യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... പെരുന്നയിൽനിന്നു കണിച്ചുകുളങ്ങര വഴി എകെജി സെന്ററിലേക്കു പോകുന്ന ഐക്യ പ്രീമിയം സൂപ്പർ ഫാസ്റ്റ് പെരുന്ന സ്റ്റാൻഡിന്റെ വടക്കുഭാഗത്തു പാർക്ക് ചെയ്യുന്നു. ഉടൻ പുറപ്പെടുന്ന ഈ വണ്ടിയിലേക്കുള്ള റിസർവേഷൻ ടിക്കറ്റുകൾ ഇപ്പോൾ കൗണ്ടറിൽ ലഭ്യമാണ്... അനൗൺസ്മെന്റ് കേട്ടുകൊണ്ടാണ് ഒരു യാത്രക്കാരൻ ഒാടിക്കിതച്ച് ബസിനടുത്ത് എത്തിയത്. ബസിന്റെ സൈഡ് സീറ്റിൽ ഇതിനകം ഇടംപിടിച്ചിരുന്ന ഒരാളോടായി ചോദ്യം: ചേട്ടാ ഈ വണ്ടിയിൽ റിസർവേഷൻ ഇല്ലാതെ കയറിയാൽ സീറ്റു കിട്ടുമോ?
സീറ്റിലിരുന്നയാൾ പുറത്തേക്കു തല നീട്ടി യാത്രക്കാരനെ അടിമുടിയൊന്നു നോക്കി, എന്നിട്ടു പറഞ്ഞു: “റിസർവേഷൻ ഉള്ളതാ നല്ലത്. പണ്ട് ഈ ബസിലെ ഡ്രൈവറും കണ്ടക്ടറും തമ്മിൽ റിസർവേഷനെച്ചൊല്ലി നടത്തിയ അടി മൂലമാ ഈ വണ്ടിയുടെ സർവീസ് തന്നെ മുടങ്ങിപ്പോയത്.
എല്ലാവർക്കും റിസർവേഷൻ വേണമെന്നു ഡ്രൈവർ. എല്ലാവരും അങ്ങനെ സീറ്റിൽ ഇരുന്നു സുഖിക്കേണ്ടെന്നു കണ്ടക്ടർ... ഒടുവിൽ തർക്കവും ബഹളവും കട്ടപ്പവിളിയും മൂത്തതോടെ ഐക്യ സൂപ്പർ ഫാസ്റ്റ് അന്നു കട്ടപ്പുറത്തു കയറി. കട്ടപ്പുറത്തിരുന്നു ബസിനു ബോറടിച്ചതാണോ ഡ്രൈവർക്കും കണ്ടക്ടർക്കും എന്തെങ്കിലും കോളടിച്ചതാണോയെന്നറിയില്ല, ഇപ്പോൾ റൂട്ട് തെളിഞ്ഞ മട്ടാണ്. ഡ്രൈവറും കണ്ടക്ടറും വീണ്ടും ഒത്തതോടെയാണ് ഐക്യ ബസ് നിരത്തിലിറങ്ങിയത്.”
ഇതു കേട്ട യാത്രക്കാരൻ റിസർവേഷൻ കൂപ്പൺ മേടിച്ചു തിരിച്ചുവരുമ്പോൾ കുറെ സീറ്റുകളിൽ ആളുണ്ട്. ബസിൽ കയറി ചുറ്റുമൊന്നു നോക്കി. പല സീറ്റുകൾക്കും മുകളിൽ നായാടികൾ മാത്രം, നന്പൂരികൾ മാത്രം, നസ്രാണികൾ മാത്രം എന്നിങ്ങനെ എഴുതിയിട്ടുണ്ട്. സംവരണം ചെയ്യാത്ത ഒരു സീറ്റിൽ പുള്ളിക്കാരൻ ഇടംപിടിച്ചു. ബസ് പുറപ്പെടാൻ ഇനിയും സമയമുണ്ടെന്നു തോന്നുന്നു.
പെട്ടെന്ന് ഒരു സ്ത്രീ കൈയിൽ ഏതാനും കാർഡുകളുമായി അകത്തേക്കു കയറി വന്നു. എല്ലാ സീറ്റിലും ഒാരോ കാർഡ് വച്ചു. എന്നിട്ട് പറയാൻ തുടങ്ങി: “പ്രിയപ്പെട്ടവരെ എന്റെ ഭർത്താവിനു ബോർഡിലായിരുന്നു ജോലി. സ്വർണപ്പാളി മറിഞ്ഞു ദേഹത്തു വീണതിനെത്തുടർന്ന് അദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ കോമയിലാണ്.
നിങ്ങളെക്കൊണ്ട് പറ്റാവുന്ന തുക മുഖ്യപ്രതിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്തു സഹായിക്കുക...” കിട്ടിയതും വാങ്ങിക്കൊണ്ട് അവർ ഇറങ്ങി.
