പരിമിതികളെ പൊരുതി തോല്പിച്ച് വളർന്ന ഇരട്ട സഹോദരിമാർ ഒരേദിവസം ഒരേ വകുപ്പിൽ ഒരേ തസ്തികയിൽ ജോലിയിൽ പ്രവേശിച്ച് ചരിത്രമെഴുതി. കാസർഗോട് ഭീമനടി കുരാംകൂണ്ടിലെ കളരിമുറിയിൽ ജോസഫ്-സുനി ജോർജ് ദമ്പതികളുടെ മക്കളായ സവിത ജോസഫും സംഗീത ജോസഫുമാണ് ചരിത്രം കുറിച്ചത്.
നീതിന്യായ വകുപ്പിനു കീഴിൽ ഹൊസ്ദുർഗ് കോടതി സമുച്ചയത്തിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിലാണ് ഇരുവരും ജോലിയിൽ പ്രവേശിച്ചത്. ഇവരെ സംബന്ധിച്ച് ഇത് സർക്കാർ ജോലിയെന്ന സ്വപ്നത്തിന്റെ ഫസ്റ്റ് സ്റ്റെപ് മാത്രമാണ്. ഇനിയും കാത്തിരിക്കുന്ന അവസരങ്ങളിലേക്ക് നടന്നുകയറാനുള്ള ഊർജം ഇവരിലുണ്ട്.
കെഎസ്ഇബി റിട്ട. സീനിയർ സൂപ്രണ്ടായ ജോസഫിന്റെയും കല്ലഞ്ചിറ കെഐ എഎൽപി സ്കൂളിലെ മുഖ്യാധ്യാപികയായ സുനി ജോർജിന്റെയും ഇളയ മക്കളാണ് സവിതയും സംഗീതയും. ചെറിയ കുട്ടികളായിരിക്കുമ്പോൾ ഡിസ്ലെക്സിയ എന്ന പഠനവൈകല്യം ഇവർക്കുണ്ടായിരുന്നു.
എഴുതാനും വായിക്കാനും അക്ഷരങ്ങൾ മനസിലാക്കാനും ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥയാണ് ഇത്. മക്കളുടെ കുറവ് തിരിച്ചറിഞ്ഞ അച്ഛനമ്മമാരും ചേച്ചി കവിതയും നിഴൽപോലെ ഇവർക്കൊപ്പം നിന്നു. പഠനകാര്യങ്ങളിൽ എല്ലാവിധ സഹായവും നൽകി.
കല്ലഞ്ചിറ എഎൽപി സ്കൂൾ, പ്ലാച്ചിക്കര എയുപി സ്കൂൾ, വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു ഇവരുടെ വിദ്യാഭ്യാസം. പ്ലസ്ടുവിനു ശേഷം ആനിമേഷനാണ് പഠിച്ചത്. പിഎസ്സി ഉൾപ്പെടെ എല്ലാ പരീക്ഷയും സ്ക്രൈബിന്റെ സഹായമില്ലാതെയാണ് ഇവർ എഴുതിയത്.

സർക്കാർ ജോലി എന്നത് ആദ്യമൊന്നും ഇവരുടെ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. ഭീമനടിയിലെ പിഎസ്സി പരീക്ഷാ പരിശീലന കേന്ദ്രമായ കാറ്റലിസ്റ്റിലെ മൂന്നുവർഷക്കാലത്തെ പരിശീലനമാണ് ഇക്കാര്യത്തിൽ ഇവർക്ക് ദിശാബോധം നൽകിയത്.
പരിമിതികൾ കണ്ടറിഞ്ഞ് കൃത്യമായ പരിശീലനത്തിലൂടെയും മോക്ക് ടെസ്റ്റുകളിലൂടെയും ഇവരെ സ്വപ്നങ്ങളിലേക്ക് കൈപിടിച്ച് നടത്തിയത് എൻ.ബി. ബിപിൻ എന്ന പരിശീലകനായിരുന്നു. കണക്കിന്റെ കാര്യത്തിൽ ഇരുവർക്കും ഉണ്ടായിരുന്ന ബലഹീനതയും പരിഹരിച്ചു.
അങ്ങനെയാണ് ഇവർ സ്വന്തമായി പിഎസ്സി പരീക്ഷകളെഴുതാൻ പ്രാപ്തരായത്. ഇരുവരും ഒരുമിച്ച് പരീക്ഷയെഴുതാൻ പോയി ഒടുവിൽ ഒരുമിച്ചുതന്നെ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച് നിയമന ഉത്തരവും ഒരുമിച്ച് വാങ്ങാനായത് അപൂർവ ഭാഗ്യവും സന്തോഷവുമായി.
23-ാം വയസിലാണ് ഇരുവർക്കും സർക്കാർ ജോലി ലഭിച്ചിരിക്കുന്നത്. സവിതക്ക് ഹൊസ്ദുർഗ് സബ് കോടതിയിലും സംഗീതയ്ക്ക് ഹൊസ്ദുർഗ് മുൻസിഫ് കോടതിയിലുമാണ് നിയമനം.
കഴിഞ്ഞദിവസം ക്രിസ്മസ് ആഘോഷങ്ങൾക്കുകൂടി മുന്നോടിയായി ചുവന്ന വസ്ത്രങ്ങളണിഞ്ഞ് അച്ഛനമ്മമാർക്കൊപ്പം ഇരുവരും ഒരുമിച്ച് ജോലിയിൽ പ്രവേശിക്കാനെത്തിയപ്പോൾ കോടതി സമുച്ചയത്തിലുണ്ടായിരുന്നവരും അതിന്റെ ആഹ്ലാദം പങ്കിട്ടു.
Tags : Youth Special