ലാഹോർ: കഴിഞ്ഞ മേയ് പത്തിനു പുലർച്ചെ ഇന്ത്യൻ സേന നൂർഖാൻ വ്യോമതാവളം ആക്രമിച്ചിരുന്നതായി പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ധാർ. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ആദ്യമായാണു ഒരു പാക് ഭരണാധികാരി തുറന്നുപറച്ചിൽ നടത്തുന്നത്.
സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥതയ്ക്കായി പാക്കിസ്ഥാൻ ഒരു രാജ്യത്തെയും സമീപിച്ചിരുന്നില്ലെന്നും പാക് ഉപപ്രധാനമന്ത്രി അവകാശപ്പെട്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും പാക്കിസ്ഥാനെ സമീപിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
സംഘർഷം തുടങ്ങിയശേഷം ഇന്ത്യ അയച്ച എൺപതോളം ഡ്രോണുകൾ തടയാൻ പാക്കിസ്ഥാനു കഴിഞ്ഞു. ഇതിനുശേഷമാണു നൂർ ഖാൻ വ്യോമതാവളം ആക്രമിക്കുക എന്ന പിഴവ് ഇന്ത്യ വരുത്തിയത്. ഇതോടെ പാക്കിസ്ഥാൻ തിരിച്ചടിച്ചു- വിദേശകാര്യമന്ത്രികൂടിയായ ധർ പറയുന്നു.
അന്ന് പുലർച്ചെ 8:17ന് ആണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റുബിയോ വിളിക്കുന്നത്. വെടിനിർത്തലിന് ഇന്ത്യ സന്നദ്ധമാണെന്നും പാക്കിസ്ഥാൻ സമ്മതിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. യുദ്ധത്തിലേക്കു പോകാൻ താത്പര്യപ്പെടുന്നില്ലെന്നാണു റൂബിയോയ്ക്കു മറുപടി നൽകിയത്. ഇതിനുശേഷം ഇന്ത്യയുമായി സംസാരിക്കാൻ അനുമതി തേടി സൗദി രാജകുമാരനും വിളിച്ചു.
പിന്നീടാണ് വെടിനിർത്തൽ അംഗീകരിച്ചത്. മേയ് ഏഴിനു നടന്ന വ്യോമയുദ്ധത്തിൽ ഏഴ് ഇന്ത്യൻ ജെറ്റുകൾ വെടിവച്ചിട്ടുവെന്നും പാക് ഉപപ്രധാനമന്ത്രി അവകാശപ്പെട്ടു. എന്നാൽ ഒരു തെളിവും അദ്ദേഹം നൽകിയില്ല. ജമ്മുകാഷ്മീരുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുകയാണ് മേഖലയിൽ സമാധാനത്തിന് ശ്രമമെന്ന നിലപാടും ഇസ്ഹാഖ് ധാർ ആവർത്തിച്ചു.
വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേരുടെ ജീവൻ കവർന്ന പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി കഴിഞ്ഞ മേയ് ഏഴിനാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയത്. നാലുദിവസം നീണ്ട ആക്രമണത്തിൽ പാക് സൈനികേന്ദ്രങ്ങളും ഭീകരവിരുദ്ധ പരിശീലന കേന്ദ്രങ്ങളും ഇന്ത്യൻ സേന തകർക്കുകയായിരുന്നു.
Tags : India had attacked Air Base