ദുബായിൽ അരങ്ങേറിയ 2025-ലെ ഗ്ലോബ് സോക്കർ അവാർഡ് വേദിയിൽ കായികലോകത്തെ വിസ്മയിപ്പിച്ച് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി തിളങ്ങി.
ഇത്തവണ കളിക്കളത്തിലെ വേഗതയേക്കാൾ ആരാധകർ ചർച്ച ചെയ്തത് അദ്ദേഹത്തിന്റെ രസകരമായ പെരുമാറ്റവും വിനയം നിറഞ്ഞ നർമ്മമുഹൂർത്തങ്ങളുമാണ്.
തുടർച്ചയായ മൂന്നാം വർഷവും 'മിഡിൽ ഈസ്റ്റിലെ മികച്ച താരം' എന്ന ബഹുമതി സ്വന്തമാക്കിയ റൊണാൾഡോ, കരിയറിൽ ആയിരം ഗോളുകൾ എന്ന അപൂർവ നേട്ടത്തിലേക്ക് താൻ വൈകാതെ എത്തുമെന്ന പ്രഖ്യാപനവും വേദിയിൽ നടത്തി.
പുരസ്കാരം ഏറ്റുവാങ്ങാൻ വേദിയിലെത്തിയപ്പോൾ മൈക്കുകൾ ഉയരം കുറഞ്ഞ നിലയിലാണെന്ന് ശ്രദ്ധിച്ച റൊണാൾഡോ, അവ ശരിയാക്കുന്നതിനിടയിൽ 'ഇത് ചെറിയ ആൾക്കാർക്ക് വേണ്ടിയുള്ളതാണല്ലോ' എന്ന് തമാശ രൂപേണ പറഞ്ഞത് സദസിൽ ചിരി പടർത്തി.
ഈ തമാശ നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി. ഗൗരവക്കാരനായ ഫുട്ബോൾ താരത്തിന് പുറമെ റൊണാൾഡോയിലെ ഹ്യൂമർ സെൻസിനെ ആരാധകർ ഒന്നടങ്കം പുകഴ്ത്തുകയാണ്.
ചടങ്ങിനിടയിൽ അദ്ദേഹം യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കാനും സമയം കണ്ടെത്തി. ബാഴ്സലോണയുടെ കൗമാര താരം ലാമിൻ യമാൽ പുരസ്കാരം വാങ്ങുന്നതിനിടെ നടത്തിയ രസകരമായ മറുപടികൾ കേട്ട് റൊണാൾഡോ പൊട്ടിചിരിക്കുന്ന ദൃശ്യങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
താനൊരു പ്രത്യേക വ്യക്തിപ്രഭാവം ഉണ്ടാക്കിയെടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും മറ്റാരോടും തന്നെ താരതമ്യം ചെയ്യരുതെന്നുമുള്ള യമാലിന്റെ പക്വതയാർന്ന വാക്കുകളെ റൊണാൾഡോ പുഞ്ചിരിയോടെയാണ് വരവേറ്റത്.
ഫുട്ബോൾ ലോകത്തെ അവാർഡ് ജേതാവായ റൊണാൾഡോ ഇത്തവണ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചിന് പുരസ്കാരം നൽകുന്ന അവതാരകനായും വേഷമിട്ടു.
കരിയറിലെ സമാനമായ വെല്ലുവിളികളും പോരാട്ടവീര്യവും പങ്കുവെക്കുന്ന ഇരുവരും വേദി പങ്കിട്ടത് ആരാധകർക്ക് ഇരട്ടി മധുരമായി.
ലോകം കണ്ട രണ്ട് മികച്ച കായികതാരങ്ങൾ തമ്മിലുള്ള സൗഹൃദവും പരസ്പര ബഹുമാനവും ദൃശ്യമായ ആ രാത്രി ദുബായിലെ അറ്റ്ലാന്റിസ് റോയൽ ഹോട്ടലിൽ ഫുട്ബോൾ പ്രേമികൾക്ക് മറക്കാനാവാത്ത ഒരു അനുഭവം തന്നെയായിരുന്നു.
Tags : CristianoRonaldo CR7 GlobeSoccer2025 GlobeSoccerAwards Ronaldo