റോമി ഗോണൻ
ടെൽഅവീവ്: ഒരിക്കലും എനിക്ക് മറക്കാൻ കഴിയില്ല. ആ ദുരന്തദിനങ്ങൾ... ഹമാസ് തീവ്രവാദികളെക്കുറിച്ചു കേട്ടറിവ് മാത്രമേ ആ ദിനം വരെ എനിക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാൽ, അവരുടെ യഥാർഥ രീതികൾ നേരിട്ടറിഞ്ഞ ദിനങ്ങൾ എന്റെ ജീവിതത്തിൽനിന്ന് ഇനി അടർത്തി മാറ്റാൻ കഴിയുമെന്നു തോന്നുന്നില്ല. ആ മുറിപ്പാടുകളുമായി ഞാൻ ഇനിയുള്ള കാലം ജീവിക്കും. നിങ്ങൾക്ക് എന്നെ സുഖപ്പെടുത്താൻ കഴിയില്ല. സുഖപ്പെടുത്താൻ കഴിയുന്ന മുറിവുകളല്ല അവർ എന്റെ മനസിലും ശരീരത്തിലും എല്പിച്ചത്...
ഈ പറയുന്നത് 2023 ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ച ദിനം ഭീകരരുടെ കൈകളിൽ അകപ്പെട്ട റോമി ഗോണൻ എന്ന 24 വയസുകാരിയാണ്. ഒറ്റപ്പെടലിന്റെയും ലൈംഗിക അതിക്രമങ്ങളുടെയും ദിനങ്ങളാണ് തന്നെ കാത്ത് ഗാസയിൽ ഉണ്ടായിരുന്നതെന്ന് റോമി പറയുന്നു.
471 ദിവസങ്ങൾ ഹമാസ് തടങ്കലിൽ ബന്ദിയായി നേരിട്ട കൊടുംക്രൂരതകളെക്കുറിച്ച് ആദ്യമായൊരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തുറന്നു സംസാരിക്കുകയായിരുന്നു റോമി ഗോണൻ. അവരുടെ വാക്കുകളിലേക്ക്...
ഗാസയിലെ ജീവിതം തടവിന്റെയും ലൈംഗിക അതിക്രമത്തിന്റെയും അതിജീവനത്തിന്റെയുമായിരുന്നെന്നു റോമി ഗോണൻ ചാനൽ 12 ഉവ്ദയ്ക്കു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. നോവ സംഗീത പരിപാടിയിൽനിന്നാണ് റോമിയെ അവർ ബന്ദിയായി പിടിച്ചത്. ഒന്നും സംഭവിച്ചില്ലെന്നു കരുതാനായിരുന്നു ഇഷ്ടം. പക്ഷേ, യാഥാർഥ്യം അതായിരുന്നില്ല. എന്നാൽ, ഞാൻ അനുഭവിച്ചത്രയും പലർക്കും അനുഭവിക്കേണ്ടി വന്നില്ല എന്നത് ആശ്വാസവുമാണ്.
ഇത് എന്നെ പിന്തുടരും...
ഇത് എന്റെ ജീവിതകാലം മുഴുവൻ എന്നെ പിന്തുടരും. ഒക്ടോബർ ഏഴിലെ കൂട്ടക്കൊലയ്ക്കു ശേഷം, എന്നെ അവിടേക്ക് എത്തിച്ചപ്പോൾ തനിച്ചായിരുന്നു, ഞാൻ ഒറ്റയ്ക്ക് ആ തുരങ്കത്തിലേക്ക് ഇറങ്ങി. 24 മണിക്കൂർ കടുത്ത നിശബ്ദതയിൽ ഞാൻ അവിടെ കഴിഞ്ഞു.
എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു എനിക്കു മനസിലായില്ല. എനിക്ക് ഇനി എന്തു സംഭവിക്കുമെന്നതും അറിയില്ല. വല്ലാത്തൊരു ഭീതി എന്നെ പൊതിഞ്ഞിരുന്നു. ഒറ്റയ്ക്കാണ് എന്ന ചിന്ത എന്നെ കൂടുതൽ തളർത്തി. ആ നിമിഷങ്ങളെ മറകടക്കാൻ എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു.
