38 തസ്തികയിൽ നിയമനത്തിനു പിഎസ്സി വിജ്ഞാപനം പുറത്തിറക്കി. 9 തസ്തികയിലാണു നേരിട്ടുള്ള നിയമനം. 4 തസ്തികയിൽ തസ്തികമാറ്റം വഴിയും 25 തസ്തികയിൽ എൻസിഎ നിയമനവുമാണ്. ഗസറ്റ് തീയതി 15.10.2025. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 19 രാത്രി 12 വരെ.
നേരിട്ടുള്ള നിയമനം: കെഎസ്എഫ്ഇ/കെഎസ്ഇബി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജൂണിയർ അസിസ്റ്റന്റ്, ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ്/ഫാമിംഗ് കോർപറേഷൻ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജൂണിയർ അസിസ്റ്റന്റ്, വിഎച്ച്എസ്ഇയിൽ ഡെപ്യൂട്ടി ഡയറക്ടർ, സിവിൽ സപ്ലൈസ് കോർപറേഷനിൽ കമ്പനി സെക്രട്ടറി, ഖാദി ഗ്രാമ വ്യവസായ ബോർഡിൽ ജൂണിയർ കോഓപ്പറേറ്റീവ് ഇൻസ്പെക്ടർ, സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ അസിസ്റ്റന്റ്, വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ അറബിക്, പാർട്ട് ടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ അറബിക്, എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ തുടങ്ങിയവ.
തസ്തികമാറ്റം വഴി: കെഎസ്ഇബിയിൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ), വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (തമിഴ് മാധ്യമം) തുടങ്ങിയവ. സംവരണസമുദായങ്ങൾക്കുള്ള എൻസിഎ നിയമനം: കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ കൃഷി ഓഫീസർ, ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി), കെഎസ്എഫ്ഇയിൽ പ്യൂൺ/വാച്ച്മാൻ, വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ്-2 (എൽഡിവി) തുടങ്ങിയവ.
അപേക്ഷിക്കും മുമ്പേ...
പിഎസ്സിയുടെ വെബ്സൈറ്റിൽ (www. keralapsc.gov.in) ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയശേഷം മാത്രം അപേക്ഷിക്കുക. ഇതിനകം ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയവർ തങ്ങളുടെ User Id യും Passwordഉം ഉപയോഗിച്ച് login ചെയ്തശേഷം സ്വന്തം Profile വഴി അപേക്ഷിക്കുക. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും Notification Linkലെ Apply Now എന്നതിൽ ക്ലിക്ക് ചെയ്താൽ മാത്രം മതി. Registration Card Linkൽ ക്ലിക്ക് ചെയ്ത് Profileലെ വിശദാംശങ്ങൾ കാണുന്നതിനും പ്രിന്റൗട്ട് എടുക്കുവാനും കഴിയും.
ഫോട്ടോ
അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31-12-2013നു ശേഷം എടുത്തതായിരിക്കണം. ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഒരിക്കൽ അപ്ലോഡ് ചെയ്ത ഫോട്ടോയ്ക്ക് 10 വർഷം പ്രാബല്യമുണ്ടായിരിക്കും. 1.1.2022നു ശേഷം പുതുതായി പ്രൊഫൈൽ ഉണ്ടാക്കിയവർ 6 മാസത്തിനകം എടുത്ത ഫോട്ടോ വേണം അപ്ലോഡ് ചെയ്യാൻ.
സർട്ടിഫിക്കറ്റ്
വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി, വയസ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ പിഎസ്സി ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതി. ആധാർ കാർഡുള്ളവർ തിരിച്ചറിയൽ രേഖയായി ആധാർ പ്രൊഫൈലിൽ ചേർക്കണം.
റീ-ചെക്ക്
വിവിധ തസ്തികകളിൽ അപേക്ഷ സമർപ്പിക്കും മുന്പ് ഉദ്യോഗാർഥികൾ തങ്ങളുടെ Profileൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ശരിയാണോയെന്ന് ഉറപ്പുവരുത്തണം. അയച്ചശേഷം അപേക്ഷയിൽ മാറ്റം വരുത്താനോ ഒഴിവാക്കാനോ കഴിയില്ല. അപേക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലും വിജ്ഞാപനത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി കാണുകയാണെങ്കിൽ നിരുപാധികം നിരസിക്കും.
അഡ്മിഷൻ ടിക്കറ്റ്
അപേക്ഷിച്ച തസ്തികയിലേക്കുള്ള എഴുത്ത് /ഒഎംആർ പരീക്ഷ നടത്തുന്നപക്ഷം അർഹതപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിൽ ലഭ്യമാക്കുന്നതാണ്. അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള തീയതി പരീക്ഷാ കലണ്ടറിൽ ഉൾപ്പെടുത്തുന്നതുമാണ്.
ഈ തീയതി മുതൽ 15 ദിവസം വരെ ഉദ്യോഗാർഥികൾക്ക് പരീക്ഷയ്ക്കുള്ള അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. അഡ്മിഷൻ ടിക്കറ്റ് ഡൗൺ ലോഡ് ചെയ്ത ഉദ്യോഗാർഥികൾക്കു മാത്രമേ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ.
Tags : CAREER DEEPIKA