മെൽബൺ: കുന്നോളം പ്രായം എന്നു നദികളെക്കുറിച്ചു പറയാറുണ്ടെങ്കിലും പലപ്പോഴും കുന്നുകളെക്കാള്‍ പ്രായം നദികള്ക്കുണ്ടാകാറുണ്ട്. ഭൂമിയിലെ മലനിരകളും സമതലങ്ങളും മാറിക്കൊണ്ടിരിക്കുമ്പോഴും ലക്ഷക്കണക്കിനു വര്‍ഷങ്ങളായി ഒരേ പാതയിലൂടെ ഒഴുകുന്ന ഒരു നദിയുണ്ട്, അങ്ങ് ഓസ്ട്രേലിയയില്‍! ആ പുരാതന നദിയുടെ പേരാണ് ഫിങ്ക് (Finke River)! വെറുമൊരു നദിയല്ലിത്; മനുഷ്യൻ ജനിക്കുന്നതിനുമുന്‍പ്, ദിനോസറുകൾ ജനിക്കുന്നതിനു മുന്‍പ് ഒഴുകിത്തുടങ്ങിയ, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നദി.
പ്രായം 300 ദശലക്ഷം വര്‍ഷം
തദ്ദേശീയമായ അറന്റ് ഭാഷയില്‍ -ലാരപിന്റ- എന്നറിയപ്പെടുന്ന നദിക്ക് ഏകദേശം 300 ദശലക്ഷം മുതല്‍ 400 ദശലക്ഷം വര്‍ഷം വരെ പഴക്കമുണ്ടെന്നാണ് ശാസ്ത്രലോകം കണക്കാക്കുന്നത്. അതായത്, ഭൂമിയിലെ കരഭാഗങ്ങള്‍ ഒന്നായിരുന്ന -പാന്‍ജിയ- കാലഘട്ടത്തില്‍തന്നെ ഈ നദി നിലവിലുണ്ടായിരുന്നു. വടക്കന്‍ ഓസ്ട്രേലിയയില്‍നിന്ന് ദക്ഷിണ ഓസ്ട്രേലിയയിലേക്ക് ഏകദേശം 640 കിലോമീറ്റര്‍ നീളത്തിലാണ് ഈ പുരാതന നദി വ്യാപിച്ചുകിടക്കുന്നത്.
മലകളെ വെട്ടിമാറ്റി ഒഴുകിയ നദി
ഫിങ്ക് നദിയുടെ പ്രായം തെളിയിക്കുന്ന ഏറ്റവും വലിയ സവിശേഷത അതിന്റെ ഒഴുക്കാണ്. സാധാരണയായി നദികള്‍ കഠിനമായ പാറക്കെട്ടുകളെ ചുറ്റിമാറി എളുപ്പവഴികളിലൂടെയാണ് ഒഴുകാറുള്ളത്. എന്നാല്‍ ഫിങ്ക് നദി, മക്ഡൊണല്‍ റേഞ്ചിലെ കഠിനമായ ക്വാര്‍ട്സൈറ്റ് പാറകളെ മുറിച്ചുകടന്നാണ് ഒഴുകുന്നത്.
ഇതിനെ ഭൗമശാസ്ത്രത്തില് -ആന്റിസിഡന്സ് (Antecedence) -എന്ന് വിളിക്കുന്നു. അതായത്, അവിടെ മലനിരകള്‍ രൂപപ്പെടുന്നതിനു മുന്‍പേ നദി ഉണ്ടായിരുന്നു. ഭൂമിക്കടിയിലെ ചലനങ്ങള്‍ മൂലം മലനിരകള്‍ ഉയര്‍ന്നു വന്നപ്പോള്‍, നദി അതിന്റെ ഒഴുക്കിന്റെ ശക്തികൊണ്ട് ആ മലകളെ മുറിച്ചുമാറ്റി സ്വന്തം പാത നിലനിര്‍ത്തി. മലകള്‍ വളരുന്നതിനനുസരിച്ച് നദി താഴേക്ക് മണ്ണ് അരിച്ചെടുത്ത് ആഴം കൂട്ടികൊണ്ടിരുന്നു എന്നര്‍ഥം.

അതിജീവനത്തിന്റെ രഹസ്യം
മറ്റു നദികള്‍ കാലക്രമേണ ഗതിമാറുകയും വറ്റിപ്പോകുകയും ചെയ്യുമ്പോള്‍ ഫിങ്ക് നദി എങ്ങനെ ഇത്രകാലം നിലനിന്നു? പ്രധാനമായും രണ്ട് കാരണങ്ങളാണ് ഇതിനുള്ളത്:
ഭൗമസ്ഥിരത: ഓസ്ട്രേലിയന്‍ ഭൂഖണ്ഡം കഴിഞ്ഞ ദശലക്ഷക്കണക്കിനു വര്‍ഷങ്ങളായി വലിയ ഭൂകമ്പങ്ങളോ അഗ്നിപര്‍വത സ്ഫോടനങ്ങളോ ഇല്ലാതെ വളരെ ശാന്തമാണ്.
ഹിമപാതങ്ങളുടെ അഭാവം: കഴിഞ്ഞ ഹിമയുഗങ്ങളില്‍ മഞ്ഞുപാളികള്‍ ഈ പ്രദേശത്തെ ഭൂപ്രകൃതിയെ കാര്യമായി ബാധിച്ചില്ല.

ഭീഷണിയിൽ
ഇന്നു ഫിങ്ക് നദി വര്‍ഷം മുഴുവന്‍ ഒഴുകാറില്ല. വരണ്ട കാലാവസ്ഥ കാരണം വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും ഇതൊരു മണല്ക്കാടായിരിക്കും. മഴക്കാലത്ത് മാത്രമാണ് നദി പൂര്‍ണരൂപത്തില്‍ ഒഴുകുന്നത്. എന്നാല്‍, ആഗോളതാപനവും അമിതമായ ജലചൂഷണവും ഈ പുരാനദിയുടെ നിലനില്‍പ്പിന് ഭീഷണിയുയര്‍ത്തുന്നുണ്ട്.
ഫിങ്ക് നദി കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ നദി അമേരിക്കയിലെ -ന്യൂ റിവര്‍ (New River)- ആണ്. ഇതിന് ഏകദേശം 300 ദശലക്ഷം വര്‍ഷം വരെ പഴക്കമുണ്ട്. മനുഷ്യരാശി പിറവികൊള്ളുന്നതിനും കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പേ ഒഴുകിത്തുടങ്ങിയ ഫിങ്ക് നദി, ഭൂമിയുടെ ചരിത്രത്തിന്റെ ജീവിക്കുന്ന സാക്ഷ്യമാണ്.
Tags : The oldest river The oldest river in the world cutting through rocks Finke River Australia river oldest