ടെൽ അവീവ്: 2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിൽ പലസ്തീൻ ഭീകരർ ഗാസയിലേക്കു തട്ടിക്കൊണ്ടുപോയ അവസാന ഇസ്രേലിയുടെ മൃതദേഹവും വീണ്ടെടുത്തു.
റാൻ ഗാവിൽ എന്ന ഇരുപത്തിനാലുകാരന്റെ മൃതദേഹം തിങ്കളാഴ്ച ഇസ്രയേലിൽ എത്തിച്ചു. ഇതിനു പിന്നാലെ ടെൽ അവീവ് നഗരത്തിലെ ‘ബന്ദികളുടെ ചത്വര’ ത്തിൽ സ്ഥാപിച്ചിരുന്ന ‘കൗണ്ട് ഡൗൺ ക്ലോക്ക്’ 844-ാം ദിവസം നിശ്ചലമായി.
പോലീസുകാരനായിരുന്ന റാൻ ഗാവിൽ പരിക്കേറ്റ് വിശ്രമത്തിലായിരിക്കേയാണു ഹമാസും ഇസ്ലാമിക് ജിഹാദും അടക്കമുള്ള പലസ്തീൻ ഭീകരർ തെക്കൻ ഇസ്രയേലിൽ ആക്രമണം നടത്തിയത്. ഗാവിലിനെ വധിച്ച് മൃതദേഹം ഗാസയിലേക്കു കടത്തുകയായിരുന്നു.
മൃതദേഹം തിരികെ ഇസ്രയേലിൽ എത്തിച്ചതിൽ ഗാവിലിയന്റെ കുടുംബാംഗങ്ങൾ നന്ദി അറിയിച്ചു. ഗാവിൽ ഇസ്രയേലിന്റെ നായകനാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
പലസ്തീൻ ഭീകരർ ഇസ്രയേലിൽനിന്നു ഗാസയിലേക്ക് 251 പേരെ തട്ടിക്കൊണ്ടുപോയശേഷമുള്ള ഓരോ നിമിഷവും ഓർക്കുന്നതിനാണ് ടെൽ അവീവിലെ ‘ബന്ദികളുടെ ചത്വര’ ത്തിൽ പ്രത്യേക ക്ലോക്ക് സ്ഥാപിച്ചത്.
ബന്ദികളെല്ലാം തിരിച്ചെത്തിയ സാഹചര്യത്തിൽ ഇന്നലെ ക്ലോക്കിന്റെ പ്രവർത്തനം നിർത്തി. ബന്ദികളുടെ കുടുംബാംഗങ്ങളുടെ കൂട്ടായ്മയായ ‘ഹോസ്റ്റേജ് ആൻഡ് ഫാമിലീസ് ഫോറം’ അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
അവസാന ബന്ദിയും തിരിച്ചെത്തിയതോടെ അമേരിക്കൻ പ്രസിഡന്റ് ട്രംപ് അവതരിപ്പിച്ച ഗാസ സമാധാന പദ്ധതിയുടെ ഒന്നാം ഘട്ടം ഏതാണ്ട് പൂർണമായി. ഗാസയുടെ പുനരുദ്ധാരണം അടക്കമുള്ള രണ്ടാം ഘട്ടമാണ് ഇനിയുള്ളത്.
ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റാഫ അതിർത്തി തുറക്കാനുള്ള സന്നദ്ധത ഇസ്രയേൽ അറിയിച്ചിട്ടുണ്ട്. ഈയാഴ്ചതന്നെ അതിർത്തി തുറക്കുമെന്നാണു ഗാസ ഭരണത്തിനായി രൂപവത്കരിക്കപ്പെട്ട പലസ്തീൻ സമിതി സൂചിപ്പിച്ചത്.
ഗാസ നിവാസികൾക്കു റാഫയിലൂടെയേ പുറംലോകത്തെ ത്താൻ കഴിയൂ. ചികിത്സാ ആവശ്യത്തിനായി ഒട്ടേറെപ്പേർ അതിർത്തി തുറക്കുന്നതു കാത്തിരിക്കുകയാണ്.
Tags : Tel Aviv countdown clock stops Israe Last hostage