Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിൽ മോചിതനായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യ ഉത്തരവിൽ എസ്ഐടിക്ക് വൻ തിരിച്ചടി. കേസിൽ തന്ത്രിയുടെ പങ്ക് തെളിയിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്ന് ജാമ്യ ഉത്തരവിൽ പറയുന്നു.
ഇതുകൂടാതെ രണ്ട് കേസുകളിലും തന്ത്രിയുടെ പങ്കിന് തെളിവുകളില്ലെന്നും ശ്രീകോവിലിന് പുറത്തുള്ള വസ്തുക്കളിൽ തന്ത്രിക്ക് ഉത്തരവാദിത്തമില്ലെന്നും ജാമ്യ ഉത്തരവിൽ വ്യക്തമാക്കുന്നു. ബുധനാഴ്ചയാണ് തന്ത്രി ജാമ്യം നേടി ജയിൽ മോചിതനായത്.
കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ വാദങ്ങൾ തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ തന്ത്രിക്ക് ചുമതലയില്ലെന്നും ശില്പങ്ങളും പാളികളും സ്വർണം പൂശുന്നത് പൂജാവിധിയോ ആചാരമോ അല്ലെന്നും ജാമ്യ ഉത്തരവിൽ പറയുന്നു.
ഇതിനുപുറമേ മഹസറുകളിൽ തന്ത്രി ഒപ്പിട്ടിട്ടില്ലെന്നും കോടതി കണ്ടെത്തി. ഗൂഢാലോചന വാദം നിലനിൽക്കില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലം വിജിലൻസ് കോടതിയാണ് തന്ത്രിക്ക് കേസിൽ ജാമ്യം അനുവദിച്ചത്.
Kerala
കൊല്ലം: കടയ്ക്കലിൽ എസ്എഫ്ഐ നേതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എസ്എഫ്ഐ കടയ്ക്കല്‍ ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിനന്ദ് ആണ് മരിച്ചത്.
വീടിനുള്ളിലാണ് അഭിനന്ദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടുക്കൽ സ്വദേശിയാണ്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
Kerala
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ വിധി പറയാനിരിക്കെ പ്രതിയായ അന്യസംസ്ഥാന തൊഴിലാളി കോടതിയിൽ നിന്ന് മുങ്ങി. ആസാം സ്വദേശി സിറാജുൽ ഹഖ് (36) ആണ് കോടതിയിൽ നിന്ന് കടന്നുകളഞ്ഞത്.
കരുനാഗപ്പള്ളി പോക്സോ കോടതിയിൽ ചൊവ്വാഴ്ചയാണ് സംഭവം. കേസിൽ ജാമ്യത്തിലായിരുന്ന പ്രതിയെ കോടതി വിധി പറയാനിരിക്കെ പോലീസ് സ്ഥലത്തെത്തിച്ചിരുന്നു. എന്നാൽ ശിക്ഷ വിധിച്ചപ്പോഴേക്കും പ്രതി കോടതിയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.
വകുപ്പുകൾ പ്രകാരം 23 വർഷം തടവും 2,10,000 രൂപ പിഴയുമാണ് പ്രതിക്ക് കോടതി വിധിച്ച ശിക്ഷ. മൈനാഗപ്പള്ളിയിലുള്ള ഒരു ഇഷ്ടിക കമ്പനിയിൽ ജോലി ചെയ്യുന്ന കാലയളവിലാണ് പ്രതി സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചത്.
പെൺകുട്ടി തന്റെ ഭാര്യയാണെന്നാണ് പ്രതി മറ്റുള്ളവരോട് പറഞ്ഞിരുന്നത്. പെരിന്തൽമണ്ണയിലുള്ള കുട്ടിയുടെ പിതൃസഹോദരി ചൈൽഡ് ലൈനിലും പോലീസിലും പരാതി നൽകിയതോടെയാണ് സംഭവം പുറത്തായത്.
ഇതേ തുടർന്ന് ശാസ്താംകോട്ട പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
Kerala
കൊല്ലം: തെന്മല ഡാമിൽ കണ്ടെത്തിയ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം തമിഴ്നാട് സ്വദേശിയുടേതെന്ന് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെയാണ് ഡാം സുരക്ഷാ ജീവനക്കാർ മൃതദേഹം കണ്ടെത്തിയത്.
ഇതേ തുടർന്ന് ജീവനക്കാർ കുളത്തൂപ്പുഴ പോലീസിൽ വിവരം അറിയിച്ചു. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഡാം ടോപ്പിൽ നിന്നും കണ്ടെത്തിയ ബാഗിൽ നിന്ന് തിരുനെൽവേലി സ്വദേശിയുടെ തിരിച്ചറിയൽ രേഖകൾ ലഭിച്ചിരുന്നു.
തിരുനെൽവേലി സ്വദേശി ഉലകമണി (26) ആണ് മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തുടർന്ന് പോലീസ് ബന്ധുക്കളെ വിവരമറിയിച്ചു. നാല് ദിവസം മുൻപ് ഉലകമണിയെ ഡാമിന് സമീപത്ത് നിന്ന് കാണാതായിരുന്നു.
ജോലി തേടിയാണ് ഇയാൾ കേരളത്തിലേക്ക് എത്തിയത്. ഇതിനിടെ ഉലകമണിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ തിരുനെൽവേലി പോലീസിൽ പരാതിയും നൽകിയിരുന്നു. പിന്നാലെയാണ്
ഡാമിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
അഗ്നിശമന സേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം ഉലകമണിയുടേത് ആണെന്ന് ഉറപ്പിക്കാൻ സാധിക്കൂ. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കുളത്തൂപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊല്ലം: പരവൂരിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെ തിരയിൽപ്പെട്ട് കാണാതായി. രണ്ട് പ്ലസ് വൺ വിദ്യാർഥികളെയാണ് കാണാതായത്.
അയത്തിൽ സ്വദേശി കണ്ണൻ, വിപിൻ എന്നിവരെയാണ് കാണാതായത്. തിരയിപ്പെട്ട മറ്റ് മൂന്ന് വിദ്യാർഥികളെ രക്ഷപ്പെടുത്തി. പൊഴിക്കര ദേവി ക്ഷേത്രത്തിന് സമീപത്താണ് സംഭവം.
National
ന്യൂഡല്‍ഹി: കൊല്ലത്ത് അനുവദിച്ച ഇഎസ്ഐ മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്നു കേന്ദ്ര തൊഴില്‍ മന്ത്രി മൻസുഖ് മാണ്ഡവ്യ ലോക്സഭയില്‍ വ്യക്തമാക്കി.
തൊഴിലാളികള്‍ക്കായുള്ള മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ അവസരം നല്‍കാത്ത സംസ്ഥാനത്തിന് തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചു പറയാന്‍ അര്‍ഹതയില്ലെന്നും മന്ത്രി പറഞ്ഞു.
ഇഎസ്ഐ ബോര്‍ഡ് അംഗം കൂടിയായ എന്‍.കെ. പ്രേമചന്ദന് ആവശ്യപ്പെട്ടതനുസരിച്ചാണ് മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ തീരുമാനിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസത്തിനും 200 മുതല്‍ 300 വരെ പേര്‍ക്കു തൊഴില്സാധ്യതയുണ്ടായിരുന്ന മെഡിക്കല്‍ കോളജിന് സംസ്ഥാന സര്‍ക്കാര്‍ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്കാത്തതുകാരണം പദ്ധതി നഷ്ടപ്പെട്ടതായാണ് ആരോപണം.
നാഷണല്‍ മെഡിക്കല്‍ കമ്മീഷന് അപേക്ഷ നല്കാന് എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണെന്നും മാണ്ഡവ്യ പറഞ്ഞു. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് നിയമഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
Kerala
കൊല്ലം: ഇടത് സർക്കാർ കെഎസ്ആർടിസിയെ ലാഭത്തിലാക്കിയെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ. കാലോചിതമായ പരിഷ്ക്കാരങ്ങളിലൂടെ സംസ്ഥാന സർക്കാരിന് കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ സാധിച്ചെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
അടിസ്ഥാന സൗകര്യ മേഖലയിലെ വിപുലീകരണം പൊതുഗതാഗത സംവിധാനങ്ങളെയും മെച്ചപ്പെടുത്തും. കെഎസ്ആർടിസിയുടെ വരുമാന വർധനവിനും യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സർക്കാർ നടപ്പാക്കിയ പദ്ധതികൾ വിജയിച്ചുവെന്നും ബാലഗോപാൽ പറഞ്ഞു.
ഇടിസി അങ്കണവാടി ജംഗ്ഷൻ മുതൽ കൊട്ടാരക്കര വരെയും തിരിച്ചും സർവീസ് നടത്തുന്ന സർക്കുലർ മിനി ബസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.എൻ. ബാലഗോപാൽ. ഇടിസി ജംഗ്ഷനും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ള പുതിയ സ്ഥാപനങ്ങളിലേക്കെത്താൻ സാധിക്കും വിധമാണ് പുതിയ ബസ് സർവീസ് നടപ്പാക്കിയതെന്നും മന്ത്രി അറിയിച്ചു.
ഇടിസി ജംഗ്ഷൻ, തോട്ടമുക്ക്, നവോദയ, കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ, കൊട്ടാരക്കര ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലൂടെ രാവിലെയും വൈകിട്ടുമായാണ് ബസ് സർവീസ്.
Kerala
കൊല്ലം: കൊട്ടാരക്കരയിൽ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. പത്തനംതിട്ട ആനയടി സ്വദേശി സുജിത്(37) ആണ് മരിച്ചത്. കൊട്ടാരക്കര പുത്തൂരിലാണ് സംഭവം. ഇലക്ട്രിക് പോസ്റ്റിൽ നിന്നാണ് സുജിത്തിന് ഷോക്കേറ്റത്.
ചെറുമങ്ങാട് ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിനായി ഇലക്ട്രിക് പോസ്റ്റിൽ കയറി ട്യൂബ് കെട്ടുന്നതിനിടെ ആയിരുന്നു അപകടം. സ്ട്രീറ്റ് ലൈറ്റിന്റെ വയറിൽ തട്ടി വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഓപ്പറേഷന് ഡി-ഡാഡ് സെന്ററുകളില്‍ എത്തിയ കേസുകളില്‍ കൂടുതലും കൊല്ലം ജില്ലയില്‍നിന്ന്. ഇവിടെ നിന്ന് 591 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2023 ജനുവരി ഒന്നു മുതല്‍ 2026 ജനുവരി 19 വരെയുള്ള സംസ്ഥാന ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്കുകളാണ് ഇത് സൂചിപ്പിക്കുന്നത്.
ഇന്നത്തെ തലമുറയിലെ കുട്ടികളിലും യുവാക്കളിലും കണ്ടുവരുന്ന ഡിജിറ്റല്‍ ആസക്തിയില്‍ നിന്ന് മോചനം നല്‍കാനായി കേരള പോലീസ് തുടങ്ങിയതാണ് ഡിജിറ്റല്‍ ഡി- അഡിക്ഷന് (ഡി- ഡാഡ്) സെന്ററുകള്‍.
ഡിജിറ്റല്‍- ഇ ഉപകരണങ്ങളുടെ അമിത ഉപയോഗം നിയന്ത്രിച്ച് സുരക്ഷിതവും ഉത്തരവാദിത്വവുമുള്ള ഓണ്‍ലൈന്‍ ശീലങ്ങള്‍ രൂപപ്പെടുത്തുക എന്നതാണ് ഡി- ഡാഡ് സെന്ററുകളുടെ ലക്ഷ്യം.
സംസ്ഥാനത്തെ ആറു നഗരങ്ങളില്‍ ആരംഭിച്ച ഡി ഡാഡ് സെന്ററുകള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ എട്ട് ജില്ലകളിലേക്കു കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.
ഡി- ഡാഡ് സെന്ററുകളില്‍ എത്തിയ കേസുകളില്‍ രണ്ടാം സ്ഥാനം തൃശൂരിനാണ്. ഇവിടെ നിന്ന് 381 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. 345 കേസുകളുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമുണ്ട്. ഡിജിറ്റല്‍ ആസക്തിയുമായി ബന്ധപ്പെട്ട് എറണാകുളത്തുനിന്ന് 300 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.
റിപ്പോര്‍ട്ട് ചെയ്തത് 2,309 കേസുകള്‍
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഡി- ഡാഡ് സെന്ററുകളിലെത്തിയ കേസുകളുടെ ആകെ എണ്ണം 2,309 ആണ്. നിലവില്‍ 654 കേസുകള്‍ തുടരുന്നുണ്ട്.
കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി 315 കേസുകള്‍ റഫര്‍ ചെയ്യുകയുണ്ടായി. 1,306 കേസുകളില്‍ തീര്‍പ്പായി. 34 കേസുകള്‍ ഇടയ്ക്കുവച്ച് നിര്‍ത്തുകയുണ്ടായി.
