ചമ്പക്കുളം: ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ കുട്ടനാട്ടിലെ ചൂടേറിയ വിഷയങ്ങളിലൊന്ന് പലായനവും അതിന്‍റെ കാരണവും.
ആവർത്തിച്ചുണ്ടാകാറുള്ള വെള്ളക്കെട്ടും അതുമൂലമുള്ള യാത്രാക്ലേശവും ദുരിതങ്ങളുമൊക്കെയാണ് കുട്ടനാട്ടിൽ ജീവിക്കാനാഗ്രഹിക്കുന്നവരെ പാലായനത്തിനു പ്രേരിപ്പിക്കുന്ന പ്രധാനപ്രശ്നമായി പലരുമിപ്പോൾ ചൂണ്ടിക്കാട്ടുന്നത്.
ശൃംഖലയായുള്ള പാടശേഖരങ്ങൾക്കുള്ളിലൂടെയാണ് കുട്ടനാട്ടിലെ ഒട്ടുമിക്ക റോഡുകളും കടന്നുപോകുന്നത്. കൃഷി സംരക്ഷിക്കപ്പെടുകയും പന്പിംഗിന്‍റെ ബലത്തിൽ വെള്ളംകയറാതെ പിടിച്ചുനിൽക്കുകയും ചെയ്യുന്ന പാടശേഖരങ്ങൾക്കുള്ളിലൂടെയുള്ള ഗതാഗതം, വെള്ളപ്പൊക്കമുണ്ടായാലും മുടങ്ങില്ല. പക്ഷേ, ഞാണിേ·ൽകളിപോലുള്ള മഴക്കാലത്തെ രണ്ടാംകൃഷിയോടു കർഷകരും പാടശേഖരസമിതികളും സാധാരണഗതിയിൽ താൽപര്യം കാണിക്കാറില്ല.
കൃഷിയില്ലെങ്കിൽ വെള്ളം കെട്ടിക്കിടന്ന് പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന റോഡുകൾ തകരുന്നതു പതിവാണ്. വെള്ളം വറ്റിക്കാത്തതു കാരണം പാടശേഖരങ്ങളുടെ അകത്തുള്ള തുരുത്തുകളിലും ബണ്ടുകളിലും താമസിക്കുന്നവരുടെ ജീവിതം ദുരിതപൂർണമാകാറുണ്ട്. പാടശേഖരങ്ങളിലെ വെള്ളം വറ്റിച്ചാൽ പുറംബണ്ടുകളുടെ സംരക്ഷണവലയമുള്ള പ്രദേശങ്ങളിലെ വെള്ളക്കെട്ടെങ്കിലും മാറിക്കിട്ടും. പക്ഷേ, നെൽക്കൃഷിയില്ലാത്തപ്പോൾ വെള്ളം ആരു വറ്റിക്കും എന്നു ചോദിച്ചു ചോദിച്ച് തങ്ങളുടെ നാവിലെ വെള്ളം വറ്റുന്നതല്ലാതെ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.
പൊതുഖജനാവിൽ നിന്നും കോടികൾ മുടക്കി ഓരോ പാടശേഖരത്തിലും അടിസ്ഥാനസൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. നെൽക്കൃഷിയില്ലാത്തപ്പോഴും ഇതൊക്കെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാൽ, വലിയൊരു പരിധിവരെ ദുരിതനിവാരണം സാധ്യമാകും. പ്രാദേശികപ്രത്യേകതകൾക്കനുസൃതമായി ദുരിതനിവാരണത്തിനാവശ്യമായ പദ്ധതികൾ ആവിഷ്കരിക്കാൻ, പ്രാദേശിക ഭരണകൂടങ്ങളായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയ്യെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന മുന്നണികളും രാഷ്ട്രീയപ്രസ്ഥാനങ്ങളും, കുട്ടനാട്ടുകാരുടെ അതിജീവനവുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങളിൽ സ്വീകരിക്കുന്ന നിലപാടുകളും അവതരിപ്പിക്കുന്ന കർമ്മപരിപാടികളുമൊക്കെ ഏറെ ചർച്ചചെയ്യപ്പെടുമെന്നതുറപ്പാണ്.
