പത്രം തുറന്നാൽ തൃശൂരിലെ കലകളാരവം, ചാനൽ ഞെക്കിയാൽ കാമറയും മൈക്കുമിട്ട് ഇളക്കുന്ന അവിയൽ... പിള്ളേരവിടെ പൊളിക്കട്ടെ. നമുക്കു രാഷ്ട്രീയ കലകളാരവം നടക്കുന്ന വേദികളിലേക്കു പോകാം.
കൊല്ലത്തെ വേദി ഒന്നിൽ ഇപ്പോൾ ഫാൻസിഡ്രസ് മത്സരമാണു നടക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ രൂപവും ഭാവവും മാറി കാണികളെ വിസ്മയിപ്പിച്ചിരിക്കുകയാണ് കൊല്ലത്തുനിന്നുള്ള ഒരു കലാകാരി. മാസങ്ങളായി ഇതിനു വേണ്ടി ഒരുക്കം നടത്തിവരികയായിരുന്നു മിന്നും താരം അയിഷയെന്ന് പരിശീലകർ പറഞ്ഞു. ആലപ്പുഴയിൽനിന്നൊരു മോളൂട്ടിയും കോട്ടയത്തൊരു കുറുപ്പച്ചനും ഫാൻസിഡ്രസിൽ പങ്കെടുക്കാൻ തയാറെടുത്തിരിക്കുകയാണെന്നു കഥകളുണ്ടെങ്കിലും ഇതുവരെ വേഷംകെട്ടി വേദിയിലേക്കു വന്നിട്ടില്ല.
ഈ സമയം കോട്ടയത്തെ വേദിയിൽ കഥകളി മത്സരമാണ് അരങ്ങുതകർക്കുന്നത്.മുന്നണിവധം ആട്ടക്കഥ ആസ്വദിക്കുന്ന തിരക്കിലാണ് കാണികൾ. ഈ ആട്ടക്കഥ അവസാനഘട്ടത്തിലേക്ക് എത്തുന്പോൾ തന്റെ സീറ്റ് ആടാതിരിക്കാൻ പാലായിൽനിന്നുള്ള ഒരു കലാകാരൻ പ്രമുഖ ആശാനെ തേടി മലപ്പുറത്തേക്കു വച്ചുപിടിച്ചു. കോട്ടയത്തെ ആട്ടക്കാർ വേദിയിൽ പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിവയിൽ ഏതു വേഷം കെട്ടിയാലും തന്റെ വേഷം അഴിക്കാൻ തയാറല്ലെന്ന് ഇദ്ദേഹം മലപ്പുറം ആശാനെ അറിയിച്ചത്രേ. പുതിയ ആട്ടക്കഥ രചിക്കാൻ തന്നെ ആരും ഏല്പിച്ചിട്ടില്ലെന്നു പറഞ്ഞ് ഒടുവിൽ ആശാനും വട്ടപ്പാട്ട് പാടി തലയൂരി. ആട്ടക്കഥ കണ്ടു രസംപിടിച്ച സംഘാടകർ കലാകാരന്മാർക്കു തിരുവനന്തപുരത്ത് 25 സെന്റ് സ്ഥലം സമ്മാനിച്ചാണ് സന്തോഷം പ്രകടിപ്പിച്ചത്.
തലസ്ഥാനത്തെ വേദി രണ്ടിൽ നടന്ന മിമിക്രി മത്സരം പൊട്ടിച്ചിരികൾ ഉയർത്തി. ഡൽഹിയിൽനിന്നു മാർക്കിടാൻ വന്ന ഒരു വിധികർത്താവ് വരാനിരിക്കുന്ന മുഖ്യമന്ത്രിയുടെ സ്വരം അമിട്ട് പൊട്ടുന്നതുപോലെ അനുകരിച്ചത് കാണികളെയും മത്സരാർഥികളെയും ആവേശം കൊള്ളിച്ചു. ‘മോണോ ആക്ടി’ലൂടെ രാഷ്ട്രീയ കലാജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന സംസ്ഥാന പ്രതിഭ രാജീവിന്റെ പ്രകടനമായിരുന്നു കാണികളെ അദ്ഭുതപ്പെടുത്തിയ മറ്റൊരു ഇനം.