ജില്ല, ആകെ കേസുകള്‍, തുടരുന്ന കേസുകള്‍, റഫര്‍ ചെയ്തവ, തീര്‍പ്പാക്കിയവ, ഇടയ്ക്കുവച്ച് നിര്‍ത്തിയവ...
ആകെ കേസുകള്‍: 2,309, 654, 315.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി വാദം കേൾക്കാനായി മാറ്റി. ഫെബ്രുവരി ഒമ്പതിന് കോടതി വിശദമായ വാദം കേൾക്കും.
കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ്പ കേസിലും കോടതി ഒരുമിച്ചാണ് വാദം കേൾക്കുക. രണ്ട് കേസിലും തനിക്ക് പങ്കില്ലെന്നാണ് തന്ത്രി ജാമ്യഹർജിയിൽ പറയുന്നത്. ആചാരപരമായ കാര്യങ്ങളിലല്ലാതെ സ്വർണക്കൊള്ളയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും തന്ത്രി വ്യക്തമാക്കി.
എന്നാൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയോട് ഉൾപ്പടെ തന്ത്രിക്ക് അടുത്ത ബന്ധം ഉണ്ടെന്നാണ് എസ്ഐടി കണ്ടെത്തൽ. എസ്ഐടി റിപ്പോർട്ടും ഫെബ്രുവരി ഒമ്പതിന് കോടതിയിൽ സമർപ്പിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി ബുധനാഴ്ചയാണ് കോടതി പരിഗണിക്കുന്നത്.
കേസിൽ ഇതുവരെ മൂന്നുപേരാണ് ജയിൽ മോചിതരായത്. മുരാരി ബാബുവിനും സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യം അനുവദിച്ച കോടതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനും ജാമ്യം നൽകിയിരുന്നു.
ദ്വാരപാലക ശിൽപ്പ കേസിൽ ജാമ്യം ലഭിച്ച ഉണ്ണികൃഷ്ണൻ പോറ്റി കട്ടിളപ്പാളി കേസിലാണ് ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ ഹൈക്കോടി ഉൾപ്പടെ വിമർശനം ഉന്നയിച്ചിട്ടും എസ്ഐടി ഇതുവരെയും തീരുമാനം എടുത്തിട്ടില്ല.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ വിചാരണ തടവിൽ തുടരുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് കണ്ഠര് രാജീവരുടെ ജാമ്യ ഹർജി പരിഗണിക്കുന്നത്.
കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും കണ്ഠര് രാജീവര് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ശബരിമല സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നും അചാരങ്ങൾ പാലിച്ച് മാത്രം പ്രവർത്തിച്ചയാളാണ് താനെന്നുമാണ് തന്ത്രിയുടെ വാദം.
എന്നാൽ കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമാണുള്ളതെന്നും ഗൂഢാലോചനയിൽ ഉൾപ്പെടെ പങ്കുണ്ടെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തൽ. ദ്വാരപാലക ശില്പ കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ച പോറ്റി കട്ടിളപ്പാളി കേസിലും ജാമ്യഹർജി സമർപ്പിച്ചിട്ടുണ്ട്.
അതേസമയം, കേസിൽ ഇതുവരെ മൂന്ന് പ്രതികളാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ശ്രീകുമാർ എന്നിവർക്കാണ് ഇതുവരെ ജാമ്യം ലഭിച്ചിട്ടുള്ളത്.
90 ദിവസം റിമാൻഡ് പൂർത്തിയായതിന് പിന്നാലെയാണ് മുരാരി ബാബുവിനും സുധീഷ് കുമാറിനും ജാമ്യം ലഭിച്ചത്. എസ്. ശ്രീകുമാറിന് 43ാം ദിവസമാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജാമ്യം നേടുന്നത്.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിച്ചേക്കും. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യ നീക്കം.
കട്ടിളപ്പാളി കേസിൽ 90 ദിവസം റിമാൻഡ് കാലാവധി പൂർത്തിയായതോടെ ഉണ്ണികൃഷ്ണൻ പോറ്റി സ്വാഭാവിക ജാമ്യം തേടിയത്. ആദ്യം അറസ്റ്റിലായ ദ്വാരപാലക കേസിൽ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.
അതേസമയം ദ്വാരപാലക ശില്പങ്ങളുടെ കേസിൽ തന്ത്രി കണ്ഠര് രാജീവര് ഇന്ന് ജാമ്യാപേക്ഷ നൽകും. ഞായറാഴ്ച നെഞ്ചുവേദനയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കണ്ഠര് രാജീവരെ ഇന്ന് ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കും.
ചൊവ്വാഴ്ച കട്ടിളപ്പാളി കേസിലെ തന്ത്രിയുടെ ജാമ്യഹർജി കോടതി പരിഗണിക്കുന്നുണ്ട്. രണ്ട് കേസുകളിലെയും അപേക്ഷകൾ ഒരുമിച്ച് പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെടും. ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ സമർപ്പിച്ച ജാമ്യ ഹർജികളും ഇന്ന് പരിഗണിക്കും.
District News
കൊല്ലം: ഓട്ടോറിക്ഷയിൽ മറന്നുവച്ച സ്വർണവും പണവും അടങ്ങിയ ബാഗ് കണ്ടെത്താൻ യുവതിക്ക് സഹായമായി കൊല്ലം ഈസ്റ്റ് പോലീസ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകളുടെ അടുക്കൽ എത്തുന്നതിനുവേണ്ടി പള്ളിമുക്കിൽ നിന്നും ഓട്ടോറിക്ഷയിൽ കയറിയ യുവതി ഏഴു പവനോളം സ്വർണവും പണവും അടങ്ങിയ ബാഗ് ഓട്ടോറിക്ഷയിൽ മറന്ന് വയ്ക്കുകയായിരുന്നു.
പിന്നീട് ബാഗ് നഷ്ടമായത് മനസിലാക്കിയ യുവതി നിലവിളിയോടെ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ഓടിയെത്തി സഹായം തേടി. ഉടൻ തന്നെ കൊല്ലം ഈസ്റ്റ് പോലീസ് സബ് ഇൻസ്പെക്ടർ സരിതയുടെ നേതൃത്വത്തിൽ യുവതിയുമായി പോലീസ് സംഘം പള്ളിമുക്കിന് സമീപമുള്ള ഓട്ടോ സ്റ്റാന്‍ഡിൽ എത്തിയെങ്കിലും ഓട്ടോറിക്ഷ അവിടെ ഉണ്ടായിരുന്നില്ല.
അൽപ സമയത്തിന് ശേഷം ഓട്ടോറിക്ഷയുമായി സ്റ്റാന്‍ഡി ലെത്തിയ ഡ്രൈവർ ഷമീർ, പോലീസ് സംഘത്തെ ഏൽപ്പിക്കാനായി ത െന്റ വാഹനത്തിൽ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന പണവും സ്വർണവും അടങ്ങിയ ബാഗ് പോലീസ് സംഘത്തി െ ന്റ സാന്നിധ്യത്തിൽ യുവതിക്ക് തിരികെ ഏൽപ്പിക്കുകയായിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവറായ ഷെമീറി െ ന്റ സത്യസന്ധതയെ പോലീസ് സംഘം അഭിനന്ദിച്ചു.
Kerala
കൊല്ലം: കൊല്ലം - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന (06169/06170) മെമു സ്പെഷൽ ട്രെയിനുകൾ ഫെബ്രുവരി 27 വരെ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. നേരത്തേ ഈ ട്രെയിനുകൾ ജനുവരി 30 വരെ സർവീസ് നടത്താനാണ് തീരുമാനിച്ചിരുന്നത്.
തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ അഞ്ച് ദിവസമാണ് ഈ മെമു ട്രെയിനുകൾ ഓടുന്നത്. ഈ ട്രെയിനുകൾ ആഴ്ചയിൽ എല്ലാ ദിവസവും ഓടിച്ച് സ്ഥിരം സർവീസാക്കണമെന്ന യാത്രക്കാരുടെയും വിവിധ സംഘടനകളുടെയും ആവശ്യം റെയിൽവേ ഇരുവരെ പരിഗണിച്ചിട്ടില്ല.
ഇതുകൂടാതെ തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി ) -മംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന അന്ത്യോദയ സ്പെഷൽ ട്രെയിനും ( 06163/06164) ഫെബ്രുവരി 24 വര ദീർഘിപ്പിച്ചിട്ടുണ്ട്. പാലക്കാട്-കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന പ്രതിദിന അൺ റിസർവ്ഡ് സ്പെഷൽ ട്രെയിനും 28 വരെ സർവീസ് നീട്ടിയിട്ടുണ്ട്.
Kerala
കൊല്ലം: കൊട്ടാരക്കരയിൽ ഉപയോഗശൂന്യമായ കിണറ്റിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി. അവണൂർ വിഷ്ണു നിവാസിൽ വിഷ്ണു ലാൽ (41) ആണ് മരിച്ചത്. വെൽഡിംഗ് തൊഴിലാളിയാണ് മരിച്ച വിഷ്ണുലാൽ.
വീടിന് സമീപമുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികൾ നടത്തിയ പരിശോധയിലാണ് കിണറ്റിൽ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുള്ളതായി കണക്കാക്കുന്നു.
വ്യാഴാഴ്ച രാത്രിയോടെ അഗ്നിശമനസേന സ്ഥലത്തെത്തിയാണ് കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
കൊല്ലം സ്വദേശിയായ വിഷ്ണുലാൽ മൂന്ന് വർഷമായി അവണൂരിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കൊട്ടാരക്കര പോലീസിൽ പരാതി നൽകിയിരുന്നു.
Kerala
കൊല്ലം: കൊട്ടാരക്കരയിൽ എതിർദിശയിൽ വന്ന ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മറ്റ് രണ്ട് പേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊട്ടാരക്കര നെടുവത്തൂരിന് സമീപമാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ ഒരു ബൈക്കിന് തീപിടിച്ചു. ഇതേ തുടർന്ന് പൊള്ളലേറ്റാണ് ഒരാൾ മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കൊട്ടാരക്കര - കൊല്ലം റോഡിൽ താമരശേരി ജംഗ്ഷന് സമീപമാണ് അപകടം നടന്നത്.
ആളൊഴിഞ്ഞ പ്രദേശത്താണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഒരു വാഹനത്തിന് തീപിടിച്ചതോടെ സാഹചര്യം ഗുരുതരമായി. അപകടത്തിൽപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Kerala
കൊല്ലം: ക്ഷേത്രത്തിൽ നായയുമായെത്തി ആക്രമണം നടത്തിയ ഗുണ്ടാ നേതാവ് പോലീസ് ജീപ്പ് ഇടിച്ച് തെറിപ്പിച്ചു. കൊല്ലം പത്തനാപുരം പിടവൂർ പുത്തൻകാവ് മഹാവിഷ്ണു ക്ഷേത്രത്തിലുണ്ടായ സംഭവത്തിൽ പ്രതിയായ സജീവൻ ഓടിരക്ഷപ്പെട്ടു.
ക്ഷേത്ര അന്നദാനപുരയിൽ നായയുമായെത്തിയ ഇയാൾ അതിക്രമം നടത്തി. തുടർന്ന് ക്ഷേത്ര ഭാരവാഹികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയതോടെ ഇയാൾ തന്റെ ഓഫ് റോഡ് വാഹനം ഉപയോഗിച്ച് പോലീസ് ജീപ്പിൽ ഇടിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ രണ്ടു പോലീസുകാർക്ക് പരിക്കേറ്റു. വർഷങ്ങൾക്കു മുമ്പ് അനധികൃതമായി ടിപ്പറിൽ മണൽ കടത്തിയ ഇയാളെ പിടിക്കാൻ പോലീസ് എത്തിയപ്പോൾ മണൽ പോലീസ് ജീപ്പിനു മുകളിൽ ഇട്ടശേഷം സജീവൻ രക്ഷപ്പെടുകയായിരുന്നു.
Kerala
കൊല്ലം: കേരളപുരത്ത് പിതൃസഹോദരനെ മർദിക്കുന്നത് തടയാനെത്തിയ യുവാവിനെ വെട്ടിക്കൊന്നു. കേരളപുരം മുണ്ടൻചിറ മാടൻകാവിനു സമീപം ജിതേഷ്ഭവനത്തിൽ സജീവിന്റെയും ഷീലയുടെയും മകൻ സജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
നെടുമ്പന ആയുർവേദ ആശുപത്രിക്ക് സമീപം അനുജാഭവനിൽ അനന്തു ആനന്ദൻ (29), വർക്കല പനയറ സനോജ്ഭവനിൽ പ്രസാദ് (46), നെടുമ്പന ആയുർവേദ ആശുപത്രിക്കടുത്ത് ആയുർവേദ ആശുപത്രിക്കടുത്ത് സുരാജ്ഭവനിൽ സുനിൽരാജ് (38), നെടുമ്പന ഇടപ്പനയം നൈജുഭവനിൽ ഷൈജു (40), ഇടപ്പനയം ബിബി സദനത്തിൽ ബൈജു (42), ഇടപ്പനയം. അതുൽനിവാസിൽ അതുൽ രാമചന്ദ്രൻ (27), സഹോദരൻ അഖിൽ രാമചന്ദ്രൻ (24) എന്നിവരാണ് അറസ്റ്റിലായത്.
