റീൽസ് ഭ്രാന്തിന്റെയും കാഴ്ചക്കാരുടെ എണ്ണം കൂട്ടാനുള്ള നെട്ടോട്ടത്തിന്റെയും അതിക്രൂരമായ മറ്റൊരു മുഖം കൂടി സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
കൊച്ചു കുട്ടിക്ക് മദ്യവും സിഗരറ്റും നൽകി ആ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയ ഒരു വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ കടുത്ത പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്.
രാജസ്ഥാനിൽ നിന്നുള്ളതെന്ന് കരുതപ്പെടുന്ന ഈ ദൃശ്യങ്ങളിൽ, ബൈക്കിന് മുകളിലിരിക്കുന്ന ഒരു വ്യക്തി കുട്ടിക്ക് ബിയർ കാനും വലിക്കാൻ സിഗരറ്റും നൽകുന്ന ഞെട്ടിക്കുന്ന കാഴ്ചയാണുള്ളത്.
കുട്ടി മദ്യം കുടിക്കുന്നതും സിഗരറ്റ് വലിക്കാൻ ശ്രമിച്ച് ചുമയ്ക്കുന്നതും ഈ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ രീതിയിലുള്ള സൈബർ രോഷമാണ് ഉയരുന്നത്.
RJ 25 SS 8392 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ബൈക്കിലാണ് ഇവർ ഇരിക്കുന്നത് എന്നതിനാൽ, ഈ വാഹന നമ്പർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങണമെന്ന ആവശ്യം ശക്തമാണ്. ദിവ്യ ഗന്ദോത്ര ടണ്ടൻ എന്ന യുവതിയാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ച് രാജസ്ഥാൻ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ലഹരിവസ്തുക്കൾ നൽകുന്നത് ഇന്ത്യൻ നിയമപ്രകാരം കഠിന ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കുട്ടികളെ ഇത്തരം വിനോദങ്ങൾക്കായി ഉപയോഗിക്കുന്നത് ക്രൂരതയാണെന്നും അവർ ചൂണ്ടിക്കാട്ടി.
വെറും ലൈക്കുകൾക്കും വ്യൂസിനും വേണ്ടി സ്വന്തം കുട്ടികളുടെ ആരോഗ്യം പോലും പണയപ്പെടുത്തുന്ന മുതിർന്നവരുടെ മനോഭാവത്തെ പലരും നിശിതമായി വിമർശിക്കുന്നുണ്ട്.
വിദ്യാഭ്യാസമല്ല, മറിച്ച് എങ്ങനെയെങ്കിലും റീൽസിലൂടെ പ്രശസ്തരാവുക എന്നതാണ് ഇന്നത്തെ തലമുറയുടെ ലക്ഷ്യമെന്നും അതിനായി അവർ ഏത് മോശം വഴിയും തിരഞ്ഞെടുക്കുന്നുമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിച്ചു.
അതോടൊപ്പം, ഈ സംഭവം തടയാൻ ശ്രമിക്കാതെ വീഡിയോ പകർത്തിയ വ്യക്തിക്കെതിരെയും പോലീസ് കർശന നടപടി സ്വീകരിക്കണമെന്നും കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് പൊതുജനാഭിപ്രായം.
Tags : ViralVideo ShockingNews SocialMediaOutrage ReelCulture TrendingNow