ഇൻസ്റ്റഗ്രാം ഉപയോക്താക്കളെ ഒന്നടങ്കം വഞ്ചിച്ചുകൊണ്ട് തരംഗമായ ഒരു ഷായറി വീഡിയോയുടെ പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
മഞ്ഞ കുർത്ത ധരിച്ച് വേദിയിൽ തികഞ്ഞ ആത്മവിശ്വാസത്തോടെ സംസാരിക്കുന്ന തൻവി ജോഷി എന്ന സുന്ദരിയുടെ വീഡിയോ ഇതിനോടകം കോടിക്കണക്കിന് ആളുകളാണ് കണ്ടത്.
പാരമ്പര്യമായി സമ്പന്നരായവർക്ക് വിനയമുണ്ടാകുമെന്നും എന്നാൽ ഒരാളുടെ സംസാരരീതിയിലെ പരുഷത അവരുടെ പണം പുതിയതാണെന്ന് വെളിപ്പെടുത്തുന്നു എന്നുമുള്ള അർഥം വരുന്ന ഉറുദു വരികളാണ് തൻവി ഈ വീഡിയോയിലൂടെ പങ്കുവെച്ചത്.
വെറും 24 മണിക്കൂറിനുള്ളിൽ 2.8 കോടിയിലധികം കാഴ്ചക്കാരെ നേടി ഈ വീഡിയോ വലിയ ചർച്ചകൾക്ക് വഴിമാറി. എന്നാൽ ഇത്രയധികം ആളുകളെ ആകർഷിച്ച ഈ യുവതി യഥാർഥത്തിൽ ജീവിച്ചിരിക്കുന്ന ഒരാളല്ല എന്നതാണ് ഏറ്റവും വലിയ അത്ഭുതം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചെടുത്ത ഒരു ഡിജിറ്റൽ രൂപം മാത്രമാണ് ഈ വീഡിയോയിലെ കഥാപാത്രം.
സൂക്ഷ്മമായി പരിശോധിച്ചാൽ മാത്രം തിരിച്ചറിയാൻ കഴിയുന്ന ചെറിയ മാറ്റങ്ങൾ അവളുടെ മുഖഭാവങ്ങളിലും ശബ്ദത്തിലും ഉണ്ടായിരുന്നുവെങ്കിലും കാഴ്ചക്കാരിൽ ഭൂരിഭാഗവും ഇതൊരു മനുഷ്യനാണെന്ന് വിശ്വസിച്ചുപോയി.
ഇതിലും ഞെട്ടിക്കുന്ന മറ്റൊരു സത്യം ഇതിൽ ഉപയോഗിച്ചിരിക്കുന്ന ശബ്ദം താനെ മുനിസിപ്പൽ കോർപ്പറേഷനിലെ കോർപ്പറേറ്ററായ മർസിയ ഷാനു പഠാന്റേതാണ് എന്നതാണ്.
മർസിയ നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലെ ശബ്ദം എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വേർതിരിച്ചെടുത്ത് തൻവി ജോഷി എന്ന ഡിജിറ്റൽ മോഡലിന് നൽകുകയായിരുന്നു.
യഥാർഥ ഉടമയായ മർസിയയുടെ വീഡിയോയ്ക്ക് വെറും ഒൻപത് ലക്ഷം കാഴ്ചക്കാർ മാത്രം ലഭിച്ചപ്പോൾ, അവളുടെ ശബ്ദത്തിൽ രൂപമാറ്റം വരുത്തിയെത്തിയ എഐ വീഡിയോയ്ക്ക് ലഭിച്ച സ്വീകാര്യത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ പ്രവണതകളെ ചോദ്യം ചെയ്യുന്നതാണ്.
സ്വന്തം ശബ്ദം തിരിച്ചറിഞ്ഞ മർസിയ തന്നെ പ്രതികരണവുമായി എത്തിയതോടെയാണ് ഈ ചതി ലോകം അറിഞ്ഞത്. യഥാർഥ കലാകാരന്മാരെ തഴയുകയും നിർമ്മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിക്കുന്ന വ്യാജരൂപങ്ങൾ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യുന്നത് ഭാവിയിൽ വലിയ ഭീഷണിയാകുമെന്ന് ഈ സംഭവം ചൂണ്ടിക്കാട്ടുന്നു.
ഡിജിറ്റൽ ഉള്ളടക്കങ്ങളുടെ വിശ്വാസ്യത പരിശോധിക്കാനും വ്യാജരൂപങ്ങളെ തിരിച്ചറിയാനുമുള്ള കൃത്യമായ സംവിധാനങ്ങൾ അനിവാര്യമായിരിക്കുന്നു എന്ന് ഈ വൈറൽ വീഡിയോ നമ്മെ ഓർമ്മിപ്പിക്കുന്നു.
Tags : TanviJoshi ViralShayari InstagramMystery TrendingNow ViralVideo