ബെയ്റൂട്ട്: സമാധാനം എന്ന ലക്ഷ്യത്തിനുവേണ്ടി സമാധാനത്തിന്റെ പാതതന്നെ തെരഞ്ഞെടുക്കുക എന്ന സമാപനാഹ്വാനത്തോടെ ലെയോ പതിനാലാമൻ മാർപാപ്പ ആറു ദിവസം നീണ്ട തുർക്കി, ലബനൻ സന്ദർശനം അവസാനിപ്പിച്ചു റോമിലേക്കു മടങ്ങി. സാഹോദര്യത്തിന്റെയും സമാധാനത്തിനുവേണ്ടിയുള്ള സമർപ്പണത്തിന്റെയും ചൈതന്യത്തിലേക്ക് പശ്ചിമേഷ്യൻ ജനത കൂടുതൽ ഉൾച്ചേരണമെന്ന് അദ്ദേഹം പറഞ്ഞു.
സായുധസമരങ്ങൾ ഫലപ്രദമല്ല. ആയുധങ്ങൾ മാരകമാണ്. ചർച്ചയും മാധ്യസ്ഥ്യവും സംവാദവും സൃഷ്ടിപരമാണ്. ഇപ്പോൾ പരസ്പരം ശത്രുക്കളായി കാണുന്നവർപോലും ഈ പ്രക്രിയയിൽ പങ്കുചേരണം. റോമിലേക്കു തിരിക്കുന്നതിനു മുന്പ് ബെയ്റൂട്ടിലെ റഫീഖ് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിൽവച്ചു നടത്തിയ വിടവാങ്ങൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ.
ലബനന്റെ ആധ്യാത്മിക പൈതൃകവും മതസൗഹൃദ പാരന്പര്യവും എടുത്തുപറഞ്ഞ മാർപാപ്പ ലബനീസ് ജനതയ്ക്ക് പരിശുദ്ധ മറിയത്തോടുള്ള ഭക്തിയെ പ്രശംസിച്ചു. ബെയ്റൂട്ട് സ്ഫോടനത്തിന്റെ മുഴുവൻ ആഘാതവും താങ്ങുന്ന രാജ്യത്തിന്റെ വേദന താൻകൂടി വഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വിശുദ്ധ ഷാർബലിന്റെ ശവകുടീരത്തിലേക്കു നടത്തിയ യാത്ര അദ്ദേഹം അനുസ്മരിച്ചു.ലബനന്റെ പൂർവകാല ചരിത്രം ഭാവിയിലേക്കുള്ള പ്രയാണത്തിൽ ഇന്ധനമാകുമെന്നു മാർപാപ്പ പറഞ്ഞു.
വടക്കൻ ബെയ്റൂട്ടിലെ ജാൽഎൽ ദീപിലെ ഹോളിക്രോസ് മാനസികരോഗാശുപത്രി സന്ദർശിച്ചുകൊണ്ടാണ് ലബനനിലെ അവസാന ദിവസം മാർപാപ്പ ആരംഭിച്ചത്.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഈ മാനസികരോഗാശുപത്രിയിൽ ഒരേസമയം 800 രോഗികളെയാണ് ചികിത്സിക്കുന്നത്. ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് ദ ക്രോസ് എന്ന സന്യാസിനീസമൂഹമാണ് ഈ ആശുപത്രി നടത്തുന്നത്. രോഗീശുശ്രൂഷയിൽ വ്യാപൃതരായിരിക്കുന്ന സ്റ്റാഫംഗങ്ങളെ അഭിനന്ദിച്ച മാർപാപ്പ, ലോകത്തെ ഏറ്റവും ദരിദ്രരും ദുർബലരുമായ വ്യക്തികളെ സഹായിക്കാൻ എല്ലാ ക്രൈസ്തവരും ബാധ്യസ്ഥരാണെന്ന് ഓർമിപ്പിച്ചു.
2020 ഓഗസ്റ്റ് നാലിന് സ്ഫോടനം നടന്ന ബെയ്റൂട്ട് തുറമുഖത്ത് ഉറ്റവരെ നഷ്ടപ്പെട്ടവരോടൊപ്പം പ്രാർഥനയിൽ പങ്കെടുക്കാൻ മാർപാപ്പ എത്തിച്ചേർന്നപ്പോൾ വികാരനിർഭരമായ രംഗങ്ങളുണ്ടായി. മരിച്ചുപോയവരുടെ ചിത്രങ്ങളുമായാണ് പലരും എത്തിയത്. സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കുകയും തിരി തെളിക്കുകയും പ്രാർഥിക്കുകയും ചെയ്ത മാർപാപ്പ, ബന്ധുമിത്രാദികളെ ആശ്വസിപ്പിക്കുകയും ചെയ്തു.
രാവിലെ പത്തരയ്ക്ക് ബെയ്റൂട്ട് വാട്ടർഫ്രണ്ടിൽ മാർപാപ്പയുടെ മുഖ്യ കാർമികത്വത്തിൽ ആരംഭിച്ച വിശുദ്ധ കുർബാനയിൽ ഒന്നര ലക്ഷത്തിലേറെ വിശ്വാസികൾ പങ്കെടുത്തു. കുർബാനയുടെ ആരംഭത്തിൽ, അന്ത്യോഖ്യയിലെ ഗ്രീക്ക് കത്തോലിക്കാ പാത്രിയർക്കീസ് യൂസഫ് അബ്സി ലബനനിലെ ബഹുഭൂരിപക്ഷം കത്തോലിക്കരും പൗരസ്ത്യ സഭാംഗങ്ങളാണെന്നു പറഞ്ഞു.
പൗരസ്ത്യ കത്തോലിക്കരോടുള്ള മാർപാപ്പയുടെ കരുതലിന് അദ്ദേഹം നന്ദി പറഞ്ഞു. തന്റെ സുവിശേഷ പ്രസംഗത്തിൽ അദ്ദേഹം, വിശുദ്ധഗ്രന്ഥങ്ങൾ പരാമർശിച്ചിട്ടുള്ള ലബനന്റെ സൗന്ദര്യം നിരവധി കാരണങ്ങളാൽ നഷ്ടപ്പെട്ടെന്നും എന്നാൽ, പുതിയൊരു ലബനൻ സാധ്യമാണെന്നും പ്രസ്താവിച്ചു. ""ലബനനേ ഉണരുക, നീതിയുടെയും സാഹോദര്യത്തിന്റെയും ഒരു ഭവനമായിത്തീരുക. പശ്ചിമേഷ്യ മുഴുവനുംവേണ്ടി സമാധാനത്തിന്റെ പ്രവാചക അടയാളമായിത്തീരുക’’-മാർപാപ്പ പറഞ്ഞു.
Tags : Pope Pope Leo XIV lebanon