ഇന്ത്യൻ ക്രിക്കറ്റിലെ പ്രിയതാരം ശിഖർ ധവാൻ തന്റെ ജീവിതത്തിന്റെ പുതിയൊരു ഇന്നിംഗ്സിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഐറിഷ് സ്വദേശിയായ സോഫി ഷൈനിനെയാണ് ധവാൻ ജീവിതസഖിയാക്കിയത്.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതവും എന്നാൽ മനോഹരവുമായ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം. 2023-ൽ ഐഷ മുഖർജിയുമായുള്ള വിവാഹബന്ധം നിയമപരമായി വേർപിരിഞ്ഞതിന് ശേഷം ധവാന്റെ ജീവിതത്തിലെ വലിയൊരു സന്തോഷവാർത്തയാണിത്.
ദുബായിലെ ഒരു റെസ്റ്റോറന്റിൽ വെച്ച് അവിചാരിതമായി കണ്ടുമുട്ടിയ ഇരുവരും പിന്നീട് സൗഹൃദത്തിലാവുകയും അത് പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു.
2024-ലെ പഞ്ചാബ് കിങ്സ് മത്സരങ്ങളിലും തുടർന്ന് ദുബായിൽ നടന്ന 2025-ലെ ചാമ്പ്യൻസ് ട്രോഫി വേളയിലും ഇരുവരെയും ഒരുമിച്ച് കണ്ടതോടെയാണ് ആരാധകർക്കിടയിൽ ഇവരുടെ ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്.
കഴിഞ്ഞ വർഷം ജൂണിൽ സോഫി തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രണയം പരസ്യമാക്കുകയും ഈ ജനുവരിയിൽ വിവാഹനിശ്ചയം നടക്കുകയും ചെയ്തിരുന്നു.
അയർലൻഡിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ നോർത്തേൺ ട്രസ്റ്റ് കോർപ്പറേഷനിൽ സെക്കൻഡ് വൈസ് പ്രസിഡന്റായി ജോലി ചെയ്യുന്ന സോഫി മികച്ചൊരു പ്രൊഫഷണൽ കൂടിയാണ്.
ലിമെറിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മാർക്കറ്റിംഗിലും മാനേജ്മെന്റിലും ബിരുദം നേടിയ അവർ നിലവിൽ ശിഖർ ധവാൻ ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നുണ്ട്.
ധവാന്റെ സഹതാരവും അടുത്ത സുഹൃത്തുമായ യുസ്വേന്ദ്ര ചഹലാണ് വിവാഹചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഈ വിവരം ആരാധകരെ അറിയിച്ചത്.
പ്രിയതമയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് "മിസ്റ്റർ ആൻഡ് മിസിസ് ധവാൻ" എന്നാണ് ശിഖർ ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്. ജീവിതത്തിലെ പ്രതിസന്ധികളെ മറികടന്നുകൊണ്ടുള്ള ധവാന്റെ ഈ രണ്ടാം തുടക്കത്തിന് വലിയ പിന്തുണയാണ് ക്രിക്കറ്റ് ലോകത്തുനിന്നും ലഭിക്കുന്നത്.
Tags : ShikharDhawan SophieShine DhawanWedding Gabbar JustMarried