ജാപ്പനീസ് വാഹന നിർമാതാക്കളായ കാവാസാക്കി അവരുടെ ജനപ്രിയ ‘ഇസഡ്’ സീരീസിലെ ഏറ്റവും പുതിയ മോഡലായ "ഇസഡ് 1100' ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കരുത്തുറ്റ എൻജിനും ആക്രമണോത്സുക രൂപകൽപ്പനയും ഏറ്റവും പുതിയ ഇലക്ട്രോണിക് സംവിധാനങ്ങളുമായി എത്തുന്ന ഈ സൂപ്പർനേക്കഡ് ബൈക്ക് പ്രീമിയം വിഭാഗത്തിൽ പുതിയ തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്.
1972ൽ കാവാസാക്കി അവതരിപ്പിച്ച ഇസഡ് സീരീസ് മികച്ച പ്രകടനത്തിന് പേരുകേട്ടതാണ്. ‘സുഗോമി’ എന്ന കാവാസാക്കിയുടെ ഡിസൈൻ തത്വശാസ്ത്രമാണ് ഈ സീരീസിന്റെ മുഖമുദ്ര. ഒരു വേട്ടക്കാരനെപ്പോലെ എപ്പോഴും കുതിക്കാൻ തയാറായ രൂപകൽപ്പനയാണ് ‘സുഗോമി’. ഈ പാരന്പര്യം ഇസഡ് 1100ലും കാണാം. വാഹനത്തിലെ ഇരട്ട എൽഇഡി ഹെഡ്ലാന്പുകൾ, മസ്കുലാർ ആയ ഇന്ധന ടാങ്ക്, ഷാർപ്പ് ആയ പിൻഭാഗം എന്നിവ ‘സുഗോമി’ ഡിസൈൻ ശൈലിക്ക് പൂർണത കൈവരുത്തുന്നു.
മുൻഗാമിയായ ഇസഡ് 1000ന്റെ പാരന്പര്യം തുടരുന്പോഴും സാങ്കേതികവിദ്യയിലും എൻജിൻ ശേഷിയിലും "ഇസഡ് 1100' ഒരുപാടു മുന്നിലാണ്. 1099 സിസി ലിക്വിഡ് കൂൾഡ് 4 സ്ട്രോക്ക് ഇൻ ലൈൻ ഫോർ സിലിണ്ടർ എൻജിനാണ് വാഹനത്തിന്റെ ഹൃദയം. നിൻജ 1100 എസ്എക്സിൽ ഉപയോഗിക്കുന്ന അതേ എൻജിൻതന്നെയാണിത്. 136 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കും.
ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ്. ക്ലച്ച് ഇല്ലാതെതന്നെ ഗിയർ കൂട്ടാനും കുറയ്ക്കാനും സാധിക്കുന്ന ഇരുവശത്തേക്കുമുള്ള ക്വിക്ക്ഷിഫ്റ്റർ. മികച്ച ബ്രേക്കിംഗിനായി മുൻവശത്ത് ഇരട്ട ഡിസ്കുകളും പിൻവശത്ത് ഒറ്റ ഡിസ്കുകളും ഇസഡ് 1100റിലുണ്ട്.17.85 കിലോമീറ്റർ മൈലേജാണ് വാഹനത്തിന് കന്പനി അവകാശപ്പെടുന്നത്.
ഐഎംയു അടിസ്ഥാനമാക്കിയുള്ള മൂന്ന് ലെവൽ ട്രാക്ഷൻ കണ്ട്രോൾ, റോഡിലെ സാഹചര്യങ്ങൾക്കനുസരിച്ച് എൻജിന്റെ പവർ ഒൗട്ട്പുട്ട് ക്രമീകരിക്കാനുള്ള രണ്ട് പവർ മോഡുകൾ, കോർണറിംഗ് എബിഎസ്, ഹൈവേ യാത്രകളിൽ സഹായകമാകുന്ന ക്രൂയിസ് കണ്ട്രോൾ എന്നിവയാണ് മറ്റു ഫീച്ചറുകൾ. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള അഞ്ച് ഇഞ്ച് ടിഎഫ്ടി കളർ ഡിസ്പ്ലേ ടേണ്‍ ബൈ ടേണ്‍ നാവിഗേഷൻ, കോൾ അലർട്ടുകൾ, മെസേജ് നോട്ടിഫിക്കേഷനുകൾ എന്നിവ ലഭ്യമാക്കുന്നു.
സൂപ്പർനേക്കഡ് വിഭാഗത്തിൽ കാവാസാക്കി ഇസഡ് 1100 നേരിട്ട് മത്സരിക്കുന്നത് ശക്തരായ എതിരാളികളോടാണ്. ഹോണ്ട സിബി 1000 ഹോർനെറ്റ് എസ്പി ആണ് ഏറ്റവും അടുത്ത എതിരാളി. ട്രയംഫ് സ്പീഡ് ട്രിപ്പിൾ 1200 ആർഎസ്, ഡ്യുക്കാറ്റി സ്ട്രീറ്റ്ഫൈറ്റർ വി2, സുസുക്കി ജിഎസ്എക്സ്-എസ് 1000 തുടങ്ങിയ എതിരാളികളും ഈ വിഭാഗത്തിലുണ്ട്. 12.79 ലക്ഷം രൂപയാണ് കാവാസാക്കി ഇസഡ് 1100ന്റെ എക്സ് ഷോറൂം വില.
വില: 12.79 ലക്ഷം
മൈലേജ്: 17.85 കിലോമീറ്റര്‍
Tags : Kawasaki Z 1100 Motor Cycle Kawasaki Z 100