കണ്ടാലറിയാവുന്ന മറ്റൊരാളും പ്രതിപ്പട്ടികയിലുണ്ട്. ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. സജിത്തിന്റെ അച്ഛന്റെ സഹോദരൻ പവിത്രൻ അയൽവാസിയായ ഷൈജുവുമായി തർക്കമുണ്ടായതറിഞ്ഞാണ് സജിത്ത്, സഹോദരൻ സുജിത്, അയൽവാസി അശ്വിൻ എന്നിവർക്കൊപ്പം കേരളപുരത്തുള്ള പവിത്രന്റെ വീട്ടിലെത്തിയത്.
സംഘർഷമുണ്ടായതോടെ പവിത്രൻ കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി പറയുകയും പോലീസ് സ്ഥലത്തെത്തി തർക്കം പരിഹരിച്ച് മടങ്ങുകയും ചെയ്തു. പോലീസ് നിർദേശിച്ച പ്രകാരം സജിത്തും സഹോദരനും മടങ്ങാൻ ശ്രമിക്കുമ്പോഴാണ് വീടിനു സമീപം വടക്കടത്ത് ഏലാ ചങ്ങാതി മുക്ക്റോഡിൽ വെച്ച് പ്രതികൾ ഇവരെ ആക്രമിച്ചത്. വെട്ടിയും കുത്തിയുമാണ് കൊലപ്പെടുത്തിയത്.
പോലീസിനെ വിളിച്ചുവരുത്തിയതായിരുന്നു പ്രതികളെ പ്രകോപിപ്പിച്ചത്.മുറിവേറ്റ് റോഡിൽ കിടന്ന സജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പോലും അക്രമിസംഘം അനുവദിച്ചില്ല. കണ്ണനല്ലൂർ പോലീസ് എത്തി പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.
സജിത്തിന്റെ സഹോദരൻ സുജിത്ത് (19), അയൽവാസി അശ്വിൻ എന്നിവർക്കും പ്രതികൾക്കും സംഘർഷത്തിൽ പരിക്കേറ്റു. പ്രതികൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സജിത്തിന്റെ മൃതദേഹം വൈകുന്നേരം പോളയത്തോട് ശ്മശാനത്തിൽ സംസ്കരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Kerala
കൊല്ലം: തേവലക്കര ബോയ്സ് സ്കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപികയുടെ സസ്പെൻഷൻ പിൻവലിച്ചു. പ്രധാനാധ്യാപിക സുജയുടെ സസ്പെൻഷനാണ് പിൻവലിച്ചത്. സുജ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്.
സ്കൂളിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഷെഡിന് മുകളിൽ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് മിഥുൻ എന്ന വിദ്യാർഥിക്ക് ഷോക്കേറ്റത്. 2025 ജൂലൈ 17ന് ആയിരുന്നു അപകടം നടന്നത്. ഇതേ തുടർന്നാണ് 15 ദിവസത്തേക്ക് പ്രധാനാധ്യാപികയായിരുന്ന സുജയെ സസ്പെൻഡ് ചെയ്തത്.
ഇതിനിടെ സർക്കാർ സ്കൂൾ ഏറ്റെടുത്ത് ഡിഇഒക്ക് ചുമതല കൈമാറി. തുടർന്ന് സസ്പെൻഷൻ നീട്ടി. സസ്പെൻഷൻ കാലാവധി ആറ് മാസം കഴിഞ്ഞതോടെയാണ് പിൻവലിച്ചത്. അധ്യാപിക മാർച്ചിൽ വിരമിക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാന ക്ഷീര സംഗമം ‘പടവ് 2026’ നാളെ മുതല്‍ 21 വരെ കൊല്ലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പത്രസമ്മേളനത്തില്‍ അറിയിച്ചു.
പരിപാടിയുടെ ഭാഗമായി നാളെ കര്‍ഷകരുടെ വിളംബരജാഥയും ഡെയറി എക്സ്പോയും നടക്കും. സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 19ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ചടങ്ങില്‍ ക്ഷീരവികസന വകുപ്പിന്റെ വിവിധ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
മികച്ച ക്ഷീര കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകളും മന്ത്രി പ്രഖ്യാപിച്ചു. ഏറ്റവും കൂടുതല്‍ പാല് കറന്ന കര്‍ഷകനുള്ള ജനറല്‍ വിഭാഗം അവാര്‍ഡ് ഇടുക്കി സ്വദേശി കെ.ബി. ഷൈന്‍ (ഒരു ലക്ഷം രൂപ) കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ ആലപ്പുഴയില്‍ നിന്നുള്ള വത്സലയും (50,000 രൂപ), പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാറും (50,000 രൂപ) അവാര്‍ഡിന് അര്‍ഹരായി. മികച്ച ക്ഷീര സംഘത്തിനുള്ള ഡോ. വര്‍ഗീസ് കുര്യന് അവാര്‍ഡ് വയനാട് മീനങ്ങാടി ക്ഷീരോത്സവ സംഘം (ഒരു ലക്ഷം രൂപ) സ്വന്തമാക്കി.
സംസ്ഥാനത്ത് പാല് വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം മില്‍മയാണ് കൈക്കൊള്ളേണ്ടതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മില്‍മയ്ക്ക് എപ്പോള്‍ വേണമെങ്കിലും വില വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും അവര്‍ ശിപാര്‍ശ സമര്‍പ്പിച്ചാല്‍ സര്‍ക്കാരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Out of Range
പത്രം തുറന്നാൽ തൃശൂരിലെ കലകളാരവം, ചാനൽ ഞെക്കിയാൽ കാമറയും മൈക്കുമിട്ട് ഇളക്കുന്ന അവിയൽ... പിള്ളേരവിടെ പൊളിക്കട്ടെ. നമുക്കു രാഷ്ട്രീയ കലകളാരവം നടക്കുന്ന വേദികളിലേക്കു പോകാം.
കൊല്ലത്തെ വേദി ഒന്നിൽ ഇപ്പോൾ ഫാൻസിഡ്രസ് മത്സരമാണു നടക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ രൂപവും ഭാവവും മാറി കാണികളെ വിസ്മയിപ്പിച്ചിരിക്കുകയാണ് കൊല്ലത്തുനിന്നുള്ള ഒരു കലാകാരി. മാസങ്ങളായി ഇതിനു വേണ്ടി ഒരുക്കം നടത്തിവരികയായിരുന്നു മിന്നും താരം അയിഷയെന്ന് പരിശീലകർ പറഞ്ഞു. ആലപ്പുഴയിൽനിന്നൊരു മോളൂട്ടിയും കോട്ടയത്തൊരു കുറുപ്പച്ചനും ഫാൻസിഡ്രസിൽ പങ്കെടുക്കാൻ തയാറെടുത്തിരിക്കുകയാണെന്നു കഥകളുണ്ടെങ്കിലും ഇതുവരെ വേഷംകെട്ടി വേദിയിലേക്കു വന്നിട്ടില്ല.
ഈ സമയം കോട്ടയത്തെ വേദിയിൽ കഥകളി മത്സരമാണ് അരങ്ങുതകർക്കുന്നത്.മുന്നണിവധം ആട്ടക്കഥ ആസ്വദിക്കുന്ന തിരക്കിലാണ് കാണികൾ. ഈ ആട്ടക്കഥ അവസാനഘട്ടത്തിലേക്ക് എത്തുന്പോൾ തന്റെ സീറ്റ് ആടാതിരിക്കാൻ പാലായിൽനിന്നുള്ള ഒരു കലാകാരൻ പ്രമുഖ ആശാനെ തേടി മലപ്പുറത്തേക്കു വച്ചുപിടിച്ചു. കോട്ടയത്തെ ആട്ടക്കാർ വേദിയിൽ പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിവയിൽ ഏതു വേഷം കെട്ടിയാലും തന്റെ വേഷം അഴിക്കാൻ തയാറല്ലെന്ന് ഇദ്ദേഹം മലപ്പുറം ആശാനെ അറിയിച്ചത്രേ. പുതിയ ആട്ടക്കഥ രചിക്കാൻ തന്നെ ആരും ഏല്പിച്ചിട്ടില്ലെന്നു പറഞ്ഞ് ഒടുവിൽ ആശാനും വട്ടപ്പാട്ട് പാടി തലയൂരി. ആട്ടക്കഥ കണ്ടു രസംപിടിച്ച സംഘാടകർ കലാകാരന്മാർക്കു തിരുവനന്തപുരത്ത് 25 സെന്റ് സ്ഥലം സമ്മാനിച്ചാണ് സന്തോഷം പ്രകടിപ്പിച്ചത്.
തലസ്ഥാനത്തെ വേദി രണ്ടിൽ നടന്ന മിമിക്രി മത്സരം പൊട്ടിച്ചിരികൾ ഉയർത്തി. ഡൽഹിയിൽനിന്നു മാർക്കിടാൻ വന്ന ഒരു വിധികർത്താവ് വരാനിരിക്കുന്ന മുഖ്യമന്ത്രിയുടെ സ്വരം അമിട്ട് പൊട്ടുന്നതുപോലെ അനുകരിച്ചത് കാണികളെയും മത്സരാർഥികളെയും ആവേശം കൊള്ളിച്ചു. ‘മോണോ ആക്ടി’ലൂടെ രാഷ്ട്രീയ കലാജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന സംസ്ഥാന പ്രതിഭ രാജീവിന്റെ പ്രകടനമായിരുന്നു കാണികളെ അദ്ഭുതപ്പെടുത്തിയ മറ്റൊരു ഇനം.
തലസ്ഥാനത്തെ പ്രധാന വേദിയിൽ തെരുവുനാടകമത്സരം തുടങ്ങാൻ വൈകിയതായിരുന്നു വാർത്ത. ഒരു പ്രധാന കലാകാരി നാടകംവിട്ട് ഫാൻസിഡ്രസിൽ പങ്കെടുക്കാൻ പോയതോടെയാണ് മത്സരം പാളിയത്. താൻ ഫാൻസിഡ്രസിനേ ഉള്ളൂ, നാടകത്തിന് ഇല്ലെന്നു കലാകാരി അറിയിച്ചത് നാടകപ്രവർത്തകരെ ചൊടിപ്പിച്ചു. നാടകം തുടങ്ങുന്നതിനു മുന്‍പായി, വർഗവഞ്ചകയെന്ന് അനൗണ്‍സ് ചെയ്താണ് അണിയറക്കാർ കലിപ്പു തീർത്തത്.
താഴമണ്‍ വേദിയിൽ തുടരുന്ന ഓട്ടൻതുള്ളൽ ഏറെ നേരമായിട്ടും അവസാനിച്ചിട്ടില്ല. പുതിയ തന്ത്രങ്ങളുമായിട്ടാണ് ഇത്തവണ കലകാരന്മാരിൽ ചിലർ അരങ്ങിലെത്തിയത്.
തന്ത്രമാണോ മന്ത്രമാണോ പാളിയതെന്നറിയില്ല, ദേവതുല്യർ ഇപ്പോഴും ഓട്ടം തുടരുകയാണ്. ഇതിനിടെ, ആശുപത്രിക്കിടക്കയിൽനിന്നു ടാബ്ലോ മത്സരത്തിൽ പങ്കുചേർന്നു കാണികൾക്ക് ആവേശം പകർന്നിരിക്കുകയാണ് ശങ്കരദാസേട്ടൻ. നേരത്തെ കഥാപ്രസംഗത്തിനാണ് പേരു കൊടുത്തിരുന്നതെങ്കിലും സ്ക്രിപ്റ്റ് കിട്ടണമെന്നു കോടതി പറഞ്ഞതോടെയാണ് ദാസേട്ടൻ ടാബ്ലോയിലേക്കു മാറിയത്. മൂകാഭിനയത്തിനും പേരു കൊടുത്തിട്ടുണ്ട്.
അതേസമയം, ജയിൽവേദിയിൽനിന്നൊരു സന്തോഷവാർത്ത. വേദിയിലെ മിന്നും പ്രകടനം കണക്കിലെടുത്ത് എല്ലാ കലാകാരൻമാരുടെയും സമ്മാനത്തുക സർക്കാർ കുത്തനെ കൂട്ടി. ഇതോടൊപ്പം കാണികളായെത്തിയ ആശമാർക്ക് ഓരോ പായ്ക്കറ്റ് നിരാശയും വീട്ടിലെത്തിച്ചു നൽകും.