ജീവിതം പ്രതിസന്ധിയിൽ
വെള്ളക്കെട്ടു നിത്യജീവിതത്തെ മാത്രമല്ല, വിദ്യാഭ്യാസരംഗത്തെപ്പോലും പ്രതിസന്ധിയിലാക്കാറുണ്ട്. ഈ വിദ്യാഭ്യാസ വർഷത്തിൽത്തന്നെ 20ൽ അധികം അധ്യയന ദിവസങ്ങൾ കുട്ടനാട്ടിലെ കുട്ടികൾക്കു നഷ്ടമായി. കുട്ടനാട്ടിലെ ഒരു സ്കൂളിനു സമീപത്തെ വെള്ളക്കെട്ടിൻറെ കാര്യത്തിൽ ഹൈക്കോടതി നേരത്തെ ഇടപെട്ടിരുന്നു.
കുട്ടനാട്ടിലെ കൃഷിയിടങ്ങളിൽ സമുദ്രനിരപ്പിനേക്കാൾ ഒൻപത് അടിവരെ താഴ്ന്ന പ്രദേശങ്ങളുണ്ട്. അവിടെയാണ് വെള്ളം വറ്റിച്ചു നെൽകൃഷി നടത്തുന്നത്. സമയാസമയങ്ങളിൽ വെള്ളം വറ്റിക്കുക എന്നതു കർഷകർക്കു ഭഗീരഥ പ്രയത്നമാണ്. പല പാടശേഖരങ്ങളിലും ഒരു കൃഷി മാത്രമാണ്. ചിലേടങ്ങളിൽ രണ്ടും. കൃഷിസമയം കഴിഞ്ഞാൽ സമീപത്തെ നദികളിലെയും തോടുകളിലെയും ജലനിരപ്പായിരിക്കും മിക്ക പാടശേഖരങ്ങളിലും. മഴ മാറിനിന്നാലും വെള്ളത്തിൻറെ വരവ് കുറഞ്ഞാലും പാടശേഖരങ്ങളുടെ ഉള്ളിലുള്ള വെള്ളം പെട്ടെന്ന് ഒഴിഞ്ഞുപോകില്ല. തൂന്പുകളും ഷട്ടറുകളും തുറന്നും അടച്ചും ആവശ്യാനുസരണം പന്പുകൾ പ്രവർത്തിപ്പിച്ചുമൊക്കെ ജലനിരപ്പുക്രമീകരിക്കുക എന്നതു മാത്രമാണ് പരിഹാരം. ഇതിനാവശ്യമായ പദ്ധതികളാണ് ഉണ്ടാകേണ്ടത്.
തുക കൂട്ടണം
പാടശേഖരത്തിൻറെ പുറംബണ്ട് സംരക്ഷണത്തിനും മറ്റുമായി പലേടത്തും ഏക്കർ ഒന്നിന് 3,000 രൂപയിൽ കൂടുതൽ ചെലവഴിക്കേണ്ടി വരുന്ന കർഷകർ തന്നെ വെള്ളം വറ്റിക്കലിൻറെയും ചുമതല വഹിക്കേണ്ടി വരുന്നത് ഇരട്ടി ഭാരമാണ്. വെള്ളം വറ്റിക്കലിൻറെ തുക പൂർണമായും സർക്കാർ നൽകണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.
ഇപ്പോൾ വെള്ളം വറ്റിക്കലിനു നൽകുന്ന തുകയുടെ വ്യവസ്ഥ പരിഷ്കരിക്കണമെന്നും ആവശ്യമുണ്ട്.
