പിങ്ക് സിറ്റിയായ ജയ്പൂരിലെ തിരക്കേറിയ റോഡുകളിൽ രാജകീയ പ്രൗഢിയോടെ നീങ്ങുന്ന ഒരു വെള്ള ജീപ്പിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയം.
ഒറ്റനോട്ടത്തിൽ മഹീന്ദ്ര ഥാർ ആണെന്ന് തെറ്റിദ്ധരിക്കുമെങ്കിലും, അത്യാധുനിക രീതിയിൽ രൂപമാറ്റം വരുത്തിയ ഒരു ഫോർഡ് ജിപിഡബ്ല്യു ജീപ്പാണ് ഈ വൈറൽ താരം.
വെളുത്ത കുർത്തയും പൈജാമയും ധരിച്ച്, സ്റ്റൈലിഷ് തൊപ്പിയും കൂളിംഗ് ഗ്ലാസും വെച്ച് തികച്ചും ആത്മവിശ്വാസത്തോടെ വണ്ടി ഓടിക്കുന്ന ഉടമയും അദ്ദേഹത്തിന് പിന്നിൽ കാവൽക്കാരെപ്പോലെ നിൽക്കുന്ന രണ്ട് വലിയ നായ്ക്കളുമാണ് വീഡിയോയിലെ പ്രധാന ആകർഷണം.
നഗരത്തിലെ ജെഎൽഎൻ മാർഗിലൂടെയും ആദർശ് നഗറിലെ തിവാരി ജി കി ബാഗ് പരിസരങ്ങളിലൂടെയും ഈ വാഹനം പതിവായി പോകാറുണ്ടെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. വണ്ടിയുടെ പിൻഭാഗത്ത് സുരക്ഷിതരായി നിൽക്കുന്ന നായ്ക്കളിൽ ഒന്ന് ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ടതാണ്.
മറ്റൊന്ന് ഏത് ഇനമാണെന്ന് വ്യക്തമല്ലെങ്കിലും വണ്ടി ഓടുമ്പോഴും യാതൊരു പരിഭ്രമവുമില്ലാതെ ശാന്തരായി യാത്ര ആസ്വദിക്കുന്ന ഈ വളർത്തുമൃഗങ്ങൾ കാഴ്ചക്കാരുടെ ശ്രദ്ധയാകർഷിക്കുകയാണ്.
ഫെബ്രുവരി 22-ന് ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ട ഈ ദൃശ്യങ്ങൾ ഇതിനോടകം ഏഴ് ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. എന്നാൽ ഈ കൗതുകകരമായ കാഴ്ചയ്ക്കപ്പുറം ഗൗരവകരമായ ചില നിയമലംഘനങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ല എന്നതും വാഹനത്തിൽ വരുത്തിയ അനധികൃതമായ മാറ്റങ്ങളും ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി. സ്റ്റൈൽ കാണിക്കുന്നതിനിടയിൽ സുരക്ഷ മറന്നുപോയോ എന്നും ട്രാഫിക് നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയല്ലേ എന്നും കമന്റുകളിലൂടെ ആളുകൾ ചോദിക്കുന്നു.
രാജസ്ഥാനിലെ ട്രാഫിക് പോലീസ് ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും പലരും ആവശ്യപ്പെടുന്നുണ്ട്. കാഴ്ചയിൽ ആകർഷകമാണെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് വീഡിയോയ്ക്ക് താഴെ ഉയരുന്നത്.
Tags : JaipurVibes ViralVideo PinkCity JaipurDiaries Trendsetter