ഉത്തർപ്രദേശിലെ മീററ്റിൽ ദേശീയപാതയോരത്ത് ബുധനാഴ്ച അരങ്ങേറിയത് ഭീതിയുടെ നിമിഷങ്ങളായിരുന്നു. കങ്കർഖേഡ മേഖലയിൽ നിലയുറപ്പിച്ചിരുന്ന തെരുവ് കാള പെട്ടെന്ന് അക്രമാസക്തമാവുകയും വഴിയിലുണ്ടായിരുന്ന വാഹനങ്ങളെയും യാത്രക്കാരെയും ആക്രമിക്കാൻ തുടങ്ങുകയുമായിരുന്നു.
പാതയോരത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളെയും കടന്നുപോയ യാത്രക്കാരെയും ലക്ഷ്യം വെച്ച് കാള കുതിച്ചതോടെ പരിഭ്രാന്തരായ ജനങ്ങൾ ചിതറിയോടി. പല വാഹനങ്ങൾക്കും കാളയുടെ ആക്രമണത്തിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചു.
റോഡിലെ ബഹളത്തിനിടയിൽ നിന്നും സിറ്റി ഗേൾ റെസ്റ്റോറന്റിന് മുന്നിലേക്ക് പാഞ്ഞെത്തിയ കാള അവിടെ നിൽക്കുകയായിരുന്ന ധീരജ് രതിയെ ഇടിച്ചിട്ട്, കൊമ്പിൽ കോരി എറിഞ്ഞു.
ഗുരുതരമായി പരിക്കേറ്റ് താഴെ വീണെങ്കിലും, വീണ്ടും ആക്രമിക്കാനായി കാള കുതിക്കുന്നത് കണ്ട് ധീരജ് അതിവേഗം സമീപത്തെ കാറിന് പിന്നിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
റെസ്റ്റോറന്റിലെ സിസിടിവിയിൽ പതിഞ്ഞ ഈ നടുക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആക്രമണത്തിൽ വാരിയെല്ലുകൾക്ക് പരിക്കേറ്റ ധീരജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്.
Tags : MeerutNews UttarPradesh ViralVideo CCTVFootage BullAttack