ഛത്തീസ്ഗഡിലെ ജൻജ്ഗീർ-ചാമ്പ ജില്ലയിലുള്ള സെവ്നി ഗ്രാമത്തിൽ അരങ്ങേറിയത് ദൈവത്തിന്റെ കൈയൊപ്പുള്ള അത്ഭുത രക്ഷാപ്രവർത്തനമാണ്.
ഗ്രാമവാസികളെ ഒന്നടങ്കം നടുക്കിയ സംഭവത്തിൽ 20 ദിവസം മാത്രം പ്രായമുള്ള നവജാതശിശു മരണത്തിന്റെ വക്കിൽ നിന്നുമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
വീടിന്റെ ഉമ്മറത്ത് അമ്മയുടെ മടിയിൽ സുരക്ഷിതമായി ഇരിക്കുകയായിരുന്ന കുഞ്ഞിനെ അപ്രതീക്ഷിതമായി എത്തിയ ഒരു കുരങ്ങൻ തട്ടിയെടുത്ത് മേൽക്കൂരയിലൂടെ ഓടുകയായിരുന്നു.
പരിഭ്രാന്തരായ വീട്ടുകാരും നാട്ടുകാരും പടക്കം പൊട്ടിച്ചും ബഹളം വെച്ചും കുരങ്ങനെ തടയാൻ ശ്രമിച്ചതോടെ, കുരങ്ങൻ കുഞ്ഞിനെ അടുത്തുള്ള ആഴമേറിയ തുറന്ന കിണറ്റിലേക്ക് വലിച്ചെറിഞ്ഞു.
നിമിഷങ്ങൾക്കുള്ളിൽ ഗ്രാമവാസികൾ കിണറ്റിലേക്ക് ബക്കറ്റ് താഴ്ത്തി കുഞ്ഞിനെ പുറത്തെടുത്തുവെങ്കിലും ശ്വാസമില്ലാത്ത നിലയിലായിരുന്നു ആ പിഞ്ചുകുഞ്ഞ്.
നിർണായക നിമിഷത്തിൽ വിധി നിയോഗിച്ചതുപോലെ സർഗവാൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സായ രാജേശ്വരി റാത്തോഡ് ഒരു മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ ആ ഗ്രാമത്തിൽ എത്തിയിരുന്നു.
അവർ ഓടിയെത്തി കുഞ്ഞിന് അടിയന്തരമായി സിപിആർ നൽകുകയും ശ്വാസകോശത്തിൽ കയറിയ വെള്ളം നീക്കം ചെയ്യുകയും ചെയ്തു. നഴ്സിന്റെ കൃത്യസമയത്തുള്ള ഇടപെടലിനൊപ്പം കുഞ്ഞ് ധരിച്ചിരുന്ന ഡയപ്പറും ഒരു രക്ഷാകവചമായി മാറി.
വെള്ളത്തിൽ താഴാതെ കുഞ്ഞിനെ പൊങ്ങിക്കിടക്കാൻ ആ ഡയപ്പർ സഹായിച്ചുവെന്നാണ് പിതാവ് അരവിന്ദ് റാത്തോഡ് വിശ്വസിക്കുന്നത്. നഴ്സിന്റെ പരിചരണത്തിന് പിന്നാലെ കുഞ്ഞ് കരഞ്ഞതോടെയാണ് ഗ്രാമവാസികൾക്ക് ആശ്വാസമായത്.
ഉടൻ തന്നെ ജില്ലാ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും കുഞ്ഞിനെ പ്രവേശിപ്പിച്ചു.
നിലവിൽ കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു. വന്യമൃഗങ്ങളുടെ ശല്യം ജനവാസമേഖലകളിൽ വർദ്ധിച്ചുവരുന്നത് സാധാരണക്കാരുടെ ജീവന് വലിയ ഭീഷണിയാകുന്നുവെന്ന് ഈ സംഭവം വീണ്ടും ഓർമ്മിപ്പിക്കുന്നു.
Tags : RealLifeHero NursingCare CPRSavesLives FirstAid MedicalMiracle