അമിറ്റി യൂണിവേഴ്സിറ്റിയിൽ നിന്നുള്ളതെന്ന് കരുതപ്പെടുന്ന പുതിയ സംഘർഷ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത് വലിയ രീതിയിലുള്ള സുരക്ഷാ ആശങ്കകൾക്കും പൊതുജനരോഷത്തിനും കാരണമായിരിക്കുകയാണ്.
വിദ്യാലയങ്ങൾ പഠനത്തിനും വ്യക്തിത്വ വികാസത്തിനുമുള്ള സുരക്ഷിത ഇടങ്ങളായിരിക്കണമെന്ന പൊതുബോധത്തിന് വിരുദ്ധമായ കാഴ്ചകളാണ് ഈ വൈറൽ വീഡിയോയിൽ ദൃശ്യമാകുന്നത്.
രണ്ട് വിദ്യാർഥികൾ പരസ്പരം ക്രൂരമായി മർദ്ദിക്കുന്നതും ഗുസ്തി പിടിക്കുന്നതും ചുറ്റും വലിയൊരു കൂട്ടം വിദ്യാർഥികൾ ഇത് നോക്കിനിൽക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
എന്നാൽ ഈ സംഘർഷം തടയാനോ വിദ്യാർഥികളെ പിന്തിരിപ്പിക്കാനോ ആരും തയ്യാറാകാതിരുന്നതാണ് കാഴ്ചക്കാരെ ഏറെ അസ്വസ്ഥരാക്കുന്നത്.
സഹപാഠികൾ തല്ലുകൂടുമ്പോൾ അത് പരിഹരിക്കാൻ ശ്രമിക്കുന്നതിന് പകരം സ്വന്തം ഫോണുകളിൽ ഈ ദൃശ്യങ്ങൾ പകർത്തുന്നതിലായിരുന്നു അവിടെയുണ്ടായിരുന്ന മിക്ക വിദ്യാർഥികൾക്കും താൽപ്പര്യം.
അമിറ്റി യൂണിവേഴ്സിറ്റിയുടെ ഏത് ക്യാമ്പസിലാണ് ഈ സംഭവം നടന്നതെന്നോ വഴക്കിന്റെ കൃത്യമായ പശ്ചാത്തലം എന്താണെന്നോ ഇപ്പോൾ വ്യക്തമല്ല. എങ്കിലും സർവ്വകലാശാലയുടെ മാനേജ്മെന്റിനും സുരക്ഷാ വിഭാഗത്തിനുമെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
ലക്ഷക്കണക്കിന് രൂപ ഫീസ് ഈടാക്കുന്ന സ്വകാര്യ സർവ്വകലാശാലകളിൽ ക്യാമറകളും സുരക്ഷാ ജീവനക്കാരും ഉണ്ടായിട്ടും ഇത്തരം അക്രമങ്ങൾ തുടർച്ചയായി സംഭവിക്കുന്നത് അവരുടെ ഉത്തരവാദിത്തമില്ലായ്മയാണെന്ന് സാമൂഹ്യമാധ്യമ ഉപയോക്താക്കൾ കുറ്റപ്പെടുത്തുന്നു.
അപകടകരമായ ഇത്തരം പ്രവണതകൾക്കിടയിലും മാനേജ്മെന്റ് വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ല എന്നതാണ് പ്രധാന ആക്ഷേപം. ഇത്തരത്തിലുള്ള അക്രമസംഭവങ്ങൾ അമിറ്റി യൂണിവേഴ്സിറ്റിയെ സംബന്ധിച്ചിടത്തോളം പുതിയതല്ല എന്നതാണ് മറ്റൊരു വസ്തുത.
കഴിഞ്ഞ വർഷം ലക്നോ ക്യാമ്പസിൽ നടന്ന സമാനമായ ഒരു സംഭവം ദേശീയതലത്തിൽ തന്നെ വലിയ വാർത്തയായിരുന്നു. കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ഒരു നിയമവിദ്യാർഥിയെ അഞ്ച് സഹപാഠികൾ ചേർന്ന് കാറിനുള്ളിലിട്ട് അതിക്രൂരമായി മർദ്ദിക്കുകയും അതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ആ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നുവെങ്കിലും ക്യാമ്പസുകളിൽ അച്ചടക്കവും സുരക്ഷയും ഇപ്പോഴും ചോദ്യചിഹ്നമായി തുടരുന്നുവെന്നാണ് പുതിയ വീഡിയോ തെളിയിക്കുന്നത്.
കേവലം ഒരു തല്ലുമാല എന്നതിലുപരിയായി, യുവതലമുറയ്ക്കിടയിൽ വർധിച്ചുവരുന്ന അക്രമവാസനയും സഹജീവികളോട് കരുണയില്ലാത്ത മനോഭാവവും ഈ വീഡിയോ ചർച്ചയാക്കുന്നുണ്ട്.
കൺമുന്നിൽ ഒരു മർദ്ദനം നടക്കുമ്പോൾ അത് തടയാൻ ശ്രമിക്കാതെ ഒരു സിനിമ കാണുന്ന ലാഘവത്തോടെ വീഡിയോ ചിത്രീകരിക്കുന്ന കാഴ്ച ക്യാമ്പസ് സംസ്കാരത്തിൽ വന്ന വലിയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കർശനമായ നിരീക്ഷണവും വേഗത്തിലുള്ള ഇടപെടൽ സംവിധാനങ്ങളും അടിയന്തരമായി നടപ്പിലാക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.
Tags : AmityUniversity ViralVideo CampusViolence StudentSafety BreakingNews