ന്യൂയോർക്ക് : ന്യൂയോർക്ക് അതിരൂപതയുടെ പുതിയ ആർച്ച്ബിഷപ്പായി റൊണാൾഡ് ഹിക്സ് ചുമതലയേറ്റ ചടങ്ങിൽനിന്ന് സിറ്റി മേയർ സൊഹ്റാൻ മംദാനി വിട്ടുനിന്നത് വിവാദമാകുന്നു.
കഴിഞ്ഞ ദിവസം സെന്റ് പാട്രിക്സ് കത്തീഡ്രലിൽ നടന്ന ചരിത്രപ്രധാനമായ ചടങ്ങിൽനിന്നാണ് മേയർ വിട്ടുനിന്നത്. പതിറ്റാണ്ടുകളായി മേയർമാർ പാലിച്ചുപോന്നിരുന്ന നഗരത്തിലെ സുപ്രധാന പാരമ്പര്യമാണ് ഇതോടെ ലംഘിക്കപ്പെട്ടിരിക്കുന്നത്.
നഗരത്തിന്റെ ഐക്യത്തിനും മതസൗഹാർദത്തിനും വേണ്ടി നിലകൊള്ളേണ്ട മേയറുടെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി തെറ്റായ സന്ദേശമാണു നൽകുന്നതെന്നും മുന്പ് പലരും പ്രകടിപ്പിച്ചിരുന്ന ആശങ്കകൾ ശരിവയ്ക്കുന്നതാണ് മേയറുടെ ഈ ബഹിഷ്കരണമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
സെന്റ് പാട്രിക്സ് കത്തീഡ്രലിൽ നടന്ന അതിരൂപതയുടെ 11-ാമത്തെ ആർച്ച്ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങിൽനിന്ന് വിട്ടുനിന്നതോടെ, ഏകദേശം നൂറു വർഷത്തിനിടെ ആ ചടങ്ങിൽ പങ്കെടുക്കാത്ത ആദ്യ ന്യൂയോർക്ക് മേയറായി മാംദാനി മാറി. മുഴുവൻ നഗരത്തിന്റെയും നേതാവെന്ന നിലയിൽ ന്യൂയോർക്കിലെ മത-സാംസ്കാരിക മേഖലകളിലെ പ്രധാനപ്പെട്ട പരിപാടികളിൽ മേയർ സന്നിഹിതനാകേണ്ടതാണ്. അതിൽനിന്നാണ് മാംദാനി വിട്ടുനിന്നത്.
മേയറുടെ നടപടിയെ പ്രമുഖ ദിനപത്രമായ ന്യൂയോർക്ക് ഡെയിലി ന്യൂസ് മുഖപ്രസംഗത്തിലൂടെ വിമർശിച്ചു. പതിറ്റാണ്ടുകളായി ന്യൂയോർക്ക് മേയർമാർ ഇത്തരം ചടങ്ങുകളിൽ സന്നിഹിതരായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയ പത്രം, സെന്റ് പാട്രിക്സിലെ ചടങ്ങിൽനിന്ന് വിട്ടുനിന്നതോടെ മംദാനി ആ പാരമ്പര്യം ലംഘിച്ചിരിക്കുന്നുവെന്നും വിമർശിച്ചു.
ഒരു പുതിയ ആർച്ച്ബിഷപ്പിന്റെ സ്ഥാനാരോഹണം ന്യൂയോർക്ക് കത്തോലിക്കർക്കു മാത്രമല്ല, നഗരത്തിനും രാജ്യത്തിനും തന്നെ പ്രാധാന്യമുള്ള സംഭവമാണെന്ന് പത്രം വിലയിരുത്തി. ന്യൂയോർക്ക് ആർച്ച്ബിഷപ്പിനെ ‘അമേരിക്കൻ സഭയുടെ യഥാർഥ നേതാവ്’ എന്ന നിലയിലാണു കാണുന്നതെന്നും പത്രം ഓർമിപ്പിച്ചു.
17 വർഷത്തെ ശുശ്രൂഷയ്ക്കുശേഷം വിരമിച്ച കർദിനാൾ തിമോത്തി ഡോളനു പകരം ബിഷപ് റൊണാൾഡ് ഹിക്സിനെ ന്യൂയോർക്കിന്റെ പുതിയ ആർച്ച്ബിഷപ്പായി കഴിഞ്ഞ ഡിസംബർ 18നാണ് ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചത്. അതിനുശേഷം സ്ഥാനാരോഹണ ചടങ്ങിന് ഏകദേശം 50 ദിവസത്തെ സമയമുണ്ടായിരുന്നുവെന്നും ആ കാലയളവിൽ മേയറായ മംദാനി ആർച്ച്ബിഷപ്പുമായി ആശയവിനിമയം നടത്തേണ്ടതായിരുന്നുവെന്നും പത്രം കുറ്റപ്പെടുത്തി.
ന്യൂയോർക്ക് മുൻ മേയർ എറിക് ആഡംസും വിഷയത്തിൽ പ്രതികരിച്ചു. ന്യൂയോർക്ക് നഗരത്തിന്റെ അടിത്തറ നമ്മുടെ മതസമൂഹങ്ങളാണെന്നും നഗരത്തിനായുള്ള കത്തോലിക്കാസഭയുടെ ദൈനംദിന സേവനം അനിവാര്യമാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. പുതിയ ആർച്ച്ബിഷപ്പിന് ഊഷ്മളമായ സ്വാഗതവും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി കർട്ടിസ് സ്ലിവയെയും സ്വതന്ത്ര സ്ഥാനാർഥി ആൻഡ്രൂ ക്യുമോയെയും പരാജയപ്പെടുത്തിയാണ് സൊഹ്റാൻ മംദാനി ന്യൂയോർക്കിലെ ആദ്യ മുസ്ലിം മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽത്തന്നെ ഇദ്ദേഹത്തിന്റെ ചില തീവ്ര നിലപാടുകൾ ചർച്ചയായിരുന്നു. ആർച്ച്ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങിൽനിന്ന് വിട്ടുനിന്നതോടെ മംദാനിക്കെതിരേ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ശക്തമാകുകയാണ്.
Tags : Newyork Mayor criticized Mamdani New York Archbishop Archbishop Ronald Hicks