ഇനി പത്തനംതിട്ടയിലെ പ്രധാന പാചകപ്പുരയിലേക്കാണ് നമ്മുടെ യാത്ര. ഇന്നത്തെ സ്പെഷൽ കോഴിക്കറിയാണെന്നാണ് പ്രധാന കുക്ക് പറഞ്ഞിരിക്കുന്നത്. ഓണ്‍ലൈൻ റെസിപ്പിയിൽ തയാറാക്കിയ വിഭവം ഇതിനകംതന്നെ ചർച്ചയായിട്ടുണ്ട്. കോഴിക്കു വില ഇത്തിരി കൂടുതലാണെങ്കിലും സംസ്ഥാന തെരഞ്ഞെടുപ്പ് മേള അടുത്തിരിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ കലോത്സവത്തിൽ കോഴിക്കറിയില്ലാതെ എന്തു കലയും കലക്കും...
മിസ്ഡ് കോൾ
സംസ്ഥാന ആരോഗ്യവകുപ്പിന്റെ ആധികാരിക വിവരങ്ങൾ പങ്കുവയ്ക്കാൻ പുതിയ പോർട്ടൽ.
- വാർത്ത.
വാർത്തകൾക്ക് ഇനി സുഖചികിത്സ!
Kerala
കൊല്ലം: സ്കൂളിൽ കയറി എട്ടാം ക്ലാസ് വിദ്യാർഥിനിയെ കടന്നുപിടിച്ച കേസിൽ പ്രതി പിടിയിൽ. ഏരൂർ കിട്ടൻകോണം സിന്ധുഭവനിൽ ആനന്ദ്(19) ആണ് പിടിയിലായത്. ഏരൂർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
ആനന്ദ് കഴിഞ്ഞ കുറച്ചുനാളായി നിരന്തരം പെൺകുട്ടിയെ ശല്യം ചെയ്തിരുന്നു. കുട്ടി വിവരം വീട്ടിൽ അറിയിക്കുകയും ഇതേ തുടർന്ന് മാതാവ് സ്കൂളിലെത്തി അധ്യാപകരെ വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതി ശല്യം ചെയ്യുന്നത് തുടർന്നിരുന്നു.
ഇന്ന് സ്കൂൾ മതിൽ ചാടി കടന്നെത്തിയ പ്രതി ചോക്ലേറ്റുമായി പെൺകുട്ടിയുടെ പിന്നാലെ കൂടി. ചോക്ലേറ്റ് നിരസിച്ചതോടെ ഇയാൾ വിദ്യാർഥിനിയുടെ കൈയിൽ കടന്ന് പിടിച്ച് സമീപത്തെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് വലിച്ചിഴച്ചു.
പ്രതിയുടെ കൈയിൽ കടിച്ച് വിദ്യാർഥിനി ഓടി രക്ഷപ്പെടുകയായിരുന്നു. ഉടൻതന്നെ ഇയാൾ സ്കൂളിൽ നിന്ന് ഓടി രക്ഷപ്പെട്ട് സമീപത്തെ കടയിൽ ഒളിച്ചു. അധ്യാപകർ വിവരമറിയിച്ചതിനെ തുടർന്ന് ഏരൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കടയ്ക്കുള്ളിൽ നിന്നും പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കൊല്ലം: കൊല്ലത്ത് പ്ലസ് വൺ വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന് പരാതി. സ്വകാര്യ ട്യൂഷൻ സെന്ററിലാണ് പ്ലസ് വൺ ക്രൂര മർദനത്തിനിരയായത്. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
മേവറത്ത് പ്രവർത്തിക്കുന്ന വിംഗ്സ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. റിവിഷൻ പെൻഡിങ്ങായത് ചോദ്യം ചെയ്തായിരുന്നു മർദനമെന്ന് വിദ്യാർഥിയുടെ കുടുംബം അറിയിച്ചു.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ ദേവസ്വം അംഗം കെ.പി. ശങ്കരദാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി.
ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസ് മുൻകൂർ ജാമ്യം തേടുന്നത്. ശങ്കരദാസിന്റെ ചികിത്സാ രേഖകള്‍ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കാത്തതിനെ തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്.
ആശുപത്രി രേഖകള്‍ സമര്‍പ്പിക്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ശങ്കരദാസ് അബോധാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുകയാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്.
ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഫോട്ടോയും സമർപ്പിച്ചിരുന്നു. ഇതേ തുടർന്ന് എസ്ഐടി ശേഖരിച്ച മെഡിക്കൽ റിപ്പോർട്ടുകൾ ഇന്ന് ഹാജരാക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു.
ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ എസ്ഐടിക്കെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പ്രതി ചേർത്ത അന്നുമുതൽ ഒരാൾ ആശുപത്രിയിൽ കിടക്കുകയാണെന്നും എന്ത് അസംബന്ധമാണ് നടക്കുന്നതെന്നുമായിരുന്നു ഹൈക്കോടതി ചോദിച്ചത്.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. കട്ടിളപ്പാളി കേസിലെയും ദ്വാരപാലക കേസിലെയും ജാമ്യാപേക്ഷകളിലായിരുന്നു വിധി.
മൂന്ന് മാസമാകുന്നു അറസ്റ്റ് നടന്നിട്ടെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പോറ്റിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. ഇപ്പോഴും തെളിവുകൾ ശേഖരിക്കുന്നതിനാൽ ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി.
അതേസമയം, സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കർദാസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിശദമായ വാദം കേൾക്കും. ശങ്കർദാസ് അബോധാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുകയാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്.
ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഫോട്ടോയും സമർപ്പിച്ചിരുന്നു. എസ്ഐടി ശേഖരിച്ച മെഡിക്കൽ റിപ്പോർട്ടുകൾ ഇന്ന് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ എസ്ഐടിക്കെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു
Kerala
തിരുവനന്തപുരം: തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ നിന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്ത വാജിവാഹനം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി. എസ്ഐടി തന്ത്രിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വാജിവാഹനം കണ്ടെടുത്തത്.
ശബരിമലയിലെ പഴയ കൊടിമരത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന വാജിവാഹനം തന്ത്രി കൈവശം വച്ചിരിക്കുകയായിരുന്നു. പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞ വാജിവാഹനത്തിന് 11കിലോഗ്രാം തൂക്കമുണ്ട്. വർഷങ്ങൾ പഴക്കമുള്ള ശിൽപമാണിത്.
2017ൽ ആണ് ശബരിമലയില്‍ ഉണ്ടായിരുന്ന വളരെ മൂല്യമുള്ള വാജിവാഹനം തന്ത്രി വീട്ടിലേക്ക് കൊണ്ടുപോയത്. വാജിവാഹനം തന്ത്രിക്ക് കൈവശം സൂക്ഷിക്കാമെന്നായിരുന്നു കണ്ഠരര് രാജീവരുടെ വാദം. വിവാദങ്ങളെ തുടർന്ന് വാജിവാഹനം തിരികെ നല്കാൻ തയാറാണെന്ന് തന്ത്രി ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു.
ശബരിമലയിലെ കട്ടിളപ്പാളി കേസില്‍ കണ്ഠരര് രാജീവര് അറസ്റ്റിലായതിന് പിന്നാലെ ചെങ്ങന്നൂരിലെ തന്ത്രിയുടെ വീട്ടിൽ പരിശോധന നടത്തിയ എസ്ഐടി വാജിവാഹനം കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതേസമയം ശബരിമല ദ്വാരപാലക ശിൽപ കേസിലും തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്യാൻ എസ്ഐടിക്ക് ഇന്ന് കോടതി അനുമതി നല്‍കിയിരുന്നു. തട്ടിപ്പിൽ തന്ത്രിക്ക് പങ്കുണ്ടെന്ന എസ്ഐടി റിപ്പോർട്ടിനെ തുടർന്നാണ് കോടതി അറസ്റ്റിന് അനുമതി നൽകിയത്.
Kerala
തിരുവനന്തപുരം: തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്ത് ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. അതിർത്തി ജില്ലകൾക്കാണ് 15ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് അവധി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്.
Kerala
കൊല്ലം: ഡിവോഴ്സ് മാട്രിമോണിയൽ വെബ്സൈറ്റ് വഴി വിവാഹ തട്ടിപ്പ് നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം തിരൂർ അഴിമുഖം പടിഞ്ഞാറ്റാൻകര ചിറക്കുന്നത്ത് വീട്ടിൽ ജിനേഷ് (33) ആണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്.
ഡിവോഴ്സ് മാട്രിമോണിയൽ വെബ്സൈറ്റ് വഴിയാണ് ജിനേഷ് കൊട്ടാരക്കര സ്വദേശിനിയായ യുവതിയെ പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും അടുപ്പത്തിലാവുകയും വിവാഹിതരാകുകയും ചെയ്തു. എന്നാൽ ഒരു വർഷം മുൻപ് ജിനേഷ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തിരുന്നു.
ഇക്കാര്യം മറച്ചുവച്ചാണ് കൊട്ടാരക്കര സ്വദേശിനിയെ വിവാഹം ചെയ്തത്. യുവതി വിവരം അറിഞ്ഞതോടെ കൊട്ടാരക്കര പോലീസിൽ പരാതി നൽകി. തുടർന്ന് കൊട്ടാരക്കര പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Kerala
കൊല്ലം: കൊല്ലം ചാത്തന്നൂരിലെ ട്രോറിയൽ മെറ്റൽസ് പെയിന്റ് ഷോറൂമിൽ തീപിടുത്തം. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് തീപിടിത്തമുണ്ടായത്. രാജേഷ് ഭവൻ സ്വദേശി രാജേഷിന്റെ ഉടമസ്ഥതയിലുള്ള കടയുടെ പിൻഭാഗത്തുനിന്നും വലിയ ശബ്ദത്തോടെ പടർന്ന തീ നിമിഷങ്ങൾക്കകം ഷോറൂമിലേക്ക് പടരുകയായിരുന്നു.
സ്ഥാപനത്തിലെ ജീവനക്കാരൻ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും തീ നിയന്ത്രണാതീതമായിരുന്നു. വിവരമറിഞ്ഞെത്തിയ കടപ്പാക്കട, ചാമക്കട, പരവൂർ, കല്ലമ്പലം തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പത്തോളം ഫയർ ഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
കടയോട് ചേർന്നുണ്ടായിരുന്ന കിളിക്കൂട്ടിലെ പക്ഷികൾ തീപിടിത്തത്തിൽ വെന്തുചത്തു. ഏകദേശം 75 ലക്ഷം രൂപയുടെ വൻ സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ടാണോ അപകടകാരണമെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് കോർപറേഷനുകൾക്ക് പുതിയ ഭരണസാരഥ്യം. തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയുടെ വി.വി രാജേഷ് മേയറായി ചുമതലയേറ്റു. കൊല്ലം കോർപറേഷനിൽ എ.കെ. ഹഫീസും (യുഡിഎഫ്) കൊച്ചിയിൽ വി.കെ. മിനിമോളും (യുഡിഎഫ്) പുതിയ മേയർമാരായി. തൃശൂരിൽ ഡോ. നിജി ജസ്റ്റിൻ (യുഡിഎഫ്) മേയറായി അധികാരമേറ്റു. കോഴിക്കോട് ഒ. സദാശിവൻ (എൽഡിഎഫ്) കണ്ണൂരിൽ പി. ഇന്ദിര (യുഡിഎഫ്) എന്നിവരും മേയർമാരായി ചുമതലയേറ്റു.
ചരിത്രത്തിൽ ഇടം നേടി ബിജെപി
തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മേയറായി പാർട്ടി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊടുങ്ങാന്നൂർ വാർഡിൽനിന്നാണു രാജേഷ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. കരുമം വാർഡിൽനിന്നു വിജയിച്ച ബിജെപിയുടെ ജി.എസ്. ആശാനാഥും ഡെപ്യൂട്ടി മേയറായി ചുമതലയേറ്റു. 100 കൗണ്‍സിലർമാരുള്ള കോർപറേഷനിൽ കണ്ണമൂല വാർഡിൽനിന്നു സ്വതന്ത്രനായി മത്സരിച്ചു ജയിച്ച പാറ്റൂർ രാധാകൃഷ്ണന്റെ പിന്തുണയോടെ 51 വോട്ട് നേടിയാണ് രാജേഷ് മേയറായത്. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കു മത്സരിച്ച ജി.എസ്. ആശാനാഥിന് 50 വോട്ട് ലഭിച്ചു. യുഡിഎഫിന്റെ രണ്ടു വോട്ടുകൾ അസാധുവായി.
കൊല്ലത്ത് ആദ്യമായ് യുഡിഎഫ്
കൊല്ലം: കൊല്ലം കോര്പറേഷന് മേയറായി താമരക്കുളം ഡിവിഷനില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് പ്രതിനിധി എ.കെ. ഹഫീസ് ചുമതലയേറ്റു. ഡെപ്യൂട്ടി മേയറായി തങ്കശേരി ഡിവിഷനില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് പ്രതിനിധി കരുമാലില്‍ ഡോ. ഉദയ സുകുമാരന്‍ ചുമതലയേറ്റു. ആകെ പോള്‍ ചെയ്ത 56 വോട്ടുകളില്‍ 27 വോട്ടുകള്‍ നേടി. 25 വർഷം എൽഡിഎഫ് ഭരിച്ച കൊല്ലം കോർപറേഷനിൽ കോർപറേഷൻ രൂപീകരണത്തിനുശേഷം ആദ്യമായാണ് യുഡിഎഫ് അധികാരത്തിൽ എത്തുന്നത്.
