ഗാസ: ഗാസ മുനമ്പിലെ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെയും യുദ്ധത്തിൽ പരിക്കേറ്റവരെയും ചികിത്സയ്ക്കായി ഈജിപ്തിലേക്ക് കൊണ്ടുപോകുന്നത് ഇസ്രായേൽ തടയുന്നതിൽ ആശങ്ക രേഖപ്പെടുത്തി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.
ഏകദേശം രണ്ട് വർഷത്തെ അടച്ചിടലിന് ശേഷം റാഫ അതിർത്തി ഭാഗികമായി തുറന്നെങ്കിലും, രോഗികളെ പുറത്തേക്ക് കൊണ്ടുപോകുന്ന പ്രക്രിയ ഇസ്രായേൽ ബോധപൂർവ്വം വൈകിപ്പിക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. ചൊവ്വാഴ്ച വെറും 16 പലസ്തീനികൾക്ക് മാത്രമാണ് അതിർത്തി കടക്കാൻ അനുമതി ലഭിച്ചത്
ഒക്ടോബറിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ നിലനിൽക്കെത്തന്നെ ഖാൻ യൂനിസിന് സമീപം 19 വയസ്സുള്ള പലസ്തീൻ യുവാവിനെ ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നു. വെടിനിർത്തലിന് ശേഷം മാത്രം ഇസ്രായേൽ ആക്രമണങ്ങളിൽ 529 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ഗാസയിലെ ജനങ്ങൾക്ക് അടിയന്തരമായി മരുന്നും ഭക്ഷണവും എത്തിക്കുന്നതിനായി റാഫ അതിർത്തി പൂർണ്ണമായി തുറന്നുകൊടുക്കണമെന്ന് ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിൽ ഗുട്ടെറസ് ആവശ്യപ്പെട്ടു.
Tags : UN Israel Gaza Palestine