തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിൽ മോചിതനായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യ ഉത്തരവിൽ എസ്ഐടിക്ക് വൻ തിരിച്ചടി. കേസിൽ തന്ത്രിയുടെ പങ്ക് തെളിയിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്ന് ജാമ്യ ഉത്തരവിൽ പറയുന്നു.
ഇതുകൂടാതെ രണ്ട് കേസുകളിലും തന്ത്രിയുടെ പങ്കിന് തെളിവുകളില്ലെന്നും ശ്രീകോവിലിന് പുറത്തുള്ള വസ്തുക്കളിൽ തന്ത്രിക്ക് ഉത്തരവാദിത്തമില്ലെന്നും ജാമ്യ ഉത്തരവിൽ വ്യക്തമാക്കുന്നു. ബുധനാഴ്ചയാണ് തന്ത്രി ജാമ്യം നേടി ജയിൽ മോചിതനായത്.
കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ വാദങ്ങൾ തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ തന്ത്രിക്ക് ചുമതലയില്ലെന്നും ശില്പങ്ങളും പാളികളും സ്വർണം പൂശുന്നത് പൂജാവിധിയോ ആചാരമോ അല്ലെന്നും ജാമ്യ ഉത്തരവിൽ പറയുന്നു.
ഇതിനുപുറമേ മഹസറുകളിൽ തന്ത്രി ഒപ്പിട്ടിട്ടില്ലെന്നും കോടതി കണ്ടെത്തി. ഗൂഢാലോചന വാദം നിലനിൽക്കില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലം വിജിലൻസ് കോടതിയാണ് തന്ത്രിക്ക് കേസിൽ ജാമ്യം അനുവദിച്ചത്.
Tags : sabrimala gold theft SIT kollam vigilance court