നീ ശക്തയാണെന്നു ഞാൻ എന്നോടു തന്നെ പറഞ്ഞു. വീണ്ടും വീണ്ടും പറഞ്ഞു. പക്ഷേ, അത്തരമൊരു സാഹചര്യത്തിൽ അത് എന്നെത്തന്നെ വിശ്വസിപ്പിക്കാൻ എനിക്കു കഴിയുമായിരുന്നില്ല. ദുരിതങ്ങളുടെ ദിനങ്ങൾ എനിക്ക് അരികിലുണ്ടെന്ന ഭീതി എന്ന പൊതിഞ്ഞു നിൽക്കുകയായിരുന്നു. ആ പേടി വെറുതെയല്ലെന്നു വൈകാതെ എനിക്കു മനസിലായി.
പെൺ വേട്ടക്കാർ
എന്നെ തേടി അവർ തുരങ്കത്തിലേക്കു വന്നു. മൂന്നു പേരായിരുന്നു വേട്ടക്കാർ. അവർക്ക് ആവശ്യമുള്ളപ്പോഴൊക്കെ അവർ എന്റെ അടുത്തേക്ക് എത്തി. എന്റെ അനുവാദത്തിനു കാത്തുനിൽക്കാതെ എന്നെ ആക്രമിച്ചു കീഴ്പ്പെടുത്തി. വീണ്ടും വീണ്ടും ഇതു സംഭവിക്കുമെന്ന് എന്റെ മനസ് എന്നോടു പറഞ്ഞുകൊണ്ടിരുന്നു. നീ ശക്തയാണെന്ന് പിന്നെ എങ്ങനെ എനിക്ക് എന്നോടുതന്നെ പറയാൻ കഴിയും.
വൈകാതെ മറ്റു ചില പെൺകുട്ടികളെയും അവർ തുരങ്കത്തിലേക്ക് എത്തിച്ചു. ഞാൻ അവരെ പരിചയപ്പെട്ടു. ഐഡിഎഫ് നിരീക്ഷകരായ അഗം ബെർഗറും ലിറി ആൽബാഗും ആയിരുന്നു എനിക്കു പിന്നാലെ അവിടേക്ക് ഹമാസ് ഭീകരർ എത്തിച്ച യുവതികൾ.
എനിക്ക് ചെറിയൊരു ആശ്വാസം തോന്നി. ഇനി ഞാൻ ഒറ്റയ്ക്കല്ലല്ലോ. പക്ഷേ, പരസ്പരം സംസാരിച്ചു തുടങ്ങിയപ്പോൾ ഞങ്ങളുടെ സ്ഥിതി ഒട്ടും ആശാവഹമല്ല എന്നെനിക്കു തോന്നി. തികച്ചും ഭയാനകമായ സാഹചര്യം. എങ്ങനെ കരകയറാനാകും- ഇത്രയും പറഞ്ഞിട്ട് റോമി കാമറയ്ക്കു മുന്നിൽ കരച്ചിൽ അടക്കാനാവാതെ വിതുമ്പി.
കുട്ടികളും അവർക്കൊപ്പം
പതിനഞ്ച് വയസുള്ള ഡാഫ്നയും എട്ടു വയസുള്ള എല എല്യാക്കിമും വൈകാതെ അവിടേക്ക് എത്തി. അവർ സഹോദരിമാരായിരുന്നു. ദിവസങ്ങൾ കടന്നുപോകുന്നത് പലപ്പോഴും ഞങ്ങൾ അറിഞ്ഞിരുന്നില്ല.
വൈകാതെ ചെൻ അൽമോഗ്-ഗോൾഡ്സ്റ്റൈൻ ദന്പതികളെ ബന്ദികളാക്കി കൊണ്ടുവന്നു. ഒപ്പം പതിനേഴും പതിനൊന്നും ഒൻപതും വയസുള്ള അവരുടെ മക്കളും ഒപ്പമുണ്ടായിരുന്നു. പിന്നീട് സംഗീതമേളയിൽനിന്നു തട്ടിയെടുക്കപ്പെട്ട മിയ സ്കെം, ഐഡിഎഫ് നിരീക്ഷക നാമ ലെവി എന്നിവരെയും കൊണ്ടുവന്നു. നാൽപതാം ദിവസമാണ് എമിലി ഡമാരി അവിടേക്ക് ബന്ദിയായി എത്തിയത്.
ഭീതി പരത്തുന്ന തുരങ്കങ്ങളിലേക്കു കൊണ്ടുപോകുന്നതിനു മുമ്പ് ഭൂമിക്കു മുകളിലുള്ള ചില അപ്പാർട്ട്മെന്റുകളിൽ ഒരു മാസത്തിലേറെ എന്നെ അവർ താമസിപ്പിച്ചിരുന്നു. ഇടയ്ക്കു കമാൻഡർമാരിൽ ഒരാൾ തുരങ്കത്തിൽ എന്റെ അടുത്തുവന്ന് രണ്ടു പെൺകുട്ടികൾകൂടി ഇവിടേക്കു വരുമെന്നു പറഞ്ഞു.
