക്കയറ്റവിരുദ്ധ പ്രക്ഷോഭം ഇറാനിൽ ആളിക്കത്തുമ്പോൾ ഇറാൻ ഭരണകൂടത്തിന് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. പ്രക്ഷോഭകരെ ആക്രമിക്കുകയോ വെടിവയ്ക്കുകയോ ചെയ്താൽ ഇടപെടുമെന്നാണ് ഇറാന് അമേരിക്കൻ പ്രസിഡന്റിന്റെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
സമാധാനപരമായി പ്രതിഷേധം നടത്തുന്നവരെ വെടിവച്ചാൽ അവരെ രക്ഷിക്കാൻ അമേരിക്ക എത്തുമെന്നാണ് ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ ട്രംപ് വ്യക്തമാക്കിയത്. സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇറാനിൽ ഏഴ് പേർ കൊല്ലപ്പെട്ടന്ന വാർത്തകൾക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
ഇറാനിൽ പ്രക്ഷോഭകരായ ഏഴു പേർ കൊല്ലപ്പെട്ടതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം സംഘർഷത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടെന്നും 13 പേർക്ക് പരിക്കേറ്റെന്നുമാണ് ഇറാൻ അധികൃതർ സ്ഥിരീകരിച്ചത്.
കറൻസി മൂല്യം കുത്തനെ ഇടിഞ്ഞതാണ് ഇറാനിൽ പ്രതിസന്ധി രൂക്ഷമാക്കിയത്. കഴിഞ്ഞ ഒരു വർഷത്തോളമായി ഇറാൻ കറൻസിയുടെ മൂല്യം ഗണ്യമായി കുറയുകയാണ്. പാശ്ചാത്യ ഉപരോധം മൂലം സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണ് കറൻസി മൂല്യം ഇടിയുകയും വിലക്കയറ്റം രൂക്ഷമാക്കുകയും ചെയ്തത്.
ഡിസംബറിൽ നാണ്യപ്പെരുപ്പം 42.5 ശതമാനമായാണ് ഉയർന്നത്. ഇതോടെ ഭക്ഷണത്തിനും വീട്ടുസാധനങ്ങൾക്കും തീവിലയായി. ഇതോടെ കടകളടച്ച് വ്യാപാരികളാണ് ആദ്യം പ്രതിഷേധത്തിന് തുടക്കമിട്ടത്. ഡിസംബർ 28നാണ് പ്രതിഷേധം ആരംഭിച്ചത്. പിന്നാലെ വിദ്യാർഥികളും തെരുവിലിറങ്ങിയതോടെ പ്രക്ഷോഭം രാജ്യവ്യാപകമായി പടർന്നുപിടിക്കുകയായിരുന്നു.
Viral
ഇറാനിലെ വടക്കുപടിഞ്ഞാറൻ മേഖലയിൽ, സഹാന്ദ് പർവതനിരകളുടെ താഴ്വരയിൽ പ്രകൃതിയും മനുഷ്യനും ചേർന്ന് തീർത്ത ഒരു മഹാവിസ്മയമാണ് കന്ദോവൻ ഗ്രാമം.
കഴിഞ്ഞ ഏഴു നൂറ്റാണ്ടുകളിലധികമായി മാറ്റമില്ലാതെ തുടരുന്ന ഈ ഗ്രാമത്തിലെ ജീവിതശൈലി ലോകത്തിലെ തന്നെ അപൂർവ്വ കാഴ്ചകളിൽ ഒന്നാണ്.
അഗ്നിപർവ്വത സ്ഫോടനത്തെത്തുടർന്നുണ്ടായ ശിലാശങ്കുക്കൾക്കുള്ളിൽ തുരന്നെടുത്ത വീടുകളാണ് ഈ ഗ്രാമത്തെ ശ്രദ്ധേയമാക്കുന്നത്. സിമന്റോ ഇഷ്ടികയോ ഉപയോഗിക്കാതെ, കഠിനമായ അഗ്നിപർവ്വത ശിലകളിൽ മനുഷ്യപ്രയത്നത്താൽ കൊത്തിയെടുത്ത ഈ നിർമ്മിതികൾ സഹസ്രാബ്ദങ്ങൾക്കപ്പുറമുള്ള മനുഷ്യന്റെ അതിജീവനശേഷിയുടെ സാക്ഷ്യപത്രമാണ്.
തേനീച്ചക്കൂട് എന്ന് അർഥം വരുന്ന പേർഷ്യൻ വാക്കായ "കന്ദോ' എന്നതിൽ നിന്നാണ് കന്ദോവൻ എന്ന പേര് ഗ്രാമത്തിന് ലഭിച്ചത്. ദൂരെ നിന്ന് നോക്കുമ്പോൾ വലിയൊരു തേനീച്ചക്കൂട്ടത്തിന് സമാനമായ ആകൃതിയാണ് ഈ ഗ്രാമത്തിനുള്ളത്.