കൊച്ചിയിൽ മിനിമോൾ
കൊച്ചി: കൊച്ചി കോര്പറേഷന് മേയറായി യുഡിഎഫിന്റെ അഡ്വ. വി.കെ. മിനിമോള്‍, ഡെപ്യൂട്ടി മേയറായി ദീപക് ജോയി എന്നിവര്‍ അധികാരമേറ്റു. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്രന്റേതുള്പ്പെടെ 48 വോട്ട് നേടിയാണ് ഇരുവരും വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് 22ഉം എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ആറും വോട്ടുകള്‍ വീതം ലഭിച്ചു.
രണ്ടര വര്‍ഷത്തേക്കാണ് ഇരുവരും അധികാരമേറ്റത്. തുടര്‍ന്ന് എ ഗ്രൂപ്പുകാരിയായ ഷൈനി മാത്യുവും ഐ ഗ്രൂപ്പുകാരനായ കെ.വി.പി. കൃഷ്ണകുമാറും മുന്‍ ധാരണ പ്രകാരം മേയറും ഡെപ്യൂട്ടി മേയറുമാകും.
തൃശൂരിൽ യുഡിഎഫിന്റെ ആദ്യ വനിതാ മേയർ
തൃശൂർ: വിവാദങ്ങൾക്കൊടുവിൽ തൃശൂർ കോർപറേഷന്റെ പത്താമത്തെ മേയറായി ഡോ. നിജി ജസ്റ്റിൻ ചുമതലയേറ്റു. കോണ്‍ഗ്രസിലെ എ. പ്രസാദ് ഡെപ്യൂട്ടി മേയറായും സ്ഥാനമേറ്റു. തൃശൂരിൽ യുഡിഎഫിന്റെ ആദ്യ വനിതാ മേയർ കൂടിയാണ് ഡോ. നിജി ജസ്റ്റിൻ. യുഡിഎഫിന്റെ മേയർ സ്ഥാനാർഥിയായ ഡോ. നിജി ജസ്റ്റിനു 35 വോട്ടുകൾ ലഭിച്ചു. എൽഡിഎഫ് സ്ഥാനാർഥി എം.എൽ. റോസി 13 വോട്ടുകളും എൻഡിഎ സ്ഥാനാർഥി പൂർണിമ സുരേഷ് എട്ടു വോട്ടുകളും നേടി. സ്വതന്ത്രരായ റാഫി ജോസും ഷോമി ഫ്രാൻസിസും യുഡിഎഫിനു വോട്ട് ചെയ്തു.
എൽഡിഎഫിന് കോഴിക്കോട് മാത്രം
കോഴിക്കോട്: സംസ്ഥാനത്ത് എൽഡിഎഫ് വിജയിച്ച ഏക കോർപറേഷനായ കോഴിക്കോട് മേയറായി ഒ. സദാശിവൻ തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് ഇടതുമുന്നണി വോട്ടുകള്‍ അസാധുവായി. എൽഡിഎഫിലെ ഡോ.എസ്.ജയശ്രീ ഡപ്യൂട്ടി മേയറായി. തടമ്പാട്ടുതാഴം ഡിവിഷനിൽനിന്നുള്ള കൗണ്‍സിലറാണ് സിപിഎം നോർത്ത് ഏരിയ കമ്മിറ്റി അംഗം കൂടിയായ സദാശിവൻ. കോട്ടൂളിയിൽ നിന്നാണ് ഡോ.എസ്.ജയശ്രീ കോർപറേഷൻ കൗൺസിലിലേക്ക് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടത്.
കണ്ണൂരിന്റെ ടി. ഇന്ദിര
കണ്ണൂർ: കോര്പറേഷന് മേയറായി കോണ്‍ഗ്രസിലെ ടി. ഇന്ദിര ചുമതലയേറ്റു. മുൻ ഡപ്യൂട്ടി മേയറും കൂടിയായിരുന്ന ഇന്ദിര 56 അംഗ കൗണ്‍സിലില്‍ 36 പേരുടെ പിന്തുണ യോടെയാണ് മേയർ പദവിയിലെത്തിയത്. ആർക്കും വോട്ട് രേഖപ്പെടുത്താതിരുന്നതിനാൽ ഒരു ബാലറ്റ് അസാധുവായി. യുഡിഎഫിലെ കെ.പി. താഹിർ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു.
Kerala
കൊല്ലം: രാജ്യത്ത് ക്രിസ്മസ് കരോളിനെ പോലും വർഗീയവത്കരിച്ച് കടന്നാക്രമണങ്ങൾ നടക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ കേരളത്തിലേക്കും വ്യാപിക്കുകയാണ്. മത നിരപേക്ഷ ആഘോഷങ്ങളിൽ പങ്കുചേരുകയെന്ന കടമയാണ് സിപിഎം നിർവഹിക്കുന്നതെന്നും എം. വി. ഗോവിന്ദൻ വ്യക്തമാക്കി.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ആഘോഷത്തിൽ മുതിർന്ന നേതാവ് പി.കെ. ഗുരുദാസൻ ഉൾപ്പടെയുള്ളവർ പങ്കെടുത്തു. അതേസമയം കരോൾ സംഘത്തിനെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിൽ 2500 യൂണിറ്റിലും ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും.
Kerala
കൊല്ലം: പള്ളിത്തോട്ടത്ത് പരസ്യമദ്യപാനം ചോദ്യം ചെയ്ത പോലീസുകാർക്ക് നേരെ ആക്രമണം. സംഭവത്തിൽ കെഎസ്യു നേതാവ് ടോജിൻ ഉൾപ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ലഹരി വിൽപ്പന നിരീക്ഷിക്കാൻ എത്തിയ ഗ്രേഡ് എസ്ഐ രാജീവ്, എഎസ്ഐ ശ്രീജിത്ത് എന്നിവരെയാണ് സംഘം ആക്രമിച്ചത്. ആക്രമണത്തിൽ രാജീവിന്റെ തലയ്ക്ക് പരിക്കേറ്റു.
എഎസ്ഐ ശ്രീജിത്തിന്റെ കൈയ്ക്കാണ് പരിക്കേറ്റത്. പള്ളിത്തോട്ടം സ്റ്റേഷനിലെ പോലീസുകാർക്കാണ് പരിക്കേറ്റത്.
District News
കൊട്ടാരക്കര: എംസി റോഡിൽ കൊട്ടാരക്കര കുളക്കടയിൽ കാൽനട യാത്രികൻ ലോറിയിടിച്ച് മരിച്ചു. പശ്ചിമ ബംഗാൾ കൂച്ച്ബിഹാർ സ്വദേശി ശുഭാങ്കർ റോയി(28)യാണ് മരിച്ചത്. ഇന്നലെ രാവിലെ 10.30ന് കുളക്കട പാലം ജംഗ്ഷന് സമീപത്തായിരുന്നു അപകടം.
കൊട്ടാരക്കര ഭാഗത്തുനിന്നും ഏനാത്ത് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് റോഡരികിലൂടെ നടന്നുപോയ ശുഭാങ്കർ റോയിയെ ഇടിച്ചത്. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പുത്തൂർ പോലീസ് കേസെടുത്തു.
Kerala
കൊല്ലം: ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് ദാരുണാന്ത്യം. ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടം. നിലമേൽ വാഴോട് മുകൾ ദർബാർ ഹോട്ടലിനു സമീപമായിരുന്നു അപകടം.
കാർ യാത്രക്കാരായ രണ്ട് പേരാണ് അപകടത്തിൽ മരിച്ചത്. തിരുവനന്തപുരം പൂജപ്പുര സ്വദേശികളായ ബിച്ചു ചന്ദ്രൻ, സതീഷ് എന്നിവരാണ് മരിച്ചത്. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്നു ഇവർ. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന ഏഴ് വയസുള്ള കുട്ടിയെ അതീവ ഗുരുതരാവസ്ഥയിൽ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.
നാട്ടുകാരുടെയും പോലീസിന്റെയും മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുക്കാൻ സാധിച്ചത്. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
Kerala
കൊല്ലം: പാരിപ്പള്ളി കരിമ്പാലൂരിൽ അമ്മയും മകനും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. കരിമ്പാലൂർ നിധി ഭവനിൽ ലൈന ( 43 ), മകൻ പോളിടെക്നിക് വിദ്യാർഥി പ്രണവ് (20) എന്നിവരെയാണ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രിയോടെയാണ് വിവരം പുറത്തറിയുന്നത്. ലൈനയുടെ ഭർത്താവ് പ്രേംജി വിദേശത്താണ്. അമ്മയും മകനും മാത്രമായിരുന്നു വീട്ടില്‍ താമസം. ഫോൺ എടുക്കാത്തതിനാൽ ലൈനയുടെ അടുത്ത ബന്ധു അന്വേഷിച്ചെത്തിയപ്പോൾ ഗേറ്റും വീടും അടച്ചിട്ട നിലയിലായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ ലൈനയെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിലും മകൻ പ്രണവിനെ മറ്റൊരു കിടപ്പുമുറിയിലെ ജനാലയിലും തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. പ്രണവിന്റെ സഹോദരൻ എറണാകുളത്ത് പഠിക്കുകയാണ്.
കട ബാധ്യതയാകാം ആത്മഹത്യക്ക് പിന്നിലെന്നാണ് നിഗമനം. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. ഇരുവരുടെയും ഫോണ്‍ പോലീസ് പരിശോധിച്ചെങ്കിലും സംശായസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ല.
പാരിപ്പള്ളി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു.
Kerala
കൊല്ലം: കൊല്ലം കൈയൊന്നുയർത്തിയപ്പോൾ എൽഡിഎഫ് വിറച്ചു. കൊല്ലം ജില്ല ഇടതു ചെരിഞ്ഞേ നടക്കൂ എന്ന പ്രവചനമെല്ലാം പതിരായി മാറി. അങ്ങനെ തദ്ദേശ തെരഞ്ഞെടുപ്പായ സെമിഫൈനലിൽ വിറപ്പിച്ചുതന്നെ യുഡിഎഫ് ഫൈനലിലേക്കു കടക്കുന്നു. കൊല്ലം ജില്ലയിൽ പാർലമെന്റ് തെരഞ്ഞെടുപ്പു മാറ്റിനിർത്തിയാൽ നിയമസഭയിലും തദ്ദേശ തെരഞ്ഞെടുപ്പിലും ചുവപ്പുകൊടി പാറിയ ചരിത്രമേള്ളൂ. പക്ഷേ, ഇതെല്ലാം പഴങ്കഥയായി മാറുന്നു.
ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും കോർപറേഷനും ഗ്രാമപഞ്ചായത്തും വൻഭൂരിപക്ഷത്തോടെ ഭരിച്ചുകൊണ്ടിരുന്ന എൽഡിഎഫിനു കാലിടറുന്ന കാഴ്ചയാണ് കാണുന്നത്. ജില്ലാ കൗൺസിൽ മുതൽ 30 വർഷക്കാലമായി കോർപറേഷൻ ഭരിച്ചുകൊണ്ടിരുന്ന എൽഡിഎഫിൽനിന്നും യുഡിഎഫ് അധികാരം പിടിച്ചെടുത്തതു ചരിത്രസംഭവമാണ്.കോർപറേഷൻ മേയർപോലും പരാജയപ്പെട്ടു. എൽഡിഎഫിന് വലിയ ഭൂരിപക്ഷമുണ്ടായിരുന്ന ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് നിലമെച്ചപ്പെടുത്തി കയറി വന്നു.
ബ്ലോക്ക് പഞ്ചായത്ത് ഭരണം മൂന്നെണ്ണം പിടിച്ചെടുത്തു. മുനിസിപ്പിലാറ്റിയിൽ എൽഡിഎഫ് കഴിഞ്ഞ സ്ഥിതി തുടർന്നു. നാലെണ്ണത്തിൽ മൂന്നുംഎൽഡിഎഫിന്റെ പക്കലാണ്. അതേസമയം, ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പമായി. 68ൽ 34 എണ്ണം എൽഡിഎഫ് നേടിയപ്പോൾ യുഡിഎഫ് 32 എണ്ണം നേടി. ഒരു എണ്ണം ടൈയായി മാറി.
ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെതിരേയുള്ള വിധിയെഴുത്തായി മാറ്റിയെടുക്കാൻ യുഡിഎഫിനു സാധിച്ചു. കൊല്ലം ജില്ലയിലെ രണ്ടു പ്രബല പാർട്ടികളായ സിപിഎമ്മും സിപിഐയും തമ്മിലുള്ള പടലപിണക്കം എൽഡിഎഫിനു തിരിച്ചടിയായി.
