പാരീസ്: ജനകീയ പ്രക്ഷോഭത്തിനെതിരായ ഇറേനിയൻ ഭരണകൂടത്തിന്റെ നടപടികളിൽ 15,000 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നു റിപ്പോർട്ട്. ഇറേനിയൻ ആക്ടിവിസ്റ്റായ ഇല്യ ഹാഷേമിയാണ് ഇക്കാര്യം ഒരു പാശ്ചാത്യമാധ്യമത്തെ അറിയിച്ചത്.
ഇറാനിൽ ദിവസങ്ങളായി ഇന്റർനെറ്റ് ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റുകൾ മുഖേന പരിമിതമായി ഇന്റർനെറ്റ് ലഭിക്കുന്നുണ്ട്. ഇറാനകത്തേക്കും പുറത്തേക്കും വിവരങ്ങൾ കൈമാറാനുള്ള ഏക മാർഗമാണിത്. ഭരണകൂടം വ്യാപകമായി പ്രതിഷേധക്കാരെ കൊന്നൊടുക്കുകയാണ്.
ടെഹ്റാൻ, ഷിറാസ്, റഷ്ത്, സരി, കെർമാൻ നഗരങ്ങളിലെ ആശുപത്രിവൃത്തങ്ങളുമായി ബന്ധപ്പെട്ടതായി ഹാഷേമി പറഞ്ഞു. ഇവർ നൽകിയ വിവരങ്ങൾ പ്രകാരം കുഞ്ഞത് 15,000 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണവും വളരെ വലുതാണ്.
പലർക്കും കാഴ്ചശക്തി നഷ്ടമായി. ഒരാശുപത്രിയിൽ മാത്രം കാഴ്ചശക്തി പോയ 300 പേർ ചികിത്സ തേടിയിട്ടുണ്ട്. സ്റ്റാർലിങ്ക് ഉപകരണങ്ങൾ കണ്ടെത്താനായി റേഡിയോ ഫ്രീക്വൻസി ഡിറ്റക്ടറുകൾ ഇറേനിയൻ ഭരണകൂടം ഉപയോഗിക്കുന്നുണ്ട്.
ഇന്റർനെറ്റ് ഉപയോഗം കണ്ടെത്തുന്ന സ്ഥലങ്ങളിൽ ഉപകരണങ്ങൾ സ്തംഭിപ്പിക്കാൻ ശ്രമിക്കുന്നതായും ഷാഹേമി കൂട്ടിച്ചേർത്തു. ഇറാനിൽ 2,571 പേർ മരിച്ചുവെന്നാണ് പാശ്ചാത്യമാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 2,424 പേർ പ്രതിഷേധക്കാരും 147 പേർ സുരക്ഷാഭടന്മാരുമാണ്. 18,137 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
Tags : Iran popular protests Ilya Hashemi Iranian activist