ധാക്ക: ബംഗ്ലാദേശിൽ കൊല്ലപ്പെട്ട വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിയുടെ (32) സംസ്കാരം ഇന്നലെ നടന്നു. അക്രമസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വൻ തോതിൽ സുരക്ഷാ ഭടന്മാരെ വിന്യസിച്ചു.
ഹസീന ഭരണകൂടത്തെ താഴെയിറക്കിയ വിദ്യാർഥിപ്രക്ഷോഭത്തിന്റെ നേതാക്കളിലാരാളായ ഹാദിയുടെ മരണം ബംഗ്ലാദേശിൽ വലിയ അക്രമപ്രവർത്തനങ്ങൾക്കു വഴിവച്ചിരുന്നു.
കഴിഞ്ഞയാഴ്ച തലയ്ക്കു വെടിയേറ്റ ഹാദി വ്യാഴാഴ്ച സിംഗപ്പൂരിലെ ആശുപത്രിയിൽ മരിക്കുകയായിരുന്നു. മരണവാർത്തയ്ക്കു പിന്നാലെ തലസ്ഥാനമായ ധാക്കയിൽ ദിനപത്രങ്ങളുടെ ഓഫീസുകൾ ആക്രമിക്കപ്പെട്ടു. ഇന്ത്യൻ അസി. ഹൈകമ്മീഷണറുടെ വസതിക്കു നേർക്കു കല്ലേറുണ്ടായി.
ഹാദിയുടെ സംസ്കാര ചടങ്ങുകളോടനുബന്ധിച്ച് അക്രമങ്ങളുണ്ടാകാതിരിക്കാനായി ധാക്കയിൽ പോലീസിനെയും അർധസൈന്യത്തെയും വിന്യസിച്ചു.
ബംഗ്ലാദേശ് പാർലമെന്റ് മന്ദിരത്തിൽ നടന്ന പ്രാർഥനയ്ക്കുശേഷം ധാക്ക യൂണിവേഴ്സിറ്റി സെൻട്രൽ മോസ്കിലാണു മൃതദേഹം സംസ്കരിച്ചത്. ബംഗ്ലാദേശിലെ ഇടക്കാലഭരണകൂടം ഇന്നലെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.
വ്യാഴാഴ്ച രാത്രി ജനക്കൂട്ടം നടത്തിയ അക്രമങ്ങൾക്ക് ഏകോപന സ്വഭാവമുള്ളതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഹാദിയുടെ മരണത്തെക്കുറിച്ചും തുടർന്നുണ്ടായ അക്രമങ്ങളെക്കുറിച്ചും സ്വതന്ത്ര അന്വേഷണം വേണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ പോലുള്ള സംഘടനകൾ ആവശ്യപ്പെട്ടു.
Tags : Student leader's murder Security beefed Dhaka Sharif Osman Hadi