കൊല്ലം: കോർപറേഷന്റെ രൂപീകരണം മുതൽ കാൽ നൂറ്റാണ്ടു കാലം ഭരിച്ചുകൊണ്ടിരുന്ന കൊല്ലം കോർപറേഷൻ എൽഡിഎഫിനെ കൈവിട്ടു. യുഡിഎഫ് ചരിത്രവിജയമാണ് നേടിയത്. കോർപറേഷൻ രൂപീകരണത്തിനുമുമ്പ് അഞ്ചുവർഷകാലം ജില്ലാ കൗൺസിൽ ഭരിച്ചതും എൽഡിഎഫായിരുന്നു.
കൊല്ലം കോർപറേഷൻ എന്നു മാത്രമല്ല, ജില്ലാ ഒന്നാകെ ചുവന്നകൊടികൾ പാറിക്കളിച്ചിടത്താണ് ഇന്ന് ത്രിവർണക്കൊടികൾ പാറിക്കളിക്കുന്നത്. കോർപറേഷൻ മേയർ പോലും പരാജയപ്പെട്ടത് എൽഡിഎഫിനേറ്റ കനത്ത പ്രഹരമാണ്. കൊല്ലം മേയർ ഹണി ബെഞ്ചമിനെ 355 വോട്ടിനാണ് കോൺഗ്രിലെ കുരുവിള ജോസഫ് തോല്പിച്ചത്. 56 അംഗ ഭരണസമിതിയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 27 സീറ്റ് നേടിയാണ് യുഡിഎഫ് അധികാരത്തിലേക്കു കയറുന്നത്. എൽഡിഎഫ് 16 സീറ്റിൽ ഒതുങ്ങി. എൻഡിഎ 12 സീറ്റ് നേടി. എസ്ഡിപിഐയ്ക്കും ഒരു സീറ്റ് കിട്ടി.
2020ൽ കോവിഡ് കാലത്തു നടന്ന തെരഞ്ഞെടുപ്പിൽ 55 സീറ്റിൽ 39 സീറ്റ് നേടി പ്രതിപക്ഷം പോലുമില്ലാതെയാണ് ഹണി ബെഞ്ചമിന്റെ നേതൃത്വത്തിൽ ഭരിച്ചത്. അന്നു യുഡിഎഫിനു ലഭിച്ചതു വെറും ഒമ്പത് സീറ്റാണ്. ആറെണ്ണമായിരുന്നു എൻഡിഎയ്ക്കു ലഭിച്ചത്. ഈ കണക്കു നോക്കുമ്പോഴേ എൽഡിഎഫിന്റെ പതനം മനസിലാക്കാൻ സാധിക്കുകയുള്ളൂ.
കോർപറേഷൻ രൂപീകരിച്ച കാലം മുതൽ ഇടതിന്റെ കൈയിൽനിന്നു പിടിച്ചെടുക്കുക മാത്രമായിരുന്നു യുഡിഎഫിന്റെ പ്രഥമ ലക്ഷ്യം. ഇക്കുറി നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചാണ് തിരിച്ചുവരവിനു തുടക്കംകുറിച്ചത്.
യുവാക്കൾക്കും സീനിയർ നേതാക്കൾക്കും സീറ്റ് നൽകി അധികാരത്തിലേക്കുള്ള വഴിയും യുഡിഎഫ് കണ്ടെത്തി. വിമത സ്ഥാനാർഥികൾ മുൻവർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞതും നേട്ടമായി. അറവുശാല മുതൽ മാലിന്യസംസ്കരണം വരെ 25 വർഷക്കാലമായി എൽഡിഎഫ് പറയുന്ന കാര്യങ്ങളിൽ തീരുമാനമില്ലാത്തത് അവർക്കു തിരിച്ചടിയായി.
Kerala
കൊല്ലം: അഞ്ചലിൽ ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. കരവാളൂർ സ്വദേശികളായ ശ്രുതി ലക്ഷ്മി (16), ജ്യോതിലക്ഷ്മി (21), ഓട്ടോറിക്ഷ ഡ്രൈവർ അക്ഷയ് (23) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മരിച്ച മൂന്ന് പേരും ഓട്ടോറിക്ഷയിൽ യാത്ര ചെയ്തവരാണ്.
Kerala
കൊല്ലം: മദ്യലഹരിയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെയും പോലീസ് ഉദ്യോഗസ്ഥനെയും ആക്രമിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. കൊല്ലം കുന്നിക്കോട് ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം.
മദ്യലഹരിയിൽ അലക്ഷ്യമായെത്തിയ ഓട്ടോറിക്ഷ തടഞ്ഞ് പരിശോധിക്കുന്നതിനിടെ ആയിരുന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ അമൽ ലാലിനെ പ്രതികൾ ആക്രമിച്ചത്. കുന്നിക്കോട് പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു മോട്ടോർ വാഹന വകുപ്പ് പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞത്.
ഉദ്യോഗസ്ഥനെ ആക്രമിച്ച വിവരം അറിഞ്ഞെത്തിയ കുന്നിക്കോട് പോലീസ് പ്രതികളായ അനസ്, സാബു, സജീർ എന്നിവരെ കസ്റ്റഡിയിലെടുത്തു. പ്രതികളെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ എസ്ഐയെയും പ്രതികൾ ആക്രമിക്കുകയായിരുന്നു.
Kerala
കൊല്ലം: രണ്ട് വയസ് പ്രായമുള്ള കുഞ്ഞിന്റെ തിരോധാനം കൊലപാതകമെന്ന് കണ്ടെത്തൽ. കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
കുഞ്ഞിന്റെ അമ്മൂമ്മ നൽകിയ പരാതിയിൽ പുനലൂർ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കുഞ്ഞിന്റെ അമ്മ കലാസൂര്യ തമിഴ്നാട് സ്വദേശി കണ്ണൻ എന്നയാളെ വിവാഹം ചെയ്തിരുന്നു. ഇവരുടെ മൂന്നാം ഭർത്താവാണ് കണ്ണൻ.
കലാസൂര്യയുടെ രണ്ടാം വിവാഹത്തിലെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. കലാസൂര്യയും കണ്ണനും തമിഴ്നാട്ടിലെ തെങ്കാശിയിലും മധുരയിലുമായി താമസിച്ച് വരികയായിരുന്നു. കുഞ്ഞില്ലാതെ കലാസൂര്യ നാട്ടിലേക്ക് വന്നതിന് പിന്നാലെയാണ് സംശയം തോന്നിയ അമ്മൂമ്മ പോലീസിനെ സമീപിച്ചത്.
പുനലൂർ പോലീസ് അമ്മയെ ചോദ്യം ചെയ്തതിൽ മദ്യലഹരിയിൽ കണ്ണൻ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് മൊഴി നൽകുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്തത് കലാസൂര്യയുടെ സഹായത്തോടെയാണെന്ന് കണ്ടെത്തി.
കലാസൂര്യയയുമായി മധുരയിലെത്തി അന്വേഷണം നടത്തി. കണ്ണൻ ജോലി ചെയ്തിരുന്ന കോഴിഫാമിൽ ഒരു മാസം മുമ്പാണ് കൊലപാതകം നടന്നത്. തുടർന്ന് കണ്ണനെ പിടികൂടി. തമിഴ്നാട് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
Kerala
മലപ്പുറം: അഴിമതിയുടെ നിര്‍മിതികളാണ് ദേശീയപാതയുടെ ഭാഗമായി നിര്‍മിക്കുന്നതെന്നും ഇക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊല്ലം കൊട്ടിയത്ത് നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത 66 ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാലാരിവട്ടം പാലം ഇതുപോലെ തകര്‍ന്നൊന്നും വീണിട്ടില്ലെന്നും തകര്‍ന്നു വീഴാത്ത പാലാരിവട്ടം പാലം പഞ്ചവടിപ്പാലമെന്ന് പറഞ്ഞ് ഇല്ലാത്ത വിജിലന്‍സ് കേസുണ്ടാക്കിയവരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പാലാരിവട്ടം പാലത്തിന്റെ പേരില്‍ ആരോപണം ഉന്നയിച്ചവര്‍ ഭരിക്കുമ്പോഴാണ് കേരളം മുഴുവന്‍ ദേശീയപാതയും പാലങ്ങളും തകര്‍ന്ന് വീഴുന്നത്. നൂറ്റി അന്‍പതോളം സ്ഥലത്ത് ദേശീയപാത നിര്‍മാണത്തില്‍ പാളിച്ചകളുണ്ടായിട്ടും സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിനോടോ ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയോടോ ഒരു പരാതിയുമില്ല.
റീല്‍സ് എടുക്കാനും ക്രെഡിറ്റ് എടുക്കാനും നടന്നവര്‍ക്ക് ഒരു ഉത്തരവാദിത്വവും ഇല്ലെന്നതാണോ നിലപാട്. അപകടങ്ങളില്‍ മനുഷ്യന്റെ ജീവനാണ് നഷ്ടപ്പെടുന്നത്. ഇന്നലെ 36 കുട്ടികളുടെ ജീവന് ദൈവത്തിന്റെ കൃപകൊണ്ടാണ് രക്ഷപ്പെട്ടത്. അതുവഴി സഞ്ചരിക്കുന്ന എല്ലാവരുടെയും ജീവന് അപകടത്തിലാണ്.
സംസ്ഥാനത്ത് നിര്‍മാണത്തില്‍ ഇരിക്കുന്ന ദേശീയ പാത വ്യാപകമായി തകര്‍ന്ന് വീഴുമ്പോഴും സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിനോടോ ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയോടോ ഒരു പരാതിയുമില്ല.
പല വിഷയങ്ങളിലും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുചേര്‍ന്നിരിക്കുകയാണ്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി, ബിജെപിയുമായി പിണറായി വിജയനുള്ള ബന്ധത്തിന്റെ പാലമാണ്. ഇപ്പോള്‍ പുതുതായി ഉണ്ടായ ജോണ്‍ ബ്രിട്ടാസ് പാലത്തിനും മുന്‍പെ പിണറായി വിജയന് ഉണ്ടാക്കി വച്ച പാലമാണ് നിതിന്‍ ഗഡ്ക്കരിയെന്ന മന്ത്രിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Kerala
കൊല്ലം: കൊട്ടിയത്ത് സ്കൂൾ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ രാജസ്ഥാൻ സ്വദേശി പിടിയിൽ. രാജസ്ഥാൻ സ്വദേശി നമാ റാം ആണ് കേസിൽ പിടിയിലായത്. നവംബർ 27ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
മൈലക്കാടിന് സമീപം പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. ഇതേ തുടർന്ന് ഭയന്നോടിയ കുട്ടി വീട്ടിലെത്തി മാതാപിതാക്കളെ വിവരം അറിയിച്ചു. തുടർന്ന് കൊട്ടിയം പോലീസിൽ പരാതി നൽകി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൊല്ലത്ത് വിവിധയിടങ്ങളിൽ സാധനങ്ങൾ വിൽക്കാനെത്തിയതായിരുന്നു പ്രതി. തിരുവനന്തപുരം കരമനയിലാണ് ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്നത്.
പ്രതി എത്താൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. തുടർന്ന് ഒരു ഇലക്ട്രിക് ഷോപ്പിൽ എത്തിയ പ്രതിയെ കൊട്ടിയം പോലീസ് പിടികൂടുകയായിരുന്നു.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
കൂട്ടായെടുത്ത തീരുമാനങ്ങൾക്ക് താൻ മാത്രം എങ്ങനെ പ്രതിയാകുമെന്നാണ് ഹർജിയിൽ പത്മകുമാർ ഉന്നയിക്കുന്ന പ്രധാന ചോദ്യം. മിനുട്സിൽ ചെമ്പ് എന്നെഴുതിയത് മറ്റ് ബോർഡ് അംഗങ്ങളുടെയും അറിവോടെ ആണെന്നുമാണ് വാദം.
ബോർഡിൽ ഒപ്പമുണ്ടായിരുന്ന മറ്റ് അംഗങ്ങളെ കൂടി പ്രതിക്കൂട്ടിലാക്കുന്നതാണ് പത്മകുമാറിന്റെ ജാമ്യ ഹർജി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശിയ കട്ടിളപാളികൾ കൈമാറിയത് ഉൾപ്പടെ കൂട്ടായെടുത്ത തീരുമാനങ്ങൾക്ക് താൻ മാത്രം എങ്ങനെ ഉത്തരവാദിയാകുമെന്നാണ് ജാമ്യഹർജിയിലെ ചോദ്യം.
മിനുട്സിൽ ചെമ്പ് എന്നെഴുതിയത് എല്ലാവരുടെയും അറിവോടെയാണെന്നും ഹർജിയിൽ പറയുന്നു. വീഴ്ച പറ്റിയെങ്കിൽ എല്ലാവർക്കും ഒരേ പോലെ ബാധ്യതയുണ്ടെന്നാണ് വാദം. തന്നെ മാത്രം വേട്ടയാടുന്നതിലെ അമർഷം കൂടിയാണ് പത്മകുമാർ ജാമ്യ ഹർജിയിൽ വ്യക്തമാക്കുന്നത്.
