നയ്റോബി: സുഡാനിലെ ആര്‍എസ്എഫ് (റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ്) പാരാമിലിട്ടറി സംഘത്തിനായി എത്യോപ്യ രഹസ്യ പരിശീലന ക്യാമ്പുകള്‍ സജ്ജമാക്കിയെന്ന് റിപ്പോര്‍ട്ട്. സുഡാനിലെ ആഭ്യന്തരയുദ്ധത്തില്‍ എത്യോപ്യയുടെ ഇടപെടലുണ്ടായെന്നതിന്റെ തെളിവാണിത്. റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ക്യാമ്പുകളുടെ നിര്‍മാണത്തിനു സാമ്പത്തിക സഹായം നല്‍കിയത് യുഎഇ ആണെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, യുഎഇ ഇതു നിഷേധിച്ചു.
2023ലാണ് സുഡാനിലെ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടത്. സുഡാനീസ് സൈന്യവും ആര്‍എസ്എഫും തമ്മില്‍ ആരംഭിച്ച സംഘര്‍ഷത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടു. ഈജിപ്റ്റ്, ചാഡ്, ലിബിയ, സൗത്ത് സുഡാന് എന്നീ രാജ്യങ്ങളിലേക്കു ലക്ഷക്കണക്കിനു പേര് പാലായനം ചെയ്തു.
എത്യോപ്യയില്‍ ആര്‍എസ്എഫ് പരിശീലനം നേടിയതിനെക്കുറിച്ച് സുഡാനീസ് സൈന്യം പ്രതികരിച്ചിട്ടില്ല. ജനുവരിവരെ 4,300 ആര്‍എസ്എഫ് പോരാളികള്‍ എത്യോപ്യയില്‍ പരിശീലനം നേടിയെന്നാണു റിപ്പോര്‍ട്ട്.
ആര്എഎസ്എഫിന് യുഎഇ ആയുധങ്ങള്‍ നല്‍കുന്നുവെന്ന് സുഡാന് സൈന്യം ആരോപിച്ചിരുന്നു. എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദുമായി യുഎഇയ്ക്ക് ഉറ്റ ബന്ധമാണുള്ളത്. പരിശീലന ക്യാമ്പിലുള്ളവരിലേറെയും എത്യോപ്യക്കാരാണ്.
എന്നാല്‍, സൗത്ത് സുഡാന്, സുഡാന് എന്നിവിടങ്ങളില്‍നിന്നുള്ളവരും പരിശീലനം നേടിയതായി റിപ്പോര്‍ട്ടുണ്ട്. വനത്തിനു നടുവിലാണ് ക്യാമ്പ് സ്ഥാപിച്ചിരിക്കുന്നത്. എത്യോപ്യ-സുഡാന്-സൗത്ത് സുഡാന് അതിര്‍ത്തിയിലാണ് ക്യാമ്പുകളുള്ളത്.
Tags : Sudan Ethiopia secret training RSF training camp