കീവ്: റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഏഴ് പേർ കൊല്ലപ്പെട്ടു. താമസ കേന്ദ്രങ്ങളിൽ ഡ്രോൺ പതിച്ചാണ് ഡിനിപ്രൊ നഗരത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടത്. മൂന്നുപേർ സപോറീഷ്യയിലും ഒരാൾ ഖാർകീവിലുമാണ് കൊല്ലപ്പെട്ടത്.
യുക്രെയ്നിലെ ഊർജനിലയങ്ങൾ ലക്ഷ്യമിട്ടായിരുന്നു റഷ്യൻ ആക്രമണം. ഊർജകേന്ദ്രങ്ങൾ ആക്രമിച്ച റഷ്യക്കെതിരായ ഉപരോധം വ്യാപിപ്പിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി ആവശ്യപ്പെട്ടു. ശൈത്യകാലം വരാനിരിക്കെ ഊർജകേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണം സാധാരണക്കാരെ ഉപദ്രവിക്കുക ലക്ഷ്യമിട്ടുള്ളതാണ്.
450 ഡ്രോണുകളും 45 മിസൈലുകളും ഊർജനിലയങ്ങൾക്കു നേരെ റഷ്യ തൊടുത്തു. റഷ്യയുടെ ഓരോ ആക്രമണത്തിനും തക്കതായ രീതിയിൽ ഉപരോധം ശക്തമാക്കണമെന്നും സെലെൻസ്കി പറഞ്ഞു. കീവ്, പൊൾട്ടാവ, ഖാർകീവ് മേഖലകളിലെ പല ഊർജോത്പാദന കേന്ദ്രങ്ങൾക്കും ആക്രമണത്തിൽ തകരാർ നേരിട്ടിരിക്കുകയാണ്. പൊൾട്ടാവ മേഖലയിലെ ക്രെമൻചുക്, ഹൊരിഷ്നിപ്ലാവ്നി നഗരങ്ങളിലെ വൈദ്യുതി വിതരണം പൂർണമായി നിലച്ചിരിക്കുകയാണ്.
Tags : Russian missile drone attack Seven killed Ukraine