തലസ്ഥാനത്തെ പ്രധാന വേദിയിൽ തെരുവുനാടകമത്സരം തുടങ്ങാൻ വൈകിയതായിരുന്നു വാർത്ത. ഒരു പ്രധാന കലാകാരി നാടകംവിട്ട് ഫാൻസിഡ്രസിൽ പങ്കെടുക്കാൻ പോയതോടെയാണ് മത്സരം പാളിയത്. താൻ ഫാൻസിഡ്രസിനേ ഉള്ളൂ, നാടകത്തിന് ഇല്ലെന്നു കലാകാരി അറിയിച്ചത് നാടകപ്രവർത്തകരെ ചൊടിപ്പിച്ചു. നാടകം തുടങ്ങുന്നതിനു മുന്‍പായി, വർഗവഞ്ചകയെന്ന് അനൗണ്‍സ് ചെയ്താണ് അണിയറക്കാർ കലിപ്പു തീർത്തത്.
താഴമണ്‍ വേദിയിൽ തുടരുന്ന ഓട്ടൻതുള്ളൽ ഏറെ നേരമായിട്ടും അവസാനിച്ചിട്ടില്ല. പുതിയ തന്ത്രങ്ങളുമായിട്ടാണ് ഇത്തവണ കലകാരന്മാരിൽ ചിലർ അരങ്ങിലെത്തിയത്.
തന്ത്രമാണോ മന്ത്രമാണോ പാളിയതെന്നറിയില്ല, ദേവതുല്യർ ഇപ്പോഴും ഓട്ടം തുടരുകയാണ്. ഇതിനിടെ, ആശുപത്രിക്കിടക്കയിൽനിന്നു ടാബ്ലോ മത്സരത്തിൽ പങ്കുചേർന്നു കാണികൾക്ക് ആവേശം പകർന്നിരിക്കുകയാണ് ശങ്കരദാസേട്ടൻ. നേരത്തെ കഥാപ്രസംഗത്തിനാണ് പേരു കൊടുത്തിരുന്നതെങ്കിലും സ്ക്രിപ്റ്റ് കിട്ടണമെന്നു കോടതി പറഞ്ഞതോടെയാണ് ദാസേട്ടൻ ടാബ്ലോയിലേക്കു മാറിയത്. മൂകാഭിനയത്തിനും പേരു കൊടുത്തിട്ടുണ്ട്.
അതേസമയം, ജയിൽവേദിയിൽനിന്നൊരു സന്തോഷവാർത്ത. വേദിയിലെ മിന്നും പ്രകടനം കണക്കിലെടുത്ത് എല്ലാ കലാകാരൻമാരുടെയും സമ്മാനത്തുക സർക്കാർ കുത്തനെ കൂട്ടി. ഇതോടൊപ്പം കാണികളായെത്തിയ ആശമാർക്ക് ഓരോ പായ്ക്കറ്റ് നിരാശയും വീട്ടിലെത്തിച്ചു നൽകും.
ഇനി പത്തനംതിട്ടയിലെ പ്രധാന പാചകപ്പുരയിലേക്കാണ് നമ്മുടെ യാത്ര. ഇന്നത്തെ സ്പെഷൽ കോഴിക്കറിയാണെന്നാണ് പ്രധാന കുക്ക് പറഞ്ഞിരിക്കുന്നത്. ഓണ്‍ലൈൻ റെസിപ്പിയിൽ തയാറാക്കിയ വിഭവം ഇതിനകംതന്നെ ചർച്ചയായിട്ടുണ്ട്. കോഴിക്കു വില ഇത്തിരി കൂടുതലാണെങ്കിലും സംസ്ഥാന തെരഞ്ഞെടുപ്പ് മേള അടുത്തിരിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ കലോത്സവത്തിൽ കോഴിക്കറിയില്ലാതെ എന്തു കലയും കലക്കും...
മിസ്ഡ് കോൾ
സംസ്ഥാന ആരോഗ്യവകുപ്പിന്റെ ആധികാരിക വിവരങ്ങൾ പങ്കുവയ്ക്കാൻ പുതിയ പോർട്ടൽ.
- വാർത്ത.
വാർത്തകൾക്ക് ഇനി സുഖചികിത്സ!
Tags : Out of range Fansidress Kollam