ഒരു പാടശേഖരത്തിൽ കൃഷി ചെയ്യുന്നതിനേക്കാൾ കൂടുതൽ വിസ്തൃതി പുരയിടപ്രദേശങ്ങൾക്ക് ഉണ്ടാകും. എന്നാൽ, കൃഷിയിടത്തിൻറെ വിസ്തൃതിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് സർക്കാർ തുക നൽകുന്നത്.

പാടശേഖര സമിതികൾ നട്ടം തിരിയുന്നു
പുറംബണ്ടുകൾ ഒരുപരിധി വരെ ഉയർന്നതും ബലമുള്ളതുമായ നിരവധി പാടശേഖരങ്ങൾ കുട്ടനാട്ടിലുണ്ട്. രണ്ടാംകൃഷിയില്ലെങ്കിൽ പന്പിംഗ് നടക്കാറില്ലെന്നതിനാൽ, വിവിധ സർക്കാർ പദ്ധതികളിലൂടെ മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ സജ്ജമാക്കിയിട്ടുള്ള പാടശേഖരപ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായാൽ വെള്ളം കയറും. ഇങ്ങനെ കയറുന്ന വെള്ളം മോട്ടോർ ഉപയോഗിച്ചു വറ്റിച്ചാൽ വെള്ളക്കെട്ടിനു പരിഹാരമാകും. ആറ്റിലും തോട്ടിലുമൊക്കെ ജലനിരപ്പു താഴ്ന്നു നിൽക്കുന്ന അവസരങ്ങളിൽ മോട്ടോർ നടത്താതെ തന്നെ ഷട്ടറുകളും തൂന്പുകളും ആവശ്യാനുസരണം തുറന്നുവച്ചും പെയ്ത്തുവെള്ളം പുറത്തെത്തിക്കാനാവും. റവന്യു വകുപ്പിനു കീഴിലുള്ള പുഞ്ച സ്പെഷൽ ഓഫിസറാണ് പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാൻ നിശ്ചിത തുകയ്ക്ക് ഓരോ പാടശേഖരവും കൃഷിക്കായി ലേലം ചെയ്തു നല്കുന്നത്. അതിനാൽ ഓരോ കർഷകനും കൈയിൽനിന്ന് രണ്ടായിരത്തിലേറെ രൂപകൂടി ചെലവഴിച്ചാണ് പലേടത്തും വെള്ളം വറ്റിക്കൽ നടത്തുന്നത്. പുഞ്ചകൃഷി ആയാലും രണ്ടാം കൃഷി ആയാലും ആറു മാസത്തേക്കാണ് പാടം ലേലം ചെയ്തു നല്കുന്നത്.
മോട്ടോർ മാറ്റിയാൽ
ലാവധി കഴിഞ്ഞാൽ കരാർ എടുത്തിരുന്ന ആൾ മോട്ടോറും മറ്റ് സാമഗ്രികളും എടുത്തുമാറ്റും. വൈദ്യുതി വകുപ്പ് വൈദ്യുതിയും വിച്ഛേദിക്കും. ഒരു കൃഷി മാത്രം ചെയ്യുന്ന പാടശേഖരങ്ങളിൽ പിന്നീടുള്ള ആറുമാസം വെള്ളം വറ്റിക്കാൻ മോട്ടോർ ഉണ്ടാവില്ല. ചിലേടങ്ങളിൽ, നാട്ടുകാരുടെ നിർബന്ധത്തെത്തുടർന്നു മോട്ടോർ തുടർന്നു പ്രവർത്തിപ്പിച്ച് നിയന്ത്രിത അളവിൽ വെള്ളം വറ്റിക്കാറുണ്ട്. മോട്ടോർ വാടക, ഡ്രൈവർ ശന്പളം, വൈദ്യുതി ചാർജ്, മറ്റ് അറ്റകുറ്റപ്പണികൾ എല്ലാംതന്നെ പാടശേഖര സമിതികളാണ് വഹിക്കുന്നത്. ഇത്തരത്തിൽ പന്പിംഗ് നടത്തേണ്ടി വരുന്പോൾ, കൃഷിയുടെ കാലം അല്ലാതിരുന്നിട്ടും ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരുന്ന പ്രതിസന്ധിയിലാണ് കർഷകരും പാടശേഖരസമിതിയും. ദുരിതനിവാരണം പാടശേഖരസമിതികളുടെ ഉത്തരവാദിത്വമല്ലാത്തതിനാൽ, നെൽക്കൃഷിയില്ലാത്തപ്പോഴത്തെ പന്പിംഗിനായി നിർബന്ധിക്കുന്നതിനെതിരെയും, മഴക്കാലത്തെ രണ്ടാംകൃഷിക്കെതിരെയുമൊക്കെ പ്രദേശവാസികളല്ലാത്ത കർഷകരുടെ ഭാഗത്തുനിന്നും എതിർപ്പുകളും ഉയരാറുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഫലപ്രദമായി ഇടപെട്ടാൽ ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിച്ച്, ഓരോപ്രദേശത്തിനും അനുയോജ്യമായ രീതിയിൽ ദുരിതനിവാരണപദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാനാവും.
സർക്കാർ ചെയ്യേണ്ടത്
കൃഷിവകുപ്പും പന്പിംഗ് ലേലം നടത്തുന്ന റവന്യുവകുപ്പും സംയുക്തമായി ഇടപെട്ടാൽ കുട്ടനാടൻ പാടശേഖരപ്രദേശങ്ങളിലെ വെള്ളക്കെട്ടു ദുരിതനിവാരണവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും പരിഹാരം കണ്ടെത്താമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
* പന്പിംഗ് ലേലം നടത്തുന്ന കാലാവധി ഒരു കൃഷി എന്നതിനു പകരം രണ്ട് കൃഷി ഉൾപ്പെടുന്ന ഒരു വർഷം എന്നാക്കണം. പന്പിംഗ് സബ്സിഡി തുക കൂട്ടണം.
* എല്ലാ പാടശേഖരങ്ങൾക്കും സ്ഥിരം വൈദ്യുതി കണക്ഷൻ നൽകണം.
* ഒരു കൃഷി മാത്രം ചെയ്യുന്ന പാടങ്ങളിലും കൃഷിക്കു ശേഷം വെള്ളം വറ്റിക്കാൻ തുക അനുവദിക്കണം.
* പാടശേഖരത്തിൻറെ ആകെ ഭൂവിസ്തൃതി കണക്കാക്കി ആനുകൂല്യം നൽകണം.
* കൃഷി ഇല്ലാത്ത കാലത്തെ പന്പിംഗും ലേല വ്യവസ്ഥയിൽ ഉൾപ്പെടുത്തണം.
* പെട്ടിക്കും പറയ്ക്കും പകരം കൂടുതൽ ശക്തിയുള്ള ജെറ്റ്പന്പുകൾ പ്രോത്സാഹിപ്പിക്കണം.
* പാടശേഖരത്തിൻറെ പുറംബണ്ടുകൾ ബലപ്പെടുത്തി ഉയർത്തണം.
* നിയന്ത്രിത പന്പിംഗ് സംബന്ധിച്ച കാര്യങ്ങളിൽ ഒരു പ്രാദേശികസമിതിയുടെ മേൽനോട്ടം ഉണ്ടാകണം. സമിതി വേണം വെള്ളപ്പൊക്ക കാലത്തെ നിയന്ത്രിത പന്പിംഗ് അവലോകനം നടത്തേണ്ടത്.
* ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാർഷിക പദ്ധതി വിഹിതത്തിൽ ഇതിനു തുക വകയിരുത്തണം.
Tags : Kuttanad floods Election Alapuzha debate in election water problem Health risks exodus from Kuttanad