നടക്കാവ് ഹൈവേയിൽ അശ്വതി ജംഗ്ഷനു സമീപം റോഡിലെ കുഴികൾ അടയ്ക്കുന്നു.
കൂത്താട്ടുകുളം : കൂത്താട്ടുകുളം - നടക്കാവ് ഹൈവേയിൽ റോഡിന്റെ അറ്റകുറ്റപ്പണികൾ പുനരാരംഭിച്ചു. കൂത്താട്ടുകുളം മാർക്കറ്റ് റോഡ് മുതൽ ഒലിയപ്പുറം വരെയുള്ള ഭാഗത്തെ കുഴികൾ താൽക്കാലികമായി അടയ്ക്കുന്ന ജോലികളാണ് നടന്നുവരുന്നത്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കുഴികളിൽ വീണ അപകടം ഉണ്ടാകുന്ന സാഹചര്യത്തിലാണ് നഗരസഭയും പിഡബ്ല്യുഡിയും സംയുക്തമായി കുഴിയടയ്ക്കൽ പുനരാരംഭിച്ചത്.
കൂത്താട്ടുകുളം - പാലാ റോഡിൽ നിന്നും നീക്കം ചെയ്ത ടാർ അടങ്ങിയ മിശ്രിതമാണ് റോഡിലെ കുഴികളിൽ നിക്ഷേപിക്കുന്നത്. മുൻപ് ഈ ഭാഗങ്ങളിൽ പാറപ്പൊടി മിശ്രിതം ഉപയോഗിച്ച് കുഴികൾ അടച്ചിരുന്നു ഇവ പൊടി ശല്യം ഉണ്ടാക്കുന്നു എന്ന ആക്ഷേപം തുടർന്നാണ് പഴയ ടാറിങ് മിശ്രിതം ഉപയോഗിച്ച് കുഴികൾ അടയ്ക്കുന്നത്. നിലവിൽ കൂത്താട്ടുകുളം - നടക്കാവ് ഹൈവേയുടെ റീ ടാറിങ്ങിനായി എംഎൽഎ അനൂപ് ജേക്കബിന്റെ ആവശ്യപ്രകാരം ബഡ്ജറ്റിൽ നാലു കോടി 32 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാകുന്നതോടെ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ റ്റി.വിനീത്, നഗരസഭ ചെയർപേഴ്സൺ കലാ രാജു, നഗരസഭ കൗൺസിലർമാരായ സിബി കൊട്ടാരം, പി.സി.ഭാസ്കരൻ, കേരള കോൺഗ്രസ് ജേക്കബിലെ എം.എ. ഷാജി എന്നിവരുടെ മേൽനോട്ടത്തിലാണ് കുഴി അടയ്ക്കുന്ന ജോലികൾ നടന്നുവരുന്നത്.
Tags : Koothattukulam Nadakkavu Local News Nattuvishesham Ernakulam