ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലുള്ള പ്രശസ്തമായ ധാരി ദേവി ക്ഷേത്രത്തിന് സമീപം അലകനന്ദ നദിയിൽ രണ്ട് ബോട്ടുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടം വൻ ദുരന്തത്തിന്റെ വക്കിലെത്തിയാണ് ഒഴിവായത്.
തീർഥാടകരും വിനോദസഞ്ചാരികളും ഉൾപ്പെടെയുണ്ടായിരുന്ന ബോട്ടുകൾ അമിതവേഗതയിൽ പരസ്പരം ഇടിച്ചതോടെ അന്തരീക്ഷം നിമിഷനേരം കൊണ്ട് പരിഭ്രാന്തിയിലേക്ക് വഴിമാറി.
ഇടിയുടെ ആഘാതത്തിൽ ഒരു ബോട്ടിന്റെ ഡ്രൈവർ നിയന്ത്രണം നഷ്ടപ്പെട്ട് ആഴമേറിയ നദിയിലേക്ക് എടുത്ത് ചാടിയത് കരയിൽ നിന്ന ഭക്തരെയും മറ്റ് യാത്രക്കാരെയും ഒരുപോലെ ഞെട്ടിച്ചു.
ഡ്രൈവറില്ലാതെ നിയന്ത്രണം വിട്ട ബോട്ട് അനിയന്ത്രിതമായി വട്ടം ചുറ്റാൻ തുടങ്ങിയതോടെ അതിലുണ്ടായിരുന്ന യാത്രക്കാരുടെ ജീവൻ അപകടത്തിലായി. എന്തുചെയ്യണമെന്നറിയാതെ ഭയന്നുവിറച്ച യാത്രക്കാരും കരയിൽ നോക്കിനിന്നവരും വലിയൊരു ദുരന്തം പ്രതീക്ഷിച്ച നിമിഷങ്ങളായിരുന്നു അത്.
എന്നാൽ നദിയിൽ വീണ ബോട്ട് ഡ്രൈവർ നീന്തി രക്ഷപെട്ടതും, തൊട്ടടുത്തുണ്ടായിരുന്ന മറ്റ് ബോട്ടുകളിലെ ജീവനക്കാർ നിമിഷങ്ങൾക്കകം രക്ഷാപ്രവർത്തനത്തിനായി എത്തിയതും സ്ഥിതിഗതികൾ ശാന്തമാക്കി.
നിയന്ത്രണം വിട്ട ബോട്ടിനെ സുരക്ഷിതമായി കരയ്ക്കടുപ്പിക്കാൻ സഹപ്രവർത്തകർക്ക് സാധിച്ചതുകൊണ്ട് മാത്രമാണ് വലിയൊരു അപകടം ഒഴിവായത്. അപകടത്തിന്റെ ഭീതിജനകമായ ദൃശ്യങ്ങൾ കരയിലുണ്ടായിരുന്നവർ മൊബൈൽ ക്യാമറകളിൽ പകർത്തിയിരുന്നു.
ഈ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ അധികൃതർക്കെതിരെയും സുരക്ഷാ വീഴ്ചകൾക്കെതിരെയും വലിയ പ്രതിഷേധമാണ് ഉയരുന്നത്.
തീർഥാടകർ ഏറെയെത്തുന്ന ഇത്തരമൊരു സുപ്രധാന കേന്ദ്രത്തിൽ ബോട്ട് സർവീസുകൾക്ക് കൃത്യമായ നിയന്ത്രണമോ സുരക്ഷാ മാനദണ്ഡങ്ങളോ ഇല്ലെന്ന ആരോപണം ശക്തമാണ്.
സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി കർശനമായ സുരക്ഷാ നിയമങ്ങൾ നടപ്പിലാക്കണമെന്നും, ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും പ്രാദേശികവാസികളും ഭക്തരും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Tags : Uttarakhand AlaknandaRiver DhariDevi BoatAccident BreakingNews