പ്രീമിയം വാഹനവിപണിക്കു കരുത്തേകി മിനി തങ്ങളുടെ പൂർണ ഇലക്ട്രിക് മോഡലായ കണ്ട്രിമാൻ എസ്ഇ ഓൾ4 ഇന്ത്യൻ വിപണിയിലെത്തിച്ചു. 66.90 ലക്ഷം (എക്സ്-ഷോറൂം) പ്രാരംഭവിലയിലാണ് ഈ പുതിയ പ്രീമിയം ഇലക്ട്രിക് എസ്യുവി രാജ്യത്ത് അവതരിപ്പിച്ചത്. കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായി എത്തുന്ന വാഹനം ഇപ്പോൾ രാജ്യമെന്പാടുമുള്ള മിനി ഡീലർഷിപ്പുകളിൽ ബുക്ക് ചെയ്യാം.
ഏറ്റവും ശക്തൻ
കണ്ട്രിമാൻ എസ്ഇ ഓൾ4-ന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ഡ്യുവൽ മോട്ടോർ ഓൾ വീൽ ഡ്രൈവ് ക്രമീകരണമാണ്. ഈ സംവിധാനം 313 ബിഎച്ച്പി കരുത്തും 494 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇതോടെ, നിലവിൽ ഇന്ത്യയിൽ വില്പനയിലുള്ള മിനി മോഡലുകളിൽ ഏറ്റവും ശക്തനായ വാഹനാമായി കണ്ട്രിമാൻ എസ്ഇ ഓൾ4 മാറി. 0-100 കിലോമീറ്റർ വേഗത 5.6 സെക്കൻഡിൽ വാഹനം കൈവരിക്കും. 66.45 കിലോവാട്ട് ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് നൽകിയിരിക്കുന്നത്. ഒറ്റ ചാർജിൽ 440 കിലോമീറ്റർ വരെ റേഞ്ച് കന്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 130 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 29 മിനിറ്റിനുള്ളിൽ ബാറ്ററി 10% മുതൽ 80% വരെ ചാർജ് ചെയ്യാം.
സ്പോർട്ടി ലുക്ക്
ജെസിഡബ്ല്യു (ജോണ്‍ കൂപ്പർ വർക്ക്സ്) ട്രിമ്മും പുതിയ ഇന്റീരിയറും കണ്ട്രിമാൻ എസ്ഇ ഓൾ4-ൽ കിയോസ്കിന് സമാനമായ മിനിയുടെ സിഗ്നേച്ചർ ഡിസൈൻ നിലനിർത്തിയിട്ടുണ്ട്. ജെസിഡബ്ല്യു ട്രിം സ്റ്റാൻഡേർഡ് ആയി നൽകിയിരിക്കുന്നു. ഇത് വാഹനത്തിന് സ്പോർട്ടി ലുക്ക് നൽകുന്നു.
പുതുക്കിയ ഗ്രിൽ, റീഡിസൈൻ ചെയ്ത എൽഇഡി ഹെഡ്ലാന്പുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, 19 ഇഞ്ച് അലോയ് വീലുകൾ, ജെറ്റ് ബ്ലാക്ക് റൂഫ് എന്നിവ വാഹനത്തിന്റെ മറ്റ് പ്രധാന ആകർഷണങ്ങളാണ്. അകത്തളത്ത് മിനിയുടെ പുതിയ മിനിമലിസ്റ്റ് ഡിസൈൻ ഫിലോസഫി കാണാം. വൃത്താകൃതിയിലുള്ള ഒഎൽഇഡി ഡിസ്പ്ലേയാണ് സെൻട്രൽ കണ്‍സോളിലെ ഹൈലൈറ്റ്.
പനോരമിക് ഗ്ലാസ് റൂഫ്, ഹർമൻ കാർഡണ്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്പ്ലേ, വയർലെസ് ഫോണ്‍ മിററിംഗ് എന്നിവ സ്റ്റാൻഡേർഡ് ഫീച്ചറുകളാണ്.
സുരക്ഷ ഉറപ്പ്
360-ഡിഗ്രി സറൗണ്ട് വ്യൂ കാമറ, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് തുടങ്ങിയ ഡ്രൈവർ അസിസ്റ്റൻസ് സംവിധാനങ്ങളും സുരക്ഷ ഉറപ്പാക്കുന്നു. ഇലക്ട്രിക് കരുത്തും ഓൾ-വീൽ-ഡ്രൈവ് സംവിധാനവും ഒരുമിക്കുന്ന കണ്ട്രിമാൻ എസ്ഇഓൾ4, ആഡംബര ഇലക്ട്രിക് എസ്യുവി വിപണിയിൽ ബിഎംഡബ്ല്യു ഐഎക്സ്1, വോൾവോ എക്സ്സി40 റീചാർജ് തുടങ്ങിയ മോഡലുകളുമായി മത്സരിക്കും.
Tags : Mini Countryman