Kerala
കൊല്ലം: കൊല്ലം കരിക്കോടിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കരിക്കോട് അപ്പോളോ നഗർ സ്വദേശി കവിത (46) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ആയിരുന്നു സംഭവം നടന്നത്.
കൊല്ലപ്പെട്ട കവിതയുടെ ഭർത്താവ് മധുസൂദനൻ പിള്ളയെ (54) സംഭവത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ചാണ് കവിതയെ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
കൊലപാതക കാരണം വ്യക്തമായിട്ടില്ല. കസ്റ്റഡിയിലെടുത്ത മധുസൂദനൻ പിള്ളയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Kerala
കൊല്ലം: കൊല്ലം തങ്കശേരി ആൽത്തറമൂടിലുണ്ടായ വൻ തീപിടിത്തത്തിൽ നാല് വീടുകൾക്ക് നാശം. ഇവ പൂർണമായും കത്തിനശിച്ചു. തീ മറ്റ് കെട്ടിടങ്ങളിലേക്ക് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ തീ ആളിക്കത്തുകയും സമീപത്തെ വീടുകളിലേക്ക് പടരുകയുമായിരുന്നു.
സംഭവം അറിഞ്ഞ ഉടൻതന്നെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണയ്ക്കാൻ തീവ്ര ശ്രമം തുടരുകയാണ്. ആളപായമുണ്ടായതായി ഇതുവരെ റിപ്പോർട്ടുകളില്ല.
Kerala
കൊല്ലം: തങ്കശേരി ആൽത്തറമൂട്ടിൽ വീടുകൾക്ക് തീപിടിച്ചു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായതായാണ് വിവരം. സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് വീടുകളിലേക്ക് തീ പടരുകയായിരുന്നു. വീടുകൾ പൂർണമായും കത്തി നശിച്ചിട്ടുണ്ട്.
കൂടുതൽ കെട്ടിടങ്ങളിലേക്ക് തീ പടരുന്നുണ്ട്. വിവരം അറിഞ്ഞയുടൻ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നുണ്ട്. ആളപായങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
Kerala
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കൊല്ലം കുളത്തൂപ്പുഴ സിപിഎമ്മിൽ ഏര്യ കമ്മിറ്റി അംഗം രാജിവച്ചു. കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈല ബീവി ആണ് പാർട്ടിയിൽ നിന്ന് രാജിവച്ചത്.
ലൈല ബീവി ആൾ ഇന്ത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവുമാണ്. കഴിഞ്ഞ രണ്ട് തവണയായി ലൈല ബീവിയാണ് കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്. എന്നാൽ ഇത്തവണ തെരഞ്ഞെടുപ്പിൽ ലൈല ബീവിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ലൈല ബീവി രാജി സമർപ്പിച്ചത്. കുളത്തൂപ്പുഴ ടൗൺ വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും ലൈല ബീവി അറിയിച്ചു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം- കൊല്ലം ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി ജില്ലയിൽ ഇന്ന് കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം തിങ്കളാഴ്ച സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.
ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, കോട്ടയം ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
കൊല്ലം: ആഭിചാരത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മുണ്ടയ്ക്കല്‍ സ്വദേശി ഷിനു ആണ് 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പിടിയിലായത്.
കൊല്ലത്ത് അമ്മച്ചിവീട് എന്ന സ്ഥലത്ത് ശംഖ് ജ്യോതിഷാലയം എന്ന സ്ഥാപനത്തിന്റെ ഉടമയാണ് പ്രതി. പരീക്ഷയ്ക്ക് ഉയര്‍ന്ന വിജയം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പൂജയുടെ മറവിൽ 11 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
പെൺകുട്ടിയോട് ഒറ്റയ്ക്ക് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ പ്രതി മാതാവിനെ പുറത്ത് നിർത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. തുടർന്ന് ഈസ്റ്റ് പോലീസിൽ നൽകിയ പരാതിയിലാണ് പ്രതി പിടിയിലായത്.
District News
കരുനാഗപ്പള്ളി : കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് അക്ഷരദീപം തെളിച്ചും ഭാഷാപ്രതിജ്ഞയെടുത്തും സബർമതി ഗ്രന്ഥശാല പ്രവർത്തകർ. മലയാളത്തിലെ എഴുത്തുകാർക്ക് ആദരവ് അർപ്പിച്ചുകൊണ്ടാണ് സബർമതി മലയാള ദിനാഘോഷ ചടങ്ങ് സംഘടിപ്പിച്ചത്.
കുമാരനാശാൻ,വൈക്കം മുഹമ്മദ് ബഷീർ, ഒ.എൻ.വി. കുറുപ്പ്, എം.ടി. വാസുദേവൻ നായർ, കുഞ്ഞുണ്ണി മാഷ്,തകഴി, മാധവിക്കുട്ടി, സുഗതകുമാരി തുടങ്ങി മണ്മറഞ്ഞുപോയ സാഹിത്യ പ്രതിഭകൾക്ക് ചടങ്ങിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.
കേരളപ്പിറവി ദിനാഘോഷ പരിപാടികൾ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സുമൻ ജിത്ത്മിഷ അധ്യക്ഷത വഹിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ജി. മഞ്ജുകുട്ടൻ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രക്ഷാധികാരി വിശാഖ്ശ്രീകുമാർ അക്ഷര കൊടിയേറ്റ് നിർവഹിച്ചു. സെക്രട്ടറി വി. ആർ.ഹരികൃഷ്ണൻ, ഭാരവാഹികളായ രാജേഷ് പുലരി, ശബരീനാഥ്, സുനിൽ പൂമുറ്റം, എസ്.ഷീബ, പ്രേംജിത്ത്, ബിന്ദു വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.
District News
ചാത്തന്നൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ( കെഎസ്എസ്പിഎ ) ചാത്തന്നൂർ മണ്ഡലം സമ്മേളനം നടത്തി. സംസ്ഥാന സെക്രട്ടറി എം. സുജയ് ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്കരണം അനിശ്ചിതമായി നീട്ടി ഇല്ലാതാക്കാനുള്ള സർക്കാർ നയം പ്രതിഷേധാർഹമാണെന്ന് അസോസിയേഷൻ. പെൻഷൻകാരിൽ നിന്നും കവർന്നെടുത്ത കോടികൾ വരുന്ന ക്ഷാമശ്വാസ കുടിശിക തിരികെ നൽകണമെന്ന ആവശ്യവും മണ്ഡലം സമ്മേളനം ഉന്നയിച്ചു.
മണ്ഡലം പ്രസിഡന്റ് കെ. എസ്. ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കല്ലുവാതുക്കൽ അജയകുമാർ, കെ. എസ്. വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി ബി. മധു വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
District News
കുണ്ടറ : കേരള സർക്കാരി െ ന്റ അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനത്തിലൂടെ സംസ്ഥാനത്തെ ഏതാണ്ട് ആറ് ലക്ഷത്തിന് അടുത്തുള്ള അതിദരിദ്രരായ റേഷൻ കാർഡ് ഉടമകൾ ആശങ്കാകുലരാണെന്ന് കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി കുളത്തൂർ രവി.
കുരീപള്ളിയിൽ യുഡിഎഫ് തൃക്കോവിൽവട്ടം പഞ്ചായത്ത് കമ്മിറ്റി നടത്തിയ കുറ്റവിചാരണ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ചെയർമാൻ കുരീപ്പള്ളി സലീം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. എൽ. നിസാമുദീൻ, കെ. ആർ. സുരേന്ദ്രൻ, എം. തോമസ് കുട്ടി, വെങ്കിട്ട രമണൻ പോറ്റി, ഫിറോസ് ഷാ സമദ്, ഗോപിനാഥൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
District News
കൊല്ലം : നെടുങ്ങോലം വിസാ തട്ടിപ്പു കേസിൽ പരാതിക്കാരി ഹാജരാകാഞ്ഞതിനെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ കേസ് തീർപ്പാക്കി. നെടുങ്ങോലം വിസാ തട്ടിപ്പിനെ കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിരുന്നു.
തന്റെ ഭർത്താവിനും സുഹൃത്തിനുമെതിരെ വിസാ തട്ടിപ്പ് ആരോപണം ഉന്നയിച്ച് ഗുണ്ടകളുടെ സഹായിയായ ചിലർ അപവാദം പ്രചരിപ്പിക്കുകയാണെന്ന നെടുങ്ങോലം സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
സംഭവത്തെകുറിച്ച് അന്വേഷണം നടത്താൻ കമ്മീഷൻ അംഗം വി. ഗീത ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകിയിരുന്നു.
എന്നാൽ പരാതിക്കാരിയുടെ ഭർത്താവിനും പാലക്കാടുകാരനായ സുഹൃത്തിനുമെതിരെയാണ് ആരോപണം നിലവിലുള്ളതെന്ന് പോലീസ് റിപ്പോർട്ടിൽ പറഞ്ഞു. വിസാ തട്ടിപ്പുമായി ബന്ധപ്പെട്ട യഥാർഥ വസ്തുതകൾ പുറത്തുവന്നതാണ് പരാതിക്ക് കാരണം.
പരാതി വാസ്തവവിരുദ്ധമാണെന്നും വിസാ തട്ടിപ്പിന് ഇരയായ നിരവധിയാളുകൾ നെടുങ്ങോലം പ്രദേശത്തുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
കേസന്വേഷണത്തി െ ന്റ ഭാഗമായി പരാതിക്കാരിയുടെ വീട്ടിലേക്ക് പോലീസ് വിളിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. പോലീസ് റിപ്പോർട്ടിന് പരാതിക്കാരി മറുപടി സമർപ്പിക്കുകയോ സിറ്റിംഗിൽ ഹാജരാവുകയോ ചെയ്യാത്തതിനാൽ കേസ് തീർപ്പാക്കി.
District News
കൊല്ലം : അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലെ കിണറുകളിലും ടാങ്കുകളിലും ക്ലോറിനേഷന് പ്രക്രിയ പുരോഗമിക്കുന്നു. 30 ഓടെ അവ പൂര്‍ത്തിയാകുമെന്ന് ആരോഗ്യ, തദ്ദേശ വകുപ്പ് അധികൃതര്‍ അറിയിച്ചു. രോഗബാധ ഉണ്ടായതായി കരുതുന്ന വലിയ ജലാശയങ്ങള്‍, കുളങ്ങള്‍ എന്നിവ അടച്ചിടുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് യോഗത്തില്‍ അധ്യക്ഷനായ എ ഡി എം ജി. നിര്‍മല്‍കുമാര്‍ നിര്‍ദേശം നല്കി. കൊന്നയില്‍കടവ് പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തി വേഗത്തിലാക്കണമെന്ന് കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ ആവശ്യപ്പെട്ടു.
പേഴംതുരുത്ത് ബസ് സര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കൊട്ടാരക്കര - അടൂര്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ ഭരണിക്കാവില്‍ അവസാനിപ്പിക്കുന്നതിനെതിരെ പരിശോധന നടത്തണമെന്ന ആവശ്യവും ഉന്നയിച്ചു.
പട്ടികജാതി, പട്ടികവര്‍ഗ സ്കോളര്‍ഷിപ്പ് കുടിശിക കൊടുത്തു തീര്‍ക്കാന്‍ നടപടി സ്വീകരിക്കണമെന്നും കൊല്ലം -കടപ്പുഴ റൂട്ടില്‍ ബോട്ട് സര്‍വീസ് ആരംഭിക്കാന്‍ നടപടി വേണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ പറഞ്ഞു.
നെടുമ്പനയിലെ മൈതാനം നിര്‍മാണം ത്വരിതപ്പെടുത്തണമെന്നും കരീപ്ര പഞ്ചായത്തിലെ തെരുവ്നായ ശല്യം പരിഹരിക്കണമെന്നും പി.സി. വിഷ്ണുനാഥ് എം എല്‍ എയുടെ പ്രതിനിധി ആവശ്യപ്പെട്ടു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.ആര്. ജയഗീത, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
കുണ്ടറ : ലഹരി ഉപയോഗത്തിനും വ്യാപനത്തിനും എതിരെ പോരാടുന്നത് കേരള കോൺഗ്രസ് നിരന്തരമായി തുടരുമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കുളത്തൂർ രവി. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടമായി കണ്ണനല്ലൂരിൽ കേരള കോൺഗ്രസ് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള പോസ്റ്റർ പ്രചാരണവും വ്യാപാരസ്ഥാപനങ്ങളിൽ ലഹരിവിരുദ്ധ പോസ്റ്ററുകൾ നൽകുന്നതും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് വെങ്കിട്ട രമണൻ പോറ്റിയുടെ അധ്യക്ഷതയിൽ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.അരുൺ അലക്സ് മുഖ്യപ്രഭാഷണം നടത്തി. അനിൽ പനിക്ക വിള, വി .പി .സാബു, ലിജു വിജയൻ, രാജേഷ് മുകുന്ദാശ്രമം, ജിഷ്ണു ഗോകുലം, അനസ് കരിക്കോട്, ഗൗതം കൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി.