ഒറ്റപ്പെടലിന്റെ കടുത്ത വേദനയിലായിരുന്ന ഞാൻ അവരെ എത്രയും വേഗം ഇവിടേക്ക് എത്തിക്കാൻ അഭ്യർഥിച്ചു. ഹിജാബ് ധരിച്ചാണ് ബെർഗർ തുരങ്കത്തിലേക്കു വന്നത്. അവളും എന്നെപ്പോലെ ഒറ്റപ്പെട്ട് എവിടെയോ കഴിയുകയായിരുന്നെന്ന് തോന്നി. അടുത്തുവന്നു കിടക്കയിൽ ഇരുന്നു. മാസങ്ങൾക്കു ശേഷമായിരുന്നു സ്നേഹമുള്ള ഒരു മനുഷ്യജീവിയെ എനിക്ക് അടുത്തു ലഭിക്കുന്നത്. എന്നെ ഒന്നു ചേർത്തുപിടിക്കാമോ എന്നു ഞാൻ ചോദിച്ചു. എനിക്ക് അതു വലിയൊരു ആശ്വാസമായിരുന്നു.
തുരങ്കത്തിൽ വന്നതിനു ശേഷം ലൈംഗിക ആക്രമണത്തിന് അല്ലാതെ എനിക്ക് അടുത്തേക്ക് ഒരു മനുഷ്യസമ്പർക്കം എത്തിയിരുന്നില്ല. ബെർഗർ എന്ന ചേർത്തുപിടിച്ച് ആലിംഗനം ചെയ്തു. തൊട്ടുപിന്നാലെ ലിറിയും തുരങ്കത്തിലേക്കു വന്നു. അവളും ആലിംഗനത്തിൽ പങ്കുചേർന്നു. ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞു.
എല്യാക്കിം സഹോദരിമാർ വന്നപ്പോൾ, അവരും ഇതുവരെ എവിടെയോ ഒറ്റയ്ക്കായിരുന്നെന്നു മനസിലായി. ഒറ്റയ്ക്കു കഴിയേണ്ടിവന്ന ആ കുട്ടികളുടെ അവസ്ഥ എന്നെ തകർത്തുകളഞ്ഞു. തുരങ്കത്തിലേക്ക് എത്തിയ ദമാരിയുമായി വളരെ അടുപ്പമായിരുന്നു. ഞാൻ കൂടെയില്ലായിരുന്നെങ്കിൽ ഇതിനകം മരിച്ചുപോയേനെയെന്ന് ദമാരി പറഞ്ഞു. എന്നെ കണ്ടപ്പോൾത്തന്നെ ഞാൻ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നു ദാമാരിക്കു മനസിലായിരുന്നു.

കമാൻഡറുമായി ടെലിഫോണിൽ
ഇതിനിടെ, ഇസ്രയേലുമായി ബന്ദികളെ കൈമാറ്റം ചെയ്യാനുള്ള ചർച്ചകൾ ഹമാസ് ഭീകരർ ആരംഭിച്ചിരുന്നു. തടങ്കലിൽ എനിക്കു നേരിട്ട കടുത്ത ദുരനുഭവങ്ങളെക്കുറിച്ച് ഹമാസിന്റെ മുതിർന്ന കമാൻഡർമാർക്ക് ഇതിനകം മനസിലായിരുന്നു.
കുറച്ചു ഗാർഡുകൾ വന്നിട്ട് എന്നോടു ഹിജാബ് ധരിക്കാൻ ആവശ്യപ്പെട്ടു. തുടർന്നു തുരങ്കങ്ങളിലൂടെ തന്നെ ഉയർന്ന കമാൻഡറുടെ മുറിയിലേക്ക് എന്നെ കൊണ്ടുപോയി. അവിടെ ഒരു ടെലിഫോൺ കോൾ എനിക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു. ഞാൻ ഫോൺ എടുത്തു. മറുതലയ്ക്കൽ അയാൾ ഹീബ്രുവിൽ സംസാരിച്ചു. സംഭവിച്ചതെല്ലാം തുറന്നു പറയാൻ ആവശ്യപ്പെട്ടു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഇവിടെ സംഭവിച്ചതൊന്നും പുറത്തുപറയരുത് എന്നു നിർദേശിച്ചു.
