ഗാസ: ഇസ്രേലി കുടിയേറ്റക്കാർ പലസ്തീനിൽ മോസ്ക് തീയിട്ടു നശിപ്പിച്ചു. പലസ്തീനിലെ ദെയ്ർ ഇസ്തിയയിലുള്ള മോസ്കാണ് നശിപ്പിച്ചത്.
ഖുറാന്റെ മൂന്ന് കോപ്പിയും പരവതാനികളും അക്രമികൾ കത്തിച്ചു. മോസ്കിന്റെ ഭിത്തികളിൽ വിദ്വേഷസന്ദേശങ്ങളും എഴുതി. ഇസ്രയേൽ സെൻട്രൽ കമൻഡന്റ് തലവനായ മേജർ ജനറൽ അവി ബ്ലൂത്ത് അക്രമത്തെ അപലപിച്ചു.
എന്നാൽ പ്രദേശത്ത് വർധിച്ചുവരുന്ന അക്രമസംഭവങ്ങളിൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചിട്ടില്ല. വെസ്റ്റ് ബാങ്കിലെ സംഭവങ്ങൾ വ്യാപിക്കുമെന്നും ഗാസയിലെ സമാധാനപ്രക്രിയയെ ദുർബലപ്പെടുത്തിയേക്കുമെന്നും ആശങ്കപ്പെടുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
ഗാസ യുദ്ധം ആരംഭിച്ച ശേഷം കുടിയേറ്റക്കാർ നിരവധി ആക്രമണങ്ങളാണ് തദ്ദേശീയർക്കു നേരേ നടത്തിയത്. സമീപ ആഴ്ചകളിൽ ഒലിവ് വിളവെടുപ്പ് അടുത്തതോടെ ആക്രമണങ്ങൾ ശക്തമായി. മുഖംമൂടി ധരിച്ച ഇസ്രേലി കുടിയേറ്റക്കാർ വെസ്റ്റ് ബാങ്കിലെ ബെയ്ത് ലിദ്, ദെയ്ർ ഷറഫ് എന്നീ പലസ്തീൻ ഗ്രാമങ്ങൾ ആക്രമിക്കുകയും വാഹനങ്ങൾക്കും മറ്റും തീയിടുകയും ചെയ്തു.
Tags : Israeli settlers' attacks Mosque Palestinians mosque