കീവ്: റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാർ അംഗീകരിക്കാൻ യുഎസിന്റെ സമ്മർദം ഏറിവരുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്കി. റഷ്യയ്ക്കു നേട്ടമാകുന്ന സമാധാന പദ്ധതിക്കു വഴങ്ങാൻ യുക്രെയ്നുമേൽ യുഎസ് സമ്മർദം ശക്തമാക്കിയതിനു പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സെലെൻസ്കി.
ഒന്നുകിൽ രാജ്യത്തിന്റെ അന്തസ് നഷ്ടപ്പെടുത്തുക അല്ലെങ്കിൽ സുപ്രധാന സഖ്യകക്ഷിയെ നഷ്ടപ്പെടുത്തുക എന്ന കടുപ്പമേറിയ തീരുമാനം എടുക്കേണ്ടിവരും. യുഎസുമായി ക്രിയാത്മകമായി പ്രവർത്തിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെങ്കിലും യുക്രെയ്നിന്റെ ദേശീയ താൽപ്പര്യങ്ങളോ പരമാധികാരമോ വിട്ടുവീഴ്ച ചെയ്യില്ലെന്ന് സെലെൻസ്കി പറഞ്ഞു.
റഷ്യയുടെ അംഗീകാരത്തോടെ ട്രംപ് ഭരണകൂടം തയാറാക്കിയ വെടിനിർത്തൽ കരാർ യുക്രെയ്ൻ അംഗീകരിച്ചില്ലെങ്കിൽ ആയുധസഹായം പിൻവലിക്കുമെന്നു ട്രംപ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വരുന്ന വ്യാഴാഴ്ചയ്ക്കകം കരാറിൽ ഒപ്പിടണമെന്നാണ് അന്ത്യശാസനം.
100 ദിവസത്തിനകം യുക്രെയ്നിൽ തെരഞ്ഞെടുപ്പു നടത്തണമെന്നും സൈനികരുടെ എണ്ണം കുറയ്ക്കണമെന്നും കരാറിലുണ്ട്. യുദ്ധത്തിൽ പിടിച്ചെടുത്ത കിഴക്കൻ യുക്രെയ്നിലെ അഞ്ച് മേഖലകൾ കൈവശം വയ്ക്കാൻ റഷ്യയെ അനുവദിക്കണമെന്നും കരാറിലുണ്ട്. 28 ഇന കരാറിന്റെ കരട് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്കിക്കു കൈമാറി.
Tags : end war Zelensky Ukraine national interests sovereignty