പേരൂര്‍ക്കട: ക്ഷേത്രത്തിന്റെ വകയായുള്ള കിണറ്റില്‍ വീണ് ക്ഷേത്ര കീഴ്ശാന്തി മരിച്ചു. അട്ടക്കുളങ്ങര രാമവര്‍മ്മപുരം പുത്തന്‍തെരുവ് ഗ്രാമസമുച്ചയം അഗ്നീശ്വര മഹാദേവക്ഷേത്രം വക കിണറ്റില്‍ വീണാണ് കീഴ്ശാന്തി നവനീത് കൃഷ്ണന് (19) മരിച്ചത്. ശ്രീനിവാസന് പോറ്റി-ശശികല ദമ്പതികളുടെ മകനായ നവനീത് അട്ടക്കുളങ്ങര ടിപ്പു നഗര്‍ സ്വദേശിയാണ്.
രാവിലെ 6.30ന് പൂജ ആവശ്യങ്ങള്‍ക്കായി വെള്ളം കോരുന്നതിനിടയില്‍ ചുഴലിരോഗബാധയെ തുടര്‍ന്ന് വീഴുകയായിരുന്നു. 22 അടി താഴ്ചയും ഒന്നര മീറ്റര്‍ വീതിയും ആറടിയോളം വെള്ളവും ഉള്ള കിണറ്റിലേക്കാണ് നവനീത് കൃഷ്ണന് വീണത്.
തിരുവനന്തപുരം ഫയര്‍ സ്റ്റേഷനില്‍ നിന്ന് സ്റ്റേഷന് ഓഫീസര്‍ സജികുമാറിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ സവിന്‍, പ്രദോഷ്,സനീഷ് കുമാര്‍, മഹേഷ് കുമാര്‍, സനു, പ്രശാന്ത്, നന്ദകുമാര്‍, വിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്ലസ് ടു വിദ്യാര്‍ഥിയാണ്. എല്ലാ ദിവസവും രാവിലെ കോവിലില്‍ എത്തി ക്ഷേത്രകാര്യങ്ങള്‍ ചെയ്ത ശേഷമാണ് പഠനത്തിനായി പോയിരുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.
Tags : Temple priest Death falling into well Thiruvananathapuram