അല്പം കഴിഞ്ഞപ്പോൾ ഡ്രൈവർ ഒരുവിധം വണ്ടിയിലേക്കു വലിഞ്ഞുകയറി. ആരോ ഉന്തിത്തള്ളി കയറ്റിയ മുഖഭാവം. പിറകോട്ട് തിരിഞ്ഞ് പുള്ളിയുടെ അനൗൺസ്മെന്റ്: “വണ്ടി ഉടനെ പുറപ്പെടും. പുറത്തേക്ക് ഇറങ്ങിയവരെല്ലാം തിരികെയെത്തിയോ?”
“ഡ്രൈവർ സാറേ കണ്ടക്ടർ കയറിയിട്ടില്ല.”- ഒരു യാത്രക്കാരൻ വിളിച്ചു പറഞ്ഞു.
“അതു കുഴപ്പമില്ല. കണ്ടക്ടർ കണിച്ചുകുളങ്ങരയിൽനിന്നു കയറിക്കോളും. അടുത്ത സ്റ്റോപ്പ് കണിച്ചുകുളങ്ങരയാ”- ഡ്രൈവറുടെ മറുപടി.
“ഡ്രൈവർ സാറേ ഇടയ്ക്ക് ഭക്ഷണം കഴിക്കാൻ വണ്ടി ഹോട്ടലിൽ എവിടെയെങ്കിലും നിർത്തുമോ?”
“നിർത്തും പക്ഷേ, സാദാ ഹോട്ടലിനു മുന്നിൽ നിർത്തില്ല. ഈ വണ്ടി ബാർ ഹോട്ടലിനു മുന്നിൽ മാത്രമേ നിർത്തൂ, അല്ലെങ്കിൽ കണ്ടക്ടർ ബഹളമുണ്ടാക്കും!”
“സാരമില്ല, കഴിക്കാൻ എന്തെങ്കിലും കിട്ടുമല്ലോ. അതുമതി.”- യാത്രക്കാരൻ സമാധാനിച്ചു.
“പെരുന്നയിൽനിന്നാണു പോകുന്നതെങ്കിലും കണ്ണൂർ ഉൾപ്പെടെ കറങ്ങിയാണ് നമ്മൾ എകെജി സെന്ററിൽ എത്തുന്നത്. പ്രത്യേകം ശ്രദ്ധിക്കുക, മലപ്പുറം സ്റ്റാൻഡിൽ വണ്ടി കയറില്ല. വഴിയിലേ നിർത്തൂ. ഡോർ അടച്ചേക്കൂ, വണ്ടി പുറപ്പെടുകയാണ്”- ഡ്രൈവറുടെ അറിയിപ്പ്.
പെട്ടെന്ന് ഡോറിനു സമീപമിരുന്നയാൾ വിളിച്ചു പറഞ്ഞു: “വണ്ടി വിടരുത്. ദേ ഇവിടെ മൂന്നാലു പേർ കയറാൻ നിൽക്കുന്നു. മാരാർജി ഭവൻ വഴി പോകുമോയെന്നാ ചോദിക്കുന്നത്.”
“ഈ വണ്ടിക്ക് അവിടെ സ്റ്റോപ്പില്ല. ഇതിനു പിന്നാലെ ഒരു ഒാർഡിനറിയുണ്ട്. തത്കാലം അതിൽ കയറിക്കോളാൻ പറ.”
“ടിക്കറ്റ് കാശ് എത്ര വേണമെങ്കിലും മുടക്കാം. അവരെക്കൂടി കയറ്റണമെന്ന്. വേണമെങ്കിൽ നിന്നു പൊയ്ക്കോളാമെന്ന്...”
“വെറുതെ നിന്നു സമയം കളയേണ്ടെന്നു പറ. മാരാർജി ഭവനിൽ ആളും സ്റ്റോപ്പും ഉണ്ടാകുന്ന കാലത്തു കയറ്റാമെന്നു പറഞ്ഞേക്ക്. ഇപ്പോ ചെന്നാൽ ഒാർഡിനറി കിട്ടും. വൈകിയാൽ അതും പോകും, പറഞ്ഞില്ലെന്നു വേണ്ട...”
വണ്ടി സ്റ്റാർട്ട് ചെയ്തതും പുറത്തുനിന്ന ഒരാളുടെ കമന്റ്. “ഡ്രൈവർ സാറേ, ഇതിന്റെ ടയറെല്ലാം മൊട്ടയാണല്ലോ. ദേ പൂണൂൽ തെളിഞ്ഞുനിൽക്കുന്നു. അങ്ങുവരെ ഒാടുമോ?”
“പഞ്ചർ ഒട്ടിച്ചിട്ടാണെങ്കിലും ഒാടിച്ചേ പറ്റൂ. തെരഞ്ഞെടുപ്പ് കഴിയും വരെയാണ് വണ്ടിക്കു പെർമിറ്റുള്ളത്. അതുവരെ എങ്ങനെയെങ്കിലും ഉരുട്ടും. ഡബിൾ ബെൽ കൊട്. ഇപ്പോത്തന്നെ വൈകി. റോഡിന്റെ ഇടതുവശം ചേർന്നങ്ങ് പോകാം!”
മിസ്ഡ് കോൾ
ഇത്തവണയും തന്റെ വാക്കുകൾ
വളച്ചൊടിച്ചതെന്ന് മന്ത്രി സജി ചെറിയാൻ.
- വാർത്ത.
ഒടിയൻ!
Tags : Super Fast coming soon!