മംഗോളിയൻ അധിനിവേശത്തിൽ നിന്ന് രക്ഷപ്പെടാൻ ഈ പ്രദേശത്തെ ഗുഹകളിൽ അഭയം പ്രാപിച്ച ജനതയാണ് പിൽക്കാലത്ത് ഈ പാറകളെ സുരക്ഷിതമായ വീടുകളാക്കി മാറ്റിയതെന്ന് കരുതപ്പെടുന്നു.
കഠിനമായ മഞ്ഞുകാലത്ത് പുറത്തെ കൊടും തണുപ്പിൽ നിന്ന് സംരക്ഷണം നൽകാൻ ഈ പാറവീടുകളുടെ ചുവരുകൾക്ക് സാധിക്കുന്നു. ഏകദേശം രണ്ട് മീറ്ററോളം കനമുള്ള ഈ ഭിത്തികൾ സ്വാഭാവികമായ ഒരു താപനിയന്ത്രണ സംവിധാനമായി പ്രവർത്തിക്കുന്നു.
അതായത് വേനൽക്കാലത്ത് വീടിനുള്ളിൽ തണുപ്പും ശൈത്യകാലത്ത് ഊഷ്മളമായ ചൂടും നിലനിൽക്കുന്നു. അതിശയകരമായ മറ്റൊരു വസ്തുത, ഈ ശിലാഭവനങ്ങൾ വെറും ഒറ്റമുറി ഗുഹകളല്ല എന്നതാണ്. പല വീടുകളും രണ്ടോ മൂന്നോ നിലകളിലായി ക്രമീകരിച്ചിരിക്കുന്നു.
താഴത്തെ നില സാധാരണയായി കന്നുകാലികളെ പാർപ്പിക്കാനും മുകളിലത്തെ നിലകൾ താമസത്തിനും അടുക്കളയ്ക്കുമായാണ് ഉപയോഗിക്കുന്നത്. വെളിച്ചത്തിനും കാറ്റിനുമായി പാറകളിൽ തന്നെ ജനലുകളും തുരന്നെടുത്തിട്ടുണ്ട്.
ലോകത്ത് ഇത്തരത്തിലുള്ള മറ്റ് ശിലാ ഗ്രാമങ്ങൾ ഉണ്ടെങ്കിലും, ജനങ്ങൾ ഇന്നും താമസിക്കുന്ന ഏക ഗുഹാ ഗ്രാമം എന്ന പദവി കന്ദോവന് സ്വന്തമാണ്. പുരാതന കാലം മുതൽ തന്നെ മേദ്യർ, സസാനിഡ്സ് തുടങ്ങിയ വിവിധ സാമ്രാജ്യങ്ങളുടെ സ്വാധീനം ഈ പ്രദേശത്ത് ഉണ്ടായിരുന്നു.
ഖനനങ്ങളിലൂടെ ലഭിച്ച മൺപാത്രങ്ങളും മറ്റ് ചരിത്രരേഖകളും കന്ദോവന്റെ പൗരാണികതയിലേക്ക് വിരൽ ചൂണ്ടുന്നു. ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക ഈ ഗ്രാമത്തിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ഇത് വീണ്ടും ആഗോള ശ്രദ്ധയാകർഷിച്ചത്.
പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിന്റെയും സുസ്ഥിരമായ നിർമ്മാണ രീതികളുടെയും ഉത്തമ ഉദാഹരണമായിട്ടാണ് അദ്ദേഹം ഈ ഗ്രാമത്തെ വിശേഷിപ്പിച്ചത്.
ഇന്നും ഈ വീടുകളിൽ വൈദ്യുതിയും കുടിവെള്ളവും ലഭ്യമാണ് എന്നത് ആധുനികതയും പാരമ്പര്യവും എങ്ങനെ ഒത്തുപോകുന്നു എന്നതിന്റെ തെളിവാണ്.
കേവലം ഒരു വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി, മനുഷ്യന്റെ സർഗാത്മകതയും പ്രകൃതി നിയമങ്ങളും കൈകോർത്ത ഈ ഗ്രാമം വരുംതലമുറകൾക്ക് വലിയൊരു പാഠപുസ്തകം കൂടിയാണ്.
International
ന്യൂഡൽഹി: ഇന്ത്യൻ പൗരൻമാർക്ക് വിസ രഹിത പ്രവേശനം അവസാനിപ്പിച്ച് ഇറാൻ. കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് ഇന്ത്യക്കാർക്കുള്ള വിസ ഇളവ് അവസാനിപ്പിച്ചതായി ഇറാൻ അറിയിച്ചിരിക്കുന്നത്.
മനുഷ്യക്കടത്ത്, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ വർധിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നവംബർ 22 മുതൽ ഇന്ത്യൻ പൗരൻമാർക്ക് ഇറാൻ വിസ രഹിത പ്രവേശനം നിഷേധിച്ചതായി വ്യക്തമാക്കിയത്.