District News
കുളത്തൂപ്പുഴ: കുടുംബശ്രീ ഓഫീസ് പ്രവര്‍ത്തനം പൂര്‍ണമായും കംപ്യൂട്ടര്വത്കരിക്കുകയും ഫയല്‍ കൈമാറ്റമടക്കം ഓണ്‍ലൈനാക്കി മാറ്റുകയും അംഗങ്ങള്‍ക്ക് കൃത്യതയോടെയും കാര്യക്ഷമതയോടെയും സേവനം നല്‍കുകയും ചെയ്തതോടെ കുളത്തൂപ്പുഴ പഞ്ചായത്ത് കുടുംബശ്രീ സിഡി എസിന് ഐഎസ്ഒ അംഗീകാരം ലഭിച്ചു.
കുളത്തൂപ്പുഴയില്‍ സംഘടിപ്പിച്ച കുടുംബശ്രീ സിഡിഎസ് വാർഷിക ആഘോഷപരിപാടിയിലാണ് പഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാബീവി ഐഎസ്ഒ അംഗീകാരം ലഭിച്ച വിവരം പ്രഖ്യാപിച്ചത്. സി.കൈരളി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി. തുഷാര, ബ്ലോക്ക് പഞ്ചായത്തംഗം ഇ. കെ. സുധീർ, പഞ്ചായത്തംഗങ്ങളായ പി. അനിൽകുമാർ, സുഭിലാഷ് കുമാര്‍, സാബു ഏബ്രഹാം, ഷീജ റാഫി, നദിറ സൈഫുദീൻ, പി.ആർ. സന്തോഷ്കുമാർ, വി. ആർ. അനിലാൽ, മിനി വർഗീസ് എന്നിവർ പ്രസംഗിച്ചു.
District News
അഞ്ചല്‍ : വന്യമൃഗ ആക്രമണവുമായി ബന്ധപ്പെട്ട് നാടെങ്ങും വനം വകുപ്പിനെതിരെ പ്രതിഷേധങ്ങള്‍ അരങ്ങേറുമ്പോള്‍ വനം വകുപ്പിനെ ചേര്‍ത്തുനിര്‍ത്തി മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ തേടുകയാണ് അലയമണ്‍ പഞ്ചായത്തിലെ മീന്‍കുളം പ്രദേശവാസികള്‍.
മീന്‍കുളം റസിഡനന്റ്സ് അസോസിയേഷന്, സനാതന ലൈബ്രററി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷക സായാഹ്ന സദസില്‍ കര്‍ഷകര്‍ അടക്കം നിരവധിപേര്‍ പങ്കെടുത്തു. സനാതന ലൈബ്രറി സെക്രട്ടറി സജീവ് പാങ്ങലംകാട്ടില് അധ്യക്ഷത വഹിച്ച കര്‍ഷക സദസില്‍ വനം വകുപ്പ് ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒ അജീഷ് ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ ഒരുപക്ഷേ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു പരിപാടിയെന്നും പരാതികള്‍ക്കൊപ്പം മീന്‍കുളം റെസിഡന്‍സ് അസോസിയേഷന് നല്കിയ പരിഹാര മാര്‍ഗങ്ങള്‍ സംസ്ഥാന വനം മേധാവി ഉള്‍പ്പെടുന്ന ഉന്നതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും ഡിഎഫ്ഒ പറഞ്ഞു.
കര്‍ഷക സദസില്‍ പങ്കെടുത്തവര്‍ നല്കിയ പരാതികളും നിവേദനങ്ങളും ചടങ്ങില്‍ ഭാരവാഹികള്‍ ഡിഎഫ്ഒയ്ക്കു കൈമാറി. രാഷ്ട്രീയ പശ്ചാത്തലമൊന്നുമില്ലാതെ വനം വകുപ്പിനെ ഉള്‍പ്പെടുത്തികൊണ്ട് ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചതിലുള്ള നന്ദി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ്.ദിവ്യയും യോഗത്തില്‍ അറിയിച്ചു.
ജനകീയ ഇടപെടീലിനെ തുടര്‍ന്നു ഇതുവരെ പന്നിയെ വെടിവയ്ക്കാനുള്ള ഷൂട്ടര്‍മാര്‍ ഇല്ലാതിരുന്ന അലയമണ്ണില്‍ ആറോളം പേരുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ടെന്ന് റസിഡന്റ്സ് അസോസിയേഷന് സെക്രട്ടറി മാക്സ്മിലന് പള്ളിപ്പുറം യോഗത്തില്‍ അറിയിച്ചു.
District News
ചവറ: മൊസാംബിക്കിലെ ബെയ്റാ തുറമുഖത്തിന് സമീപം ഉണ്ടായ ബോട്ട് അപകടത്തിൽ മരിച്ച തേവലക്കര നടുവിലക്കര ഗംഗ ഭവനിൽ രാധാകൃഷ്ണൻ - ഷീല ദമ്പതികളുടെ മകൻ ശ്രീരാഗി(36 ) ന്റെ മൃതദേഹം വീട്ടിലെത്തിച്ചു സംസ്കരിച്ചു.
മൊസാംബിക്കിൽ നിന്ന് മുംബൈ വിമാനത്താവളം വഴി മൃതദേഹം ഇന്നലെ രാവിലെ കൊച്ചിയിൽ എത്തിക്കുകയായിരുന്നു. അവിടെ നിന്നും ആംബുലൻസ് മാർഗമാണ് ചവറ തേവലക്കരയിലെ വസതിയിൽ എത്തിച്ചത്.
ശ്രീരാഗിന് അന്ത്യോപചാരം നൽകുവാൻ നൂറുകണക്കിന് ആളുകളാണ് എത്തിയിരുന്നത്.ആറ് വയസ് പ്രായമുള്ള മകൾ അതിഥിയാണ് ശ്രീരാഗിന്റെ ചിതകയ്ക്ക് തീ കൊളുത്തിയത്.ഇറ്റലി ആസ്ഥാനമായുള്ള സ്കോർപിയോ ഷിപ്പിംഗ് കമ്പനിയിലെ സ്വീ ക്വസ്റ്റ് എന്ന കപ്പിലിലെ ഇലക്ട്രോ ഓഫീസർ ആയിരുന്നു മരണപ്പെട്ട ശ്രീരാഗ്. ഏഴു വർഷമായി കപ്പലിലാണ് ജോലി. മൊസാംബിക്കിൽ ജോലിയിൽ കയറിയിട്ട് മൂന്നു വർഷമായി. രണ്ടാമത്തെ കുഞ്ഞിനെയും ബന്ധുക്കളെയും കാണുവാൻ ആറുമാസത്തിനു മുമ്പാണ് ശ്രീരാഗ് നാട്ടിലെത്തിയത്. ഈ മാസം 13 നാണ് ജോലിക്കായി തിരികെ പോയത്.
മൊസാംബിക്കടുത്ത് ബെയ്റ എന്ന സ്ഥലത്ത് തുറമുഖത്തിനരികിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിലേക്ക് പോയ ഇന്ത്യക്കാരുള്‍പ്പെടെ 21 അംഗ സംഘം സഞ്ചരിച്ച ബോട്ടു മുങ്ങിയാണ് ശ്രീരാഗ് മരിച്ചത്.ഇതില്‍ 15 പേര് രക്ഷപ്പെട്ടിരുന്നു. തിരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹം നേരത്തെ കണ്ടു കിട്ടിയിരുന്നു.
അവശേഷിച്ച മൂന്നുപേര്‍ക്കായി തെരച്ചില്‍ നടത്തി വരുമ്പോൾ ആണ് ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തിയത്. ഏറെ പ്രതീക്ഷയോടെ കുടുംബത്തിനായി ജോലിക്ക് പോയ തങ്ങളുടെ പ്രിയപ്പെട്ട ശ്രീരാഗിന്റെ വിയോഗം ഉൾക്കൊള്ളുവാൻ ഉറ്റവർക്ക് ഏറെ പ്രയാസപ്പെടേണ്ടി വന്നു. കുടുംബത്തിന്റെ അത്താണിയാണ് മരിച്ച ശ്രീരാഗ്. ഭാര്യ :ജിത്തു. മക്കൾ:അതിഥി, അനശ്വർ (നാല് മാസം ).
District News
കുളത്തൂപ്പുഴ: തിരുവനന്തപുരം - തെങ്കാശി അന്തർ സംസ്ഥാന മലയോര ഹൈവേയിൽ കല്ലുവെട്ടാൻ കുഴി 30 അടി പാലത്തിനു സമീപം വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ കെഎസ്ആർടിസി ബസ് റോഡ് സൈഡിലെ തേക്ക് മരത്തിൽ ഇടിച്ചുനിന്നു.
യാത്രക്കാർ പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടു.കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും കുളത്തൂപ്പുഴയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് കുളത്തൂപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ചെയ്ത് കയറിയ ഓട്ടോറിക്ഷയെ ഇടിക്കാതിരിക്കാൻ വാഹനം വെട്ടി തിരിക്കവേ ആണ് മരത്തിൽ ഇടിച്ചത്. അപടത്തിൽപ്പെട്ട ബസിന്റെ മുൻവശത്തെ ഗ്ലാസ് തകർന്നു.
District News
കൊല്ലം : പുറ്റിംഗൽ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളിൽ ചിലർ സമർപ്പിച്ച വിടുതൽ ഹർജികളിൽ വാദം പൂർത്തിയായി.പ്രത്യേക കോടതിയുടെ ചുമതലയുള്ള മൂന്നാം അഡീഷണൽ ജില്ലാ ജഡ്ജി എം.സി. ആന്റണി മുമ്പാകെയാണ് ഇന്നലെയും വാദം നടന്നത്.
57 മുതൽ 59 വരെ പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജികളിൽ പ്രതിഭാഗവും പ്രോസിക്യൂഷനും അവരുടെ വാദമുഖങ്ങൾ നിരത്തി. തുടർന്ന് കോടതി പ്രതികൾക്ക് എതിരെയുള്ള കുറ്റപത്രം തയാറാക്കുന്ന നടപടികൾക്കായി കേസ് നവംബർ ഒന്നിലേക്ക് മാറ്റി.
വിടുതൽ ഹർജിയിൽ കോടതിയുടെ ഉത്തരവും അന്ന് ഉണ്ടാകും.വിടുതൽ ഹർജിയിൽ വാദം നടക്കുന്നതിനിടയിൽ കേസിലെ 15ാം പ്രതിയും അന്നത്തെ ക്ഷേത്ര ഭരണ സമിതി അംഗവുമായ റെജിത ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീണു.
ഇവരെ കോടതി നിർദേശാനുസരണം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കേറ്റ മുറിവ് തുന്നിക്കെട്ടിയ ശേഷം ഇവരെ പിന്നീട് ഡിസ്ചാർജ് ചെയ്ത് പരവൂർ നെടുങ്ങോലം രാമറാവു മെമ്മോറിയൽ ഗവൺമെന്റ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.
പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകരായ ജി. മോഹൻരാജ്, വിപിൻ മോഹനൻ ഉണ്ണിത്താൻ, ലിന്റൺ എന്നിവരും പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. ജബ്ബാർ, അഡ്വ.അമ്പിളി ജബ്ബാർ എന്നിവരും കോടതിയിൽ ഹാജരായി.
District News
കൊല്ലം: ഭൂമി തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ സംഘടിപ്പിച്ച അദാലത്തില്‍ 2313 അപേക്ഷകള്‍ക്കു പരിഹാരമായി. ജില്ലയില്‍ 25 സെന്റിനു താഴെയുള്ള സൗജന്യ ഭൂമി തരംമാറ്റത്തിനായി ഓഗസ്റ്റ് 31 വരെ ലഭിച്ച അപേക്ഷകളില്‍നിന്നു 3532 എണ്ണമാണ് പരിഗണിച്ചത്. കരുനാഗപ്പള്ളി, കൊല്ലം താലൂക്കുകളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍. കരുനാഗപ്പള്ളി അപേക്ഷകള്‍ -1982, പരിഹരിച്ചത് -1114. കൊല്ലം അപേക്ഷകള്‍ - 945, പരിഹരിച്ചത് - 585.
ജില്ലാ കളക്ടര്‍ എന്‍.ദേവിദാസ് അദാലത്ത് ഉദ്ഘാടനം ചെയ്തു. എഡിഎം ജി.നിര്‍മല്‍കുമാര്‍ അധ്യക്ഷനായി. ശേഷിക്കുന്ന അപേക്ഷകളിലും ഉടന്‍ പരിഹാരം കാണും. ഡെപ്യൂട്ടി കളക്ടര്‍മാരായ ആര് രാകേഷ് കുമാര്‍, എഫ്. റോയ്കുമാര്‍, ആര്.ബീന റാണി, കൊല്ലം ആര്‍ഡിഒ ജി.കെ.പ്രദീപ്, പുനലൂര്‍ ആര്‍ഡിഒ ജി.സുരേഷ് ബാബു, എച്ച്എസ് റാം ബിനോയ് തുടങ്ങിയവര്‍ പങ്കെടുത്തു.