വടക്കഞ്ചേരി: വനംവകുപ്പിന്റെ മിഷൻ വൈൽഡ് പിഗ് ദൗത്യം വിജയകരമാകാൻ ടീം വർക്ക് സംവിധാനം വേണമെന്ന് ഷൂട്ടർമാർ. ഒന്നോ രണ്ടോ പേരെ വച്ച് രാത്രികാലങ്ങളിലുള്ള പന്നിവേട്ട പ്രായോഗികമല്ലെന്നാണ് കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനുള്ള ഷൂട്ടർമാരുടെ പാനലിലുള്ള പട്ടേംപാടം ബെന്നി പോൾ, പാലക്കുഴിയിലെ ജോഷി ആന്റണി എന്നിവർ പറയുന്നത്.
മലപ്പുറത്ത് പത്ത് പന്ത്രണ്ട് ഷൂട്ടർമാരുള്ള സംഘങ്ങളാണ് പന്നികളെ പിടികൂടാൻ ഇറങ്ങുന്നത്. ഇവർക്കൊപ്പം പരിശീലനം ലഭിച്ച നായ്ക്കളുമുണ്ടാകും.
പകൽസമയമാണ് സംഘം ദൗത്യത്തിന് ഇറങ്ങുക. പൊന്തക്കാടുകളിലേക്കും പന്നികൾ ഉണ്ടാകാൻ സാധ്യതയുള്ള ചതുപ്പ് സ്ഥലങ്ങളിലും ചെളിപ്രദേശത്തേക്കും നായ്ക്കളെ വിടും. നായ്ക്കൾ കുരച്ച് ഓടുന്നതിനിടെ പന്നികൾ കൂട്ടത്തോടെ പലവഴിക്ക് പായും. ഈ സമയം പ്രദേശത്തിന് ചുറ്റും നിലയുറപ്പിച്ച ഷൂട്ടർമാർ പന്നികളെ വകവരുത്തുകയാണ് ചെയ്യുന്നത്.
ഇതുവഴി ഒരുദിവസം തന്നെ കൂടുതൽ പന്നികളെ ഇല്ലായ്മ ചെയ്യാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടുന്നു. ഷൂട്ടർമാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും അപായസാധ്യതകളും മൂലം പലപ്പോഴും ദൗത്യത്തിന് പോകാൻ പലരും മടിക്കുന്ന സ്ഥിതിയുമുണ്ട്. പന്നിയെ പിടിക്കാൻ രാത്രി മുഴുവൻ ഉറക്കം കളയണം.
പൊന്തക്കാട് മൂടിയ പ്രദേശത്തുകൂടെ ഭാരമുള്ള തോക്കുമായി പന്നിയെ തെരഞ്ഞ് നടക്കണം. പാമ്പ് ഉൾപ്പെടെയുള്ളവയെ പേടിച്ച് വേണം നടക്കാൻ. പന്നിതന്നെ ചിലപ്പോൾ ആക്രമിക്കാനെത്തും. ചില തോട്ടങ്ങളിൽ ഉടമപോലും അറിയാതെ പന്നിയെ പിടിക്കാൻ വൈദ്യുതികമ്പികളും സ്ഥാപിച്ചിട്ടുണ്ടാകും. ഒരു ഷൂട്ടർക്ക് ഒരു സഹായിയെയെങ്കിലും രാത്രി ഒപ്പം കൂട്ടേണ്ടി വരും.
അതിന് വരുന്ന ചെലവുകളും കണ്ടെത്തണം. രാത്രികാലങ്ങളിൽ നടക്കാനാവശ്യമായ ഷൂസുകളും ലൈറ്റ് സംവിധാനങ്ങളും കരുതണം. തോക്കിന്റെ തിരകൾക്കുതന്നെ വലിയ തുക വരുന്നുണ്ട്.
120 രൂപ മുതൽ 200രൂപ വരെ വില വരുന്നതാണ് തിരകൾ. പലപ്പോഴും ഒരു പന്നിയെ വെടിവക്കാൻ രണ്ടുമൂന്നു തിരകൾ ഉപയോഗിക്കേണ്ടിവരുമെന്ന് പറയുന്നു. എന്നാൽ കിട്ടുന്ന പ്രതിഫലം പര്യാപ്തമല്ല. പന്നിയെ കൊന്നാൽ മാത്രമേ പ്രതിഫല തുക കിട്ടൂ.
പന്നിയെ വെടിവച്ചുകൊന്ന് അതിനെ കുഴിച്ചുമൂടുന്ന നടപടിക്രമങ്ങളും പ്രയാസകരമായതാണ്. താഴ്ത്തി കുഴിയെടുത്ത് വേണം ജഡം മറവ് ചെയ്യാൻ. കൊല്ലുന്ന പന്നികളുടെ മാംസം അതാത് പഞ്ചായത്തുകളിൽ ലേലം ചെയ്തു വില്പനയ്ക്ക് സൗകര്യം ഒരുക്കിയാൽ പന്നിവേട്ടക്ക് വരുന്ന ചെലവുകൾ അതുവഴി കണ്ടെത്താനാകും. ജനങ്ങൾക്ക് വിഷാംശം ഇല്ലാത്ത നല്ല മാംസം കുറഞ്ഞ വിലക്ക് ലഭ്യമാക്കാനും കഴിയും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ ഇനി പന്നിപിടിത്തവും നിലയ്ക്കും.
തോക്കുകളെല്ലാം സറണ്ടർ ചെയ്യണം. അതിനാൽ രണ്ടുമാസത്തോളം പന്നിപിടിത്തം മുടങ്ങും.
അതുകഴിഞ്ഞാൽ നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോഴും ഈ അവധി വരും. ഇതിനിടെ പന്നികളും പെരുകും. ഷൂട്ടർമാരെ ഇതിൽനിന്നും ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Tags : Shooters nattuvisesham local news