മങ്കൊമ്പ് : തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ താഴ്ത്തിയിട്ടും ജലാശയങ്ങളിൽ ഒഴുക്കനുഭവപ്പെടുന്നത് കർഷകരെ ആശങ്കയിലാക്കുന്നു.
ഷട്ടറുകൾ താഴ്ത്തിയ സാഹചര്യത്തിലും കുട്ടനാടൻ ജലാശയങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നേരിയ തോതിൽ ഒഴുക്കനുഭവപ്പെട്ടിരുന്നു. രാത്രി കാലങ്ങളിലാണ് ഇത്തരത്തിൽ വേലിയേറ്റം അനുഭവപ്പെടുന്നത്. കടലിൽ നിന്നുള്ള വെള്ളം ജലാശയങ്ങളിലേക്കു കയറുന്നതിന്റെ സൂചനയാണിത്.
ഈ സ്ഥിതി തുടർന്നാൽ അധികം വൈകാതെ ജലാശയങ്ങളിൽ ഉപ്പുവെള്ളത്തിന്റെ അളവ് വർധിക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവിൽ കുട്ടനാടൻ ജലാശയങ്ങളിൽ പൊതുവെ തെളിഞ്ഞ വെള്ളമാണുള്ളത്. ഇത് ഓരുവെള്ളത്തിന്റെ സാന്നിധ്യത്തിന്റെ ലക്ഷണമാണെന്നാണ് മുതിർന്ന കർഷകരുടെ അഭിപ്രായം.
കടലിൽനിന്നുള്ള നീരൊഴുക്കു വർധിച്ചാൽ വെള്ളത്തിൽ ഉപ്പുരസം കൂടുതലാകും. ആഴ്ചകൾക്കു മുൻപുതന്നെ കുട്ടനാടിന്റെ തെക്കൻ മേഖലകളിൽ ഓരുവെള്ളത്തിന്റെ സാന്നിധ്യമനുഭവപ്പെട്ടിരുന്നു. ഇതു വലിയതോതിൽ കർഷകരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
നിലവിൽ കുട്ടനാട്ടിൽ പുഞ്ചകൃഷി പാതിവഴി പിന്നിട്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ കടലിൽ നിന്നുള്ള വെള്ളം ജലാശയങ്ങളിലേക്കു കയറുന്നത് കൃഷിക്കു ഭീഷണിയാകാനിടയുണ്ട്.
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ശരിയായ രീതിയിൽ താഴ്ത്തി നിലനിർത്താത്തതാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്നാണ് കർഷകരുടെ പരാതി.
ഷട്ടറുകൾ ശരിയായ രീതിയിൽ താഴ്ത്തി ക്രമീകരിക്കാത്തതോ, മത്സ്യബന്ധനത്തിനു സഹായകരമായ രീതിയിൽ രാത്രി കാലങ്ങളിൽ ഉയർത്തുന്നതോ ആണ് വേലിയേറ്റത്തിനു കാരണമാകുന്നതെന്നാണ് കുട്ടനാടൻ കർഷകർ പറയുന്നത്. മുൻ വർഷങ്ങളിലും ഇത്തരം പരാതികൾ ഉയർന്നിരുന്നു.ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.