ഡൽഹിയിലെ കൊണ്ട്ലിയിലുള്ള സെപ്റ്റോ സ്റ്റോറിൽ ഡെലിവറി ബോയിക്ക് നേരെ നടന്ന ക്രൂരമായ അതിക്രമം രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
പഴയ കൊണ്ട്ലിയിലെ ഹരിജൻ ബസ്തിയിൽ താമസിക്കുന്ന ലല്ല ബാബുവിന്റെ മകനായ 18-കാരൻ ഋഷഭ് കുമാറാണ് തൊഴിലിടത്തിൽ വെച്ച് ഇത്തരമൊരു മനുഷ്യത്വരഹിതമായ വിവേചനത്തിന് ഇരയായത്.
സ്റ്റോറിനുള്ളിൽ വെച്ച് തന്റെ ദേഹത്ത് പെർഫ്യൂം സ്പ്രേ ചെയ്തു എന്ന നിസാര കാരണമാണ് ഉടമയെയും മറ്റ് ജീവനക്കാരെയും പ്രകോപിപ്പിച്ചത്. നിസാരമായ കാര്യത്തിന് ഒരു യുവാവിനെ വളഞ്ഞിട്ട് മർദ്ദിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്തത് പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഈ ക്രൂരതയുടെ ആഴം വ്യക്തമായത്. ഋഷഭിനെ ക്രൂരമായി തല്ലിച്ചതച്ച പ്രതികൾ, അയാളെക്കൊണ്ട് നിർബന്ധപൂർവ്വം 'കോഴി' നിൽക്കുന്നത് പോലെ മുട്ടിലിരുത്തി പരസ്യമായി അപമാനിക്കുകയും ചെയ്തു.
ശാരീരികമായ പരിക്കുകൾക്ക് പുറമെ കടുത്ത മാനസിക ആഘാതവും നേരിടുന്ന ഋഷഭ് നിലവിൽ മെഡിക്കൽ പരിശോധനകൾക്ക് വിധേയനായിക്കൊണ്ടിരിക്കുകയാണ്.
സംഭവത്തിൽ ന്യൂ അശോക് നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സ്റ്റോർ ഉടമയ്ക്കും പങ്കാളികൾക്കുമെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
അടിസ്ഥാന സൗകര്യങ്ങൾക്കും കൃത്യമായ വേതനത്തിനും സുരക്ഷയ്ക്കും വേണ്ടി ഡെലിവറി തൊഴിലാളികൾ പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം നടക്കുന്നത് എന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു.
തൊഴിലാളികൾ ഉടമകളുടെ അടിമകളാണെന്ന തരത്തിലുള്ള പ്രാകൃതമായ ചിന്താഗതിയാണ് ഇത്തരം ആക്രമണങ്ങൾക്ക് പിന്നിലെന്ന് പരക്കെ വിമർശനമുണ്ട്.
സ്റ്റോറിലെ സാധനങ്ങൾ ഉപയോഗിക്കുന്നത് തെറ്റാണെന്ന വാദങ്ങൾ ഉയരുന്നുണ്ടെങ്കിലും, അത്തരമൊരു കാര്യത്തിന് നിയമപരമായ നടപടികൾക്ക് പകരം മൃഗീയമായ ശിക്ഷ നടപ്പാക്കിയത് മനുഷ്യാവകാശ ലംഘനമാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.
12000 രൂപ മാസശമ്പളത്തിന് ജോലി ചെയ്യുന്ന സാധാരണക്കാരോട് കാണിക്കുന്ന ഇത്തരം ക്രൂരതകൾക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Tags : Zepto DelhiNews DeliveryBoyAssault JusticeForRishabh HumanRightsViolation