ഇസ്ലാമാബാദ്: ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ന്യൂനപക്ഷ അവകാശ കമ്മീഷൻ സ്ഥാപിക്കുന്നതിനുമുള്ള നിയമഭേദഗതി ബില്ല് പാക്കിസ്ഥാൻ പാർലമെന്റ് അംഗീകരിച്ചു.
കഴിഞ്ഞദിവസം നടന്ന പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലാണ് 160 വോട്ടുകളോടെ പ്രമേയം പാസാക്കിയത്. 79 അംഗങ്ങൾ പ്രമേയത്തെ എതിർത്തു. പാക്കിസ്ഥാനിലെ ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് നാഴികക്കല്ലാണു പാർലമെന്റ് പാസാക്കിയ നിയമമെന്ന് വിലയിരുത്തപ്പെടുന്നു. പ്രതീക്ഷ നൽകുന്ന ഒരു ചുവടുവയ്പാണിതെന്ന് പാക്കിസ്ഥാൻ മെത്രാൻ സമിതി പ്രസിഡന്റും പാക് ഹൈദരാബാദ് ബിഷപ്പുമായ സാംസൺ ഷുക്കാർഡിൻ പ്രതികരിച്ചു.
രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും ഇതിനായി ദേശീയ ന്യൂനപക്ഷ കമ്മീഷൻ രൂപീകരിക്കണമെന്നും 2014ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ക്രൈസ്തവരുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കും ആരാധനാലയങ്ങൾക്കുമെതിരേ ആക്രമണം പതിവായതോടെ ന്യൂനപക്ഷ അവകാശങ്ങൾക്കായി പ്രത്യേക കമ്മീഷൻ സ്ഥാപിക്കാൻ വിവിധ രാഷ്ട്രീയപാർട്ടികൾ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് കോടതി ഇക്കാര്യത്തിൽ ഉത്തരവിറക്കിയത്. എന്നാൽ, ചില കോണുകളിൽനിന്നുള്ള എതിർപ്പിനെത്തുടർന്ന് കോടതിനിർദേശം നടപ്പാക്കുന്നത് വൈകി. കഴിഞ്ഞ വർഷം ഷഹബാസ് ഷെരീഫ് സർക്കാർ അധികാരത്തിലേറിയതോടെ കോടതിവിധി നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു.
ചരിത്രപരമായ ചുവടുവയ്പെന്ന് നിയമമന്ത്രി നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റി റൈറ്റ്സ് ബിൽ 2025 എന്ന പേരിലുള്ള നിയമഭേദഗതി ബില്ല് നിയമമന്ത്രി ആസാം നസീർ തരാറാണ് പാർലമെന്റിൽ അവതരിപ്പിച്ചത്. ബില്ല് പത്തു വർഷം വൈകിയെന്നും രാഷ്ട്രീയപാർട്ടികൾ ഇതു തടസപ്പെടുത്തരുതെന്നുമുള്ള അഭ്യർഥനയോടെയാണ് മന്ത്രി ബില്ല് അവതരിപ്പിച്ചത്. ബിൽ പാസായത് രാജ്യത്തെ ന്യൂനപക്ഷ അവകാശ സംരക്ഷണം ഔപചാരികമാക്കുന്നതിനുള്ള ചരിത്രപരമായ ഒരു ചുവടുവയ്പാണെന്നു പിന്നീട് മന്ത്രി പറഞ്ഞു. തീവ്ര മതപാർട്ടികളിൽനിന്നുള്ള ശക്തമായ എതിർപ്പിനൊടുവിലാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ ബില്ല് പാസായത്.
ബിൽപ്രകാരം ന്യൂനപക്ഷ കമ്മീഷനിൽ 16 അംഗങ്ങൾ ഉണ്ടായിരിക്കും. നാല് പ്രവിശ്യകളിൽനിന്നും രണ്ടുവീതം ന്യൂനപക്ഷ അംഗങ്ങളെ നാമനിർദേശം ചെയ്യാം. ഒരു അംഗം ഇസ്ലാമാബാദിനെ പ്രതിനിധീകരിച്ച് ചീഫ് കമ്മീഷണർ നാമനിർദേശം ചെയ്യുന്ന വ്യക്തിയായിരിക്കും. മൂന്ന് അംഗങ്ങൾ ദേശീയ മനുഷ്യാവകാശ കമ്മീഷൻ, ദേശീയ വനിതാ കമ്മീഷൻ, ദേശീയ ശൈശവ അവകാശ കമ്മീഷൻ എന്നിവ നാമനിർദേശം ചെയ്യുന്നവരായിരിക്കും.
നിയമം, മതകാര്യം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ന്യൂനപക്ഷ കമ്മീഷനുമായി സഹകരിച്ചുപ്രവർത്തിക്കും. അംഗങ്ങളും ചെയർപേഴ്സനും 35 വയസെങ്കിലും പൂർത്തിയായവർ ആയിരിക്കണമെന്നും ചെയർപേഴ്സൺ മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ അനുഭവമുള്ളയാളായിരിക്കണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.
നിയമമനുസരിച്ച്, അവകാശലംഘനങ്ങൾ നിരീക്ഷിക്കാനും ദുരുപയോഗങ്ങൾ അന്വേഷിക്കാനും പരാതികൾ പരിശോധിക്കാനും ജയിലുകളും പോലീസ് സ്റ്റേഷനുകളും പരിശോധിക്കാനും നയങ്ങളെക്കുറിച്ച് സർക്കാരിനെ ഉപദേശിക്കാനും വിവേചനം തടയുന്നത് ഉൾപ്പെടെ മതന്യൂനപക്ഷങ്ങളെ പ്രത്യേകമായി ബാധിക്കുന്ന നിയമങ്ങൾ നടപ്പിലാക്കുന്നത് അവലോകനം ചെയ്യാനും കമ്മീഷന് അധികാരമുണ്ട്.
നിർബന്ധിത മതപരിവർത്തനം, നിർബന്ധിത വിവാഹം, മതനിന്ദ നിയമത്തിന്റെ ദുരുപയോഗം, പോലീസ് സേനയുടെയും കോടതികളുടെയും വിഭാഗീയ സമീപനം എന്നിവ മുസ്ലിം ഇതര സമൂഹങ്ങളുടെ ജീവിതം ദുരിതമയമാക്കുന്നതിനിടെയാണ് പുതിയ നിയമത്തിന് പാർലമെന്റ് അംഗീകാരം നൽകിയിരിക്കുന്നത്.
Tags : Pakistan Parliament minority rights bill approved Christians