ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ചെങ്ഡു നഗരത്തിൽ നിന്നുള്ള 68-കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്.
പ്രായത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച്, സ്കേറ്റ്ബോർഡിംഗിൽ പ്രാവീണ്യം തെളിയിക്കുന്ന ഇവരെ ഓൺലൈൻ ലോകം "ഗ്രാൻഡ്മാ ലിയു' എന്നാണ് വിളിച്ച് ആദരിക്കുന്നത്.
പൊതുസ്ഥലങ്ങളിൽ ആത്മവിശ്വാസത്തോടെ സ്കേറ്റ്ബോർഡ് ഓടിക്കുകയും വിവിധ ട്രിക്കുകൾ കാണിക്കുകയും ചെയ്യുന്ന ലിയുവിന്റെ ദൃശ്യങ്ങൾ വൈറലായതോടെ, വാർധക്യം എന്നത് ഒരു പരിമിതി അല്ലെന്ന് ഇവർ ലോകത്തിന് മുന്നിൽ തെളിയിച്ചിരിക്കുകയാണ്.
സിജിടിഎൻ റിപ്പോർട്ട് അനുസരിച്ച്, ലിയു തന്റെ 65-ാം വയസിൽ, അതായത് 2022 ഫെബ്രുവരിയിലാണ് സ്കേറ്റ്ബോർഡിംഗ് പഠിക്കാൻ തുടങ്ങിയത്. ആദ്യമൊന്നും ഈ കായിക വിനോദത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലാതിരുന്നിട്ടും, അതിയായ ആവേശത്തോടെയും ദൃഢനിശ്ചയത്തോടെയുമാണ് അവർ സ്കേറ്റ്ബോർഡിനെ നെഞ്ചിലേറ്റിയത്.
ദിവസങ്ങൾക്കുള്ളിൽ തന്നെ, ലോകമെമ്പാടുമുള്ള കാഴ്ചക്കാരിൽ നിന്ന് അവർ അഭിനന്ദനം നേടി. പ്രായഭേദമന്യേ ആർക്കും പുതിയ കാര്യങ്ങൾ പഠിക്കാമെന്ന് തെളിയിച്ചതിന് നിരവധി പേർ അവരെ പ്രശംസിച്ചു.
ചെറുപ്പം മുതൽക്കേ കായികപരമായ കാര്യങ്ങളിൽ താൽപ്പര്യം കാണിച്ചിരുന്ന വ്യക്തിയാണ് ലിയു. ടേബിൾ ടെന്നീസ്, ഓട്ടം, ക്രോസ്-കൺട്രി തുടങ്ങിയ വിനോദങ്ങളിൽ അവർ സജീവമായിരുന്നു.
തിരക്കിട്ട ജീവിതത്തിനിടയിലും കായികപരമായ കാര്യങ്ങളോടുള്ള അവരുടെ അഭിനിവേശം ഒട്ടും കുറഞ്ഞില്ല. തന്റെ മകളാണ് സ്കേറ്റ്ബോർഡിംഗ് ലോകത്തേക്ക് അവരെ കൈപിടിച്ച് കൊണ്ടുവന്നത്. പുതിയതും വ്യത്യസ്തവുമായ ഒരു വിനോദം പരീക്ഷിക്കാൻ മകൾ പ്രോത്സാഹിപ്പിച്ചു.
"എനിക്ക് ഒരിടത്ത് അടങ്ങിയിരിക്കാൻ കഴിയില്ല, എന്റെ സുഹൃത്തുക്കളിൽ ഭൂരിഭാഗവും യുവതലമുറയിൽപ്പെട്ടവരാണ്', ചൈന യൂത്ത് ഡെയ്ലിയോട് സംസാരിക്കവെ ലിയു പറഞ്ഞു.
ആദ്യമായി സ്കേറ്റ്ബോർഡ് കണ്ടപ്പോൾ തന്നെ അത് രസകരമായി തോന്നിയെന്നും, ആദ്യ ശ്രമത്തിൽ വീഴാതെ മുന്നോട്ട് പോയത് കൂടുതൽ പഠിക്കാൻ പ്രോത്സാഹനമായെന്നും അവർ ഓർത്തെടുത്തു. എങ്കിലും, ഈ യാത്ര വെല്ലുവിളികൾ നിറഞ്ഞതായിരുന്നു.
പഠനത്തിന്റെ ആദ്യ ഘട്ടങ്ങളിൽ അവർക്ക് പലപ്പോഴും വീഴ്ചകൾ സംഭവിക്കുകയും ചെറിയ പരിക്കുകൾ ഏൽക്കുകയും ചെയ്തു. എന്നാൽ, ഈ പ്രയാസങ്ങൾക്കൊന്നും അവരെ പിന്തിരിപ്പിക്കാനായില്ല.
സ്ഥിരമായ പരിശീലനത്തിലൂടെ അവർ അടിസ്ഥാനപരമായ ചലനങ്ങൾ വളരെ വേഗം സ്വായത്തമാക്കി. സുരക്ഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട്, ഓരോ തവണ സ്കേറ്റ് ചെയ്യുന്നതിന് മുൻപും ലിയു കൃത്യമായി സംരക്ഷണ ഉപകരണങ്ങൾ ധരിക്കാറുണ്ട്.
ഗ്രാൻഡ്മാ ലിയുവിന്റെ ഈ ആവേശകരമായ കഥ ഓൺലൈനിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക്, സ്വന്തം സുഖസൗകര്യങ്ങളുടെ പരിധി വിട്ട് പുതിയൊരു മേഖലയിലേക്ക് കടന്നുവരാനും ജീവിതം ആസ്വദിക്കാനും ഇത് വലിയ പ്രചോദനമായി മാറിക്കൊണ്ടിരിക്കുകയാണ്.
Tags : GrandmaLiu SkateboardingGrandma NeverTooLate Inspiration AgeIsJustANumber