നവംബർ 22ന് ശേഷം ഇറാനിൽ പ്രവേശിക്കുന്നതിനും ഇറാനിലൂടെ മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്നതിനും സാധാരണ പാസ്പോർട്ടുള്ള എല്ലാ ഇന്ത്യൻ പൗരൻമാരും മുൻകൂട്ടി വിസ എടുക്കേണ്ടിവരും.
2024 ഫെബ്രുവരി 4 മുതലാണ് വിനോദസഞ്ചാരത്തിനായി ഇന്ത്യക്കാർക്ക് വിസയില്ലാതെ ഇറാനിലേക്ക് പ്രവേശിക്കാനുള്ള പദ്ധതി നടപ്പിലാക്കിയിരുന്നത്. പരമാവധി 15 ദിവസം വരെ വിസയില്ലാതെ താമസിക്കാനായിരുന്നു ഇറാൻ അനുമതി നൽകിയിരുന്നത്.
International
ടെഹ്റാൻ: വരൾച്ച രൂക്ഷമായതിനെത്തുടർന്ന് ജനങ്ങൾ ജലോപയോഗം പരിമിതപ്പെടുത്തണം എന്നഭ്യർഥിച്ച് ഇറേനിയൻ സർക്കാർ.
ഉടൻ മഴ പെയ്തില്ലെങ്കിൽ തലസ്ഥാനമായ ടെഹ്റാനിൽ വെള്ളത്തിനു റേഷൻ ഏർപ്പെടുത്തേണ്ടിവരുമെന്ന് പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ മുന്നറിയിപ്പു നല്കി. റേഷൻ ഏർപ്പെടുത്തിയാലും പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സീസണിൽ മഴ കുറഞ്ഞതാണു ജലദൗർലഭ്യത്തിനു കാരണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മഴയിൽ 92 ശതമാനം കുറവാണുണ്ടായത്. പ്രധാന ജലസംഭരണികൾ വരണ്ടുതുടങ്ങി. ടെഹ്റാനിലേക്കു ജലം എടുക്കുന്ന ലാറ്റിയൻ അണക്കെട്ടിൽ പത്തു ശതമാനം വെള്ളമേ അവശേഷിക്കുന്നുള്ളൂ.
അടുത്ത പത്തു ദിവസത്തിനുള്ളിൽ മഴ ഉണ്ടാവില്ലെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ പറഞ്ഞത്.
International
ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുമെതിരേ "ഫത്വ' പുറപ്പെടുവിച്ച് ഇറാൻ.
"ദൈവത്തിന്റെ ശത്രുക്കൾ' എന്നു മുദ്രകുത്തി ഇറാനിലെ ഉന്നത ഷിയ പുരോഹിതൻ ആയത്തുള്ള നാസർ മകരേം ഷിരാസി ആണ് "ഫത്വ' പുറപ്പെടുവിച്ചത്. ഇസ്ലാമിക നേതൃത്വത്തെ ഭീഷണിപ്പെടുത്തിയ അമേരിക്കൻ, ഇസ്രയേൽ നേതാക്കളെ സ്ഥാനഭ്രഷ്ടരാക്കാൻ ലോകമെമ്പാടുമുള്ള മുസ്ലിംകളോട് ഷിരാസി ആഹ്വാനം ചെയ്തു.
ഇസ്ലാമികരാജ്യത്തെയോ, നേതാവിനെയോ ഭീഷണിപ്പെടുത്തുന്ന ഏതൊരു വ്യക്തിയെയും ഭരണകൂടത്തെയും "യുദ്ധപ്രഭു' അല്ലെങ്കിൽ "മൊഹറേബ്' ആയി കണക്കാക്കുന്നുവെന്നും ഷിരാസി പറഞ്ഞു.
"മൊഹറബ്' എന്നാൽ ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്ന ആളാണെന്നും ഇറാനിയൻ നിയമപ്രകാരം "മൊഹറബ്' എന്ന കുറ്റം ചുമത്തുന്നവർക്ക് വധശിക്ഷ, കുരിശിലേറ്റൽ, അവയവങ്ങൾ മുറിച്ചുമാറ്റൽ അല്ലെങ്കിൽ നാടുകടത്തൽ എന്നിവ നേരിടേണ്ടിവരുമെന്നും ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
അത്തരം ശത്രുക്കൾക്കായി മുസ്ലിംകളോ, ഇസ്ലാമിക രാഷ്ട്രങ്ങളോ നടത്തുന്ന ഏതു തരത്തിലുള്ള സഹകരണവും പിന്തുണയും ഹറാമോ നിഷിദ്ധമോ ആണ്. തന്റെ മതകടമ നിറവേറ്റുന്ന മുസ്ലിമിന് നഷ്ടങ്ങൾ നേരിടേണ്ടിവന്നാൽ, പോരാളിയായി പ്രതിഫലം ലഭിക്കുമെന്നും ഫത്വയിൽ ഷിരാസി പറയുന്നു.