ബൊഗോട്ട: കൊളംബിയയിൽ 15 പേരുമായി സഞ്ചരിച്ച ചെറുവിമാനം തകർന്ന് വീണ് വൻ ദുരന്തം. വിമാനത്തിലുണ്ടായിരുന്ന 13 യാത്രക്കാരും രണ്ട് ജീവനക്കാരും ഉൾപ്പെടെ എല്ലാവരും കൊല്ലപ്പെട്ടതായി കൊളംബിയൻ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു.
കൊളംബിയൻ നിയമസഭാംഗമായ ഡയോജെനസ് ക്വിന്റേറോയും അദ്ദേഹത്തിന്റെ സംഘവും അപകടത്തിൽപ്പെട്ടവരിൽ ഉൾപ്പെടുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായ കാർലോസ് സാൽസെഡോയും വിമാനത്തിലുണ്ടായിരുന്നു.
കൊളംബിയൻ പൊതുമേഖലാ വിമാനക്കമ്പനിയായ സറ്റേനയുടെ വിമാനമാണ് തകർന്നത്. വെനസ്വേലൻ അതിർത്തിയോട് ചേർന്നുള്ള വടക്കൻ കൊളംബിയയിലെ കുക്കുട്ടയിൽ നിന്ന് പറന്നുയർന്ന വിമാനം ഒക്കാനയിൽ ലാൻഡ് ചെയ്യാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് അപകടത്തിൽപ്പെട്ടത്.
പർവത മേഖലയായ ഒക്കാനയ്ക്ക് സമീപം വെച്ച് വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനായി വ്യോമസേനയെ അപകടസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
Tags : Colombian Lawmaker Plane Crash death