കണ്ണൂർ: ഓപ്പറേഷൻ സൈ ഹണ്ടിൽ ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് സിറ്റി, റൂറൽ മേഖലകളിലായി ജില്ലയിൽ 26 പേർക്കെതിരെ പോലീസ് നടപടിയാരംഭിച്ചു. സിറ്റി പോലീസ് പരിധിയിലെ 23 പേർക്കെതിരെയും റൂറൽ പരിധിയിലെ മൂന്നു പേർക്കെതിരെയുമാണ് നടപടി. 19 കേസുകൾ സിറ്റി പോലീസ് പരിധിയിലും14 എണ്ണം റൂറലിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തട്ടിപ്പിന് ബന്ധുക്കൾ
ചേർന്നുള്ള സംഘവും
ഇരിട്ടി: ഇരിട്ടി മേഖലയിൽ അനധികൃത സാന്പത്തിക തട്ടിപ്പ് നടത്തിയതിനു പിന്നിൽ ബന്ധുക്കൾ ചേർന്നുള്ള സംഘം. കീഴൂർ സ്വദേശികളായ എം.പി. രജിഷ, ഭർത്താവ് പ്രതീഷ്, രജിഷയുടെ സഹോദരൻ പുന്നാട് സ്വദേശി ബബീഷ്, രജിഷയുടെ സഹോദരി ഭാവന എന്നിവരടങ്ങിയ സംഘമാണ് തട്ടിപ്പുകൾ നടത്തിയത്. എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് നേതൃത്വം നൽകിയത് പ്രതീഷാണെന്നാണ് പോലീസ് പറയുന്നത്. മറ്റു പോലീസ് സ്റ്റേഷനുകളിലും സമാന സാന്പത്തിക ക്രമക്കേടിന് പ്രതീഷിനെതിരെ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവർ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് കാസർഗോഡ് സ്വദേശികളായ സമദ്, ജോബർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ആറളത്ത് വിദേശപണമിടപാട് നടത്തി സംഭവത്തിൽ യു.വി. സവാദ് എന്നയാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. പയ്യന്നൂർ പോലീസ് കാനായിയിലെ ഹോട്ടൽ ഉടമ ടി.വി. ഷൈജുവിനെതിരെ കേസെടുത്തു. പ്രതിയുടെ കേരള ഗ്രാമീണ്‍ ബാങ്ക് മാത്തില്‍ ബ്രാഞ്ചിലെ അക്കൗണ്ട് നമ്പര്‍ അമിത ലാഭമുണ്ടാക്കുന്നതിനായി മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു. ഈ അക്കൗണ്ടിലൂടെ നടത്തിയ സൈബര്‍ ട്രേഡിംഗില്‍ കഴിഞ്ഞ ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 11 വരെയുള്ള ദിവസങ്ങളിലായി നടത്തിയ നൂറുകണക്കിന് ഇടപാടുകളിലൂടെ 16049137 രൂപയുടെ വിനിമയം നടത്തിയതായാണ് കണ്ടെത്തിയത്.
ഭാര്യയുടെ അക്കൗണ്ട്;
ഭർത്താവിന്റെ തട്ടിപ്പ്
പരിയാരം: പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിൽ ഭർത്താവ് ഭാര്യയുടെ ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. അമ്മാനപ്പാറയിലെ ഇരുപത്തിരണ്ടു കാരിയെക്കൊണ്ട് ബാങ്കിൽ അക്കൗണ്ട് തുറപ്പിച്ച് ഭർത്താവ് നവാസ് എന്നയാൾ തട്ടിപ്പ് നടത്തിയതായാണ് വിവരം.
ഇപ്പോൾ ദുബായിലുള്ള ആലക്കാട് സ്വദേശി വി.വി. സവാദ് (34) എന്നയാൾ നടത്തിയ പണമിടപാട് സംബന്ധിച്ച അന്വേഷണത്തിലാണ് യുവതിയും ഇതിൽ പങ്കാളിയാണെന്ന് കണ്ടെത്തിയത്. സവാദിന്റെ പണമിടപാടുകൾ സുഹൃത്തായ ആലക്കാട്ടെ അബ്ദുൾ ലാഹിർ (30) ,അമ്മാനപ്പാറയിലെ യുവതി എന്നിവരുടെ അക്കൗണ്ടുകളിലൂടെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതേ സമയം നേരത്തെ താൻ ഭർത്താവിന്റെ നിർദേശപ്രകാരം ബാങ്ക് അക്കൗണ്ട് എടുത്തിരുന്നുവെന്നും അക്കൗണ്ട് ഭർത്താവായിരുന്നു കൈകാര്യം ചെയ്തതെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്. ഭർത്താവുമായി അകന്നു കഴിയുന്ന യുവതി ഇപ്പോൾ സ്വന്തം വീട്ടിലാണ് താമസം. സംഭവത്തിൽ മൂന്നു പേർക്കുമെതിരെ പരിയാരം പോലീസ് കേസെടുത്തു.
Tags : arrested natuvisesham local news