ക്വറ്റ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വിഘടനവാദ പ്രസ്ഥാനമായ ബലൂചിസ്ഥാൻ വിമോചന സേനയും (ബിഎൽഎ) സുരക്ഷാ ഭടന്മാരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. 40 മണിക്കൂറിനിടെ 145 ഭീകരരെ വധിച്ചതായി ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫറാസ് ബുഗ്തി ഇന്നലെ അറിയിച്ചു. 15 സുരക്ഷാ ഭടന്മാരും 18 സിവിലിയന്മാരും കൊല്ലപ്പെട്ടു.
വ്യാഴം, വെള്ളി ദിവസങ്ങളിൽ പാക് സുരക്ഷാ ഭടന്മാർ 41 ബിഎൽഎ ഭീകരരെ വധിച്ചതാണു സംഭവങ്ങളുടെ തുടക്കം. ഇതിനു പ്രതികാരമായി ബിഎൽഎ ഭീകരർ ശനിയാഴ്ച പ്രവിശ്യാ തലസ്ഥാനമായ ക്വറ്റ അടക്കം 12 ജില്ലകളിൽ ഒരേസമയം ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഭീകരരും സുരക്ഷാ ഭടന്മാരും തമ്മിലുള്ള ഏറ്റുമുട്ടൽ ഇന്നലെയും തുടർന്നു.
ബലൂചിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സംഘർഷങ്ങളിലൊന്നാണ് ഇപ്പോൾ അരങ്ങേറുന്നത്. ഗ്രനേഡുകളും തോക്കുകളുമായി ഭീകരർ നടത്തിയ ആക്രമണത്തിനു പിന്നിൽ വലിയ ഏകോപനവും ആസൂത്രണവും ഉള്ളതായി അനുമാനിക്കപ്പെടുന്നു. പോലീസ്, അർധസൈനിക ആസ്ഥാനങ്ങളും ഗവൺമെന്റ് കെട്ടിടങ്ങളും ജയിലുകളുമാണു ഭീകരർ ആക്രമിച്ചത്. മസ്താംഗിലെ അതിസുരക്ഷാ ജയിലിൽനിന്നു 30 തടവുകാരെ മോചിപ്പിച്ചു. ഭീകരസംഘത്തിലെ വനിതകൾ ആദ്യമായി പോരാട്ടത്തിനിറങ്ങുകയും ചാവേർ ആക്രമണം നടത്തുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.
പോലീസുകാരും ഇന്റലിജൻസ് ഉദ്യോഗസ്ഥരും അടക്കം എൺപതിലധികം സുരക്ഷാ ഭടന്മാരെ വധിച്ചെന്നും 18 പരെ ബന്ദികളാക്കിയെന്നുമാണു ഭീകരർ അവകാശപ്പെട്ടത്.എന്നാൽ, ഭീകരാക്രമണം പരാജയപ്പെടുത്തിയതായി പാക് സൈന്യം അറിയിച്ചു.
ഭൂവിസ്തൃതിയിൽ പാക്കിസ്ഥാന്റെ 44 ശതമാനം വരും ബലൂചിസ്ഥാൻ പ്രവിശ്യ. എന്നാൽ, ജനസംഖ്യ അഞ്ചു ശതമാനം മാത്രമാണ്. ബലൂച് ഗോത്രവിഭാഗം പതിറ്റാണ്ടുകളായി പാക്കിസ്ഥാനിൽനിന്നു സ്വാതന്ത്ര്യത്തിനായി പോരാടുന്നു. പ്രകൃതിവിഭവങ്ങളാൽ സന്പന്നമായ പ്രവിശ്യയാണെങ്കിലും പാക്കിസ്ഥാനിലെ ഏറ്റവും ദരിദ്രപ്രദേശമാണിത്.
ഇപ്പോഴത്തെ സംഘർഷവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ ഉന്നയിക്കുന്ന അടിസ്ഥാനരഹിത ആരോപണങ്ങൾ തള്ളിക്കളയുന്നതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വക്താവ് രൺധിർ ജയ്സ്വാൾ ഡൽഹിയിൽ അറിയിച്ചു.
Tags : Encounter intensifies Balochistan