ഇന്ത്യന്‍ വാഹന വിപണിയില്‍ മിനി എസ്യുവി വിഭാഗത്തില്‍ തരംഗം സൃഷ്ടിക്കാന്‍ ഹ്യുണ്ടായ് പുതിയ തലമുറ വെന്യുയുമായി എത്തിയിരിക്കുന്നു. അടിമുടി മാറിയ രൂപകല്‍പ്പനയും അത്യാധുനിക സാങ്കേതികവിദ്യയും സുരക്ഷാ സംവിധാനങ്ങളുമായിട്ടാണ് ഈ മുഖംമിനുക്കിയ മോഡല്‍ വിപണിയിലെത്തിയിരിക്കുന്നത്. 7.89 ലക്ഷം രൂപ മുതലാണ് പുതിയ വെന്യുവിന്റെ പ്രാരംഭ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.
പുറം രൂപകല്‍പ്പനയില്‍ 2019ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ വെന്യുവിനേക്കാള്‍ വലുപ്പത്തിലും രൂപത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 48 എംഎം ഉയരവും 30 എംഎം വീതിയും വര്‍ധിപ്പിച്ചതോടെ വാഹനത്തിന് റോഡില്‍ കൂടുതല്‍ കരുത്തും പ്രീമിയം ലുക്കും ലഭിക്കുന്നുണ്ട്.
പുതിയ ഭാവം
മുന്‍വശത്ത് നല്‍കിയിട്ടുള്ള ക്വാഡ്ബീം എല്‍ഇഡി ഹെഡ്ലാമ്പുകളും സിഷേപ്പ് എല്‍ഇഡി ഡിആര്‍എല്‍ ലേഔട്ടും ശ്രദ്ധേയമാണ്. വിശാലമായ ‘ഡാര്‍ക്ക് ക്രോം’ റേഡിയേറ്റര്‍ ഗ്രില്‍ വാഹനത്തിന് ആക്രമണോത്സുകമായ ഭാവം നല്കുന്നു. പിന്നില്‍, ഇപ്പോള്‍ ട്രെന്‍ഡ് ആയിക്കൊണ്ടിരിക്കുന്ന കണക്റ്റഡ് എല്‍ഇഡി ലൈറ്റ് ബാര്‍ ഉള്‍പ്പെടുന്ന ഹൊറൈസണ്‍ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ നല്കിയിരിക്കുന്നു. പുതുക്കിയ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ വാഹനത്തിന്റെ ലുക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇന്റീരിയര്‍ ആകര്‍ഷകമാക്കുന്നതില്‍ ഹ്യുണ്ടായ് ഇത്തവണ യാതൊരു പിശുക്കും കാണിച്ചിട്ടില്ല. ഡാഷ്ബോര്‍ഡില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഡ്യുവല്‍ 12.3 ഇഞ്ച് കര്‍വ്ഡ് പാനോരമിക് ഡിസ്പ്ലേകളാണ് ഈ വിഭാഗത്തിലെ ഏറ്റവും വലിയ പ്രത്യേകത. ബ്ലൂലിങ്ക് കണക്റ്റിവിറ്റി, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയോടെയാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം വരുന്നത്.
പ്രീമിയം അനുഭവം വര്‍ധിപ്പിക്കുന്നതിനായി വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, എട്ട് സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, സ്മാര്‍ട്ട് ഇലക്ട്രിക് സണ്‍റൂഫ്, പുതിയ ത്രീ സ്പോക്ക് സ്റ്റിയറിംഗ് വീല്‍, പിന്നിലെ യാത്രക്കാര്‍ക്കായി സണ്‍ഷേഡുകള്‍ എന്നിവയും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
പഴയ കുതിപ്പ്
എന്ജിന് ഓപ്ഷനുകള്‍ മുന്‍ മോഡലിലേതുതന്നെ നിലനിര്‍ത്തിയിട്ടുണ്ട്. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനും കരുത്തേറുന്ന 1.0 ലിറ്റര്‍ ടര്‍ബോ ജിഡിഐ പെട്രോള്‍ എൻജിനും മൈലേജിന് പേരുകേട്ട 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും ലഭ്യമാണ്. ടര്‍ബോ പെട്രോളിനൊപ്പം ഏഴ് സ്പീഡ് ഡിസിടി ട്രാന്സ്മിഷന് ഓപ്ഷന് നിലനിര്‍ത്തിയിട്ടുണ്ട്.
ഏറ്റവും പ്രധാനപ്പെട്ട മാറ്റം ഡീസല്‍ എന്‍ജിനൊപ്പം പുതിയ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷന് കൂടി ഇത്തവണ ഉള്‍പ്പെടുത്തി എന്നതാണ്. വാഹനത്തിന് 20.99 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.
അതീവ ജാഗ്രത
സുരക്ഷാ കാര്യങ്ങളില്‍ പുതിയ വെന്യു ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഈ വിഭാഗത്തില്‍ ആദ്യമായി ലെവല്‍ 2 അഡാസ് സ്യൂട്ട് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആറ് എയര്‍ബാഗുകള്‍, 360 ഡിഗ്രി കാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള് എന്നിവ എല്ലാ വേരിയന്റുകളിലും ഒരുക്കിയിരിക്കുന്നു.
ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്ട്രോള്, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, സറൗണ്ട് വ്യൂ മോണിറ്റര്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്റര്‍, ഓള് 4 ഡിസ്ക് ബ്രേക്കുകള്‍ എന്നീങ്ങനെ നീളും സുരക്ഷാ ഫീച്ചറുകള്‍. 65 സേഫ്റ്റി ഫീച്ചറുകളാണ് ഹ്യുണ്ടായി വെന്യുവില്‍ നല്‍കിയിരിക്കുന്നത്. അതില്‍ 32 സേഫ്റ്റി ഫീച്ചറുകള്‍ എല്ലാ വേരിയന്റിലും സ്റ്റാന്ഡേര്ഡായിത്തന്നെ ലഭിക്കും.ആറ് സിംഗിള്‍ ടോണ്‍ കളര്‍ ഓപ്ഷനുകളിലും രണ്ട് ഡ്യുവല്‍ ടോണ്‍ ഓപ്ഷനുകളിലും പുതിയ വെന്യു ലഭ്യമാകും. എട്ട് വേരിയന്റുകളിലാണ് വാഹനം വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ടാറ്റ നെക്സോണ്‍, മാരുതി സുസുക്കി ബ്രെസ, കിയ സോനെറ്റ്, മഹീന്ദ്ര എക്സ്യുവി 300 എന്നിവരുമായിയാണ് നേര്‍ക്കുനേര്‍ വെന്യു കൊമ്പുകോര്‍ക്കുന്നത്.
വില: 7.89 ലക്ഷം
മൈലേജ്: 20.99 കിലോമീറ്റർ
Tags : Hyundai Hyundai Venue