അതു പാലിക്കാൻ തയാറാണെങ്കിൽ മോചിതരാക്കേണ്ടവരുടെ പട്ടികയിൽ ഒന്നാമതായി നിന്റെ പേരു ചേർക്കാമെന്ന് അയാൾ എന്നോടു പറഞ്ഞു. എങ്ങനെയെങ്കിലും വീട്ടിലെത്തണം എന്നതു മാത്രമായിരുന്നു അപ്പോൾ എന്റെ മനസിൽ. നിങ്ങൾ പറയുന്നതു പോലെ ചെയ്യാമെന്ന് ഞാൻ അവർക്കു വാഗ്ദാനം നൽകി.
ഹമാസിന്റെ ഗാസ ബ്രിഗേഡിന്റെ അന്നത്തെ തലവനായിരുന്ന ഇസാദിൻ അൽ ഹദ്ദാദാണ് എന്നോടു സംസാരിച്ചതെന്നു പിന്നീട് ഞാൻ തിരിച്ചറിഞ്ഞു. പിന്നീട് ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ കമാൻഡറായി അദ്ദേഹത്തിനു സ്ഥാനക്കയറ്റം ലഭിച്ചു. അതായത് ഗാസയിലെ ഒന്നാം നന്പർ ഭീകരനുമായിട്ടായിരുന്നു അന്നത്തെ എന്റെ ടെലിഫോൺ സംഭാഷണം.
ഒടുവിൽ പുറത്തേക്ക്
നോവ സംഗീതോത്സവത്തിൽനിന്ന് തടവിലാക്കപ്പെട്ട് 471 ദിവസങ്ങൾക്കു ശേഷം, രാവിലെ 10:26ന് ടെലിവിഷൻ കാണാൻ വരാൻ ഹമാസ് ഭീകരൻ എന്നെ വിളിച്ചു. ഒരാൾ എന്നോടു പറഞ്ഞു: നീ ഇപ്പോൾ ഒറ്റയ്ക്കു പുറത്തുപോകുകയാണ്. തെരുവിൽ ഒരു വാഹനം നിന്നെ കാത്തിരിപ്പുണ്ടാകും. എമിലി ദമാരിയോടൊപ്പമാണ് എന്നെ തുരങ്കത്തിൽനിന്ന് അവർ പുറത്തിറക്കിയത്.
ഗാസയിലെ തെരുവിലൂടെ ഒറ്റയ്ക്കു നടക്കുന്നു എന്ന മട്ടിലായിരുന്നു ഞങ്ങൾ. ഡോറോൺ സ്റ്റെയിൻബ്രെച്ചറെ ഞങ്ങളൊപ്പം കൊണ്ടുവന്നു. കൈമാറ്റം നടക്കുന്ന സ്ഥലത്ത് എത്തുന്നതിനുമുമ്പ്, അവർ ഞങ്ങളെ മറ്റൊരു വാഹനത്തിലേക്കു മാറ്റി, അവിടെ മുൻ സീറ്റിൽ കമാൻഡർ ഹദ്ദാദ് കാത്തിരിപ്പുണ്ടായിരുന്നു.
നമ്മുടെ വാഗ്ദാനം ഓർമയുണ്ടോ എന്ന് അയാൾ എന്നോടു ചോദിച്ചു. വാഗ്ദാനം പാലിക്കുമെന്ന് ഞാൻ മറുപടി നൽകി. എന്റെ ദുരിതജീവിതം അവിടെവച്ച് നിശബ്ദമായി മാറുകയായിരുന്നു. അവർക്കു കൊടുത്ത വാക്കു പ്രകാരം, അത് എനിക്കു പറയാൻ കഴിയുമായിരുന്നില്ല. കാരണം ഇനിയും നിരവധി ബന്ദികൾ അവരുടെ കസ്റ്റഡിയിൽ ആയിരുന്നു.
എന്നാൽ, എല്ലാവരും മോചിപ്പിക്കപ്പെട്ടതോടെ എനിക്ക് എന്റെ കഥ ലോകത്തോടു പറയാൻ കഴിയും. ഇനി എന്നെ ആർക്കും നിശബ്ദയാക്കാനാവില്ല. ഞാൻ തുരങ്കത്തിൽ ഒരു വർഷത്തിലേറെ അനുഭവിച്ചു തീർത്തതിന്റെ അനന്തര ഫലങ്ങൾ എന്നെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നു. എന്നാൽ, ഞാൻ ഇപ്പോൾ കൂടുതൽ ശക്തയാണ്. എന്തിനെയും നേരിടാൻ തയാർ...
Tags : Romi Gonen Israeli woman abducted by Hamas Gaza militant group kidnapping Sexual abuse hamas