ധാക്ക:ബംഗ്ലാദേശിൽ ഹിന്ദു വ്യവസായിയെ അജ്ഞാത സംഘം കൊലപ്പെടുത്തി. അരി വ്യാവസായിയും ദക്ഷിണകണ്ട ഗ്രാമവാസിയുമായ സുഷേൻ ചന്ദ്ര(62) ആണ് കൊല്ലപ്പെട്ടത്. ബോഗർ ബസാറിൽ പ്രവർത്തിച്ചിരുന്ന ഭായ് ഭായ് എന്റർപ്രൈസസിന്റെ ഉടമയായിരുന്നു ഇദ്ദേഹം.
രാത്രി 11 ഓടെ ബോഗർ ബസാറിലെ സ്ഥാപനത്തിൽ വച്ചാണ് ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഇദ്ദേഹത്തെ ആക്രമിച്ച അക്രമികൾ ഇദ്ദേഹത്തെ കടയ്ക്കുള്ളിൽ ഉപേക്ഷിച്ച ശേഷം പണം കവർന്ന് സ്ഥലത്ത് നിന്നും പോവുകയായിരുന്നു.
ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് അന്വേഷണം നടത്തിയ ബന്ധുക്കൾ സ്ഥാപനത്തിനുള്ളിൽ നിന്നും രക്തത്തിൽ കുളിച്ച മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ഉടൻ തന്നെ മൈമെൻസിംഗ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
"പിതാവിനെ കൊലപ്പെടുത്തിയ ശേഷം കൊലയാളികൾ കടയിൽ നിന്ന് പണം മോഷ്ടിച്ചു. വളരെക്കാലമായി ഞങ്ങൾക്ക് അരി വ്യാപാരം ഉണ്ട്. ആർക്കും ഞങ്ങളുമായി ശത്രുതയില്ലായിരുന്നു'.- സുഷേൻ ചന്ദ്രയുടെ മകൻ സുജൻ സർക്കാർ പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലാണെന്നും നിയമനടപടികൾ പുരോഗമിക്കുകയാണെന്നും സുജൻ പറഞ്ഞു. പിതാവിന്റെ ഘാതകരെ എത്രയും വേഗം തിരിച്ചറിഞ്ഞ് ശിക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ബംഗ്ലാദേശിൽ വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടത്തിന് കീഴിൽ രാജ്യത്തെ ഹിന്ദുക്കൾക്ക് നേരെയുണ്ടാകുന്ന തുർച്ചയായ ഈ അക്രമങ്ങൾ അന്താരാഷ്ട്ര തലത്തിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.
Tags : Hindu Businessman murder Bangladesh Polls