ചന്ദ്രനിലേക്കു പോകാനൊരുങ്ങുന്ന നാലംഗ നാസ ടീം.
വാഷിംഗ്ടൺ: അരനൂറ്റാണ്ടിനു ശേഷം മനുഷ്യന് വീണ്ടും ചന്ദ്രനിലേക്കു യാത്ര തിരിക്കുന്നു. നാസയുടെ ചരിത്രപ്രധാനമായ ആര്‍ട്ടെമിസ് II (Artemis II), 2026 ഫെബ്രുവരി ആദ്യവാരത്തോടെ വിക്ഷേപിക്കാനാണു ലക്ഷ്യമിടുന്നത്. 1972ലെ അപ്പോളോ 17ന് ശേഷം ഇതാദ്യമായാണ് മനുഷ്യന് ഭൂമിയുടെ ഭ്രമണപഥം കടന്ന് (Deep Space) സഞ്ചരിക്കുന്നത്.
ചരിത്രം കുറിക്കാൻ നാലുപേര്‍
നിലവിലെ കണക്കുകൂട്ടലുകള്‍ പ്രകാരം 2026 ഫെബ്രുവരി ആറിന് ആര്‍ട്ടെമിസ് II വിക്ഷേപിക്കും. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്നു ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) ഉപയോഗിച്ചാണ് വിക്ഷേപണം. എന്നിരുന്നാലും, കാലാവസ്ഥയും സാങ്കേതിക പരിശോധനകളും പരിഗണിച്ച് വിക്ഷേപണ തീയതിയില്‍ മാറ്റങ്ങള്‍ വരാം.
ആര്‍ട്ടെമിസ് II ദൗത്യത്തില്‍ നാലു ബഹിരാകാശ സഞ്ചാരികളാണ് ഉള്ളത്.
റീഡ് വൈസ്മാന്- ദൗത്യത്തിന്റെ കമാന്‍ഡര്‍ (നാസ).
വിക്ടര്‍ ഗ്ലോവര്‍: പൈലറ്റ് (നാസ). ചന്ദ്രനിലേക്കു യാത്ര ചെയ്യുന്ന ആദ്യത്തെ കറുത്തവര്ഗക്കാരന്.
ക്രിസ്റ്റീന കോക്ക്: മിഷന് സ്പെഷലിസ്റ്റ് (നാസ). ചന്ദ്രനിലേക്കു പോകുന്ന ആദ്യ വനിത എന്ന നേട്ടം ക്രിസ്റ്റീനയ്ക്കു സ്വന്തമാകും.
ജെറമി ഹാന്‍സണ്‍: മിഷന് സ്പെഷലിസ്റ്റ് (കാനഡ). നാസ പ്രോജക്ടിൽ അമേരിക്കക്കാരനല്ലാത്ത ഒരാള്‍ ആദ്യമായാണ് ഒരു ചാന്ദ്രദൗത്യത്തിന്റെ ഭാഗമാകുന്നത്.

ദൗത്യത്തിന്റെ ലക്ഷ്യം
10 ദിവസം നീണ്ടുനില്‍ക്കുന്ന ഈ യാത്രയില്‍ സഞ്ചാരികള്‍ ചന്ദ്രനില്‍ ഇറങ്ങില്ല. പകരം ചന്ദ്രനെ ചുറ്റി ഭൂമിയിലേക്കു മടങ്ങും. മനുഷ്യര്‍ക്കു സുരക്ഷിതമായി യാത്ര ചെയ്യാന്‍ ഓറിയോണ്‍ പേടകം പ്രാപ്തമാണോ എന്നു പരിശോധിക്കും. ബഹിരാകാശത്തു പേടകം നിയന്ത്രിക്കുന്നതും ദിശ മാറ്റുന്നതും പരീക്ഷിച്ച് നോക്കും. ചന്ദ്രന്റെ 7,400 കിലോമീറ്റര്‍ വരെ അടുത്തെത്തുന്ന ഈ യാത്രയില്‍ വികിരണങ്ങളെയും പേടകത്തിന്റെ സുരക്ഷാസംവിധാനങ്ങളെയും കുറിച്ചു പഠിക്കും.
ആര്‍ട്ടെമിസ് III: ചന്ദ്രനില്‍ മനുഷ്യന് കാലുകുത്തും
ആര്‍ട്ടെമിസ് II ദൗത്യം വിജയകരമായാല്‍, മനുഷ്യനെ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറക്കുന്ന ആര്‍ട്ടെമിസ് III ദൗത്യം 2027-28 കാലയളവില്‍ നടക്കും. ഇതില്‍ ആദ്യമായി ഒരു വനിതയും ഒരു കറുത്തവര്‍ഗക്കാരനും ചന്ദ്രോപരിതലത്തില്‍ നടക്കും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലായിരിക്കും ഇവര്‍ ഇറങ്ങുക.
ഇന്ത്യയുടെ സ്വപ്നങ്ങള്‍
ചന്ദ്രനിലേക്കു മനുഷ്യനെ അയയ്ക്കാനുള്ള ആഗോള മത്സരത്തില്‍ ഇന്ത്യയുമുണ്ട്. 2040-ഓടെ ഇന്ത്യ സ്വന്തമായി ഒരു ബഹിരാകാശസഞ്ചാരിയെ ചന്ദ്രനിലെത്തിക്കാന്‍ ലക്ഷ്യമിടുന്നു. ഇതിനു മുന്നോടിയായി ഗഗന്യാന് ദൗത്യത്തിലൂടെ മനുഷ്യരെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണ് ഇസ്രൊ. കൂടാതെ ചന്ദ്രന്റെ ഉപരിതലത്തില്‍നിന്നു സാമ്പിളുകള്‍ ശേഖരിച്ചു തിരികെ കൊണ്ടുവരുന്ന ചന്ദ്രയാന്‍ 4 ദൗത്യവും ഇന്ത്യയുടെ പദ്ധതിയിലുണ്ട്.
Tags : humans to the moon woman NASA Artemis moon mission space agency Moon mission mega moon rocket