സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത് ഒരു പഞ്ചാബി വിവാഹത്തിലെ ആഡംബരക്കാഴ്ചകളാണ്. വധുവിനും വരനും ചുറ്റും നോട്ടുകൾ മഴപോലെ പെയ്യിക്കുന്ന വീഡിയോകൾ എക്സിലും ഇൻസ്റ്റാഗ്രാമിലും അതിവേഗം പ്രചരിച്ചതോടെയാണ് സംഭവം പൊതുശ്രദ്ധയാകർഷിച്ചത്.
വിവാഹവേദിയുടെ നടുവിൽ നിൽക്കുന്ന വധുവിനെ വരൻ നോട്ടുകെട്ടുകൾ കൊണ്ട് മൂടുന്നതും, പിന്നാലെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് വലിയ തോതിൽ പണം വായുവിലേക്ക് വലിച്ചെറിയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ആകാശത്തുനിന്ന് നോട്ടുകൾ നിരന്തരം വർഷിക്കുന്ന ഈ കാഴ്ച ഒരു സിനിമയിലെ രംഗം പോലെ അവിശ്വസനീയമായാണ് പലർക്കും തോന്നിയത്.
വിവാഹത്തിനിടെ ഏകദേശം എട്ടരക്കോടി രൂപയാണ് ഇത്തരത്തിൽ ആഘോഷത്തിനായി വിതറിയതെന്ന തരത്തിലായിരുന്നു ആദ്യഘട്ടത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണങ്ങൾ നടന്നത്.
'ഗ്രാൻഡ് ക്യാഷ് പാർട്ടി' എന്ന് സോഷ്യൽ മീഡിയ വിശേഷിപ്പിച്ച ഈ വീഡിയോ വലിയ രീതിയിലുള്ള വിമർശനങ്ങൾക്കും വഴിവെച്ചു. എന്നാൽ വാർത്തകൾ അതിശയോക്തിപരമാണെന്ന് ചൂണ്ടിക്കാട്ടി വരന്റെ കുടുംബം തന്നെ പിന്നീട് രംഗത്തെത്തി.
ഓസ്ട്രേലിയയിൽ ട്രക്ക് ബിസിനസ് നടത്തുന്ന തന്റെ സഹോദരന്റെ വിവാഹം ഫെബ്രുവരി 14-നായിരുന്നു നടന്നതെന്നും, ഏകദേശം രണ്ട് ലക്ഷം രൂപയോളമാണ് ആഘോഷങ്ങളുടെ ഭാഗമായി വിതറിയതെന്നും വരന്റെ സഹോദരനായ സിക്കന്ദർ സിംഗ് വ്യക്തമാക്കി.
ഇത്രയധികം തുക വിതറി എന്നത് സോഷ്യൽ മീഡിയ പറഞ്ഞുണ്ടാക്കിയ തെറ്റായ വിവരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇന്റർനെറ്റ് ലോകം രണ്ട് ചേരികളായി തിരിഞ്ഞിരിക്കുകയാണ്.
പണം ഇത്തരത്തിൽ പ്രദർശിപ്പിക്കുന്നത് ആഡംബരത്തിന്റെ അതിപ്രസരമാണെന്നും ഇത് പണത്തോടുള്ള അനാദരവാണെന്നും പലരും അഭിപ്രായപ്പെട്ടു. പാവപ്പെട്ടവരെ സഹായിക്കാൻ ഈ തുക ഉപയോഗിക്കാമായിരുന്നു എന്ന തരത്തിലുള്ള വിമർശനങ്ങളും ശക്തമാണ്.
എന്നാൽ ഒരാൾ സ്വന്തം അധ്വാനത്തിലൂടെ സമ്പാദിച്ച പണം ഏത് രീതിയിൽ ചിലവാക്കണമെന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്ന് വാദിക്കുന്നവരും കുറവല്ല.
പണം കൊണ്ട് അഭിമാനമോ അന്തസോ വാങ്ങാൻ കഴിയില്ലെന്ന രൂക്ഷമായ കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്. എന്തായാലും ആഡംബരത്തിന്റെ അതിരുകളെക്കുറിച്ചുള്ള പുതിയൊരു സംവാദത്തിന് ഈ പഞ്ചാബി വിവാഹം തുടക്കമിട്ടിരിക്കുകയാണ്.
Tags : ViralWedding PunjabiWedding MoneyRain BigFatIndianWedding SocialMediaViral